ഭുവനേശ്വര്‍: സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനല്‍ റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തോല്‍വി. ഗ്രൂപ്പ് എ-യില്‍ ഒഡിഷ ഫുട്ബോള്‍ അക്കാദമി ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് കര്‍ണാടകയാണ് കേരളത്തെ തോല്‍പ്പിച്ചത്.

To advertise here,

20-ാം മിനിറ്റില്‍ അഭിഷേക് ശങ്കറാണ് കര്‍ണാടകയുടെ വിജയ ഗോള്‍ നേടിയത്. ജേക്കബ് ജോണ്‍ ബോക്‌സിലേക്ക് ഉയര്‍ത്തിനല്‍കിയ പന്ത് കൃത്യമായി ചെസ്റ്റില്‍ ടാപ് ചെയ്ത് അഭിഷേക് വലയിലെത്തിക്കുകയായിരുന്നു.

ആദ്യ മത്സരത്തില്‍ ഗോവയെ പരാജയപ്പെടുത്തിയ കേരളത്തെ രണ്ടാം മത്സരത്തില്‍ കര്‍ണാടക വെള്ളംകുടിപ്പിക്കുകയായിരുന്നു. മത്സരത്തിലുടനീളം പന്തിന്‍മേല്‍ ആധിപത്യം കര്‍ണാടകയ്ക്കായിരുന്നു. ഭാവനാസമ്പന്നമായ മികച്ച മുന്നേറ്റങ്ങള്‍ ഒരുക്കാന്‍ അവര്‍ക്കായി. മറുവശത്ത് കേരളം ഫൈനല്‍ തേര്‍ഡില്‍ പിഴവുകള്‍ തുടര്‍ന്നു. രണ്ട് മികച്ച അവസരങ്ങളാണ് മത്സരത്തില്‍ കേരള താരങ്ങള്‍ കളഞ്ഞുകുളിച്ചത്. നിജോ ഗില്‍ബര്‍ട്ട് നിറംമങ്ങിയതും കേരളത്തിന് തിരിച്ചടിയായി. സ്‌ട്രൈക്കര്‍ നരേഷിനും ലഭിച്ച അവസരങ്ങള്‍ മുതലാക്കാനായില്ല.