​വ്യക്തികളെക്കുറിച്ചുള്ള ഓർമ്മയ്ക്ക് രണ്ടുതലമുറയുടെ ആയുസ്സേയുള്ളൂവെന്നാണ് സ്വീഡിഷ് എഴുത്തുകാരി സാറാ സ്ട്രൈസ്ബെർഗ് പറയുന്നത് മനുഷ്യന്റെ ഓർമ്മ അത്രയ്ക്ക് ദുർബലമാണ്. എന്നാൽ സ്ത്രീകളെക്കുറിച്ചുള്ള സമൂഹത്തിന്റെ ഓർമ്മ ഇതിലും പരിമിതമാണെന്ന് ചരിത്രം തെളിയിക്കുന്നു. അവരിൽ പലരും സ്വന്തം തലമുറയിൽത്തന്നെ വിസ്മരിക്കപ്പെടുന്നു. ഇതിന്റ ദൃഷ്ടാന്തമാണ് ഇന്ത്യൻ ഭരണഘടനാനിർമാണസഭയിൽ അംഗങ്ങളായിരുന്ന വനിതകൾ. 

To advertise here,

സ്ത്രീകളെ ഈവിധം അദൃശ്യമാക്കുന്നതിൽ ആൺകോയ്മ വഹിച്ച പങ്ക് ചെറുതല്ല. ഭരണഘടനാനിർമാണസമിതിയിൽ സ്ത്രീകളുടെ സംഖ്യ തീരെ ചെറുതായിരുന്നല്ലോ. 299-ൽ 11, 4 ശതമാനത്തിൽ താഴെ! ഇതുമൂലം അതൊരു 'പുരുഷസഭ'യായി മാറിയെന്നതാണ് വാസ്തവം. അതിലെ ചർച്ചകളിൽ സജീവമാകുന്നതിൽനിന്ന് സ്ത്രീകളെ പിന്നോട്ടുവലിച്ച ഒരുഘടകം ഇതാണ്. സമിതി പൊതുവേ ജനാധിപത്യസ്വഭാവത്തോടെയാണ് പ്രവർത്തിച്ചിരുന്നതെങ്കിലും, വനിതകളുടെ കാതലായ എതിരഭിപ്രായങ്ങളോട് പലപ്പോഴും അസഹിഷ്ണുത പുലർത്തിയെന്നത് വിസ്മരിക്കാനാവില്ല. ചർച്ചകൾക്കിടയിൽ പുരുഷന്മാർ സ്ത്രീകളെ അഭിസംബോധനചെയ്തതുതന്നെ അവരുടെ പേരുകൾക്കുപകരം 'നമ്മുടെ സഹോദരിമാർ', 'വനിതാ അംഗങ്ങൾ' എന്നിങ്ങനെയുള്ള വിശേഷണങ്ങൾ ഉപയോഗിച്ചാണെന്നതും ശ്രദ്ധേയമാണ്.അവരുടെ ചില അഭിപ്രായപ്രകടനങ്ങളെയും ഭേദഗതികളെയും പുരുഷാംഗങ്ങൾ തടസ്സപ്പെടുത്താൻ ശ്രമിച്ച സന്ദർഭങ്ങളുമുണ്ട്. ''പുരുഷന്മാരുടെ ശബ്ദകോലാഹലങ്ങൾക്കിടയിൽ സ്ത്രീശബ്ദം ചിലപ്പോഴൊക്കെ മുങ്ങിപ്പോയി'' എന്ന് പലരും പരാതിപ്പെട്ടത് ഇക്കാരണത്താലാണ്.സ്വകാര്യസ്വത്ത് സർക്കാർ ഏറ്റെടുക്കുമ്പോൾ നൽകുന്ന നഷ്ടപരിഹാരം കോടതിയിൽ ചോദ്യംചെയ്യാൻ പാടില്ലെന്ന് നിഷ്‌കർഷിക്കണമെന്ന രേണുകാ റായിയുടെ ഭേദഗതിയാണ് ഇതിന്റെ ഉദാഹരണം. ഇതിൽ പരിണതപ്രജ്ഞനായ കെ.എം. മുൻഷിയെയും രേണുക പ്രതിക്കൂട്ടിൽ നിർത്തുന്നു. ജവാഹർലാൽ നെഹ്റു പോലും ഇക്കാര്യത്തിൽ തന്നോടു പിണങ്ങി മിണ്ടാതെ നടന്നുവെന്ന് അവർ തുടർന്ന് പറയുന്നു. ഹിന്ദു വ്യക്തിനിയമത്തിന്റെ ചർച്ചയ്ക്കിടയിൽ ലോക്നാഥ് മിശ്രയും പട്ടാഭി സീതാരാമയ്യയും സ്ത്രീവിരുദ്ധപരാമർശങ്ങൾ നടത്തിയതും ലഘുവായി കാണാനാവില്ല. ''സ്ത്രീകൾ ആവശ്യപ്പെടുംപോലെ സ്വാതന്ത്ര്യവും സമത്വവും നൽകിയാൽ ഇന്ത്യൻ സംസ്‌കാരം താറുമാറാവും'' എന്ന് മിശ്രയും, ''അരഡസൻ സ്ത്രീകൾക്ക് നമ്മെ മുൾമുനയിൽ നിർത്തി ഇത്തരമൊരു ബിൽ പരിഗണനയ്‌ക്കെടുപ്പിക്കാമെങ്കിൽ 250 പേർ ഇവിടെയുണ്ടായാൽ എന്തായിരിക്കും അവസ്ഥ'' എന്ന് പട്ടാഭിയും വേവലാതിപ്പെട്ടു 

ആണാധിപത്യം സ്ത്രീകളുടെ ഇടപെടൽ എത്രത്തോളം ശ്രമകരമാക്കിയെന്നതിന്റെ ഉദാഹരണമാണ് മുകളിൽ വിവരിച്ചത്. ഇതുമൂലം വനിതാംഗങ്ങൾ ഭരണഘടനാനിർമാണസമിതിയുടെ പൊതുയോഗത്തെക്കാൾ ഏറ്റവുമധികം സജീവമായത് അതിന്റെ കമ്മിറ്റികളിലെ ചർച്ചകളിലാണ്. സമിതിയിലെ വലിയ സദസ്സിനെ അപേക്ഷിച്ച് കമ്മിറ്റികളിലെ ചെറിയ വേദികൾ സൗഹാർദപരമായതിനാൽ അവർക്ക് 'ആൺഭയം' ഇല്ലാതെ സംസാരിക്കാനായി. എന്നാൽ, ഭരണഘടനയെക്കുറിച്ചുള്ള പ്രഭാഷണങ്ങളും പഠനങ്ങളും ഇത്തരം കമ്മിറ്റികളിലെ ചർച്ചകളെ പാടേ അവഗണിക്കുകയും ഭരണഘടനാനിർമാണസമിതിയിൽ നടന്ന പൊതുചർച്ചകളെ (Contstuent Assembly Debates) അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയതുമാണ്. ഭരണഘടനയുടെ നിർമിതിയിൽ സ്ത്രീകളുടെ പങ്ക് വേണ്ടവിധം അംഗീകരിക്കപ്പെടാതെപോയതിൽ ഇതിന് വലിയതോതിൽ സ്വാധീനമുണ്ടായിരുന്നതായി കാണാം.

ആസാദി കാ അമൃത് മഹോത്സവ് കൊണ്ടാടുന്ന വേളയിലെങ്കിലും ഈ പോരായ്മ പരിഹരിക്കാൻ നാം ശ്രമിക്കേണ്ടിയിരിക്കുന്നു. ഇത് ചരിത്രത്തിന്റെ വീണ്ടെടുപ്പിന്റെ മാത്രം പ്രശ്‌നമല്ല. മറിച്ച്, ഭരണഘടനയെയും അതിന്റെ രചനാവേളയിൽ നടന്ന ആശയസംഘർഷങ്ങളെയും കുറിച്ചുള്ള ശരിയായ ബോധ്യത്തിന്റെ പ്രശ്‌നംകൂടിയാണ്. കലയിലെ സാകല്യദർശനത്തെക്കുറിച്ച് പറയവേ മിഖായിൽ ബക്തിൻ ഉപയോഗിക്കുന്ന ഒരു രൂപകം ഇക്കാര്യത്തിൽ നമുക്ക് പ്രചോദനമേകും. മുഖാമുഖം നിൽക്കുന്ന രണ്ടു വ്യക്തികളുടെ കണ്ണുകളിൽ തെളിയുന്ന കാഴ്ചകൾ ചേർത്തുവെയ്ക്കുമ്പോളുണ്ടാകുന്ന സമഗ്രതയെക്കുറിച്ചാണ് ബക്തിൻ പറയുന്നത് (Art and answer ability). ഒരാൾക്ക് കാണാൻ പറ്റാത്തത് മറ്റെയാൾ കാണുന്നു. ഭരണഘടനാനിർമാണത്തിൽ വനിതകളുടെ സംഭാവന വീണ്ടെടുക്കുമ്പോൾ സംഭവിക്കുന്നതും ഇതാണ്.

ഭരണഘടനാനിർമാണസമിതിയിലേക്ക് തുടക്കത്തിൽ ആകെ 15 വനിതകളാണ് തിരഞ്ഞെടുക്കപ്പെട്ടത്: ദാക്ഷായണി വേലായുധൻ, ദുർഗാബായ് ദേശ്മുഖ്, അമ്മു സ്വാമിനാഥൻ, രാജ്കുമാരി അമൃത് കൗർ, ഹൻസാ മേത്ത, സുചേതാ കൃപലാനി, പൂർണിമാ ബാനർജി, ബീഗം ഖ്വുദ്സിയ എയ്സസ് റസൂൽ, കമലാ ചൗധരി, ബീഗം ജഹ്നാരാ ഷാനവാസ്, ബീഗം ഷെയ്സ്ത ഇക്രമുള്ള, സരോജിനി നായിഡു, വിജയലക്ഷ്മി പണ്ഡിറ്റ്, മാലതി ചൗധരി, ലീലാ റായ്. ഇവരിൽ അവസാനത്തെ ആറുപേർ പലകാരണങ്ങളാൽ സഭ വിട്ടുപോയി. ബീഗം ഷാനവാസും ബീഗം ഇക്രമുള്ളയും ഇന്ത്യാവിഭജനത്തെത്തുടർന്ന് പാകിസ്താനിലേക്കു പോയപ്പോൾ, സരോജിനി നായിഡു ഭരണഘടന നിലവിൽവരുന്നതിന് ഒരുവർഷംമുൻപ് അന്തരിച്ചു. മറ്റുള്ളവർ രാജിവെച്ചൊഴിഞ്ഞു: വിജയലക്ഷ്മി പണ്ഡിറ്റ് റഷ്യയിലെ ഇന്ത്യൻ അംബാസഡറായി പോയി; ലീലാ റായ് ഇന്ത്യാവിഭജനത്തിൽ പ്രതിഷേധിച്ച് രാജിവെച്ചു; മാലതി ചൗധരിയുടെ രാജിക്കാരണം വ്യക്തമല്ല. രാജിക്കത്തിൽ അവർ പറഞ്ഞത് ഇങ്ങനെ: ''അസംബ്ലിയിൽ എനിക്കനുയോജ്യമായ പ്രവൃത്തി ചെയ്യാനില്ലെന്നതാണ് യാഥാർഥ്യം. ശ്രീ അല്ലാടി കൃഷ്ണസ്വാമിജി, മുൻഷിജി, ഗോപാലസ്വാമിജി തുടങ്ങിയവർ പ്രവർത്തിക്കുന്നിടത്ത് എന്നെപ്പോലുള്ളവർക്ക് ചെയ്യാൻ എന്താണ് അവശേഷിക്കുന്നത്?'' (Chetan, Founding Mothers).
ആറുപേർ പോയതോടെ ഭരണഘടനാസമിതിയിൽ ആദ്യന്തം പങ്കെടുത്ത വനിതകളുടെ എണ്ണം ഒൻപതായി ചുരുങ്ങിയെങ്കിലും വിഭജനാനന്തരം രണ്ടുപേർകൂടി എത്തിയതോടെ, ഇവരുടെ സംഖ്യ പതിനൊന്നായി വർധിച്ചു; പശ്ചിമബംഗാളിൽനിന്ന് രേണുകാ റായും (ജൂലായ് 1947) തിരു-കൊച്ചിയുടെ പ്രതിനിധിയായി ആനി മസ്‌ക്രീനും (ഡിസംബർ 1948). ഈ പതിനൊന്നുപേരാണ് 1950 ജനുവരി 24-ന് ഭരണഘടനയിൽ ഒപ്പുവെച്ചവർ.

ഇവരാരുംതന്നെ ഏതെങ്കിലും പുരുഷന്റെ തണലിൽ വളർന്നവരോ ആരുടെയെങ്കിലും ദയാദാക്ഷിണ്യത്തിന്റെ പേരിൽ ഭരണഘടനാനിർമാണസമിതിയിൽ എത്തിയവരോ ആയിരുന്നില്ല. എല്ലാവരും ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നവരും തങ്ങളുടെ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുമായിരുന്നു. അമൃത് കൗർ അഖിലേന്ത്യാ വനിതാ കോൺഫറൻസിന്റെ സ്ഥാപകനേതാവും ഇന്ത്യയുടെ പ്രഥമ ആരോഗ്യവകുപ്പ് മന്ത്രിയുമായിരുന്നു; ഹൻസാ മേത്ത ഓക്‌സ്ഫഡ് സർവകലാശാലയിൽനിന്ന് ബിരുദം കരസ്ഥമാക്കിയ ആളും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മിഷന്റെ ഉപാധ്യക്ഷയുമായിരുന്നു; രേണുകാ റായ് സാമൂഹികചിന്തകയും ലണ്ടൻ സ്‌കൂൾ ഒഫ് ഇക്കണോമിക്സിൽ ഹരോൾഡ് ലാസ്‌കിയുടെ വിദ്യാർഥിനിയുമായിരുന്നു; ദുർഗാബായ് ദേശ്മുഖ് മദ്രാസ് ഹൈക്കോടതിയിലെ അറിയപ്പെട്ടിരുന്ന അഭിഭാഷകയും പൊതുപ്രവർത്തകയുമായിരുന്നു; ആനി മസ്‌ക്രീൻ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് നേതാവും തിരു-കൊച്ചിയിലെ ആരോഗ്യ-വൈദ്യുതി മന്ത്രിയുമായിരുന്നു. ഇവരുടെ കൂട്ടത്തിൽ വിശദമായി പരാമർശമർഹിക്കുന്ന ഒരാളാണ് ദാക്ഷായണി വേലായുധൻ.

ദാക്ഷായണി വേലായുധൻ

ദാക്ഷായണി വേലായുധനെക്കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ വരുന്നത് 'ഒരു നിഷേധി, വിപ്ലവകാരി ആകണമെന്നില്ല' എന്ന ഫ്രഞ്ച് കവിയും തത്ത്വചിന്തകനുമായ ഷോൻ ഷെനെയുടെ വാക്കുകളാണ്. അവർ നിഷേധിക്കേണ്ടതിനെ നിഷേധിച്ചു. ചങ്കുറപ്പോടെ കാര്യങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞു. വിപ്ലവം പ്രസംഗിച്ചതുമില്ല. ഗാന്ധിജിയുടെ ഉത്തമശിഷ്യ, ഭരണഘടനാനിർമാണസഭയിലെ ഒരേയൊരു ദളിത് വനിത, ഇന്ത്യയിലെ പ്രഥമ ദളിത് ബിരുദധാരിണി... ഇങ്ങനെ, പല വിശേഷണങ്ങളും ദാക്ഷായണി വേലായുധന് അവകാശപ്പെട്ടതാണ്. കൊച്ചിക്കാരിയായ ഇവർ, പക്ഷേ ഭരണഘടനാനിർമാണസഭയിലെത്തുന്നത് മദ്രാസ് പ്രവിശ്യയിൽനിന്നാണ്. പൊതുപ്രവർത്തകനായ വേലായുധനുമായുള്ള അവരുടെ വിവാഹം നടന്നത് സേവാഗ്രാം ആശ്രമത്തിൽവെച്ചാണ്; ഗാന്ധിജിയുടെയും കസ്തൂർബയുടെയും അനുഗ്രഹാശിസ്സുകളോടെ.

ദാക്ഷായണി വേലായുധന്റെ പല നിലപാടുകളും അഭിപ്രായങ്ങളും നമ്മെ അദ്ഭുതപ്പെടുത്താൻ പോന്നതാണ്. ഗാന്ധിജിയുടെ അടുത്ത അനുയായിയായിരിക്കുമ്പോഴും അവർ കോൺഗ്രസിനെ അതിനിശിതമായി വിമർശിച്ചു. ദളിത് സമുദായാംഗമായിട്ടും അംബേദ്കറിന്റെ ചില നിലപാടുകളോട് വിയോജിച്ചു. ജനാധിപത്യപരമായി ഇന്ത്യയെ ഭരിക്കാൻ ഒട്ടും യോഗ്യതയില്ലാത്ത പാർട്ടിയാണ് കോൺഗ്രസെന്നും കോൺഗ്രസ് ഭരണം സവർണഹിന്ദുക്കളുടെയും മൂലധനശക്തികളുടെയുമായിരിക്കുമെന്നും അതിന് സാധാരണക്കാരെ തൃപ്തിപ്പെടുത്താനാവില്ലെന്നും അവർ 1946-ൽ തന്നെ പറഞ്ഞു. മാത്രമല്ല, ഭരണഘടനാനിർമാണസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് ആറുമാസം ശേഷിക്കെ, സി. രാജഗോപാലാചാരിയെ 'പുരോഗമനനിലപാടുകളില്ലാത്ത ബ്രാഹ്‌മണ അവസരവാദി' എന്ന് വിശേഷിപ്പിക്കാനും മടിച്ചില്ല 

മറുവശത്ത്, ദളിതർക്ക് പ്രത്യേക നിയോജകമണ്ഡലം വേണമെന്ന ബി.ആർ. അംബേദ്കറിന്റ നിലപാടിനെ അവർ തള്ളിപ്പറയുകയും ചെയ്തു. കാബിനറ്റ് മിഷൻ പ്ലാൻ പുറത്തുവന്നതോടെ, അയിത്തജാതിക്കാർക്കുവേണ്ടി ബ്രിട്ടീഷ് പാർലമെന്റിൽ വാദിക്കണമെന്ന് വിൻസ്റ്റൺ ചർച്ചിലിനോട് അംബേദ്കർ ആവശ്യപ്പെട്ടപ്പോൾ, അവരുടെ നിലപാട് ഇതായിരുന്നു: ''സെക്രട്ടറി ഓഫ് സ്റ്റേറ്റ് പെത്തിക് ലോറൻസിനോ പ്രധാനമന്ത്രി ക്ലെമന്റ് അറ്റ്ലിക്കോ പ്രതിപക്ഷനേതാവ് വിൻസ്റ്റൺ ചർച്ചിലിനോ ഹരിജനങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്താനാവില്ല. ഇംഗ്ലണ്ടിലേക്ക് പലായനംചെയ്യുന്ന വർഗീയവാദികളെ, ഒരുപക്ഷേ ചർച്ചിലിന് സംരക്ഷിക്കാനായേക്കും.'' മിശ്രവിവാഹത്തിലൂടെ ജാതിചിന്ത ഇല്ലാതാക്കാമെന്ന അംബേദ്കറിന്റെ നിലപാടിനോടും അവർ വിയോജിച്ചു. അത്തരം വിവാഹബന്ധത്തിലേർപ്പെടുന്നവർ ജാതിബോധത്തിന്റെ മാറാപ്പും പേറിയാവും അത് ചെയ്യുകയെന്ന് അവർ കരുതി. ''സവർണപ്പെൺകുട്ടികൾ ഐ.എ.എസുകാരും ഡോക്ടറും എൻജിനീയറും ബിസിനസ് മേധാവികളുമായ പട്ടികവിഭാഗത്തിൽപ്പെട്ട ആൺകുട്ടികളെ വരിക്കാൻ തയ്യാറായേക്കും. എന്നാൽ, അവരുടെ മാതാപിതാക്കൾക്ക് സ്വന്തം (ആൺ)മക്കളുടെ വീട്ടിൽ അസ്പൃശ്യരായി കഴിയേണ്ടിവരും,'' അവർ തുറന്നുപറഞ്ഞു 

ഇത്തരം തുറന്നുപറച്ചിലുകളിലൂടെ ദാക്ഷായണി വേലായുധൻ ഇരുപക്ഷത്തും ധാരാളം ശത്രുക്കളെ സൃഷ്ടിച്ചുവെന്ന് പറയേണ്ടതില്ലല്ലോ. കോൺഗ്രസ് ഹൈക്കമാൻഡ് അവരെ ഭരണഘടനാനിർമാണസമിതിയിലേക്ക് മത്സരിപ്പിക്കാൻ തീരുമാനിച്ചപ്പോൾ, മദ്രാസ് കോൺഗ്രസിനുള്ളിൽ അത് വലിയ കോളിളക്കം സൃഷ്ടിച്ചു. സി. രാജഗോപാലാചാരി നേരിട്ട് അന്നത്തെ മദ്രാസ് പ്രധാനമന്ത്രിയായിരുന്ന ടി. പ്രകാശത്തോട് അവരുടെ സ്ഥാനാർഥിത്വം പിൻവലിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, അവർ ഹൈക്കമാൻഡിന്റെ നോമിനിയായതിനാൽ അദ്ദേഹത്തിന് ഒന്നും ചെയ്യാനായില്ല. തുടർന്ന്, പ്രവിശ്യാ കോൺഗ്രസ് നേതൃത്വം നേരിട്ട് കേന്ദ്രനേതൃത്വത്തിന് കത്തെഴുതി. 'മഹാത്മാഗാന്ധിയെയും താങ്കളെയും (സർദാർ പട്ടേൽ) മറ്റ് സമുന്നതരായ നേതാക്കളെയും പാർട്ടിയെയും സംസ്‌കാരത്തിന് നിരക്കാത്ത ഭാഷയിൽ ആക്ഷേപിക്കുന്ന കൊച്ചിക്കാരിയായ ഒരു ഹരിജൻ സ്ത്രീയെ' പരിഗണിക്കരുതെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം 

ദാക്ഷായണിയെ വിമർശിക്കുന്നതിൽ മദ്രാസിലെ ദളിത് പ്രസ്ഥാനവും ഒട്ടും പിന്നിലായിരുന്നില്ല. 'രാജ്യദ്രോഹി', 'നികൃഷ്ടജീവി', 'മൂല്യച്യുതി സംഭവിച്ചവൾ' എന്നിങ്ങനെയുള്ള വിശേഷണങ്ങളാണ് സംഘടന അവർക്ക് നൽകിയത്. പോരാത്തതിന്, ദളിത് ആക്ടിവിസ്റ്റായ ജി. അരുളപ്പൻ ഒരു 'മദ്രാസ് ഹരിജനെ' അവർക്ക് പകരം സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാരസമരവും നടത്തി. ഇതൊന്നും പക്ഷേ, ഹൈക്കമാൻഡിന്റെ തീരുമാനത്തെ സ്വാധീനിച്ചില്ലെന്നത് മറ്റൊരു കാര്യം. അവരുടെ എതിർസ്ഥാനാർഥിയായി മത്സരരംഗത്തുണ്ടായിരുന്നത് അക്കാലത്തെ ഒരു വൻതോക്കായിരുന്നുവെന്നതും ശ്രദ്ധേയമാണ്. പ്രമുഖ അഭിഭാഷകനും നിയമാധ്യാപകനും മദ്രാസ് മേയറുമായിരുന്ന അഖിലേന്ത്യാ ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷൻ നേതാവ്, റാവു ബഹാദൂർ എൻ. ശിവരാജ്. തിരഞ്ഞെടുപ്പിന്റെ പരിണാമഗുപ്തിയും രസകരംതന്നെ. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ വിജയി ശിവരാജും ഒടുവിൽ മിച്ചവോട്ട് കൈമാറ്റംചെയ്തതിലെ പിശക് തിരുത്തിയപ്പോൾ, ദാക്ഷായണി വേലായുധനും.

സ്ത്രീകളും ഭരണഘടനാ നിർമാണവും 

ഭരണഘടനാ നിർമാണത്തിൽ വനിതാ അംഗങ്ങൾ നേരിട്ട വൈതരണികൾ ഇതിനോടകം സൂചിപ്പിച്ചുവല്ലോ. ഇതിനർഥം സഭയിലെ പൊതുചർച്ചകളിൽ അവർ ഇടപെട്ടിരുന്നില്ല എന്നല്ല. അത്തരം ചർച്ചകളിൽ സജീവമായി ഇടപെടുകയും ആവശ്യാനുസരണം  പ്രതിരോധം തീർക്കുകയും ചെയ്ത പല അവസരങ്ങളും ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും  കാര്യങ്ങൾ കാര്യക്ഷമതയോടെ കൈകാര്യം ചെയ്യാൻ അവർക്ക് കഴിഞ്ഞിരുന്നത് സഭയുടെ ഉപസമിതികളിലായിരുന്നു. ഒന്നിലും അവർ അദ്ധ്യക്ഷപദവി അലങ്കരിച്ചില്ലെങ്കിലും ഡ്രാഫ്റ്റിങ് കമ്മിറ്റി ഒഴികെയുള്ള എല്ലാ കമ്മിറ്റികളിലും അവർക്ക് അംഗത്വം ലഭിച്ചിരുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് സ്റ്റീറിങ് കമ്മിറ്റിയും അഡൈ്വസറി കമ്മിറ്റിയുമാണ്. ആദ്യത്തേതിൽ ദുർഗാബായ് ദേശ്മുഖും രണ്ടാമത്തേതിൽ   അമൃത് കൗറും ഹൻസാ മേത്തയും ഇടംപിടിച്ചു. 

ഭരണഘടനാ നിർമാണ സമിതിയുടെ ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന സ്റ്റീറിങ് കമ്മിറ്റിയിൽ പ്രാതിനിധ്യം ലഭിച്ചത് മൂലം കാര്യങ്ങൾ മുൻകൂട്ടി കാണാനും ആവശ്യമായ തയ്യാറെടുപ്പോടെ  സഭയിൽ വരാനും വനിതാ അംഗങ്ങൾക്കായി. അഡൈ്വസറി കമ്മിറ്റിയുടെ പ്രാധാന്യം മറ്റൊന്നാണ്. ഡ്രാഫ്റ്റിങ് കമ്മിറ്റി കഴിഞ്ഞാൽ ഭരണഘടനാ നിർമാണത്തിൽ ഏറ്റവും നിർണായക പങ്കാണ് അതിന് ഉണ്ടായിരുന്നത്. പല കാര്യങ്ങളിലും അവസാനവാക്ക് പറഞ്ഞതും തർക്കങ്ങളിൽ സമവായം ഉണ്ടാക്കാൻ സഭ നിയോഗിച്ചതും ഈ കമ്മിറ്റിയെയാണ്. ഒട്ടുമിക്ക ഭരണഘടനാ വകുപ്പുകളും വിശേഷിച്ച് മൗലികാവകാശങ്ങളെയും നിർദേശക തത്ത്വങ്ങളെയും സംബന്ധിച്ചുള്ളത്, ഉപദേശക സമിതി ചിട്ടപ്പെടുത്തിയതിൽനിന്ന് വലിയ മാറ്റങ്ങൾ കൂടാതെയാണ് ഭരണഘടനാ നിർമാണ സമിതി അംഗീകരിച്ചതും. ഇക്കാരണത്താൽ രണ്ട് കമ്മിറ്റികളിലെയും അംഗത്വം വനിതകളെ സംബന്ധിച്ചിടത്തോളം വലിയ അനുഗ്രഹമായി.

ഇതിനെല്ലാം അപ്പുറം ഭരണഘടനാ നിർമാണത്തിൽ സ്വാധീനം ചെലുത്താൻ മറ്റ് ചില മാർഗങ്ങളും അവർ സ്വീകരിച്ചിരുന്നു. പരാതികളും നിവേദനങ്ങളും തയ്യാറാക്കി അയയ്ക്കുക, സ്വാധീനമുള്ള അംഗങ്ങൾക്കും സമുന്നതരായ രാഷ്ട്രീയ നേതാക്കൾക്കും കത്തുകൾ എഴുതുക, അവരെ നേരിൽക്കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തുക, ഗത്യന്തരമില്ലാത്ത സന്ദർഭങ്ങളിൽ തങ്ങളുടെ വിയോജിപ്പ് രേഖാമൂലം നൽകുക, മാധ്യമങ്ങളിൽ ലേഖനങ്ങൾ എഴുതുക തുടങ്ങിയവയാണ് ഇതിനായി അവർ ഉപയോഗിച്ച മറ്റ് തന്ത്രങ്ങൾ.

ഭരണഘടനാ നിർമാണ സമിതിയിലെ പൊതു ചർച്ചയിൽ ആദ്യം പങ്കെടുത്ത വനിതാംഗം, അവരിൽ പ്രായംകൂടിയ, മുൻനിരക്കാരിയായ സരോജിനി നായിഡുവാണ്, 1946 ഡിസംബർ 11-ന് , സമിതിയുടെ ആദ്യ സമ്മേളനത്തിന്റെ രണ്ടാംദിവസം. അതിൽ അവർ പറഞ്ഞത് അവിടെ കൂടിയിരിക്കുന്നവരിൽ അർപ്പിതമായ കർത്തവ്യത്തെക്കുറിച്ചാണ്. 'നാം  ഇവിടെ കൂടിയിരിക്കുന്നത് സ്വാതന്ത്ര്യത്തിന്റെ അനശ്വര രേഖ തയ്യാറാക്കാനാണ്, സ്വാതന്ത്ര്യത്തിന്റെയും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ദീപശിഖ ഏന്താൻ നമ്മുടെ മാതാവിനെ പ്രാപ്തമാക്കുന്ന അവകാശപത്രിക.' ഇക്കാര്യത്തെക്കുറിച്ച് എട്ട് ദിവസങ്ങൾക്കുശേഷം, ഡിസംബർ 19-ന്, ഇതേ വേദിയിൽ  മറ്റൊരാളും സംസാരിക്കുന്നുണ്ട്, ദാക്ഷായണി വേലായുധൻ. സാമൂഹികവിലക്കുകളും ജാതിവിവേചനവുമില്ലാത്ത, അധികാരം ജനങ്ങളിൽനിന്ന് മുകളിലോട്ട് ഒഴുകുന്ന സ്വതന്ത്ര ഭാരതീയ സ്വരൂപത്തെക്കുറിച്ചാണ് അവർ വാചാലയായത്. മൂന്നുവർഷം കഴിഞ്ഞ് ഭരണഘടനയുടെ കരട് അംഗീകരിച്ചതിനുശേഷം നടന്ന പൊതുചർച്ചയിൽ (1949 നവംബർ 17-26)  പങ്കെടുത്ത് സംസാരിച്ച ഏറ്റവും പ്രായംകുറഞ്ഞ, പിൻനിരക്കാരിയായ പൂർണിമാ ബാനർജി പറഞ്ഞത് ചെയ്തുതീർത്ത കാര്യങ്ങളെക്കുറിച്ചും. 'സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും പ്രതിബിംബിച്ചു നിൽക്കുന്ന വിലമതിക്കാനാവത്ത രേഖ' എന്നാണ് ഭരണഘടനയെ അവർ വിശേഷിപ്പിച്ചത്. 

മൂന്ന് പ്രസംഗങ്ങളിലും തുളുമ്പുന്നത് പ്രതീക്ഷയാണ്, എല്ലാ വേർതിരിവുകൾക്കും അപ്പുറമുള്ള, പ്രത്യേകിച്ച് ജാതി മത, സ്ത്രീ  പുരുഷ ഭേദമെന്യേയുള്ള, സമഭാവനയും സാമൂഹിക നീതിയും. ഭരണഘടനാ നിർമാണ സമിതിയിൽ ഉടനീളം വനിതാ പ്രതിനിധികൾ പൊരുതിയത് ഇതിനുവേണ്ടിയായിരുന്നു. സമിതിയിലും താത്കാലിക പാർലമെന്റിലും (ആദ്യ പൊതുതിരഞ്ഞെടുപ്പുവരെ സമിതി പാർലമെന്റായും പ്രവർത്തിച്ചിരുന്നു) അവർ നടത്തിയ ഇടപെടലുകളിലേക്കും ഏറ്റെടുത്ത വിഷയങ്ങളിലേക്കും കണ്ണോടിച്ചാൽ ഇത് ബോധ്യമാവും. മതസ്വാതന്ത്ര്യം മതനിരപേക്ഷത, വ്യക്തിസ്വാതന്ത്ര്യം , കരുതൽ തടങ്കൽ, സ്ത്രീ സംരക്ഷണം, മിശ്രവിവാഹം, സംവരണം, ഏകീകൃത സിവിൽ കോഡ്, നിർദേശക തത്ത്വങ്ങൾ, ഇങ്ങനെ പോകുന്നു അവ.

മതവും മതനിരപേക്ഷതയും

നവോത്ഥാനത്തിന്റെയും ആധുനികതയുടെയും ഓരംചേർന്നാണ് മതങ്ങളോടുള്ള അവരുടെ പൊതുസമീപനം വനിതാംഗങ്ങൾ ചിട്ടപ്പെടുത്തിയത്. ഇതോടെ സ്വാഭാവികമായും മതനിരപേക്ഷതയെ ഒരു ആധുനികമൂല്യമായി ഭരണഘടനയിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് അവർ ഉറക്കെച്ചിന്തിച്ചു. മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള (25, 28 വകുപ്പുകൾ) ചർച്ചാവേളയിൽ ഇത് അവർ പ്രകടിപ്പിക്കുന്നുണ്ട്. 'മതാചാരങ്ങളും മതപ്രചാരണവും' (25ാംവകുപ്പ്) മൗലികാവകാശമാക്കുന്നതിനോട് അവർ വിയോജിച്ചു. മതനിബദ്ധമായ പല ആചാരങ്ങളും ലിംഗസമത്വത്തിന് എതിരായതിനാൽ ഇത്തരം നീക്കങ്ങൾ സാമൂഹികപരിഷ്‌കരണശ്രമങ്ങൾക്ക് തിരിച്ചടിയാകുമെന്ന ഭയമായിരുന്നു ഇതിനുപിന്നിൽ. തന്മൂലം 'മതാചരണത്തിന്'പകരം 'മതാരാധന' എന്നാക്കണമെന്ന നിർദേശം അവർ മുന്നോട്ടുവെച്ചു. മൗലികാവകാശ ഉപസമിതി ഇത് അംഗീകരിച്ചെങ്കിലും ന്യൂനപക്ഷ ഉപസമിതി നിർദേശത്തെ ഭൂരിപക്ഷാടിസ്ഥാനത്തിൽ തള്ളിക്കളഞ്ഞു. മൂന്നുപേർ മാത്രമാണ് ഭൂരിപക്ഷത്തിന്റെ ഈ നീക്കത്തെ എതിർത്തത്: അമൃത് കൗർ, അംബേദ്കർ, ജഗ്ജീവൻ റാം - കമ്മിറ്റിയിലെ ഏക സ്ത്രീയും രണ്ട് ദളിത് അംഗങ്ങളും!

'മതപ്രചാരണം' എന്ന പ്രയോഗം പ്രത്യേകം ചേർക്കേണ്ടതില്ലെന്നും അത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നുമായിരുന്നു അമൃത് കൗറിന്റെ മറ്റൊരു വാദം. ഇതേ ശ്വാസത്തിൽ മറ്റു മൂന്നുകാര്യങ്ങൾകൂടി അവർ മുന്നോട്ടുവെച്ചു: മതബോധനത്തെക്കുറിച്ച് പരാമർശിക്കുന്ന 28-ാം വകുപ്പിൽ മറ്റൊരു ഉപവകുപ്പുകൂടി എഴുതിച്ചേർക്കുക. ''സർക്കാർ സഹായധനം ലഭിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മതവിദ്യാഭ്യാസം നൽകുന്നപക്ഷം അത് മതങ്ങളുടെ താരതമ്യപഠനവും അവയുടെ ദർശനങ്ങളിലേക്ക് വെളിച്ചം വീശുന്നതുമായിരിക്കണം;'' വ്യത്യസ്ത മതങ്ങളിൽപ്പെട്ടവർക്ക് അവരുടെ വിശ്വാസം നിലനിർത്തിക്കൊണ്ടുതന്നെ പരസ്പരം വിവാഹംകഴിക്കാൻ ഭരണഘടനാപരമായ അവകാശം നൽകുക; ഏകീകൃത സിവിൽ കോഡ് മൗലികാവകാശങ്ങളുടെ ഭാഗമാക്കുക. ഹൻസാ മേത്തയുടെ അഭിപ്രായത്തിൽ ദേശീയഭാഷയെക്കാൾ മൗലികമാണ് പൊതുവ്യക്തിനിയമം. എന്നാൽ, ഈ നിർദേശങ്ങളൊന്നും സമിതിയിലെ മറ്റംഗങ്ങൾക്ക് സ്വീകാര്യമായില്ലെന്നതാണ് വാസ്തവം. ഇതോടെ ആദ്യമൂന്നു നിർദേശങ്ങൾ തള്ളിപ്പോവുകയും, നാലാമത്തെത് നിർദേശകതത്ത്വങ്ങളിൽ ഉൾപ്പെടുത്തുകയുംചെയ്തു (44ാം വകുപ്പ്).

തങ്ങളുടെ നിർദേശങ്ങൾ പലതും ഉപേക്ഷിച്ചതിലുള്ള അമർഷം അവർ മറച്ചുവെച്ചതുമില്ല. ഭരണഘടനയുടെ അവസാനവായനയിൽ പങ്കെടുത്തുകൊണ്ട് ഹൻസാ മേത്ത ഇക്കാര്യം തുറന്നുപറഞ്ഞു: ''മതകാര്യങ്ങളിൽ ഭരണകൂടം ഇടപെടുന്നതിനെ തടയുന്നതിൽ ഭരണഘടന വിജയിച്ചപ്പോൾ, സാമൂഹികജീവിതത്തിൽ മതങ്ങളുടെ ഇടപെടൽ അവസാനിപ്പിക്കുന്നതിൽ അത് പരാജയമടഞ്ഞു. ചിലരുടെ മതവികാരം വ്രണപ്പെടുമെന്ന ന്യായത്തിന്റെ മുന്നിൽ പർദപോലുള്ള ദുരാചാരങ്ങൾ തടയുന്നതിൽനിന്ന് അത് പിൻവാങ്ങി.'' ഇപ്പോൾ നടമാടുന്ന പല അനാചാരങ്ങളും ഭരണഘടനാസമിതിയിലെ വനിതാംഗങ്ങൾ മുൻകൂട്ടി കണ്ടിരുന്നുവെന്നുവേണം കരുതാൻ. 

സംവരണം, സ്ത്രീ ന്യൂനപക്ഷ സംരക്ഷണം

ഭരണഘടനാനിർമാണസമിതിയിൽ ചൂടേറിയ സംവാദം നടന്നൊരു വിഷയമാണ് മതാടിസ്ഥാനത്തിൽ രാഷ്ട്രീയസംവരണം (ജനപ്രതിനിധിസഭകളിൽ) നൽകുന്നത്, വിശേഷിച്ച് ന്യൂനപക്ഷങ്ങൾക്ക്. സ്ത്രീകളിൽ നല്ലൊരുവിഭാഗം ഇതിനെ എതിർത്തിരുന്നുവെന്ന് ഭരണഘടനാനിർമാണസമിതിയിലെയും അതിന്റെ ഉപസമിതികളിലെയും ചർച്ചകൾ വെളിപ്പെടുത്തുന്നു. ഇക്കാര്യത്തിൽ ശ്രദ്ധേയമായ നാലുപേരുകളാണ് എയ്സസ് റസൂൽ, അമൃത് കൗർ, ഹൻസാ മേത്ത, ദാക്ഷായണി വേലായുധൻ . ഇവരിൽ ആദ്യത്തെ രണ്ടുപേർ ന്യൂനപക്ഷസമുദായങ്ങളിൽപ്പെട്ടവരായിരുന്നു എന്നതും ശ്രദ്ധേയമാണ്, യഥാക്രമം മുസ്ലിമും ക്രിസ്ത്യാനിയും. രാജ്യത്തിന്റെ അഖണ്ഡതയെ ദോഷകരമായി ബാധിക്കുമെന്ന ഭയമായിരുന്നു ഇതിനുപിന്നിൽ.

റസൂലിന്റെ അഭിപ്രായത്തിൽ ''മതനിരപേക്ഷതയ്ക്ക് പോറലേൽക്കാത്തിടത്തോളമേ രാജ്യത്തിന് നിലനിൽപ്പുള്ളൂ. എന്നാൽ, മതാടിസ്ഥാനത്തിലുള്ള സംവരണം ഇതിനെ തുരങ്കംവെയ്ക്കുന്നു. മതന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ആത്മഹത്യാപരമാണ്.'' ഇതിന് 'ഭൂരിപക്ഷസമുദായം അവരുടെ വലുപ്പത്തെക്കുറിച്ചുള്ള ചിന്ത വെടിയണമെന്നും' അവർ തുടർന്ന് പറയുന്നു. കോൺഗ്രസിന്റെ, പ്രത്യേകിച്ച് സർദാർ പട്ടേലിന്റെ, സമ്മർദങ്ങൾക്കുവഴങ്ങിയാണ് അവർ ഇത്തരമൊരു നിലപാടെടുത്തതെന്നാണ് ചില ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നത് 

കൗറും മേത്തയും ഇക്കാര്യത്തിൽ അവരോട് യോജിച്ചു. മാത്രമല്ല, ന്യൂനപക്ഷ ഉപസമിതി ഇതിന് വിരുദ്ധമായ നിലപാടെടുത്തപ്പോൾ അതിലെ ഏക വനിതാംഗം എന്നനിലയിൽ കൗർ അവരുടെ വിയോജിപ്പ് രേഖാമൂലം നൽകുകയും ചെയ്തു. ദാക്ഷായണി വേലായുധൻ ഇക്കാര്യത്തിൽ നേരിട്ട് അഭിപ്രായം പറയുന്നില്ലെങ്കിലും, ജാതിസമ്പ്രദായത്തെയും ദളിതരനുഭവിക്കുന്ന അവശതകളെയും കുറിച്ച് പറയുന്നിടത്ത് അവർ രാഷ്ട്രീയസംവരണത്തെ എതിർക്കുന്നുണ്ട്. ജാതിപ്രശ്‌നം ഒരു വർഗപ്രശ്‌നമാണെന്നും സാമ്പത്തികവിപ്ലവത്തിലൂടെ മാത്രമേ അതിനെ നേരിടാനാകൂവെന്നും അവർ വാദിക്കുന്നു. ''പ്രത്യേക നിയോജകമണ്ഡലമോ സംയുക്ത നിയോജകമണ്ഡലമോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള നിയോജകമണ്ഡലമോ ആവശ്യപ്പെടുന്നതിൽ ഒരർഥവുമില്ല,'' അർഥശങ്കയ്ക്കിടയില്ലാതെ അവർ സൂചിപ്പിക്കുന്നു. പട്ടികജാതിക്കാർക്കുള്ള രാഷ്ട്രീയസംവരണത്തെപ്പോലും അവർ കാണുന്നത് വെറും മുട്ടുശാന്തിയായിട്ടാണ്, 'ഒഴിവാക്കാനാവാത്ത തിന്മ' . വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക-സാമ്പത്തിക അസമത്വത്തിന്റെ നിർമാർജനത്തിലൂടെയും അവശജനവിഭാഗങ്ങളെ ശാക്തീകരിക്കുക എന്ന പോംവഴിയായിരുന്നു അവരുടെത്.

സ്ത്രീസംരക്ഷണകാര്യത്തിൽ വനിതകൾ രണ്ടു നിർദേശങ്ങളാണ് മുന്നോട്ടുവെച്ചത്: ലിംഗപരമായ വിവേചനം ഒഴിവാക്കുക; ജാതിമതഭേദമെന്യേ വനിതകൾക്ക് പ്രത്യേക പരിരക്ഷ ഉറപ്പാക്കുക. വിവേചനത്തെ നിയമവിരുദ്ധമാക്കുന്ന ഭരണഘടനയുടെ എല്ലാ വകുപ്പുകളിലും [15 (1), 16 (2)പ ലിംഗപദവി മാനദണ്ഡമായത് ഇവരുടെ ഇടപെടൽ മൂലമാണ്. മറുവശത്ത് 15 (3)ാം വകുപ്പിൽ സ്ത്രീകൾക്ക് പ്രത്യേക പരിരക്ഷ ഉറപ്പാക്കാനും അവർക്കായി. സ്ത്രീകൾക്ക് പ്രത്യേക വിശ്രമമുറി, ട്രെയിനിൽ പ്രത്യേക ബോഗി (ദാക്ഷായണി, റസൂൽ, മസ്‌ക്രീൻ); സ്ത്രീവിദ്യാഭ്യാസപ്രവർത്തനങ്ങൾക്കായി പ്രത്യേക ബജറ്റ്, വിദേശപഠനത്തിന് പ്രത്യേക സഹായം (ദുർഗാബായ്); പോലീസിലും സൈന്യത്തിലും നയതന്ത്രസർവീസിലും സ്ത്രീപ്രാതിനിധ്യം (റസൂൽ); ദളിത് ഫാക്ടറി തൊഴിലാളികൾക്ക് സംരക്ഷണം, ദളിത് വിദ്യാർഥികൾക്ക് വിദേശപഠനത്തിനുള്ള സഹായം (ദാക്ഷായണി)- ഇത്തരം പലകാര്യങ്ങളും വനിതാംഗങ്ങളുടെ ശ്രമഫലമായി ഭരണഘടനാനിർമാണസമിതിയിൽ/ താത്കാലിക പാർലമെന്റിൽ ചർച്ചയാകുകയും പലതിനും പരിഹാരം കണ്ടെത്തുകയും ചെയ്തു.

വ്യക്തിസ്വാതന്ത്ര്യവും നിർദേശകതത്ത്വങ്ങളും

വനിതാംഗങ്ങളുടെ സവിശേഷശ്രദ്ധ ആകർഷിച്ച മറ്റ് രണ്ട് വിഷയമാണ് വ്യക്തിസ്വാതന്ത്ര്യവും സാമൂഹികനീതിയും. സായുധസേനകൾക്ക് സവിശേഷാധികാരങ്ങൾ നൽകുന്ന നിയമത്തെ (Armed Forces Special Powers Act) എതിർത്തുകൊണ്ടാണ് അവർ വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുക്കുന്നത്. കരുതൽ തുറുങ്കൽ നിയമത്തിന്റെയും നിർബന്ധിത സൈനികസേവനത്തിന്റെയും കാര്യങ്ങളിലായി തുടർന്നുള്ള ശ്രദ്ധ. കരുതൽ തുറുങ്കൽ നിയമം തീർത്തും ജനാധിപത്യവിരുദ്ധമാണെന്ന് പറഞ്ഞ അവർ അതിന്റെ ഇരകൾക്ക് ലഭ്യമാക്കേണ്ട സുരക്ഷയെക്കുറിച്ച് വ്യക്തമായ ചില നിർദേശങ്ങൾ മുന്നോട്ട് വെച്ചു. തടവിൽ പാർപ്പിക്കുന്നതിനും അറസ്റ്റിന്റെ കാരണമറിയിക്കുന്നതിനും കാലയളവ് നിശ്ചയിക്കുക (പൂർണിമാ ബാനർജി); ഇരയുടെ കുടുംബത്തിന് ജീവനാംശം നൽകുക, അയാളാണ് അതിന്റെ വരുമാനസ്രോതസ്സെങ്കിൽ (ബാനർജി, ദുർഗാബായ്). ഇതിൽ ആദ്യത്തെത് സമിതി അംഗീകരിച്ചെങ്കിലും രണ്ടാമത്തെത് കുറ്റംചെയ്യാനുള്ള പ്രോത്സാഹനമാവും (അംബേദ്കർ) എന്ന കാരണത്താൽ, നിരസിച്ചു.

ഭരണഘടനാസമിതിയിലും അതിന്റെ കമ്മിറ്റികളിലും വലിയ ചേരിതിരിവുണ്ടാക്കിയ ഒരാശയമാണ് നിർബന്ധിത സൈനികസേവനം. അംബേദ്കറിന്റെയും കെ.എം. മുൻഷിയുടെയും നേതൃത്വത്തിൽ മഹാഭൂരിപക്ഷം അതിനെ അനുകൂലിച്ചപ്പോൾ, ശേഷിക്കുന്നവർ അമൃത് കൗറിന്റെയും ഹൻസാ മേത്തയുടെയും നേതൃത്വത്തിൽ അതിനെ എതിർത്തു. ഇതിനിടയിൽ അത് പലവുരു ഭരണഘടനയുടെ കരടിൽ ഇടംപിടിക്കുകയും ഇടംപിടിച്ചതുപോലെ പുറത്ത് പോകുകയും ചെയ്തു. 'സമാധാനത്തിലും അഹിംസയിലും എത്രകണ്ട് വിശ്വസിച്ചാലും ഒരു രാജ്യത്തിനും അതൊഴിവാക്കാനാവില്ല' എന്ന് അംബേദ്കറും 'അത് ജനാധിപത്യത്തിന്റെ തത്ത്വങ്ങളുടെ ലംഘനവും യഥേഷ്ടം മാനവശേഷിയുള്ളൊരു രാജ്യത്ത് അനാവശ്യവുമാണ്' എന്ന് അമൃത് കൗറും വീറോടെ വാദിച്ചു. ഒടുവിൽ സമവായമെന്നനിലയ്ക്ക് 'നിർബന്ധിത സൈനികസേവനം' എന്ന പ്രയോഗം ഒഴിവാക്കി 'പൊതു ആവശ്യങ്ങൾക്കായി നിർബന്ധിച്ച് സേവനം' എന്നാക്കി അതിനെ 23(2)ാംവകുപ്പിൽ ചേർത്തു.

ജനാധിപത്യത്തെ ശക്തിപ്പെടുത്താനുതകുന്ന സാമൂഹികവും സാമ്പത്തികവുമായ പല നിർദേശങ്ങളും നിർദേശകതത്ത്വങ്ങളിലാണല്ലോ ഇടംപിടിച്ചിരിക്കുന്നത്. വനിതാംഗങ്ങൾ ആവശ്യപ്പെട്ടിരുന്ന പലതും-സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യപരിപാലനം, വിദ്യാഭ്യാസത്തിനും ജീവനോപാധിക്കുമുള്ള അവകാശം, തുല്യജോലിക്ക് തുല്യവേതനം, ഏകീകൃത സിവിൽ കോഡ് തുടങ്ങിയവ-ഇതിലുൾപ്പെട്ടിരിക്കുന്നു. ഭരണഘടനാനിർമാണത്തിന്റെ അന്ത്യഘട്ടത്തിൽപ്പോലും ചില തത്ത്വങ്ങളെ മൗലികാവകാശങ്ങളുടെ പട്ടികയിലുൾപ്പെടുത്താൻ അവർ ശ്രമിച്ചിരുന്നു. 'പൗരന്മാർക്ക് ആവശ്യമായ ജീവനോപാധി ഉറപ്പാക്കാനുള്ള' രാഷ്ട്രത്തിന്റെ കടമയെക്കുറിച്ചുള്ള വകുപ്പ് (39a) സ്വത്തവകാശത്തിന്റെ ഭാഗമാക്കാനുള്ള ഭേദഗതി പൂർണിമാ ബാനർജി അവതരിപ്പിച്ചത് ഇതിന്റെ ഭാഗമായാണ്.

ഇത്തരം നീക്കങ്ങൾ പരാജയപ്പെട്ടപ്പോൾ അവർ (കൗറും മേത്തയും) മറ്റൊരു നിർദേശം മുന്നോട്ട് വെച്ചു. നിർദേശകതത്ത്വങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങൾ 'രാജ്യഭരണത്തിന് മൗലികമായിരിക്കു'മെന്ന് നിഷ്‌കർഷിക്കുക. ഈ നിർദേശമാണ് ഒടുവിൽ 39-ാംവകുപ്പായി രൂപപ്പെട്ടത്. ഇതിന്റെ പിൻബലത്തിലാണ് മൗലികാവകാശങ്ങൾക്കും നിർദേശകതത്ത്വങ്ങൾക്കും തുല്യപ്രാധാന്യമുണ്ടെന്ന് കേശവാനന്ദ ഭാരതി കേസിലും രണ്ടുംതമ്മിലുള്ള പൊരുത്തവും സന്തുലനവും ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമാണെന്ന് മിനർവാ മിൽസ് കേസിലും സുപ്രീംകോടതി വിധിച്ചത്. ഭരണഘടനാനിർമാണവേളയിൽ നിർദോഷമെന്ന് തോന്നിച്ചൊരു നിർദേശം എത്ര ദൂരവ്യാപകമായ ഫലമുളവാക്കിയെന്നത് ആലോചനാമൃതമാണ്.

സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഭരണഘടനാനിർമാണം ഒരു വിശുദ്ധകർമമായിരുന്നു. ഭരണകൂടത്തിന്റെ നിയമപരമായ അടിത്തറയ്‌ക്കൊപ്പം അതിന്റെ ധാർമികാടിത്തറയും ബലപ്പെടുത്താനുള്ള യത്‌നമായാണ് അവരതിനെ വീക്ഷിച്ചത്. പ്രത്യക്ഷത്തിൽ അവരേതെങ്കിലും പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളായി പ്രവർത്തിക്കുകയോ സ്വയം വീമ്പിളക്കി കൈയടി നേടാൻ ശ്രമിക്കുകയോ ചെയ്തില്ല. മാത്രമല്ല, പല കാര്യങ്ങളിലും വനിതാംഗങ്ങൾതമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നെങ്കിലും മൗലികമായ വിഷയങ്ങളിൽ (ഉദാഹരണമായി സാമൂഹികനീതി, വ്യക്തിസ്വാതന്ത്ര്യം, സ്ത്രീസംരക്ഷണം) ഐക്യനിര തീർക്കാൻ അവർക്കായി. ഇതിന്റെ പരിണതഫലമാണ് മൗലികാവകാശങ്ങളിലും നിർദേശകതത്ത്വങ്ങളിലും വന്ന മാറ്റങ്ങൾ. ഇവിടെ അവർ ഊന്നൽ നൽകിയത് സാമ്പത്തികാവകാശങ്ങൾക്കാണെന്നത് പരാമർശമർഹിക്കുന്നു. നിയമനിർമാണസഭകളുടെയും ജുഡീഷ്യറിയുടെയും സ്വഭാവവും ഘടനയും നിർണയിക്കുന്നതിലും അവരുടെ കൈമുദ്ര കാണാം.

ഭരണഘടനയുടെ രൂപകല്പന അന്ത്യഘട്ടത്തിലേക്ക് കടന്നതോടെ, അതിനെ വിലയിരുത്തിക്കൊണ്ട് അവർ പറഞ്ഞതിൽ നവഭാരതത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് വീണ്ടും വ്യക്തമാകുന്നു. കരടുഭരണഘടനയുടെ ചർച്ചയിൽ പങ്കെടുത്ത ദാക്ഷായണി വേലായുധൻ ചൂണ്ടിക്കാണിച്ചത്, ഭരണഘടന വിഭാവനംചെയ്യുന്ന കേന്ദ്രീകൃതഭരണവ്യവസ്ഥയുടെ അപകടത്തെക്കുറിച്ചും ഗവർണർ പദവിയുടെ ദുരുപയോഗസാധ്യതയെക്കുറിച്ചുമാണ്. ഭരണഘടനയെ ജനഹിതത്തിന് വിധേയമാക്കണമെന്നും അവരാവശ്യപ്പെട്ടു. അവസാനഘട്ട പൊതുചർച്ചയിൽ സ്വത്തവകാശത്തെ ഭരണഘടനയുടെ 'തീരാകളങ്കം' എന്ന് രേണുകാ റായിയും വിശേഷിപ്പിച്ചു. മറുവശത്ത് വനിതാംഗങ്ങൾ ഉയർത്തിക്കാട്ടിയത് മൗലികാവകാശങ്ങളെയും നിർദേശകതത്ത്വങ്ങളെയുമാണ്. ഇവയെ 'ഭരണഘടനയുടെ നെടുംതൂണുകൾ' എന്ന് അമ്മു സ്വാമിനാഥനും മൗലികാവകാശത്തെ 'ക്രിയാത്മക പൗരത്വത്തിന്റെ രേഖ' (Document of Constructive Citizenship) എന്ന് അമൃത് കൗറും ചിത്രീകരിച്ചു.

ദാക്ഷായണി വേലായുധനും രേണുകാ റായിയും ഉയർത്തിയ വിമർശനങ്ങൾ സമകാലീന ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്നത് അവരുടെ ദീർഘവീക്ഷണത്തെ കുറിക്കുന്നു. അതേസമയം അമൃത് കൗർ സൂചിപ്പിച്ച 'ക്രിയാത്മക പൗരത്വം' എന്ന ആശയം സാക്ഷാത്കരിച്ചതുമില്ല. 'ഇന്ത്യക്കാർക്ക് ഭരണഘടനാധാർമികത ഒരു സഹജപ്രവണതയല്ല' എന്ന് അംബേദ്കർ ചൂണ്ടിക്കാണിച്ചതാണ് ഇതിന്റെ സുപ്രധാന കാരണം. ഇതിനെയാണ് ജുർഗെൻ ഹേബർമാസ് 'ഭരണഘടനാസ്‌നേഹം' എന്ന് വിളിക്കുന്നത്.ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാണിക്കാൻ അംബേദ്കറെപ്പോലെ വനിതാംഗങ്ങളും മുതിർന്നുവെന്നത് ലഘുവായിക്കാണാനാവില്ല. തിരിഞ്ഞുനോക്കുമ്പോൾ, ഒരു കാര്യം വ്യക്തമാണ്. പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കാനുള്ള കഴിവ് അവശ്യം ആവശ്യമുണ്ടായിരുന്നവരാണ് ഇവർ. ജോൺ കീറ്റ്സിന്റെ ഭാഷയിൽ പറഞ്ഞാൽ, നെഗറ്റീവ് കേപ്പബിലിറ്റി(Negative Capability)യുള്ളവർ. 299 അംഗസഭയിൽ പതിനൊന്നുപേർക്ക് പിടിച്ചുനിൽക്കണമെങ്കിൽ, ഇത് അത്യാവശ്യമാണല്ലോ.

( മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്‌ )