മാന്നാര്‍(ആലപ്പുഴ): റംസാന്‍ വ്രതാനുഷ്ഠാന കാലത്ത് നോമ്പുതുറക്കാനുള്ള വിഭവങ്ങളുമായി ഗോപാലകൃഷ്ണന്‍നായര്‍ 27-ാം വര്‍ഷവും ഇരമത്തൂര്‍ മുസ്ലിം ജുമാ മസ്ജിദില്‍ എത്തി. റംസാന്‍ മാസത്തില്‍ വ്രതമനുഷ്ഠിക്കുന്ന മുസ്ലിം സഹോദരങ്ങള്‍ക്ക് തന്റെ സ്‌നേഹോപഹാരമായാണ് കുരട്ടിക്കാട് തിരുവഞ്ചേരില്‍ പുണര്‍തത്തില്‍ ടി.എസ്. ഗോപാലകൃഷ്ണന്‍നായര്‍ ഇഫ്താര്‍ വിരുന്ന് ഒരുക്കുന്നത്.

To advertise here,

സുഹൃത്തുക്കളും സഹപാഠികളുമായ മുസ്ലിം സഹോദരങ്ങളുടെ വ്രതത്തിന്റെ ഭാഗാമാകാനാണ് ഗോപാലകൃഷ്ണന്‍നായരുടെ വിരുന്ന്. ആദ്യകാലത്ത് കപ്പ വേവിച്ചതും മീന്‍കറിയും ആയിരുന്നെങ്കില്‍ ഇപ്പോള്‍ പഴവര്‍ഗങ്ങളും ശീതളപാനീയങ്ങളും ബിരിയാണിയുമാണ് ഇഫ്താര്‍ വിരുന്നിനായി ഒരുക്കിയത്. എല്ലാവര്‍ഷവും റംസാനിലെ അവസാന പത്തിലെ ഒരുദിവസമാണ് ഗോപാലകൃഷ്ണന്‍നായര്‍ ഇതിനായി തിരഞ്ഞെടുക്കുന്നത്.

മാന്നാറിന്റെ മതസാഹോദര്യവും പരസ്പരസ്‌നേഹവും എന്നെന്നും നിലനില്‍ക്കാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രചോദനമാകുമെന്ന് ഗോപാലകൃഷ്ണന്‍നായര്‍ പറഞ്ഞു. എല്‍ഐസി ഏജന്റും മാന്നാര്‍ സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബോര്‍ഡംഗവുമായ ഗോപാലകൃഷ്ണന്‍നായര്‍ ജില്ലാ സഹകരണബാങ്ക് മാന്നാര്‍ ശാഖയില്‍ 43 വര്‍ഷം ഡെയ്ലി കളക്ഷന്‍ ഏജന്റ് ആയിരുന്നു.

രണ്ടുവര്‍ഷംമുന്‍പ് ജില്ലാ സഹകരണബാങ്കില്‍നിന്നു വിരമിച്ച ഇദ്ദേഹം സാമൂഹിക സാമുദായിക പ്രവര്‍ത്തനങ്ങളില്‍ സക്രിയമാണ്. സരസ്വതിയമ്മയാണ് ഭാര്യ. മക്കളായ ഡോ.ടി.ജി. ഗോപകുമാര്‍ കാണ്‍പുര്‍ ഐഐടിയില്‍ പ്രൊഫസറും ശ്യാം ജി. നായര്‍ ഡല്‍ഹിയില്‍ ഫാഷന്‍ ഡിസൈനറുമാണ്. മകള്‍ ഡോ. ധന്യ ജി. നായര്‍ തെക്കേ അമേരിക്കയിലെ ചിലിയില്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷകയാണ്.