കുഞ്ഞന്‍ നോമ്പ്തുറ, വലിയ നോമ്പ് തുറ, അത്താഴം, മുത്തായം, ചീരകഞ്ഞി, തരികഞ്ഞി, പഴം ഉടച്ചുനന്നാക്കിയത്, ചെറുമീന്‍മുളകിട്ടത്, രാത്രിയിലെ സൊറ, ബലൂണ്‍ വെള്ളം, മുത്തായ വെടി, പാനൂസ, സൈറണ്‍ വിളി സാഹിബിന്റെ കാരക്കഅച്ചാര്‍, മാസ് എന്ന മത്സ്യം, ഇല്‍മും ദുല്‍മും, വെയ് രാജ വെയ്, ആന മയില്‍ ഒട്ടകം, നുറുക്ക് പ്രൈസ്. ഇതൊക്കെ റംസാന്‍ മാസത്തില്‍ അന്ന് പൊന്നാനിക്ക് മാത്രം കൗതുകം നിറഞ്ഞ വിശേഷങ്ങളായിരുന്നു.. പൊന്നാനിയുടെ പോയകാല വസന്തത്തിന്റെ നനവുള്ള ഓര്‍മ്മകള്‍.

To advertise here,

അന്ന് നാപ്പേരാ പള്ളികളുടെ (നല്പത്തിയേഴര പള്ളികള്‍) നഗരം എന്നൊരു വിശേഷണം കൂടിയുണ്ട് പൊന്നാനിക്ക്! ഒരിടത്തു നിന്നാല്‍ ഏഴു പള്ളികള്‍ കാണുന്ന, അറബ്യന്‍ നാട്ടില്‍ പോലും കാണാത്ത അദ്ഭുതക്കാഴ്ച, അത് പൊന്നാനിക്ക് മാത്രം സ്വന്തം.

പുണ്യങ്ങളുടെ പൂക്കാലമായ റംസാന്‍ പിറ മാനത്ത് കണ്ടാല്‍, പൊന്നാനി മഖ്ദൂം റംസാന്‍ പ്രഖ്യാപിക്കുന്നതോടെ മലബാറിലെ മക്ക എന്നറിയപ്പെടുന്ന പൊന്നാനി വലിയ ജുമാഅത്ത് പള്ളിയുടെ വടക്കേ പടിപ്പുരയുടെ മതിലിനോട് ചേര്‍ത്തുനിരത്തിവെച്ച നാല് കതീന വെടികള്‍ കാതടപ്പിക്കുന്ന ശബ്ദത്തൊടെ മുഴങ്ങും. അതോടെ പൊന്നാനിയിലെ രാത്രികള്‍ പകലും പകലുകള്‍ രാത്രിയുമായി മാറുകയായി.

മുളച്ചീളുകള്‍ പരസ്പരം നൂലില്‍ കെട്ടി വര്‍ണ്ണക്കടലാസ് കൊണ്ടു പൊതിഞ്ഞ പാനൂസകള്‍ എല്ലാ വീടിനു മുന്നിലും തൂക്കുന്നു, അറേബ്യന്‍ തെരുവോരങ്ങള്‍ പോലെ രാത്രി ഹയാത്താകുന്ന തെരുവുവീഥികളും കട കമ്പോളങ്ങളും വീടകങ്ങളും പൊന്നാനിയുടെ മാത്രം പ്രത്യേകതയാണ്. പാനൂസകളുടെ കാലം കൂടിയാണ് റംസാന്‍. പല വര്‍ണ്ണങ്ങളിലും, രൂപങ്ങളിലും മത്സരിച്ചാണ് ഒരൊ വീട്ടിലും തയ്യാറാക്കിയിരുന്നത്. മൂല പാനൂസ, നക്ഷത്ര പാനൂസ, കൊത്ത് പാനൂസ, പഴ പാനൂസ, കുട്ടി പാനൂസ പേരുകള്‍ ഇങ്ങനെ നീളുന്നു, കൂടാതെ കപ്പല്‍ ആകൃതിയിലുള്ള പാനൂസകള്‍ വേറെയും....

രാവിലെ അങ്ങാടിയും റോഡുകളും പരിസരവും വിജനമായിരിക്കും. കടകളും വീടുകളും ഉച്ചക്ക് ളുഹര്‍ ബാങ്ക് വിളിയോടെയേ ഉണരൂ. കടകള്‍ പാതിരാത്രി രണ്ടു മണി വരെ തുറന്നിരിക്കും. പാതി രാത്രിയിലും തുറന്നു കിടക്കുന്ന തറവാടുകളിലെ പടിപ്പുരകള്‍!

അങ്ങാടിക്കകത്തെ മിക്ക ഹോട്ടലുകളും ചായക്കടകളും വൈകുന്നേരം നാല് മണിക്കാണ് തുറക്കുന്നത്, സുബ്ഹി വാങ്ക് കേള്‍ക്കുന്നത് വരെ തുറന്നിരിക്കും! പുറത്ത് ചില്ലിട്ട അലമാരയില്‍ വൈകുന്നേരത്തോടെ പലഹാരങ്ങള്‍ നിരത്തി വെക്കും. പ്രധാനമായും മസ്സാലടയും മുട്ടപ്പത്തിരിയും പാലടയും. ഉച്ചയോടു കൂടി വീടുകളിലെ അടുക്കളകളും സജീവമാകും...!

റംസാന്‍ വിശ്വാസികളുടെ പൂക്കാലമാണെങ്കിലും ആ കാലത്തെ പൊന്നാനിയിലെ സ്ത്രീകള്‍ക്ക് അടുക്കളയില്‍നിന്ന് മോചനം കിട്ടാത്തെ ഒരു മാസംകൂടിയാണ്. മരുമക്കാത്തയ സമ്പ്രദായം നിലനില്‍ക്കുന്നത് കൊണ്ടാകാം, നോമ്പ് മുപ്പത് ദിവസവും പുതിയാപ്ലമാരുടെ വീട്ടിലേക്കു വലിയ തളിക നിറയെ മുട്ട മാല, മുട്ട സുര്‍ക്ക, ചിരട്ടി മാല, പഴം നിറച്ചത്, കുറയ്ബത്ത് അല്ലാഹു അഹ്ലം പോലുള്ള ഏറ്റവും മുന്തിയ വ്യത്യസ്ത ഇനം പലഹാരങ്ങള്‍ മഗ്രിബ് വാങ്ക് വിളിക്കുന്നതിന് മുന്നേ കൊണ്ടുകൊടുക്കണം!

ചില തറവാടുകളില്‍ ഇത് റംസാന്റെ പ്രത്യേകദിനങ്ങളായ നോമ്പ് പത്തിനും പതിനാറിനും ഇരുപത്തൊന്നിനും ഇരുപത്തേഴിനും, വെള്ളിയാഴ്ച ദിവസങ്ങളിലും മാത്രം മതി എന്നൊരു ഇളവുണ്ടാകും. അന്ന് പലഹാരങ്ങള്‍ തലയില്‍ ചുമന്നുകൊണ്ട് പുതിയാപ്ല വീടുകളിലേക്ക് കൊണ്ടുകൊടുക്കാന്‍ മാത്രമായി പൊന്നാനി അങ്ങാടിയില്‍ പ്രത്യേകം സ്ത്രീകള്‍ ഉണ്ടായിരുന്നു. ഇവര്‍ക്ക് കിട്ടുന്ന പ്രതിഫലമാകട്ടെ ചില്ലറ കാശും തിരിച്ചുകൊടുക്കുന്ന തളികയില്‍ കുറച്ചു പലഹാരവും.

വൈകുന്നേരങ്ങളില്‍ ചായപ്പീടികയില്‍നിന്നു വീടുകളിലെ അടുക്കളകളില്‍നിന്നും പലഹാരങ്ങള്‍ പൊരിക്കുന്നതിന്റെ മണം പുറത്ത് വേറിട്ടുനില്‍ക്കും. മഗ്‌രിബ് ബാങ്കിന് പത്ത് മിനിറ്റ് മുന്നേ പായയിട്ട് സുപ്ര വിരിച്ചു വീടുകളില്‍ വിഭവങ്ങള്‍ നിരത്തി വെക്കും. ബാങ്ക് വിളിക്കുന്നതിനു തൊട്ട് മുന്‍പ് മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള സൈറണ്‍ വിളിയും മുഴങ്ങും. പരിസരമാകെ വീണ്ടും നിശ്ചലമാകുന്നു.

കാരക്കകൊണ്ട് നോമ്പ് തുറക്കുന്നു. അഞ്ചു തരം പലഹാരം നിര്‍ബന്ധം. തരിക്കഞ്ഞി വേറെയും. ഇതിനെ കുഞ്ഞന്‍ നോമ്പ് തുറക്കല്‍ എന്നാണ് പറയുന്നത്. അത് കഴിഞ്ഞു മഗ്രിബ് നിസ്‌കാരം. ശേഷമാണ് വലിയ നോമ്പ് തുറക്കല്‍. നൈസ് പത്തിരിയും തേങ്ങ വറുത്തരച്ച ഇറച്ചിക്കറിയും കൂട്ടത്തില്‍ ജീരകക്കഞ്ഞി, പഴം ഉടച്ചതും പിന്നെ മീന്‍ മുളകിട്ടതും നിര്‍ബന്ധം.

തറാവീഹ് നിസ്‌കാരത്തിനായി പള്ളിയിലേക്ക്. ചെറിയ കുട്ടികള്‍ പുത്തന്‍ ഉടുപ്പും തൊപ്പിയും ഇട്ടു നിസ്‌കാരം പഠിച്ചു പള്ളിയില്‍ പോകുന്ന മാസം കൂടിയാണ് റംസാന്‍. പൊന്നാനി അങ്ങാടിയിലെ സ്‌കൂളുകള്‍ക്ക് റംസാന്‍ ഒരു മാസം അവധിക്കാലമായിരുന്നു. അനുഗൃഹീത മാസം ആയതുകൊണ്ടാകാം രാത്രികാലങ്ങളില്‍ പാതിരാവരെ പേടിയില്ലാതെ കൂട്ടുകാരോടൊപ്പം കറങ്ങി നടക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യംകൂടി വീട്ടുകാര്‍ നല്‍കും.

തറാവിഹ് നിസ്‌കാരം കഴിഞ്ഞിറങ്ങിയാല്‍ കുട്ടികള്‍ പരിസരം ഒന്ന് ചുറ്റിക്കറങ്ങും. പിന്നെ രാത്രി രണ്ടുമണിവരെയുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യും. അതില്‍ പ്രധാനം ബലൂണ്‍ വെള്ളം തന്നെ. ബലൂണില്‍ വെള്ളം നിറച്ച് പരസ്പരം എറിഞ്ഞു കളി. ഇതിനു ഇരയാകുന്നത് രാത്രിയില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന പാവം ചില മനുഷ്യര്‍ ആയെന്നും വരാറുണ്ട്. തറവാടുകളില്‍ കോലായില്‍ രാത്രികളില്‍ ലുടു ബോര്‍ഡ്, കാരം ബോര്‍ഡ്, പാമ്പും കോണിയും കളിക്കുന്ന കുട്ടികളുടെ നേരെയാകും പിന്നീട് ബലൂണ്‍ പ്രയോഗം. ചില ദിവസങ്ങളില്‍ വഴക്കിലും എത്താറുണ്ട് ഈ വിനോദം.

അന്നത്തെ മറ്റൊരു വിനോദമാണ് മുത്തായ വെടി പൊട്ടിക്കല്‍..! ഒരു മീറ്റര്‍ നീളത്തിലുള്ള മുളയുടെ മൂന്ന് കമ്പില്‍ രണ്ടു കമ്പ് വേര്‍പ്പെടുത്തി മേലെ ഒരു ചെറിയ ദ്വാരമുണ്ടാക്കി അതിലുടെ മണ്ണണ്ണ ഒഴിച്ചു ചൂടാക്കി ഈര്‍ക്കിളില്‍ തീ കത്തിച്ച് ദ്വാരത്തില്‍ കാണിക്കും വലിയ ശബ്ദത്തോടെ തീയും പുകയും പുറത്ത് വന്നു പൊട്ടും. പരിസരത്തുള്ള മിക്ക വീടുകളില്‍നിന്നും തറാവീഹ് നിസ്‌കാരം കഴിഞ്ഞാല്‍ കേള്‍ക്കാം. ഈ കളിപ്പീരങ്കിയുടെ കുഞ്ഞുപൊട്ടല്‍ കേള്‍ക്കാം. റംസാന്‍ രാവുകളിലെ കുട്ടികളുടെ വേറൊരു വിനോദം.

മറ്റൊരു പ്രധാന സംഗതിയാണ് നുറുക്ക് പ്രൈസ്. അത്തര്‍ ആല്യക്കായായിരുന്നു അന്ന് ഇതിന്റെ നടത്തിപ്പുകാരന്‍. പൊന്നാനിപ്പള്ളിയുടെ വലിയ കുളക്കരയിലാണ്  കേന്ദ്രം. സിഗരറ്റ് പാക്കറ്റ് ഒരു രൂപ നാണയത്തിന്റെ വലിപ്പത്തില്‍ വട്ടത്തില്‍ വെട്ടിയെടുത്ത് അതില്‍ പ്രത്യക ചിഹ്നങ്ങള്‍ വരച്ചുചേര്‍ക്കും. ഈ വരച്ച ചിത്രങ്ങളുടെ പേര് കേള്‍ക്കാന്‍ തന്നെ ഒരു കൗതുകമായിരുന്നു. ഇഞ്ചിതയ്യ്, ഓട്ടമുക്കാല്, മസ്സാലട, ആമന്റുട്ട, ഓലകീറ്... അങ്ങനെ രസകരമായ അമ്പതോളം പേരുകള്‍..

നുറുക്കുകള്‍ ഓരോരുത്തരും അവര്‍ കരസ്ഥമാക്കിയ പേരിന് അനുസരിച്ചു മേശമേല്‍ വെക്കുന്നു, ചിഹ്നങ്ങള്‍ പാട്ടയിലിട്ട് ആല്യക്ക നറുക്ക് കുലുക്കി എടുക്കും. കുലുക്കിയെടുക്കുന്ന പാട്ടയില്‍നിന്ന് കൂടുതല്‍ തവണ ചിഹ്നം കിട്ടുന്ന ആള്‍ക്ക് കൂടുതല്‍ നുറുക്കു കിട്ടും. ഇരുണ്ട മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ നടക്കുന്ന ഈ വിനോദം അവസാനം കൂടുതല്‍ നുറുക്ക് നഷ്ടപ്പെടുന്ന ആള് വിളക്ക് ഊതി കെടുത്തുന്നതോടെ ബലൂണ്‍ വെള്ളത്തില്‍ അവസാനിക്കുകയാണ് പതിവ്..!

റംസാനിലെ മറ്റു ചില കുട്ടി ദുല്‍മുകളാണ് ലെക്കോട്ടും പടവും, ആനമയില്‍ഒട്ടകം, വൈ വാരി വൈ തുടങ്ങിയവ. വലിയ ചിമ്മിണിയുടെ നേരിയ വെളിച്ചത്തില്‍ ചില്ലറ തുട്ടുമായി അയാള്‍ വിളിച്ചു പറയും...! 'അഞ്ചിന് പത്ത്.. പത്തിന് ഇരുപത്... നാലണ വെച്ചാല്‍ ഒരുര്‍പ്പ്യ ' ഇത് കേട്ട് ആളുകള്‍ ചുറ്റും കൂടും.

രാത്രിയുടെ മറവവില്‍ തെക്കേപ്പുറത്തായിരുന്നു ഈ കളിയുടെ പ്രധാന കേന്ദ്രം. അത്ര പന്തിയല്ലാത്ത കാര്യമായതുകൊണ്ട് ഒളിച്ചും പതുങ്ങിയുമാണ് പരിപാടി. പോലീസ് ജീപ്പ് കണ്ടാല്‍ പെട്ടിയും പടവും ഉപേക്ഷിച്ച് കളിക്കുന്നവര്‍ ഇടവഴിയിലൂടെ ഓടും. വീണ്ടും കളിസ്ഥലത്തു വന്നു ശ്വാസം വിടുമ്പോഴേക്കും പണവും പെട്ടിയുമായി പോലീസ് സ്ഥലം വിട്ടിട്ടുണ്ടാവും.

തറാവീഹ് നിസ്‌കാരശേഷം തറവാടുകളിലെ അടുക്കളകള്‍ വീണ്ടും സജീവമാകും, മുത്തായത്തിനുള്ള വിഭവങ്ങള്‍ ഒരുക്കാന്‍. മുട്ടമാല മുട്ട, സുര്‍ക്ക, പഴം കേക്ക്, ഉന്നക്കായ പിന്നെ, അല്ലാഹു അഹ്ലം എന്നൊരു പ്രത്യേക വിഭവവും. കൂട്ടത്തില്‍ രാത്രി രണ്ടുമണിക്കുള്ള അത്താഴത്തിനുള്ള വിഭവങ്ങളും. കഴിവുള്ള വീടുകളിലൊക്കെ, അത്താഴം ഒരുക്കാന്‍ അന്ന് പുറത്തുനിന്ന് ഒന്നോ രണ്ടോ സ്ത്രീകളെ ജോലിക്കായി വിളിക്കും. 'അത്തായം വെപ്പുകാര്‍' എന്നാണ് ഇവരെ വിളിക്കുക, ഒന്നില്‍ കൂടുതല്‍ വെപ്പുകാരുണ്ടെങ്കില്‍ തറവാട്ടിനൊരു ഗമയാണ്!

രാത്രി പത്ത് മണിക്ക് ശേഷമാണ് അങ്ങാടിയിലെ തറവാടുകളിലെ കോലായകള്‍ വീണ്ടും സജീവമാകുക. കാരണവന്മാരും സുഹൃത്തുക്കളും ബന്ധുക്കളും മുത്താഴവും കഴിച്ച് ചക്കരപ്പോല ബീഡിയും(ശര്‍ക്കര പുകയിലയില്‍ ചേര്‍ത്തുണ്ടാക്കുന്ന ഒരു പ്രത്യകതരം ബീഡി) വലിച്ചു സൊറ പറഞ്ഞിരിക്കും. പരിസരമാകെ ശര്‍ക്കരപ്പോലയുടെ മണമായിരിക്കും...

പാതിരാവരെ മുനിസിപ്പാലിറ്റിയിലെ സൈറണ്‍ മുഴങ്ങുന്നത് വരെ സൊറപറച്ചില്‍ തുടരും. ശേഷം രാത്രി രണ്ടു മണിയോടെ അവരവരുടെ വീട്ടിലേക്കു മടങ്ങും. അപ്പോഴും കുട്ടികള്‍ കോലായില്‍ മുത്തായ വെടി പൊട്ടിക്കുന്നുണ്ടാകും. അത്താഴത്തിനു മീന്‍കറി നിര്‍ബന്ധമാണ്. അങ്ങാടിയിലെ സാഹിബിന്റെ കടയിലെ സ്പെഷ്യല്‍ കാരക്ക അച്ചാര്‍, പിന്നെ ലക്ഷദ്വീപിലെ ചൂരമത്സ്യം ഉണക്കി ഉണ്ടാക്കുന്ന മാസ് കൊണ്ടുണ്ടാക്കുന്ന ചമ്മന്തിയും പപ്പടവും. എല്ലാം കഴിഞ്ഞു പടപ്പഴം ചോറില്‍ ഞവണ്ടി പഞ്ചസാരയും ഇട്ട് ഒരു പിടുത്തം കൂടിയുണ്ട്. രാത്രി രണ്ടു മണിയോടെ അങ്ങാടിയും പരിസരവും വീണ്ടും വിജനമാകുന്നു.

അന്ന് പൊന്നാനി അങ്ങാടിക്ക് ഇതൊക്കെ ഒരു അലങ്കാരമായിരുന്നു. പൊന്നാനി വിശേഷങ്ങളുടെ പുറന്തോട് പൊട്ടിച്ചാല്‍ നന്മയുടെയും ഒരുമയുടെയും ഒരുക്കത്തിന്റെയും കരുതലിന്റെയും ഈണം ഇപ്പോഴും കേള്‍ക്കാം. ഓരോ പൊന്നാനിക്കാരനും ഓര്‍ത്തുവെക്കാന്‍ നോമ്പുകാലത്തെ ഓര്‍മ്മകള്‍ ചേര്‍ത്ത് വെച്ചിട്ടുണ്ടാകും. നോമ്പുകാലത്ത് പൊന്നാനി അങ്ങാടിക്ക് ഒരു സ്നേഹാഹ്ലാദ നറുമണമാണ്. വര്‍ഷങ്ങള്‍ എത്രയോ പിന്നിട്ടിട്ടും ആ മണം മൂക്കിൻതുമ്പില്‍ പൂക്കുന്നു. അങ്ങാടിയുടെ പുരുഷാരത്തില്‍, മായക്കാഴ്ചകളുടെ വെളിച്ചത്തില്‍ അന്നത്തെ ഒരു കുട്ടിയായെങ്കില്‍ എന്ന് ആഗ്രഹിക്കാത്ത ഒരു പൊന്നാനിക്കാരനും ഉണ്ടാവില്ല.