കൊച്ചി: സൂപ്പര്‍ ലീഗ് കേരളയുടെ ആദ്യ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ അനസ് എടത്തൊടിക നയിക്കുന്ന മലപ്പുറം എഫ്.സി.ക്ക് ജയം. ബ്രസീലിയന്‍ താരങ്ങളുടെ കരുത്തുമായെത്തിയ ഫോഴ്‌സാ കൊച്ചിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് തകര്‍ത്തത്. കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. ഫസലുര്‍റഹ്‌മാന്‍, പെഡ്രോ മാന്‍സി എന്നിവര്‍ മലപ്പുറത്തിനായി വലകുലുക്കി. 

To advertise here,

മത്സരത്തിന്റെ ആദ്യ പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. മൂന്നാംമിനിറ്റില്‍ത്തന്നെ മലപ്പുറം മുന്നിലെത്തി. ഫസലുര്‍റഹ്‌മാന്‍ നല്‍കിയ ക്രോസ് യുറഗ്വായ് സ്‌ട്രൈക്കറായ മാന്‍സി എതിര്‍വലയിലേക്ക് നീക്കി (1-0). ആദ്യ പകുതി അവസാനിക്കാന്‍ അഞ്ചുമിനിറ്റ് ശേഷിക്കേ, കൊച്ചി രണ്ടാമത്തെ ഗോളും വഴങ്ങി. മാന്‍സി നല്‍കിയ ഹെഡര്‍ ഫസലുര്‍റഹ്‌മാന്‍ സ്വീകരിക്കുകയും വലയിലേക്ക് തിരിച്ചുവിടുകയുമായിരുന്നു (2-0). 

മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് മലപ്പുറം എഫ്.സി. താരങ്ങള്‍ പുറത്തെടുത്തത്. പരിചയസമ്പന്നനും മുന്‍ ഇന്ത്യന്‍ ടീം പ്രതിരോധ താരവുമായ അനസ് എടത്തൊടികയുടെ നേതൃത്വത്തിലുള്ള ടീം മികച്ച ഒത്തിണക്കത്തോടെ കളിച്ചു. ഇംഗ്ലണ്ടുകാരനായ ജോണ്‍ ഗ്രിഗറിയാണ് മലപ്പുറം എഫ്.സി.യുടെ പരിശീലകന്‍.