ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരന്ന് രാജ്യത്തിന്റെ അഭിമാനമായ ഐ.എസ്.ആര്‍.ഒയിലെ വനിതകള്‍. 'ചന്ദ്രയാന്‍-3: ഇന്ത്യന്‍ ബഹിരാകാശ ചരിത്രത്തിലെ വീരേതിഹാസം' എന്ന പേരില്‍ ഐ.എസ്.ആര്‍.ഒ. അവതരിപ്പിച്ച ടാബ്ലോ ആണ് വലിയ ശ്രദ്ധ നേടിയത്. കരഘോഷങ്ങളോടെയും ആര്‍പ്പുവിളികളോടെയും കാണികള്‍ ടാബ്ലോയെ വരവേറ്റു.

To advertise here,

വിക്രം ലാന്‍ഡര്‍ ഇറങ്ങിയതും പ്രഗ്യാന്‍ റോവര്‍ സഞ്ചരിച്ചതുമായ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ശിവ്-ശക്തി പോയിന്റിന്റെ നിശ്ചല ദൃശ്യമാണ് ഐ.എസ്.ആര്‍.ഒ അവതരിപ്പിച്ചത്. ടാബ്ലോയ്ക്കരികില്‍ നിന്ന് ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എട്ട് വനിതാ ശാസ്ത്രജ്ഞര്‍ കാണികള്‍ക്കുനേരെ കൈവീശി അഭിവാദ്യം ചെയ്തപ്പോള്‍ ആവേശം അലതല്ലി. പരേഡില്‍ അണിനിരന്ന എട്ടുപേര്‍ക്കുപുറമെ ഐ.എസ്.ഐര്‍.ഒയില്‍ നിന്നുള്ള 220 വനിതാ ശാസ്ത്രജ്ഞര്‍ പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണിതാക്കളായി റിപ്പബ്ലിക് ദിന പരേഡില്‍ എത്തിയിരുന്നു.

ചന്ദ്രയാന്‍-3-ന് പുറമെ  ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ-എല്‍1 മാതൃകയും ടാബ്ലോയില്‍ ഉണ്ടായിരുന്നു. ഈ ദൗത്യത്തിന് നേതൃത്വം നല്‍കിയത് വനിതകളാണ്. 'ബാഹുബലി റോക്കറ്റ്' എന്നറിയപ്പെടുന്ന എല്‍.എം.വി. മാര്‍ക്ക്-3, ഇന്ത്യയുടെ സ്വപ്‌നപദ്ധതിയായ ഗഗന്‍യാന്‍, ഇന്ത്യയുടെ സ്‌പേസ് സ്റ്റേഷന്‍ പദ്ധതിയായ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ എന്നിവയുടെ മാതൃകകളും ഐ.എസ്.ആര്‍.ഒയുടെ ടാബ്ലോയില്‍ ഉണ്ടായിരുന്നു. 

ഇന്ത്യയ്ക്ക് ഉടന്‍ ഒരു വനിതാ ബഹിരാകാശസഞ്ചാരി ഉണ്ടാകുമെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍പേഴ്‌സണ്‍ എസ്. സോംനാഥ് പറഞ്ഞു. 

'ആദ്യ ഗഗന്‍യാന്‍ ദൗത്യത്തിലെ ബഹിരാകാശ സഞ്ചാരികള്‍ പുരുഷന്മാരാണ്. എന്നാല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ നിന്ന് വനിതാ ടെസ്റ്റ് പൈലറ്റുകള്‍ ലഭ്യമാകുമ്പോള്‍ നമുക്ക് വനിതാ ബഹിരാകാശസഞ്ചാരി ഉണ്ടാകും.' -സോംനാഥ് പറഞ്ഞു.