റാന്നി: മണ്ഡലപൂജയ്ക്ക് ശബരിമല അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കിയുമായുള്ള ഘോഷയാത്രയ്ക്ക് നാടെങ്ങും ഭക്തിനിർഭരമായ വരവേൽപ്പ്. ഭക്തർ നിറപറയും പൂക്കുലയും നിലവിളക്കും വെച്ച് വായ്ക്കുരവയോടെയാണ് വഴിയിലുടനീളം സ്വീകരിച്ചത്.

To advertise here,

ഞായറാഴ്ച രണ്ടരയോടെയാണ് ഘോഷയാത്ര ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന റാന്നി താലൂക്കിലേക്ക് പ്രവേശിച്ചത്. ഉതിമൂട്, മന്ദിരംപടി, ബ്ലോക്കുപടി എന്നിവിടങ്ങളിലൊക്കെ ഭക്തർ വരവേല്പ് നൽകി. തോട്ടമൺകാവ് ക്ഷേത്രകവാടത്തിൽ എത്തിയ ഘോഷയാത്രയെ ക്ഷേത്ര ദേവസ്വം ഭാരവാഹികൾ, വിവിധ ഹൈന്ദവ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ വരവേറ്റു. ഇവിടെ നിന്ന് റാന്നി ഹിന്ദുധർമ പരിഷത്തിന്റെ നേതൃത്വത്തിൽ ഭക്തർ വാദ്യമേളങ്ങൾ, മുത്തുക്കുടകൾ, വായ്ക്കുരവ, പൂത്താലം എന്നിവയുടെ അകമ്പടിയോടെ റാന്നി രാമപുരം ക്ഷേത്രഗോപുരത്തിലേക്ക് സ്വീകരിച്ചാനയിച്ചു.

രാമപുരത്തേക്ക് പുറപ്പെട്ട ഘോഷയാത്രയെ അഖിലകേരള വിശ്വകർമ മഹാസഭ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ തോട്ടമണ്ണിലും പോലീസുകാർ ചേർന്ന് റാന്നി സ്‌റ്റേഷൻ പടിയിലും സ്വീകരിച്ചു.

രാമപുരത്തെത്തിയപ്പോൾ പ്രമോദ് നാരായൺ എം.എൽ.എ.,രാമപുരം ക്ഷേത്രോപദേശക സമിതി, എൻ.എസ്.എസ്. റാന്നി യൂണിയൻ, വിവിധ ഹൈന്ദവ സംഘടനകൾ എന്നിവയെല്ലാം ചേർന്ന് സ്വീകരിച്ചു.