
അംബേദ്കറല്ല മറ്റാരെങ്കിലുമായിരുന്നു 1946 ഡിസംബര്‍ ആറിന് നിലവില്‍വന്ന ഭരണഘടനാ നിര്‍മാണസഭ നിയോഗിച്ച ഭരണഘടനാ കരട് നിര്‍മാണ സമിതിയുടെ അധ്യക്ഷനെങ്കില്‍ 1950 ജനുവരി 26-ന് പ്രാബല്യത്തില്‍ വന്ന ഇന്ത്യന്‍ ഭരണഘടനയുടെ രൂപവും സ്വഭാവവും ഉള്ളടക്കവും എങ്ങനെയായിരിക്കുമെന്ന് ആലോചിക്കുന്നത് ഒരേസമയം, കൗതുകകരവും വിചിത്രവുമായ പരിചിന്തന രീതിയാണ്. അംബേദ്കര്‍ ഭരണഘടനാ നിര്‍മാണസഭയില്‍ അംഗമാകാതിരിക്കാനുള്ള എല്ലാ സാധ്യതയും 1946 മധ്യത്തില്‍ കാബിനറ്റ് മിഷന് പ്ലാന്‍ അനുസരിച്ച് ബ്രിട്ടീഷ് ഇന്ത്യയിലെ പ്രവിശ്യാ അസംബ്ലികളിലേക്ക് തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ നിലനിന്നിരുന്നു എന്ന പരമാര്‍ഥം പരിഗണിക്കുമ്പോള്‍ ഇത്തരത്തിലുള്ള ഒരു സാങ്കല്പിക സാഹചര്യത്തെക്കുറിച്ച് ചിന്തിക്കുന്നതിന് പ്രസക്തിയില്ലാതില്ല. ബോംബെ പ്രവിശ്യാ അസംബ്ലിയില്‍ അംബേദ്കറുടെ പാര്‍ട്ടിയായ ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന് (എസ്.സി.എഫ്.) ഒരു സീറ്റുപോലും ലഭിച്ചില്ല. ഭരണഘടനാ നിര്‍മാണ സഭയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്തത് പുതുതായി നിലവില്‍വന്ന പ്രവിശ്യാ അസംബ്ലികളിലെ അംഗങ്ങളായിരുന്നു. അതുകൊണ്ട് അംബേദ്കറെ ബോംബെയില്‍നിന്ന് ഭരണഘടനാ നിര്‍മാണസഭയിലെ അംഗമായി നോമിനേറ്റ് ചെയ്യാന്‍ കഴിയുമായിരുന്നില്ല.
പിന്നീട് അംബേദ്കര്‍ ഭരണഘടനാ നിര്‍മാണസഭയില്‍ അംഗമാവുകയും സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമമന്ത്രിയാവുകയും ഭരണഘടനാ കരട് നിര്‍മാണസമിതിയുടെ അധ്യക്ഷനായി നിയോഗിക്കപ്പെടുകയും ചെയ്തു. കേവലം ഒരു വര്‍ഷത്തിനിടെയാണ് (1946 ജൂലായ് - 1947 ഓഗസ്റ്റ്) രാഷ്ട്രീയസമവാക്യങ്ങളുടെ നാടകീയ പരിവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യ സാക്ഷ്യം വഹിച്ചത്.
ബംഗാളിലെ എസ്.സി.എഫ്. നേതാവായിരുന്ന ജോഗേന്ദ്രനാഥ് മണ്ഡല് ആണ് അംബേദ്കറുടെ രക്ഷയ്ക്കെത്തിയത്. ബംഗാള്‍ പ്രവിശ്യാ കൗണ്‍സിലിലേക്ക് തിരഞ്ഞെടുപ്പ് നടക്കാന്‍ മൂന്നാഴ്ച മാത്രം ശേഷിക്കെയാണ് കിഴക്കന്‍ ബംഗാളിലെ ജെസോര്‍-കുലന മണ്ഡലത്തില്‍ അംബേദ്കര്‍ സ്ഥാനാര്‍ഥിയാകുന്നതും തുടര്‍ന്ന് ജയിച്ച് ഭരണഘടനാ നിര്‍മാണസഭയില്‍ എത്തുന്നതും. വിഭജനത്തെത്തുടര്‍ന്ന് കിഴക്കന്‍ ബംഗാള്‍ പാകിസ്താന്റെ ഭാഗമായപ്പോള്‍ അംബേദ്കര്‍ക്ക് ഇന്ത്യയുടെ ഭരണഘടനാ നിര്‍മാണസഭയില്‍ അംഗത്വംനഷ്ടപ്പെട്ടു. തുടര്‍ന്ന് ബാരിസ്റ്റര്‍ എം.ആര്. ജയകര്‍ രാജിവെച്ച ഒഴിവില്‍ കോണ്‍ഗ്രസ് പിന്തുണയോടെ ബോംബെയില്‍ നിന്ന് അംബേദ്കര്‍ ഭരണഘടനാ നിര്‍മാണ സഭയില്‍ എത്തി. തുടര്‍ന്ന് സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമമന്ത്രിയായി. 1947 ഓഗസ്റ്റ് 29-ന് ഭരണഘടനയുടെ ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ അധ്യക്ഷനായി അവരോധിക്കപ്പെടുകയും ചെയ്തു.
അംബേദ്കര്‍ ഭരണഘടനാ നിര്‍മാണസഭയില്‍ എത്തരുതെന്ന നിര്‍ബന്ധബുദ്ധി 1946-ല്‍ പല പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഉണ്ടായിരുന്നു. പിന്നീട് എങ്ങനെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിഞ്ഞു എന്നതിന്റെ കാരണങ്ങളിലേക്ക് വിസ്തരഭയംകൊണ്ട് കടക്കുന്നില്ല. 1949 നവംബര്‍ 25-ന് ഭരണഘടനാ നിര്‍മാണസഭയുടെ അവസാന സെഷനില്‍ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗത്തില്‍ തനിക്ക് ഈ പദവികളെല്ലാം ലഭിച്ചതില്‍ അംബേദ്കര്‍ അദ്ഭുതം കൂറുന്നുണ്ട്: ''ഞാന്‍ ഭരണഘടനാ നിര്‍മാണ സഭയില്‍ എത്തിയത് പട്ടികജാതികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണം എന്ന ഉത്കടമായ ആഗ്രഹത്തോടെയാണ്. അതായിരുന്നു സുപ്രധാന ലക്ഷ്യം. എന്നെ കൂടുതല്‍ ഉത്തരവാദിത്വമുള്ള ചുമതലകള്‍ ഏല്പിക്കുമെന്ന വിദൂര പ്രതീക്ഷപോലും ഉണ്ടായിരുന്നില്ല. ഭരണഘടനാ നിര്‍മാണസഭ എന്നെ ഡ്രാഫ്റ്റിങ് കമ്മിറ്റിലേക്ക് തിരഞ്ഞെടുത്തപ്പോള്‍ എനിക്ക് വലിയ ആശ്ചര്യം തോന്നി. അതിനെക്കാള്‍ കൂടുതല്‍ ആശ്ചര്യമുണ്ടായത് ഡ്രാഫ്റ്റിങ് കമ്മിറ്റി അതിന്റെ അധ്യക്ഷനായി എന്നെ തിരഞ്ഞെടുത്തപ്പോഴാണ്.''
കരട് ഭരണഘടന, ഭരണഘടനാനിര്‍മാണ സഭയ്ക്ക് മുന്പില് സമര്‍പ്പിച്ചപ്പോള്‍ സഭയുടെ 7, 8, 9, 10, 11 സെഷനുകളില്‍ തീപാറുന്ന ചര്‍ച്ചകളുണ്ടായി. വ്യത്യസ്ത വാദമുഖങ്ങള്‍ കൊമ്പുകോര്‍ത്തു. ഭരണഘടനാ നിര്‍മാണ സഭയില്‍ പല പ്രത്യയശാസ്ത്രധാരകളുടെ പ്രഘോഷകരുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കരട് ഭരണഘടനയുടെ ചര്‍ച്ചകള്‍ക്കിടെ ഏഴായിരത്തി അഞ്ഞൂറോളം ഭേദഗതി നിര്‍ദേശങ്ങള്‍ വരുകയും രണ്ടായിരത്തി അഞ്ഞൂറിനടുത്ത് ഭേദഗതികള്‍ അംഗീകരിക്കപ്പെടുകയും ചെയ്തു. രാമചന്ദ്രഗുഹ നിരീക്ഷിച്ചതുപോലെ: ''ഇന്ത്യയെ ഏകീകരിച്ചതും ജനാധിപത്യമാക്കിയതും പ്രതിയോഗികളുടെ ഒരു സംഘം ചേര്‍ന്നാണ്. വലിയ ഒരു ലക്ഷ്യത്തിനുവേണ്ടി ഈ സംഘം ഭിന്നതകള്‍ മാറ്റിവെക്കുകയായിരുന്നു.''
1946 ഡിസംബര്‍ 13-ന് ഭരണഘടനാ നിര്‍മാണ സഭയില്‍ നെഹ്രു അവതരിപ്പിച്ച ലക്ഷ്യപ്രമേയത്തില്ത്തന്നെ ഭരണഘടനയുടെ സ്വഭാവവും ഉള്ളടക്കവും എന്തായിരിക്കണമെന്ന് സംക്ഷിപ്തമായി പറയുന്നുണ്ട്. ആ ലക്ഷ്യപ്രമേയം തന്നെയാണ് കാര്യമായ മാറ്റങ്ങളില്ലാതെ ഭരണഘടനയുടെ ആമുഖമായി മാറിയത്. ഭരണഘടനാ നിര്‍മാണസഭ ഐകകണേ്ഠ്യന അംഗീകരിച്ച ഈ ലക്ഷ്യപ്രമേയം തന്നെയാണ് ഇന്ത്യന്‍ ഭരണഘടനയുടെ ആരൂഢം.
അമേരിക്കയിലെ കൊളംബിയ സര്‍വകലാശാലയിലും ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സിലും ലണ്ടനിലെ ഗ്രേയ്സ് ഇന്നിലും രാഷ്ട്രമീമാംസയും സാമ്പത്തിക ശാസ്ത്രവും നിയമവും മറ്റ് സാമൂഹിക ശാസ്ത്രവിഷയങ്ങളും പഠിച്ച അംബേദ്കര്‍ക്ക് ഭരണഘടനാചരിത്രത്തിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്നു. അത്തരം ഒരു ബഹുവിഷയ പണ്ഡിതന് അക്കാലത്ത് ദക്ഷിണേഷ്യയില്‍ ഉണ്ടായിരുന്നില്ല എന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല. ഇക്കാരണംകൊണ്ടുതന്നെയാണ് അംബേദ്കറെ ഡ്രാഫ്റ്റിങ് കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുത്തത്. ''നിലവിലുള്ള ലോകത്തിലെ എല്ലാ ഭരണഘടനകളും സൂക്ഷ്മപരിശോധന നടത്തിയാണ് ഇന്ത്യന്‍ ഭരണഘടന ഉണ്ടാക്കിയത്.'' എന്ന് അംബേദ്കര്‍ പറഞ്ഞിട്ടുണ്ട്. അതിനര്‍ഥം ഭരണഘടന 'കടം കൊണ്ട ആശയങ്ങളുടെ സഞ്ചി' ആണെന്നല്ല. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി മറ്റ് രാഷ്ട്രങ്ങളുടെ ഭരണഘടനയില്‍നിന്ന് കൊള്ളേണ്ടത് കൊള്ളുകയും അല്ലാത്തവ തള്ളുകയുമായിരുന്നു അംബേദ്കര്‍.
അംബേദ്കറും ഡ്രാഫ്റ്റിങ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങളും ഭരണഘടനാ നിര്‍മാണസഭയും ഏതാണ്ട് മൂന്നുവര്‍ഷമെടുത്ത് തയ്യാറാക്കിയ ഭരണഘടന പ്രബുദ്ധവും എല്ലാ ഇന്ത്യക്കാരെയും ഉള്ക്കൊള്ളുന്നതുമ?േത്ര . ജനാധിപത്യം ഒരു ജീവിതരീതിയാണെന്നും അതിന്റെ അടിക്കല്ലുകള്‍ സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും നീതിയുമാണെന്നും ഇതാണ് തന്റെ സാമൂഹിക തത്ത്വചിന്തയെന്നും പ്രഖ്യാപിച്ച അംബേദ്കര്‍ മേല്‍സൂചിപ്പിച്ച അതേ പ്രസംഗത്തില്‍ ഇങ്ങനെയും പറഞ്ഞു: ''എന്താണ് സാമൂഹിക ജനാധിപത്യത്തിന്റെ അര്‍ഥം? സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ജീവിതതത്ത്വങ്ങളായ ഒരു ജീവിതരീതിയാണത്. സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ഒരു ത്രിത്വത്തിലെ വിഭിന്ന ഘടകങ്ങളല്ല. അവ ത്രിത്വത്തില്‍ ഇഴുകിചേര്ന്നവയാണ്. സമത്വമില്ലെങ്കില്‍ സ്വാതന്ത്ര്യം പലര്‍ക്കുമേല്‍ കുറച്ചുപേരുടെ ആധിപത്യമുണ്ടാക്കുന്ന ലോകം സൃഷ്ടിക്കും. സ്വാതന്ത്ര്യമില്ലാത്ത സമത്വം വ്യക്തികളുടെ മുന്കൈശേഷിയെ സംഹരിക്കും. സാഹോദര്യമില്ലെങ്കില്‍ സ്വാതന്ത്ര്യവും സമത്വവും നാട്യങ്ങളായി മാറും.''
രാഷ്ട്രീയത്തിലെ ഭക്തിയും വ്യക്തിപൂജയും രാഷ്ട്രഗാത്രത്തിന് ക്ഷതമേല്‍പ്പിക്കുമെന്ന് അംബേദ്കര്‍ അടിവരയിട്ടു പറഞ്ഞ ആ പ്രസംഗത്തില്‍ ഒരു താക്കീതുകൂടി നല്കി:
''1950 ജനുവരി 26-ന് നാം വൈരുധ്യങ്ങളുടെ ജീവിതത്തിലേക്കാണ് പ്രവേശിക്കുന്നത്. രാഷ്ട്രീയത്തില്‍ നമുക്ക് സമത്വമുണ്ടാകും. സാമൂഹിക-സാമ്പത്തിക ജീവിതത്തില്‍ അത് ഉണ്ടാവില്ല. രാഷ്ട്രീയത്തില്‍ ഒരാള്‍ക്ക് ഒരു വോട്ട്, ഒരു വോട്ടിന് ഒരു മൂല്യം എന്ന തത്ത്വം നാം അംഗീകരിക്കും. എന്നാല്‍, സാമൂഹിക-സാമ്പത്തിക ജീവിതത്തില്‍ ഒരാള്‍ക്ക് ഒരു മൂല്യം എന്ന തത്ത്വം നിരാകരിക്കുന്നത് നാം തുടര്‍ന്നു കൊണ്ടിരിക്കും. ഈ വൈരുധ്യം എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കില്‍ നമ്മുടെ രാഷ്ട്രീയജനാധിപത്യം അപകടത്തിലാകും; അസമത്വം മൂലം നരകിക്കുന്നവര്‍ ഈ സഭ വളരെ പാടുപെട്ട് ഉണ്ടാക്കിയ രാഷ്ട്രീയ ജനാധിപത്യത്തിന്റെ ഘടനയെ തകര്‍ക്കും.''
അംബേദ്കറല്ല, മറ്റൊരു വ്യക്തിയായിരുന്നു ഭരണഘടനാ നിര്‍മാണത്തിന്റെ അമരക്കാരനായിരുന്നതെങ്കില് ഇന്ത്യയ്ക്ക് ലോകത്തിലെ ഏറ്റവും ബൃഹത്തായ, ബഹുഭാഗാത്മകമായ ഭരണഘടന ഉണ്ടാകുമായിരുന്നില്ല. ഭരണഘടനാ ധാര്‍മികതയെക്കുറിച്ച് പറയുമ്പോള്‍ ഗ്രീസിന്റെ ചരിത്രമെഴുതിയ ബ്രിട്ടീഷ് ചരിത്രകാരനായ ജോര്‍ജ് ഗ്രോട്ടിനെ ഉദ്ധരിക്കാനും ഭരണഘടനാഭേദഗതികളെക്കുറിച്ച് സംസാരിക്കുമ്പോള്‍ തോമസ് ജെഫേഴ്സന്റെ നിരീക്ഷണങ്ങളെ തന്റെ വാദങ്ങള്‍ക്ക് ബലം പകരനായി നിരത്താനും അംബേദ്കറെപ്പോലെ പാണ്ഡിത്യമുള്ളവര്‍ക്കേ സാധിക്കുമായിരുന്നുള്ളൂ.
പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനത്തിനായി അംബേദ്കര്‍ വിഭാവനം ചെയ്ത എല്ലാ കാര്യങ്ങളും ഭരണഘടനയില്‍ ഉള്‍പ്പെടുത്താനായില്ലെങ്കിലും പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് നിയമനിര്‍മാണസഭകളിലും വിദ്യാഭ്യാസ-ഉദ്യോഗതലങ്ങളിലും ഭരണഘടനാനുസൃതമായി ഏര്‍പ്പെടുത്തിയ സംവരണം പ്രസ്തുത വിഭാഗങ്ങള്‍ക്ക് അത്ര ചെറുതല്ലാത്ത സാമൂഹിക ചലനക്ഷമത നല്‍കിയിട്ടുണ്ട്. പക്ഷേ, വര്‍ത്തമാന ഇന്ത്യയില്‍ അംബേദ്കര്‍ ഊന്നിപ്പറഞ്ഞ ആ ആപത്കര വൈരുധ്യം അഭംഗുരം തുടരുന്നു എന്ന തിക്തസത്യം മറുഭാഗത്തുണ്ട്. ഒരേസമയം, ആദര്‍ശവാദിയും പ്രായോഗികവാദിയുമായിരുന്ന അംബേദ്കര്‍ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് ഭരണഘടനാ മാര്ങ്ങളിലൂടെയാണെന്ന് തറപ്പിച്ചു പറഞ്ഞ ഭരണഘടനാ ജനാധിപത്യവാദിയായിരുന്നു. സമാവകാശത്തിന്റെയും സമനീതിയുടെയും അചഞ്ചലദര്ശനം ഉദ്ഘോഷിക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച ഭരണഘടനയുടെ മുഖ്യശില്പിയായ അംബേദ്കറെ നാം ആദരിക്കുന്നതിലും മനസ്സിലാക്കുന്നതിലും കാലവിളംബം വരുത്തി എന്നതിന്റെ നിദര്‍ശനമാണ് 1956-ല്‍ അന്തരിച്ച അദ്ദേഹത്തിന്റെ ഛായാചിത്രം പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ 1990-ല്‍ മാത്രം ഇടം പിടിച്ചതിന് പിന്നിലുള്ളത്.
( പുനഃപ്രസിദ്ധീകരണം)
Content Highlights: dr b r ambedkar, constitution of india, republic day
Published: 25 Jan 2024, 03:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented