
ശബരിമല: നിരോധിച്ചിട്ടുണ്ടെങ്കിലും ശബരിമലയിലെത്തുന്ന പ്ലാസ്റ്റിക്കിന് കൈയും കണക്കുമില്ല. ദിവസവും ലോഡ് കണക്കിന് പ്ലാസ്റ്റിക്കാണ് സംസ്‌കരണത്തിനായി ഇൻസിനറേറ്ററിലേക്ക് ട്രാക്ടറിൽ കൊണ്ടുവരുന്നതെന്ന് തൊഴിലാളികൾ പറയുന്നു. മറ്റ് മാലിന്യങ്ങളിൽനിന്നു പ്ലാസ്റ്റിക് വേർതിരിച്ചെടുത്താണ് സംസ്‌കരണം. ഇങ്ങനെ വേർതിരിച്ചെടുത്ത് തുണിയിൽ കെട്ടി 40-ഉം 50-ഉം കിലോവീതമുള്ള അട്ടികളാക്കി അടുക്കിവെച്ചാണ് സംസ്‌കരണത്തിന് വിധേയമാക്കുന്നത്.
അതിനിടെ, ശബരിമലയിലെ ദേവസ്വം ബോർഡിന്റെ മൂന്നു മാലിന്യ സംസ്‌കരണ ഇൻസിനറേറ്ററുകളിലേക്ക് ഈ സീസണിൽ ഇതുവരെ എത്തിയത് പ്ലാസ്റ്റിക് ഉൾപ്പെടെ 1500 ലോഡ് മാലിന്യം.
സീസണിന്റെ തുടക്കം മുതൽ ദിവസവും 24 മണിക്കൂർ വീതം പ്രവർത്തിക്കുന്ന മൂന്നു യൂണിറ്റ് ഇൻസിനറേറ്ററുകളാണ് ശബരിമലയിൽ മാലിന്യനിർമാർജനം നടപ്പാക്കുന്നത്. ഏറ്റുമാനൂരിലും തിരുവനന്തപുരത്തുമുള്ള കമ്പനികളാണ് ഇൻസിനേറ്ററിന്റെ കരാർ ഏറ്റെടുത്തിട്ടുള്ളത്.
പാണ്ടിത്താവളത്തുള്ള രണ്ടു പ്ലാന്റുകളിലായി സ്ഥാപിച്ചിട്ടുള്ള മൂന്നു യൂണിറ്റുകളിൽ മണിക്കൂറിൽ 700 കിലോ മാലിന്യം കത്തിക്കാനാവും. മണിക്കൂറിൽ 300 കിലോ ശേഷിയുള്ള ഒരു ഇൻസിനറേറ്ററുള്ള പ്ലാന്റും മണിക്കൂറിൽ 200 കിലോവീതം ശേഷിയുള്ള രണ്ട് ഇൻസിനറേറ്ററുകളുള്ള മറ്റൊരു പ്ലാന്റുമാണ് ഇവിടെയുള്ളത്. ശരാശരി 30 ട്രാക്ടർ ലോഡ് ദിവസവും ഇവിടെയെത്തുന്നുണ്ട്.
രണ്ടു പ്ലാന്റുകളിലുമായി മൂന്നുഷിഫ്റ്റുകളിലായി 66 പേരാണ് ഇവിടെ ജോലിചെയ്യുന്നത്.
മരക്കൂട്ടം മുതലുള്ള തീർഥാടനവഴിയിലെ മാലിന്യങ്ങളാണ് ഇവിടെ സംസ്‌കരിക്കാനെത്തിക്കുന്നത്. മാലിന്യങ്ങൾ വേർതിരിക്കലാണ് ആദ്യപടി. പ്ലാസ്റ്റിക് മാലിന്യങ്ങളും തുണിയും ഇൻസിനേറ്ററിൽ കത്തിക്കും. പ്ലാസ്റ്റിക് കുപ്പിയും ചില്ലുകുപ്പിയും കാർഡ് ബോർഡും വേർതിരിച്ചുവയ്ക്കും. ഭക്ഷ്യാവശിഷ്ടങ്ങളും ഭക്തർ ഉപേക്ഷിച്ചുപോകുന്ന പൂമാല അടക്കമുള്ള ജൈവപാഴ്വസ്തുക്കളും കുഴിച്ചിടും. ഭക്തർക്കു സൗജന്യ ഔഷധ കുടിവെള്ളം ശബരിമലയിലുടനീളം വിതരണം ചെയ്യുന്നുണ്ടെങ്കിലും പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടുവരുന്നത് വർധിച്ചുവരുകയാണ്. ഹോട്ടൽ മാലിന്യം തരംതിരിച്ചു നൽകാത്തതും വെല്ലുവിളിയാണെന്ന് തൊഴിലാളികൾ പറയുന്നു. ഇക്കുറി അരവണ ടിൻ ഉൾപ്പെടെയുള്ളവ മാലിന്യ സംസ്‌കരണ പ്ലാന്റിലെത്തിച്ചിട്ടുണ്ട്. ഇത് ഇനി എന്തുചെയ്യുമെന്നുള്ള ആശങ്കയിലാണ് ഇൻസിനറേറ്റർ യൂണിറ്റിലെ തൊഴിലാളികൾ.
ആനയും പന്നിയും ശല്യം
പാണ്ടിത്താവളത്തെ ഇൻസിനറേറ്റർ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. എല്ലാ സമയവും തൊഴിലാളികളും ഉണ്ടാകും. ചാരം തിന്നുന്നതിനായി ആനകളെത്തുന്നത് പ്രതിസന്ധിയാണ്. കഴിഞ്ഞദിവസവും രാത്രി ആനക്കൂട്ടം വന്നിരുന്നതായി തൊഴിലാളികൾ പറയുന്നു. അതുപോലെ, കാട്ടുപന്നികളും കൂട്ടത്തോടെയെത്തുന്നുണ്ടെന്നും അവർ പറയുന്നു.
Content Highlights: sabarimala 2022
Published: 28 Dec 2022, 10:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented