കോഴിക്കോട്: പ്രഥമ സീസണിൽ ഓളം സൃഷ്ടിച്ച സൂപ്പർ ലീഗ് കേരള ഫുട്‌ബോൾ മോഡലിനെ പേടിച്ച് ഐ ലീഗ് ഫുട്‌ബോൾ ക്ലബ്ബുകൾ. കേരള മോഡൽ സൂപ്പർ ലീഗ് 12 സംസ്ഥാനങ്ങളിൽ കൂടി നടപ്പാക്കാനുള്ള അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ നീക്കത്തിനെതിരേ ഐ ലീഗ് ക്ലബ്ബുകൾ രംഗത്തെത്തി. ഇതിനൊപ്പം നടപ്പുസീസണിൽ ലീഗിന് ടെലിവിഷൻ സംപ്രേക്ഷണത്തിലെ വ്യക്തതക്കുറവും ക്ലബ്ബുകളെ ചൊടിപ്പിച്ചിട്ടുണ്ട്.

To advertise here,

മികച്ച രീതിയിൽ ടെലിവിഷൻ സംപ്രേക്ഷണമില്ലെങ്കിൽ ലീഗ് ബഹിഷ്കരിക്കുമെന്ന സൂചനയും കഴിഞ്ഞ ദിവസം ഐ ലീഗ് ക്ലബ്ബ് അസോസിയേഷൻ നൽകിക്കഴിഞ്ഞു. ഇതോടെ നവംബർ 22-ന് ആരംഭിക്കേണ്ട ഐ ലീഗിനുമുകളിൽ അനിശ്ചിതത്വം നിറഞ്ഞു. തിങ്കളാഴ്ചയോടെ സംപ്രേക്ഷണകാര്യത്തിൽ തീരുമാനമാകുമെന്നാണ് ഫെഡറേഷൻ വ്യക്തമാക്കുന്നത്.

ലൈവ് പ്രശ്‌നം

ശ്രീനിധി ഡെക്കാനും ഗോകുലം കേരള എഫ്.സി.യുമാണ് ഐ ലീഗിന്റെ ഉദ്ഘാടനമത്സരത്തിൽ ഏറ്റുമുട്ടേണ്ടത്. നവംബർ 22-ന് ഹൈദരാബാദിലാണ് മത്സരം. എന്നാൽ, മത്സരത്തിന്റെ ടെലിവിഷൻ സംപ്രേക്ഷണകാര്യത്തിൽ ക്ലബ്ബുകൾക്ക് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. സോണി നെറ്റ് വർക്കിൽ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യുമെന്നാണ് ഫെഡറേഷൻ നേരത്തേ ക്ലബ്ബുകളെ അറിയിച്ചിരുന്നത്. എന്നാലിപ്പോൾ ഈ മേഖലയിൽ അധികം പരിചയമില്ലാത്ത കമ്പനിക്ക് സംപ്രേക്ഷണാവകാശം നൽകിയത് ശരിയായ വഴിയിലൂടെയല്ലെന്നാണ് ക്ലബ്ബുകളുടെ ആരോപണം. മികച്ച രീതിയിൽ സംപ്രേക്ഷണമില്ലെങ്കിൽ ലീഗ് ബഹിഷ്കരിക്കുന്നതടക്കമുള്ള നടപടികളിലേക്കു നീങ്ങാൻ കഴിഞ്ഞ ദിവസം നടന്ന 13 ഐ ലീഗ് ക്ലബ്ബ് പ്രതിനിധികളുടെ യോഗം തീരുമാനിച്ചു.

മികച്ച ടെലിവിഷൻ സംപ്രേക്ഷണമില്ലെങ്കിൽ അത് സ്പോൺസർഷിപ്പുകളെ ബാധിക്കുമെന്നാണ് ക്ലബ്ബുകളുടെ വാദം. ഐ ലീഗ് അടക്കം അഞ്ച് ടൂർണമെന്റുകളുടെ സംപ്രേക്ഷണാവകാശം ഒരു കമ്പനിക്ക് നൽകിയത് കൃത്യമായ ടെൻഡർ വഴിയല്ലെന്നും ഒരു കമ്പനിമാത്രം അപേക്ഷിക്കുമ്പോൾ അവകാശം നൽകാൻ കഴിയില്ലെന്നും ക്ലബ്ബുകൾ വ്യക്തമാക്കുന്നു. തിങ്കളാഴ്ച നടക്കുന്ന ഫെഡറേഷൻ എക്സിക്യുട്ടീവ് കമ്മിറ്റിയോഗത്തിനുശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. ലീഗിലേക്കുള്ള എൻട്രി ഫീ എഴ് ലക്ഷമാക്കിയതും വിമർശനവിധേയമായിട്ടുണ്ട്.

കേരള മോഡൽ

ഇന്ത്യൻ സൂപ്പർ ലീഗിന് പിന്നാലെ കൂടുതൽ ഫ്രാഞ്ചൈസി മോഡൽ ലീഗുകൾ സൃഷ്ടിക്കാനാണ് ഫെഡറേഷൻ ശ്രമിക്കുന്നതെന്നാണ് ക്ലബ്ബുകളുടെ ആരോപണം. സൂപ്പർ ലീഗ് കേരള മോഡലിൽ 12 സംസ്ഥാനങ്ങളിൽ ലീഗ് നടത്തുകയും അതിലെ രണ്ട് ടീമുകളെ ഉൾപ്പെടുത്തി ദേശീയ തലത്തിൽ പുതിയ ലീഗ് സംഘടിപ്പിക്കാനും ശ്രമമെന്നും ഇത് ഐ ലീഗിന്റെ തകർച്ചയ്ക്ക് കാരണമാകുമെന്നുമാണ് വാദം. ഫ്രാഞ്ചൈസി ടീമുകളുമായി സ്റ്റേറ്റ് ലീഗുകൾ നടത്താനുള്ള പ്രാഥമിക ആലോചനമാത്രമാണ് നടന്നതെന്നാണ് ഫെഡറേഷൻ അധികൃതർ വ്യക്തമാക്കുന്നത്. കേരളത്തിൽ ആറ് ടീമുകളുമായി നടത്തിയ ലീഗ് കാണികളുടെ പങ്കാളിത്തംകൊണ്ട് വലിയ വിജയമായിരുന്നു. ഐ ലീഗിനെക്കാളും കാണികൾ സൂപ്പർ ലീഗിനെത്തുകയും ചെയ്തു.

ഒന്നാം ഡിവിഷനായി ഐ.എസ്.എലും ദേശീയ ലീഗുകളായി ഐ ലീഗും ഐലീഗ്-2, ഐലീഗ്-3 എന്നിവയും അതിന് താഴെ ഫ്രാഞ്ചൈസി ലീഗും നടത്താനാണ് ഫെഡറേഷൻ ലക്ഷ്യമിടുന്നത് 12 സംസ്ഥാനങ്ങളിൽ ശരാശരി ആറ് മുതൽ 10 വരെ ടീമുകളെ ഉൾപ്പെടുത്തിയാകും പുതിയ മോഡൽ സ്റ്റേറ്റ് ലീഗുകൾ നടത്തുന്നത്. ഭാവിയിൽ ഐ ലീഗിനെ മറികടന്ന് ഫ്രാഞ്ചൈസി ലീഗ് രണ്ടാം ഡിവിഷൻ ആകാനും സാധ്യതയുണ്ട്. ഇതാണ് ഐ ലീഗ് ക്ലബ്ബുകളെ ആശങ്കപ്പെടുത്തത്. ഓരോ സീസണിലും ശരാശരി 18 കോടിയോളം രൂപയാണ് ഐ ലീഗിനായി ഫെഡറേഷൻ ചെലവിടുന്നത്.