ചന്ദ്രയാന്റെയും സൂര്യയാന്റെയും  നക്ഷത്രത്തിളക്കവുമായാണ്  75-ാം റിപ്പബ്ലിക് ദിനം കടന്നുവരുന്നത്. എന്നാൽ, ഈ നക്ഷത്രശോഭ ഇന്ത്യൻ ജനാധിപത്യത്തിനുണ്ടോയെന്നത് സംശയകരമാണ്. അത്രയ്ക്ക് വാനംമുട്ടിനിൽക്കുകയാണ് രാഷ്ട്രീയത്തിലെ അധികാരക്കൊതിയും ദുരയും മൂല്യശോഷണവും  അധികാരകേന്ദ്രീകരണവും. ഇതിൽ ഒരു കക്ഷിയും പിന്നിലല്ലതാനും. രാഷ്ട്രീയനേതാക്കൾ ഇപ്പോൾ ആക്‌ഷൻ ഹീറോമാരെപ്പോലെയാണ്. അവരുടെ ശാരീരിക അളവുപോലും  പ്രചാരണായുധമാണ്. രാഷ്ട്രീയത്തെ ഒരുതരം ഗാട്ടാ ഗുസ്തിയാക്കിമാറ്റുന്ന ഏർപ്പാട്. പാർട്ടി പ്രവർത്തകർ  ജനങ്ങളുടെയിടയിൽ പ്രവർത്തിക്കുന്നതിനെക്കാൾ സമയം നേതാക്കളുടെ അപദാനങ്ങൾ വാഴ്ത്താനാണ് ചെലവഴിക്കുന്നത്. വന്നുവന്നിപ്പോൾ നേതാക്കൾ എന്ന ബഹുവചനംവിട്ട്  നേതാവ് എന്ന ഏകവചനത്തിൽ എത്തിച്ചേർന്നിരിക്കുന്നു. നേതാവാണ് മൂലധനം, വോട്ടിന്റെ ഗാരന്റി. ചിലർക്ക് നേതാവ് സൂര്യനാണ്. പാർട്ടികൾക്കും അണികൾക്കും വിനിമയമൂല്യവും തിളക്കവും  കുറവായതുകൊണ്ടാവാം ഇങ്ങനെയൊക്കെ സംഭവിക്കുന്നത്.

To advertise here,

ഇതോടെ, നേതാവ് പാർട്ടിയായി അവതരിക്കുന്നു. മുമ്പൊക്കെ പാർട്ടി പരിപാടികൾ നേതാവ് നടപ്പാക്കിയതിന്റെ സ്ഥാനത്ത്, ഇപ്പോൾ നേതാവിന്റെ ഇഷ്ടാനിഷ്ടങ്ങൾ പാർട്ടി / സർക്കാർ പരിപാടിയായി മാറിയിരിക്കുന്നു. അവ ഏറ്റുപറയുന്നതിലും നടപ്പാക്കുന്നതിലുമാണ് പാർട്ടികളുടെ ശ്രദ്ധ. ക്ഷേമപദ്ധതികളെ സൗജന്യങ്ങളായും  നേതാവിന്റെ വരദാനമായും വ്യാഖ്യാനിക്കപ്പെടുന്ന മറുവശവുമുണ്ട്. പബ്ലിക് പോളിസി വിദഗ്ധ യാമിനി അയ്യരുടെ അഭിപ്രായത്തിൽ -ഇത് ഭരണത്തലവനെ  പൊതുജനക്ഷേമത്തിന്റെ  ഉറവിടവും ജനങ്ങളുടെ രക്ഷാകർത്താവുമാക്കിമാറ്റുന്നു. ഇതിന് മറ്റൊരു പാർശ്വഫലംകൂടിയുണ്ട്. ക്ഷേമപദ്ധതികൾ  ഭരണനേതൃത്വത്തിന്റെ ഔദാര്യമായി ചിത്രീകരിക്കപ്പെടുകയും ഇതിന്റെ പ്രത്യുപകാരം ചെയ്യാനുള്ള അവസരമായി തിരഞ്ഞെടുപ്പുകളെ കാണുകയും ചെയ്യുന്നു. 

ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ തകർച്ച

ഏതു രാഷ്ട്രീയപ്രസ്ഥാനത്തിലായാലും അമിതാധികാരം ഒരു വ്യക്തിയിൽ കേന്ദ്രീകരിക്കപ്പെടുമ്പോൾ, താമസംവിനാ അയാൾ ‘ഭക്തവത്സലനായി’ വേഷമിടും. ഇതോടെ, നേതാവിനുചുറ്റും ഒരു ഉപജാപകസംഘം രൂപംകൊള്ളുന്നു. അദ്ദേഹത്തെ മൂഢമായി പിൻപറ്റുന്നവർക്കേ പ്രസ്ഥാനത്തിൽ നിലനിൽപ്പുള്ളൂ എന്നതാണ് പരിണിതഫലം.  സൂര്യനുചുറ്റും പ്രദക്ഷിണംവെക്കുന്ന ഗ്രഹങ്ങളെപ്പോലെയാണ് അണികളുടെ അവസ്ഥ.  നേതാവിന്റെ ദയാദാക്ഷിണ്യത്തിനായവർ  മത്സരിക്കുകയും അയാളുടെ ചാവേറുകളായി സ്വയം വേഷമിടുകയും ചെയ്യുന്നു. ഇത് അവരെയും അവരിലൂടെ പാർട്ടിയെയും അരാഷ്ട്രീയവത്‌കരിക്കുന്നതിനു തുല്യമാണ്. പാർട്ടികൾ അരാഷ്ട്രീയവത്‌കരിക്കപ്പെടുമ്പോൾ രാഷ്ട്രീയത്തിലെ കൂറുമാറ്റം ആയാസരഹിതമാവും. ഇടതും വലതും നോക്കാതെ ചേരിമാറാൻ രാഷ്ട്രീയക്കാർക്കും അവരെ സ്വീകരിക്കാൻ പാർട്ടികൾക്കും  ലജ്ജയില്ലാത്തതിന്റെ രഹസ്യമിതാണ്.  

നേതാവ് പാർട്ടിയോടു ചെയ്യുന്നത്

ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ കടയ്ക്കൽ കത്തിവെക്കുന്നു എന്ന വസ്തുതയുമുണ്ട്. തീരുമാനങ്ങളുടെ ഉറവിടം നേതാവാകുമ്പോൾ, പാർട്ടികൾക്കുള്ളിൽ തിരുത്തൽശക്തികൾ ഇല്ലാതാവുകയും അവയുടെ സംഘടനാസംവിധാനം ജീർണിക്കുകയും ചെയ്യും. പാർട്ടിഘടകങ്ങൾ യഥാസ്ഥാനത്തുണ്ടാവുമ്പോഴും പാർട്ടിക്കാര്യങ്ങളിൽ ഇടപെടാനോ  തുറന്നുചർച്ച ചെയ്യാനോ കഴിയാതെ അവ പ്രവർത്തനരഹിതമാവുന്നു. നയരൂപവത്‌കരണത്തിൽ കൂടിയാലോചനയോ തീരുമാനങ്ങളിൽ കൂട്ടുത്തരവാദിത്വമോ എതിരഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള വേദികളോ ഇല്ലാതെ വെറും പുറംതോടുകളായി പാർട്ടികൾ രൂപാന്തരംപ്രാപിക്കുന്നു. ഇത് സ്വയംനവീകരണത്തിനുള്ള അവയുടെ ഡയലെക്ടിക്‌സിനെ ഇല്ലാതാക്കുകയും ജനകീയപ്രശ്നങ്ങളിൽ ഇടപെടാനുള്ള ശക്തി ക്ഷയിപ്പിക്കുകയും സമൂഹവുമായുള്ള  ബന്ധം വിച്ഛേദിക്കുകയും ചെയ്യുന്നു. ക്രമേണ, ഒരു തലയും അനേകം കൈയും കാലുമുള്ള  വിചിത്രജീവികളായി അവ മാറുന്നു. ഇത് പാർട്ടി സമ്പ്രദായത്തെ മാത്രമല്ല ജനാധിപത്യത്തെയും ഡീലെജിറ്റിമൈസ് ചെയ്യുന്നു.

പരമാധികാരം ജനങ്ങൾക്കാണു മിസ്റ്റർ

‘ഞാനില്ലയെങ്കിൽ നീ വെറും കരിക്കട്ട’ എന്ന് അയ്യപ്പപ്പണിക്കരുടെ രാധ കൃഷ്ണനോട് പറയുന്നതുപോലെ (കല്പറ്റ നാരായണൻ, അടരടരായി ആശാൻ), ജനാധിപത്യത്തിൽ ജനങ്ങളില്ലെങ്കിൽ നേതാക്കൾ വെറും നിസ്സാരർ. എന്നാൽ, വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇത് തലകീഴായിനിൽക്കുന്നു. അതുകൊണ്ടാണ് നേതാക്കളെ ബഹുവചനത്തിലും ജനങ്ങളെ ഏകവചനത്തിലും വിശേഷിപ്പിക്കുന്നത്. പരമാധികാരം ജനങ്ങളിലാണെന്ന ജനാധിപത്യസങ്കല്പത്തിന്റെ കടയ്ക്കൽ കത്തിവെച്ചു തുടങ്ങിയിരിക്കുന്നു.  തിരഞ്ഞെടുക്കുന്നതോടെ ജനങ്ങളുടെ പരമാധികാരം തങ്ങളിലേക്കെത്തുന്നു എന്നാണ് ഭരണാധിപന്മാരുടെ വാദം. എന്തു തെറ്റുചെയ്യുമ്പോഴും തങ്ങളെ ജനങ്ങൾ തിരഞ്ഞെടുത്തവരാണെന്ന് ഇവർ പറയുന്നതിന്റെ പൊരുൾ ഇതാണ്. ജനങ്ങൾ നൽകിയത് ഭരണത്തിന്റെ മേൽനോട്ടംവഹിക്കാനുള്ള  ഉത്തരവാദിത്വമാണെന്ന വസ്തുത ഇവർ വിസ്മരിക്കുകയും പരമാധികാരികളായി സ്വയം ചമയുകയും ചെയ്യുന്നു എന്നു സാരം. വിമർശനങ്ങൾക്കതീതരും  അറിവുകളുടെ ഉടയരും പ്രജാവത്സലരുമായി ചിത്രീകരിക്കുന്നു. സ്വാഭാവികമായും ഇവർക്ക് ജനങ്ങളെ പൗരന്മാരായി കാണുന്നതിനെക്കാൾ പഥ്യം പ്രജകളായി കാണുന്നതാണ്. പാവ്‌ലോവിന്റെ നായ്ക്കളെപ്പോലെ ജനങ്ങളെ എങ്ങനെ മെരുക്കാമെന്നതാണ്  ചിന്ത.

പ്രത്യയശാസ്ത്രത്തെ തിന്നുന്ന ഹ്യുബ്രിസുകൾ

പൗരാവകാശ ധ്വംസനത്തിലും മാധ്യമസ്വാതന്ത്ര്യ നിഷേധത്തിലുമൊക്കെ കാര്യങ്ങൾ ചെന്നെത്തുന്നത് ഇതിന്റെ തുടർച്ചയാണ്. നിയമവാഴ്ചതന്നെ ഭരണവാഴ്ചയായും ഭരണകൂടത്തെ എല്ലാവിധ വിമർശനങ്ങളിൽനിന്നു സംരക്ഷിച്ചുനിർത്താനുള്ള ഉപാധിയായും മാറിയിരിക്കുന്നു. ബ്യൂറോക്രസിയുടെ രാഷ്ട്രീയവത്‌കരണം (വർഗീയവത്‌കരണവും) ഇതിന്റെ ഒരു ഉദാഹരണം മാത്രം. ഭരണനേതൃത്വത്തിന്റെ ഹിതാനുവർത്തികളായിമാറിയതോടെ തിരുത്തൽശക്തിയാകാനുള്ള അതിന്റെ ശേഷി ഇല്ലാതായിരിക്കുന്നു. ഇത് രാജ്യഭരണത്തിലും വികസനത്തിലും ദൂരവ്യാപകമായ ഫലമുളവാക്കുമെന്നകാര്യത്തിൽ സംശയമില്ല. അധികാരത്തിന്റെ അഹങ്കാരത്തെ ധ്വനിപ്പിക്കാൻ ഗ്രീക്ക് പുരാണേതിഹാസങ്ങളിൽ ഉപയോഗിക്കുന്ന വാക്കാണ് ഹ്യുബ്രിസ്. നമ്മുടെ ഭരണാധികാരികളിൽ എത്രപേർ ഇതിൽനിന്ന് മുക്തരാണെന്ന് അവർ സ്വയം ചിന്തിക്കട്ടെ. അപവാദങ്ങൾ ഇല്ലെന്നോ ഇത് രാഷ്ട്രീയത്തിലെ മാത്രം കാര്യമാണെന്നോ അല്ല പറഞ്ഞുവരുന്നത്.  വിനയം ഭയാനകമാംവിധം കുറയുകയും ഹ്യുബ്രിസ് സമൂഹത്തിന്റെ സമസ്തമേഖലകളെയും ബാധിക്കുകയും ചെയ്യുന്നു എന്നാണ് വിവക്ഷ. പ്രത്യയശാസ്ത്രങ്ങളെ  അപ്രസക്തമാക്കിക്കൊണ്ട് ഒരു മഹാവ്യാധിയായി അത് പൊതുജീവിതത്തെ ഗ്രസിച്ചിരിക്കുന്നു.

രാഷ്ട്രീയവും ധാർമികതയും

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമെന്നായതോടെ, ഗാന്ധിജിയുടെ ശ്രദ്ധ രാഷ്ട്രീയത്തിൽനിന്ന്  ധാർമികതയിലേക്ക് നീങ്ങിത്തുടങ്ങിയത് ഓർമവരുന്നു. 1941-ൽ പ്രസിദ്ധീകരിച്ച  ദ കൺസ്ട്രക്ടീവ് പ്രോഗ്രാം   ഇതിന്റെ തെളിവാണ്. തുടക്കംമുതൽ രാഷ്ട്രീയ സദാചാരത്തിനും സാമൂഹികപരിവർത്തനത്തിനും വില കല്പിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് അദ്ദേഹം കരുതിയിരിക്കണം, വസ്ത്രത്തിന്റെ ആദ്യബട്ടൺ നേരേയിട്ടാൽ മറ്റുള്ളവ ശരിയായിവീഴുമെന്ന് നാം കരുതുന്നതുപോലെ. എന്നാൽ, നമ്മുടെ കാര്യത്തിൽ സംഭവിച്ചത് മറ്റൊന്നാണ്. ആദ്യബട്ടൺ നേരേ വീണെങ്കിലും  പിന്നീടുള്ളവയുടെ സ്ഥാനം തെറ്റിപ്പോയി. 75-ാം റിപ്പബ്ലിക് ദിനാഘോഷ വേളയിൽ നാം ചിന്തിക്കേണ്ടത് സ്ഥാനംതെറ്റിയ ബട്ടണുകളെ നേരേയിടുന്നതിനെക്കുറിച്ചാണ്. രാഷ്ട്രീയത്തെ തിരഞ്ഞെടുപ്പിനും അധികാരത്തിനുമപ്പുറം വിഭാവനംചെയ്യുന്നതിനും പൊതുജീവിതത്തിൽ ധാർമികത കൊണ്ടുവരുന്നതിനുമാവണം ഊന്നൽ.