കോഴിക്കോട്: കേരള ഫുട്‌ബോളിലെ ഏറ്റവുംവലിയ പരീക്ഷണമായിരുന്നു സൂപ്പർ ലീഗ് കേരള എന്ന ഫ്രാഞ്ചൈസി ടൂർണമെന്റ്. വൻമുതൽമുടക്കിൽ ആറ് ടീമുമായി ആരംഭിച്ച ലീഗ് ആദ്യഘട്ടം പിന്നിടുമ്പോൾ ആശങ്കയൊഴിഞ്ഞിട്ടുണ്ട്. പ്രഥമ സീസണെന്ന പോരായ്മയൊഴിച്ചാൽ ലീഗ് വിജയമാകുമെന്ന സൂചനകളാണ് കളിക്കളത്തിൽനിന്നും പുറത്തുനിന്നും വരുന്നത്. കാണികളെ ഗാലറിയിലേക്ക് തിരികെയെത്തിക്കാനും മൈതാനത്ത് ആവേശം നിറയ്ക്കാനും ഇതിനകം ടീമുകൾക്കായിട്ടുണ്ട്. ടീമുകൾ കൂടുതൽ ഒത്തിണക്കം കാട്ടിത്തുടങ്ങിയതോടെ രണ്ടാംപകുതി കൂടുതൽ ആവേശകരമാകുമെന്നാണ് ഫുട്‌ബോൾപ്രേമികളുടെ പ്രതീക്ഷ.
കണ്ണൂരിലെ പോരാളികൾ
ലീഗിൽ പ്രവചനങ്ങളെ അട്ടിമറിച്ചത് കണ്ണൂർ വാരിയേഴ്‌സിന്റെ കുതിപ്പാണ്. മാനുവൽ സാഞ്ചസ് മുരിയാസെന്ന സ്പാനിഷ് പരിശീലകന്റെ കീഴിൽ അപരാജിതകുതിപ്പാണ് ടീം നടത്തുന്നത്. കളിച്ച ആറ്് മത്സരത്തിൽ മൂന്നുവീതം ജയവും സമനിലയും ടീമിനുണ്ട്. സ്ഥിരതയോടെ കളിക്കുന്നെന്നതാണ് വലിയ ഗുണം.
പോയിന്റ് പട്ടികയിൽ രണ്ടാംസ്ഥാനത്തുള്ള കാലിക്കറ്റ് എഫ്.സി.യും അപരാജിതരാണ്. ആറു കളിയിൽ രണ്ട് ജയവും നാല് സമനിലയുമാണ് അവർക്കുള്ളത്. അവസാന മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസിനെ 4-1ന് തകർത്ത് അവർ എതിരാളികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തുടക്കത്തിൽ പതറിയ ഫോഴ്‌സ കൊച്ചി ഗംഭീര തിരിച്ചുവരവ് നടത്തി മുന്നാമതുണ്ട്. ആദ്യകളികളിൽ നിന്നായി തുടങ്ങിയ കൊമ്പൻസും മലപ്പുറം എഫ്.സി.യും പിന്നെ മങ്ങി. എന്നാൽ, തിരിച്ചുവരാനുള്ള ശക്തി ഇരുടീമിനുമുണ്ട്. വിദേശതാരങ്ങളെത്താൻ വൈകിയത് തൃശ്ശൂർ മാജിക് എഫ്.സി.യെ ബാധിച്ചു. എന്നാൽ, ലീഗ് പകുതിയായപ്പോഴേക്കും തൃശ്ശൂർ ഫോമിലേക്കായതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്.
ലീഗ് ഘടന
ആറു ടീം കളിക്കുന്ന ലീഗിലെ ആദ്യ നാല് സ്ഥാനക്കാർ സെമിഫൈനലിലേക്ക് യോഗ്യത നേടും. വിജയികൾ നവംബർ 10-ന് നടക്കുന്ന ഫൈനലിൽ കളിക്കും. ലീഗ് ഘട്ടത്തിൽ 30 മത്സരങ്ങളാണുള്ളത്.
ഗോൾ ഗനി
പാസ് മാസ്റ്റർ ബെയ്റ്റി
ലീഗിലെ ഗോൾവേട്ടയിൽ കാലിക്കറ്റ് എഫ്.സി.യുടെ ഗനി അഹമ്മദ് നിഗവും കണ്ണൂരിന്റെ സ്പാനിഷ് താരം അഡ്രിയൻ സാർഡിനെറോയും മുന്നിലാണ്. മൂന്ന് ഗോൾവീതം ഇരുവർക്കുമുണ്ട്. കാലിക്കറ്റിന്റെ ബ്രിട്ടോ, മലപ്പുറം എഫ്.സി.യുടെ ഫസലുറഹ്‌മാൻ എന്നിവർക്ക് രണ്ടുഗോൾ വീതമുണ്ട്.
പാസിങ്ങിൽ മലപ്പുറം എഫ്.സി.യുടെ സ്പാനിഷ് താരം ജോസഫെ ബെയ്റ്റിയാണ് മുന്നിൽ. 376 പാസാണ് താരത്തിൽനിന്നുണ്ടായത്. കണ്ണൂരിന്റെ ലാവ്‌സാംബ 273 പാസുകളുമായി രണ്ടാമതുണ്ട്. സേവുകളിൽ കാലിക്കറ്റിന്റെ ഗോൾകീപ്പർ വിശാൽ 13 എണ്ണവുമായി ഒന്നാമതാണ്. കണ്ണൂരിന്റെ അജ്മലിനും ഫോഴ്‌സ കൊച്ചിയുടെ ഹജ്മലിനും 11 വീതം സേവുണ്ട്.
കാണികളുടെ വരവ്
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം, മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം, തിരുവനന്തപുരം ചന്ദ്രശേഖരൻനായർ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. എല്ലായിടത്തും കാണികളെത്തുന്നുണ്ട്. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് കൊമ്പൻസ്- കാലിക്കറ്റ് കളി കാണാൻ 9422 പേരെത്തി. കോഴിക്കോട്ട് സെപ്റ്റംബർ 18-ന് നടന്ന കാലിക്കറ്റ്-ഫോഴ്‌സ കൊച്ചി മത്സരത്തിന് 11,200 പേരുണ്ടായിരുന്നു. കൊച്ചിയിലെ ഉദ്‌ഘാടനമത്സരത്തിന് 20,000ത്തിനടുത്ത് കാണികളുണ്ടായിരുന്നു. പയ്യനാട്ട് എല്ലാ മത്സരത്തിനും മികച്ചരീതിയിൽ കാണികളുണ്ട്.
- കളി 17
- ഗോൾ 41
- ഗോൾ ശരാശരി 2.41 %
- പോയിന്റ് പട്ടിക
കളി ജയം സമനില തോൽവി പോയിന്റ്
- കണ്ണൂർ വാരിയേഴ്‌സ് 6 3 3 0 12
- കാലിക്കറ്റ് എഫ്.സി. 6 2 4 0 10
- ഫോഴ്‌സ കൊച്ചി 5 2 2 1 8
- കൊമ്പൻസ് 6 1 3 2 6
- മലപ്പുറം എഫ്.സി. 5 1 2 2 5
- തൃശ്ശൂർ മാജിക് 6 0 2 4 2
Content Highlights: super league kerala 2024
Published: 08 Oct 2024, 07:44 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented