മലപ്പുറം: ഫുട്‌ബോൾ താരമാകണം, പിന്നീട് രാജ്യത്തിനുവേണ്ടി ജഴ്‌സിയണിയണം. ബാല്യംമുതൽ കണ്ട ഈ സ്വപ്നത്തിലേക്കുള്ള യാത്രയിൽ കരുത്താകുന്ന ഇരട്ടനേട്ടം ഒരാഴ്ചയ്ക്കിടെ തേടിയെത്തിയ സന്തോഷത്തിലാണ് വേങ്ങരയിലെ മുഹമ്മദ് അർഷാഫ്. പ്രഥമ സൂപ്പർ ലീഗ് കേരളയിൽ എമേർജിങ് പ്ലെയർ പുരസ്കാരവും സന്തോഷ് ട്രോഫി ഫുട്‌ബോളിനുള്ള കേരള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതുമാണ് ആട്ടക്കുളയൻ വീട്ടിൽ അർഷാഫിന്റെ സന്തോഷത്തിന് കാരണം.

To advertise here,

കോഴിക്കോട് ദേവഗിരി സെയിന്റ് ജോസഫ് കോളേജിലെ ഫങ്ഷണൽ ഇംഗ്ലീഷ് മൂന്നാംവർഷ വിദ്യാർഥിയായ അർഷാഫ് കുട്ടിക്കാലം മുതൽ വേങ്ങരയിലെ വയലുകളിൽ കളിച്ചാണ് ഫുട്‌ബോളിന് തുടക്കമിട്ടത്. കളി കണ്ട നാട്ടുകാരനായ യൂസഫാണ് ഫുട്‌ബോളിൽ അഷ്‌റാഫിന് മികച്ച ഭാവിയുണ്ടെന്ന് തിരിച്ചറിഞ്ഞത്. മകന്റെ ആഗ്രഹത്തിനും യൂസഫിന്റെ വാക്കുകൾക്കും വിലകല്പിച്ച രക്ഷിതാക്കൾ മകനെ ചേറൂരിലെ സ്കോർലൈൻ അക്കാദമിയിൽ ചേർത്തു. അവിടെനിന്ന് ജ്യോതിഷ്, റഹീസ് എന്നിവരുടെ കീഴിൽ ഫുട്‌ബോളിന്റെ ബാലപാഠങ്ങൾ പഠിച്ചു.

ഒമ്പതാം ക്ലാസുമുതൽ ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്. സ്കൂളിൽ ചേർന്ന അർഷാഫ് കായികാധ്യാകപൻ കെ. മൻസൂർ അലിയുടെ കീഴിൽ സ്കൂളിനായി ബൂട്ടണിഞ്ഞു. നാലുവർഷത്തെ സ്കൂൾജീവിതവും ഫുട്‌ബോളിനെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാനിടനൽകി. പിന്നീട് സ്പോർട്ട്‌സ് ക്വാട്ട അഡ്മിഷനിലൂടെ ദേവഗിരി കോളേജിലെത്തിയപ്പോഴാണ് ജീവിതത്തിൽ വഴിത്തിരിവാകുന്നത്. കോളേജ് ടീമിന്റെ ഭാഗമായിരുന്ന അർഷാഫിന് രണ്ടാംവർഷം പറപ്പൂർ എഫ്.സി. ടീമിനായി കളിക്കാൻ അവസരമുണ്ടായി. ഇതിലൂടെയാണ് സൂപ്പർ ലീഗിലേക്കുള്ള വഴിയൊരുങ്ങുന്നത്. ഡിവലപ്‌മെന്റ് ലീഗിൽ പുറത്തെടുത്ത മികച്ചപ്രകടനം കാലിക്കറ്റ് എഫ്.സി. ടീം പരിശീലകരുടെ മനം കവർന്നതോടെ ടീം പ്രവേശനവുമായി.

കാലിക്കറ്റ് ടീമും എമേർജിങ് പുരസ്കാരവും

ഫുട്‌ബോളിനെ ഗൗരവത്തോടെ കണ്ടിരുന്ന അർഷാഫിന് കിട്ടിയ മികച്ച പഠനക്കളരി കൂടിയാണ് കാലിക്കറ്റ് എഫ്.സി. ടീം. സൂപ്പർലീഗ് തുടങ്ങുന്നതിന് ഒരു മാസംമുൻപേ ടീമിനൊപ്പം പരിശീലനംതുടങ്ങി. ഇയാൻ ഗില്ലൻ, ബിബി തോമസ് എന്നീ മികച്ച കോച്ചുമാരുടെ കീഴിൽ മുക്കം എം.എ.എം.ഒ. കോളേജ് ഗ്രൗണ്ടിലായിരുന്നു പരിശീലനം. 12 കളികളിൽ ഡിഫൻസീവ് മിഡ്ഫീൽഡറായ അർഷാഫ് 53 ടാക്കിളുകളാണ് നടത്തിയത്. മികച്ച ഫുട്‌ബോൾ താരങ്ങളായ ബെൽഫോർട്ട്, ഗനി, അബ്ദുൽഹക്ക് തുടങ്ങിയവരും മറ്റ് ടീമംഗങ്ങളുമായുള്ള കൂട്ടുകെട്ട് തന്റെ മികവുയർത്താൻ സഹായിച്ചൂവെന്നും അർഷാഫ് പറയുന്നു. അച്ചടക്കം, ഉറക്കം, പരിശീലനം എന്നിവയിലെല്ലാം ചിട്ടയുണ്ടാക്കാൻ ടീമിന്റെ കൂടെയുള്ള യാത്ര ഉപകരിച്ചെന്നും എമേർജിങ് താരമെന്ന പുരസ്കാരത്തിലേക്ക് ഇത് സഹായിച്ചെന്നും അർഷാഫ് കൂട്ടിച്ചേർക്കുന്നു.

ഇരട്ടിമധുരമായി സന്തോഷ് ട്രോഫി ടീമിൽ

എമേർജിങ് നേട്ടത്തിന് പിന്നാലെ വെള്ളിയാഴ്ച സന്തോഷ് ട്രോഫി കേരള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് അഷ്‌റാഫിന് ഇരട്ടിമധുരമായി. 22 അംഗ ടീമിൽ മധ്യനിരതാരമാണ് അഷ്‌റാഫ്. നിലവിൽ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ പരിശീലനത്തിലാണ് ഈ ഇരുപതുകാരൻ. ഇതുവരെയുള്ള നേട്ടങ്ങളിൽ രക്ഷിതാക്കളായ അബ്ബാസിന്റെയും സുബൈദയുടെയും പിന്തുണ വളരെ വലുതാണ്. സഹോദരനായ എൻജിനീയർ മുഹമ്മദ് ആഷികും ഭാര്യ റബീബ ഫളീലയും സഹോദരിയായ ആഷിഫ തസ്‌നിയും ഭർത്താവ് സുലൈമാൻ ചാലിലും അർഷാഫിന്റെ വളർച്ചയ്ക്ക് ഊർജ്ജമായി കൂടെയുണ്ട്.