വ്രതപുണ്യത്തിന്റെ മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് വന്‍മാറ്റങ്ങളോടെ തുടക്കം. അയ്യപ്പദര്‍ശനത്തിന് തിരക്കനുസരിച്ചു മാത്രം സമയംനീട്ടുന്ന പതിവിനുപകരം തീര്‍ഥാടനം തുടങ്ങുന്ന വൃശ്ചികം ഒന്നുമുതല്‍ എല്ലാ ദിവസവും 18 മണിക്കൂര്‍ നടതുറന്നിരിക്കും എന്നതാണ് സുപ്രധാന മാറ്റം. അതായത് അയ്യപ്പനും ക്ഷേത്രജീവനക്കാര്‍ക്കും 'വിശ്രമ'ത്തിന് ദിവസം ആറുമണിക്കൂര്‍ മാത്രം. ഇത്തവണ അയ്യപ്പന് അഭിഷേകം ചെയ്യാനുള്ള നെയ് നിറച്ച നാളികേരം തീര്‍ഥാടനകാലത്ത് അടുത്ത ജനുവരി 20 വരെ വിമാനത്തില്‍ കൊണ്ടുവരാനും അനുമതിയുണ്ട്.

To advertise here,

*സമയമാറ്റം എന്തുകൊണ്ട്?

ശബരിമലയിലെ എക്കാലത്തേയും വലിയ പരാതിയാണ് കാനനപാത താണ്ടിയെത്തുന്നവര്‍ക്ക് അയ്യപ്പനെ നേരേയൊന്നു കണ്ടുതൊഴാനാവില്ലെന്നത്. പതിനെട്ടാംപടി കയറുന്നതിന് കൂടുതല്‍ സമയമെടുക്കുമ്പോള്‍ സോപാനത്തുണ്ടാകുന്ന തിരക്കും പോലീസുകാര്‍ തീര്‍ഥാടകരെ തള്ളിവിടുന്നതുമൊക്കെയാണ് പരാതിക്കടിസ്ഥാനമായ ദര്‍ശനപ്രശ്നത്തിനുകാരണം. എന്നാല്‍ ദര്‍ശനസമയം നീട്ടിയതോടെ, എത്ര തിരക്കേറിയാലും എല്ലാവര്‍ക്കും അയ്യപ്പനെ തൊഴാനാവും എന്നാണ് ദേവസ്വം ബോര്‍ഡിന്റെ പ്രതീക്ഷ. മിനിറ്റില്‍ 70 മുതല്‍ 80 വരെ തീര്‍ഥാടകരെ പടികയറ്റാനാണ് പോലീസ് ശ്രമിക്കുക.

തീര്‍ഥാടകരുടെ തിരക്കേറുമ്പോള്‍ മാത്രം സമയം നീട്ടുന്നതിനു പകരം എല്ലാ ദിവസവും ദര്‍ശനസമയത്തിന് ഒരേ സമയക്രമീകരണമാവും നല്ലതെന്ന ദേവസ്വം ബോര്‍ഡിന്റെ അഭിപ്രായത്തോട് ശബരിമല തന്ത്രി കണ്ഠര് രാജീവരും യോജിച്ചു. ഭാവിയില്‍ ഫ്ളൈ ഓവറിലൂടെയല്ലാതെ കൊടിമരച്ചുവട്ടില്‍നിന്നുതന്നെ ഭക്തരെ നേരേ സോപാനത്തേയ്ക്ക് പ്രവേശിപ്പിക്കാനാണ് ദേവസ്വംബോര്‍ഡ് ആലോചിക്കുന്നത്. അയ്യപ്പക്ഷേത്രത്തേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്ന, വാസ്തുശാസ്ത്ര വിധിക്കനുസൃതമല്ലാത്ത ഫ്ളൈ ഓവര്‍ പൊളിച്ചുമാറ്റും. ഇത്തവണ എ.ഡി.ജി.പി. എസ്.ശ്രീജിത്തിനാണ് പോലീസിന്റെ ചുമതല. ശബരിമലയില്‍  തീര്‍ഥാടക നിയന്ത്രണത്തിന് അനുഭവസമ്പത്തുള്ള ഉദ്യോഗസ്ഥനാണ് അദ്ദേഹം.
 
പുതുക്കിയ ദര്‍ശനസമയം ഇങ്ങനെ:

പുലര്‍ച്ചെ മൂന്നുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ
ഉച്ചയ്ക്ക് മൂന്നുമുതല്‍ രാത്രി 11 വരെ. (ഈ സമയം കഴിഞ്ഞും തൊഴാന്‍ ആള്‍ത്തിരക്കുണ്ടെങ്കില്‍ നടഅടയ്ക്കുന്ന സമയം അരമണിക്കൂര്‍വീതം നീട്ടും.)

*സ്പോട്ടില്ല; പകരം തത്സമയ ഓണ്‍ലൈന്‍

ശബരിമലയില്‍ തിരുപ്പതി ക്ഷേത്രത്തിലെ ദര്‍ശനമാതൃക ഘട്ടംഘട്ടമായി നടപ്പാക്കുന്നതിന്റെ ഭാഗമായി വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആധാര്‍ വഴിയാക്കുകയാണ്. ഇത്തവണ ആധാറും പാസ്പോര്‍ട്ടും വോട്ടര്‍ ഐ.ഡികാര്‍ഡും ഉപയോഗിച്ച് ബുക്കുചെയ്യാമെങ്കിലും ഭാവിയില്‍ ആധാര്‍ മാത്രമാകും ബുക്കിങ്ങിനുള്ള തിരിച്ചറിയല്‍ രേഖ. ശബരിമലയില്‍ ആരൊക്കെ വന്നുപോയി എന്നറിയാന്‍ ബുക്കിങ് ആധാര്‍ വഴി മാത്രമാക്കി ഭക്തരുടെ ആധികാരിക വിവരങ്ങൾ ശേഖരിക്കും. വ്യക്തിവിവരങ്ങള്‍ സുരക്ഷിതമായിരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് വിശദീകരിച്ചു.

മുമ്പ് പത്തോളം കേന്ദ്രങ്ങളിലുണ്ടായിരുന്ന സ്പോട്ട് ബുക്കിങ് ദേവസ്വം ബോര്‍ഡ് നിര്‍ത്തലാക്കിയത് വലിയ വിവാദമുയര്‍ത്തി. പ്രതിഷേധം കനത്തതോടെയാണ് സ്പോട് ബുക്കിങ് എന്ന പേരുമാറ്റി 'തത്സമയ ഓണ്‍ലൈന്‍ ബുക്കി'ങ്ങിന് വണ്ടിപ്പെരിയാര്‍ സത്രം, എരുമേലി, പമ്പ എന്നിവിടങ്ങളിലെ എന്‍ട്രി പോയിന്റില്‍ കൗണ്ടറുകള്‍ ഒരുക്കുന്നത്. പമ്പയില്‍ നടപ്പന്തലിനു സമീപം ഏഴു കൗണ്ടറുകളുണ്ടാകും. മകരവിളക്കിനും പേട്ടയ്ക്കുമായി ഏറ്റവും കൂടുതല്‍പേരെത്തുന്ന എരുമേലി, പ്രധാന റൂട്ടായ നിലയ്ക്കല്‍ വഴിയെത്തുന്നവര്‍ക്ക് പമ്പ, പുല്‍മേടു വഴിയെത്തുന്നവര്‍ക്ക് വണ്ടിപ്പെരിയാര്‍ സത്രം എന്നിവിടങ്ങളാണ് എന്‍ട്രിപോയിന്റുകള്‍. ശബരിമലയിലേയ്ക്ക് പ്രവേശിക്കുന്ന മൂന്നുകേന്ദ്രങ്ങളാണിവ.  വെര്‍ച്വല്‍ക്യൂവില്‍ എഴുപതിനായിരം പേര്‍ക്കും തത്സമയ എന്‍ട്രി പോയിന്റിലൂടെ പതിനായിരം പേര്‍ക്കും അയ്യപ്പനെ കാണാനാണ് ഇപ്പോഴത്തെ ക്രമീകരണം. അതിലേറെപ്പേരെത്തിയാല്‍ അവര്‍ക്കെങ്ങനെ ദര്‍ശനം ഉറപ്പാക്കുമെന്നതില്‍ വ്യക്തതയില്ല.

ഓര്‍ക്കുക- എന്‍ട്രിപോയിന്റില്‍ ബുക്കിങ്ങിന് ആധാര്‍നിര്‍ബന്ധമാണ്. ഇവിടെ ബുക്കിങ്ങിന് രണ്ടുമിനിറ്റ്മതി. ആധാര്‍ ഇല്ലാത്തവിദേശ പൗരത്വമുള്ള ഇന്ത്യക്കാര്‍ക്ക് പാസ്പോര്‍ട്ട് തിരിച്ചറിയല്‍ രേഖയായി നല്‍കാം. നേരത്തേ നല്‍കിയിരുന്ന സ്പോട് ബുക്കിങ് എന്‍ട്രിപാസ് മാത്രമായിരുന്നു. പത്തുപേര്‍ ഒന്നിച്ചെത്തിയാലും ഒറ്റപ്പാസിലായിരുന്നു എല്ലാവര്‍ക്കും പ്രവേശനം. തത്സമയ ബുക്കിങ് ഓരോരുത്തര്‍ക്കും ആവശ്യമാണ്. കൗണ്ടറില്‍ തീര്‍ഥാടകന്റെ ഫോട്ടോയെടുക്കുമെങ്കിലും തത്സമയ ടിക്കറ്റില്‍ തീര്‍ഥാടകന്റെ ചിത്രമുണ്ടാകില്ല. പോലീസ് ടിക്കറ്റിലെ ക്യൂ.ആര്‍.കോഡ് സ്‌കാന്‍ ചെയ്ത് ഫോട്ടോയും ആധാര്‍നമ്പരും പരിശോധിച്ച് ബുക്കുചെയ്ത തീര്‍ഥാടകന്‍തന്നെയാണ് എത്തിയതെന്ന് ഉറപ്പാക്കും.

ഇത്തവണ പമ്പയില്‍ ചെറുവാഹനങ്ങള്‍ക്ക് പാര്‍ക്കിങ് അനുവദിച്ചതോടെയാണ് നിലയ്ക്കലിനുപകരം പമ്പ എന്‍ട്രിപോയിന്റാക്കിയത്. എന്നാല്‍ ബേസ് ക്യാമ്പ് നിലയ്ക്കല്‍തന്നെയാണ്. വെര്‍ച്വല്‍ ക്യൂ ബുക്കുചെയ്യുമ്പോള്‍ തീര്‍ഥാടക ഗൈഡും പോര്‍ട്ടലില്‍ ലഭ്യമാകും. ഇതില്‍ ക്ഷേത്രവിവരങ്ങള്‍, ഐതിഹ്യം,ചടങ്ങുകള്‍, പൂജയുടെ വിവരങ്ങള്‍ എന്നിവയുണ്ടാകും.

ശബരിമലയില്‍ പ്ലാസ്റ്റിക് അരുതേ

ഇരുമുടിക്കെട്ടില്‍ ശബരിമലയില്‍ ആവശ്യമില്ലാത്ത സാധനങ്ങള്‍ കുത്തിനിറയ്ക്കുന്നതാണ് തീര്‍ഥാടകരുടെ ശീലം. അത് ഒഴിവാക്കണമെന്നാണ് തന്ത്രിയുടെയും ദേവസ്വംബോര്‍ഡിന്റെയും അഭ്യര്‍ഥന. ഇരുമുടിക്കെട്ടിന് രണ്ടുഭാഗങ്ങളുണ്ട്. മുന്‍കെട്ടും പിന്‍കെട്ടും. മുന്‍കെട്ടില്‍ ഉണക്കലരി, നെയ്ത്തേങ്ങ, ശര്‍ക്കര, കദളിപ്പഴം, വെറ്റില, അടയ്ക്ക, കാണിപ്പൊന്ന് എന്നിവമതി. ശബരിമലയില്‍ സമര്‍പ്പിച്ച് വെളളനിവേദ്യം വാങ്ങാനുള്ള അരി (കുറഞ്ഞ അളവില്‍) പിന്‍കെട്ടിലും. പനിനീര്‍, ചന്ദനത്തിരി, കര്‍പ്പൂരം എന്നിവയൊന്നും ശബരിമലയില്‍ ഉപയോഗിക്കുന്നില്ല. അതിനാല്‍ ഇരുടിക്കെട്ടില്‍ ആവശ്യമില്ല. ഇക്കാര്യം വിശദമാക്കി ദേവസ്വംബോര്‍ഡ് ഉത്തരവും ഇറക്കിയിട്ടുണ്ട്.

പരിസ്ഥിതി പ്രശ്നവും വന്യജീവികള്‍ക്കുണ്ടാകുന്ന ജീവഹാനിയും പരിഗണിച്ചാണ് പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കാന്‍ തന്ത്രി നിര്‍ദ്ദേശിച്ചത്. കാല്‍നടയായി മാത്രം തീര്‍ഥാടകര്‍ എത്തിയിരുന്നകാലത്ത് ഭക്ഷ്യസാധനങ്ങള്‍ കെട്ടില്‍ കരുതുന്ന പതിവുണ്ടായിരുന്നു. ഇന്ന് ഇടത്താവളങ്ങളിലും സന്നിധാനത്തും അന്നദാനവും വഴിനീളേ ഹോട്ടല്‍ സൗകര്യവും ഉള്ളതിനാല്‍ ഭക്ഷണസാധനങ്ങള്‍ ഇരുമുടിയില്‍ കരുതേണ്ടതില്ല. ചന്ദനത്തിരിയും കര്‍പ്പൂരവും പനിനീരും പൊതിയുന്ന പ്ലാസ്റ്റിക് ശബരിമലയില്‍ പരിസ്ഥിതിയ്ക്ക് വില്ലനാണ്. റെഡിമെയ്ഡ് ഇരുമുടിക്കെട്ട് വാങ്ങുന്നവര്‍ ഇക്കാര്യം മറക്കരുത്.

യാത്ര മാറ്റിയാല്‍ ബുക്കിങ് റദ്ദാക്കണം

അടിയന്തിര കാരണത്താല്‍ ശബരിമല യാത്ര മാറ്റിവെച്ചാല്‍ ബുക്കിങ് ഉടന്‍ റദ്ദാക്കാന്‍ മറക്കേണ്ട. ഇല്ലെങ്കില്‍ ഈ തീര്‍ഥാടനകാലത്ത് വീണ്ടും ബുക്കിങ് നടക്കില്ല. ഒഴിവാകുന്ന തീര്‍ഥാടകന് പകരം മറ്റൊരാള്‍ക്ക് ബുക്കിങ് അനുവദിക്കാനാണിത്. പതിനെട്ടാം പടിയ്ക്കുമുകളില്‍ തിരുമുറ്റം, സോപാനം, ഫ്ളൈഓവര്‍ എന്നിവിടങ്ങളിലും മാളികപ്പുറംക്ഷേത്ര പരിസരത്തും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയോ ചെയ്യരുത്.

ഭക്തര്‍ അറിയാന്‍

നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ 25000 പേര്‍ക്ക് വിരിവെയ്ക്കാം; സന്നിധാനത്തുമാത്രം 10000 പേര്‍ക്കും. നിലയ്ക്കലില്‍ 2500 വാഹനങ്ങള്‍ക്കുകൂടി അധികമായി പാര്‍ക്കിങ് ഒരുക്കിയതോടെ ഇവിടെ 10500 വണ്ടികള്‍ക്ക് സൗകര്യം കിട്ടും. പമ്പയിലും രണ്ടായിരത്തിലധികം ചെറുവാഹനങ്ങള്‍ക്ക് ഇടം കിട്ടും. നിലയ്ക്കലിലേതുപോലെ പമ്പയിലും ഫാസ്ടാഗ് വഴി പാര്‍ക്കിങ് ഫീസ് ഈടാക്കും. പമ്പയില്‍ വിരിവെയ്ക്കാനും തീര്‍ഥാടകര്‍ക്ക് വരിനില്‍ക്കാനും ഒന്‍പത് നടപ്പന്തല്‍, ശരംകുത്തി മുതല്‍ നടപ്പന്തല്‍വരെ 50 മീറ്റര്‍ ഇടവിട്ട് 60 കിയോസ്‌കിലൂടെ ചൂടുവെള്ളം, പമ്പയില്‍ 100 രൂപ നിക്ഷേപമായി നല്‍കിയാല്‍ കിട്ടുന്ന സ്റ്റീല്‍കുപ്പിയിലും കുടിവെള്ളം ശേഖരിക്കാം തുടങ്ങിയ സൗകര്യങ്ങള്‍.

സന്നിധാനത്തും പമ്പയിലും ഇടത്താവളങ്ങളിലും ആരോഗ്യവകുപ്പിന്റെ ചികിത്സാ സൗകര്യങ്ങള്‍. നൂറിലധികം സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ(ഡിവോട്ടീസ് ഓഫ് ഡോക്ടേഴ്സ്) സേവനം പമ്പയിലുംസന്നിധാനത്തും. ആരോഗ്യവകുപ്പിന് പമ്പയില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം.

പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ അപകടത്തില്‍പ്പെട്ട് തീര്‍ഥാടകര്‍മരിച്ചാല്‍ അഞ്ചുലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ്. മൃതദേഹമെത്തിക്കാന്‍ കേരളത്തില്‍ മൂവായിരം, കേരളത്തിനുപുറത്തേയ്ക്ക് ഒരുലക്ഷംവരെയും ദേവസ്വംബോര്‍ഡ് നല്‍കും. ഈ തുക പിന്നീട് ഇന്‍ഷൂറന്‍സ് കമ്പനി ബോര്‍ഡിന് നല്‍കും. താത്കാലികക്കാര്‍ ഉള്‍പ്പെടെയുള്ള ദേവസ്വം ജീവനക്കാര്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷയുണ്ട്. ചോറൂണിന് കുഞ്ഞുങ്ങളുമായി എത്തുന്ന സ്ത്രീകള്‍ക്ക് വിശ്രമിക്കാന്‍ പമ്പയില്‍ ഫെസിലിറ്റേഷന്‍ സെന്റര്‍. 50 പേര്‍ക്ക് ഒരേസമയം വിശ്രമസൗകര്യം.

വാടകനല്‍കി സന്നിധാനത്ത് താമസിക്കാന്‍ 400 മുറികള്‍. മരക്കൂട്ടംമുതല്‍ ചന്ദ്രാനന്ദന്‍ റോഡില്‍ 1500 പേര്‍ക്ക് ഇരിക്കാന്‍ കസേര. സന്നിധാനം, പമ്പ, എരുമേലി എന്നിവിടങ്ങളിലും ഇടത്താവളങ്ങളിലും അന്നദാനം.

ലക്ഷ്യം സുഖദര്‍ശനം 
-വി.എന്‍.വാസവന്‍, ദേവസ്വംമന്ത്രി

ശബരിമല തീര്‍ഥാടകര്‍ക്ക് എല്ലാ സൗകര്യവും ഒരുക്കാനാണ് സര്‍ക്കാര്‍ എപ്പോഴും ശ്രമിക്കുന്നത്. ഇത്തവണ തീര്‍ഥാടകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും അവര്‍ക്ക് വിരിവെയ്ക്കുന്നതിനും കൂടുതല്‍ സ്ഥലം ഒരുക്കിയിട്ടുണ്ട്. നടതുറന്നിരിക്കുന്ന സമയവും കൂട്ടി. ഭക്ഷണത്തിനും കൂടുതല്‍ സൗകര്യമുണ്ട്. ഒന്നിനും ഒരുകുറവും ഉണ്ടാകരുതെന്നാണ് ആഗ്രഹം. അതിനുള്ള ഒരുക്കങ്ങളാണ് പൂര്‍ത്തിയാക്കിയത്.

കൂട്ടായ്മയില്‍ ശബരിമല തീര്‍ഥാടനം
-പി.എസ്.പ്രശാന്ത്, പ്രസിഡന്റ്, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്.

സര്‍ക്കാരിലെ ഇരുപതോളം വകുപ്പുകളും ദേവസ്വംബോര്‍ഡും ചേര്‍ന്നാണ് ശബരിമല തീര്‍ഥാടനം നടത്തുന്നത്. കാനനക്ഷേത്രമായതിനാല്‍, എത്ര ഒരുങ്ങിയാലും പരിമിതികള്‍ സ്വാഭാവികമാണ്. ശബരിമല ക്ഷേത്രകാര്യത്തില്‍ ദേവസ്വംബോര്‍ഡും ആചാരപരമായ കാര്യങ്ങളില്‍ തന്ത്രിയുമാണ് തീരുമാനമെടുക്കുക. തിരക്കുനിയന്ത്രണച്ചുമതല പോലീസിനാണ്; സന്നിധാനത്ത് ആര്‍.എ.എഫും എന്‍.ഡി.ആര്‍.എഫും സഹായിക്കും. പരാതികള്‍ ഒട്ടുംവൈകാതെ പരിഹരിക്കും.