പ്രിയപ്പെട്ടവര്‍ക്കായി രുചികളുടെ പൂക്കാലം ഒരുക്കുന്ന സമയം കൂടിയാണ് ഓരോ നോമ്പുകാലവും. റംസാന്‍ നോമ്പ് അരികിലെത്തുമ്പോള്‍ ഇഫ്താറിന് ഒരുക്കാവുന്ന രുചികരമായ ചില വിഭവങ്ങള്‍ പരിചയപ്പെടാം. ഇന്ന് ഇഫ്താര്‍ രുചിയൊരുക്കുന്നത് നൂര്‍ജഹാന്‍ ഉസ്മാന്‍, പാലാരിവട്ടം

To advertise here,

* ഉണ്ടപ്പുട്ട്

ആവശ്യമുള്ള ചേരുവകള്‍

ചെമ്മീന്‍ - അര കിലോ
മുളക് പൊടി - ഒന്നര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
സവാള - രണ്ടെണ്ണം
ഇഞ്ചി ചതച്ചത് - ഒരു സ്പൂണ്‍
വെളുത്തുള്ള ചതച്ചത് - ഒരു സ്പൂണ്‍
പച്ചമുളക് വട്ടത്തിലരിഞ്ഞത്. - 3 എണ്ണം
കറിവേപ്പില - 3 തണ്ട്
വെളിച്ചെണ്ണ - ആവശ്യത്തിന്
പെരുജീരകം - ഒരു സ്പൂണ്‍
പൊന്നിയരി - ഒരു കപ്പ്
തേങ്ങ ചിരകിയത് - 3 കപ്പ്
പത്തിരിപൊടി - ഒരു കപ്പ്

തയ്യാറാക്കുന്ന വിധം

വൃത്തിയാക്കിയ ചെമ്മീന്‍ മുളകുപൊടിയും ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത് നന്നായി കുഴച്ച് അല്‍പനേരം മാറ്റിവെക്കുക. ഒരു പാന്‍ അടുപ്പില്‍ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ മസാലയിട്ട ചെമ്മീന്‍ ഇട്ട് നന്നായി വറുത്തെടുക്കുക. മറ്റൊരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് പെരുംജീരകം ഇട്ട് പൊട്ടുമ്പോള്‍ സവാള അരിഞ്ഞത് ചേര്‍ത്ത് നന്നായി മൂപ്പിക്കുക. ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചേര്‍ത്ത് കറിവേപ്പിലയും നുള്ളിയിട്ട് നന്നായി മൂപ്പിക്കുക. ഇതിലേക്ക് ബാക്കിയുള്ള മുളക്പൊടിയും മഞ്ഞള്‍പൊടിയും ചേര്‍ത്തിളക്കി ഒരു കപ്പ് തേങ്ങ ചിരകിയതും ഉപ്പും ചേര്‍ത്ത് നന്നായി വറുക്കുക. ഇതിലേക്ക് ചെമ്മീന്‍ മസാല കൂട്ടം ചേര്‍ത്തിളക്കി കുറച്ച് നേരം മൂടിവെക്കുക.

placeholder
ഉണ്ടപ്പുട്ട് | ഫോട്ടോ: എം.വി.സിനോജ്/ മാതൃഭൂമി
 

പൊന്നിയരി നല്ല തിളച്ച വെള്ളത്തില്‍ ആറ് മണിക്കൂര്‍ കുതിര്‍ത്ത് വെക്കുക. ശേഷം നന്നായി കഴുകി ഉപ്പും ചേര്‍ത്ത് അധികം വെള്ളം ചേര്‍ക്കാതെ നല്ല മയത്തില്‍ അരച്ചെടുക്കുക. ഇതിലേക്ക് പത്തിരി പൊടി കുറേശ്ശെ ചേര്‍ത്ത് ചപ്പാത്തിമാവ് പോലെ കുഴച്ചെടുക്കുക. കൈയ്യില്‍ അല്‍പം എണ്ണ തടവി അരച്ച് വെച്ച മാവില്‍ നിന്ന് ഒരു ചെറിയ ഉരുള എടുത്ത് കൈവെള്ളയില്‍ വച്ച് പരത്തുക. ഇതിലേക്ക് ചെമ്മീന്‍ മസാലക്കൂട്ട് വെച്ച് ഉരുട്ടിയെടുക്കുക. ഇതുപോലെ പല ഉണ്ടകളാക്കിയ ശേഷം ഒരു പരന്ന പാത്രത്തില്‍ തേങ്ങ ചിരകിയത് ഇട്ട് ഓരോ ഉരുളയും തേങ്ങയില്‍ ഉരുട്ടി പൊതിഞ്ഞെടുക്കുക. ശേഷം ഒരു ഇഡ്ഢലി തട്ടില്‍ ഒരു പാത്രം വെച്ച് ഉണ്ടകള്‍ നിരത്തി പുഴുങ്ങിയെടുക്കുക. സ്വാദിഷ്ടമായ ഉണ്ടപ്പുട്ട് റെഡി.

* ബീഫ് കിണ്ണപ്പത്തിരി

ആവശ്യമായ ചേരുവകള്‍

ബിരിയാണി അരി- ഒരു കപ്പ്
പൊന്നിയരി- അര കപ്പ്
തേങ്ങാപ്പാല്‍- മൂന്ന് കപ്പ്
മുട്ട- ഒന്ന്
ഉപ്പ്- ആവശ്യത്തിന്
ഫില്ലിങ്ങിന്
ബീഫ് - അരക്കിലോ
സവാള - മൂന്ന് വലുത്
ഇഞ്ചി ചതച്ചത് -  ഒരു സ്പൂണ്‍
വെളുത്തുള്ളി ചതച്ചത് -  ഒരു സ്പൂണ്‍
പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത് - 3
മുളകുപൊടി- രണ്ട് സ്പൂണ്‍
മല്ലിപ്പൊടി- ഒരു സ്പൂണ്‍
മഞ്ഞള്‍പ്പൊടി- കാല്‍ സ്പൂണ്‍
ഗരം മസാല- അര സ്പൂണ്‍
ഏലക്ക - രണ്ടെണ്ണം
കറിവേപ്പില- രണ്ട് തണ്ട്
ഉപ്പ്, എണ്ണ, നെയ്യ് - ആവശ്യത്തിന്
തക്കാളി- ഒന്ന്

തയ്യാറാക്കുന്ന വിധം

അരി രണ്ടും ആറുമണിക്കൂര്‍ നേരം പച്ച വെള്ളത്തില്‍ കുതിരാന്‍ ഇടുക. ബീഫ് നന്നായി കഴുകി ഉപ്പും മസാലപ്പൊടികളില്‍ പകുതിയും ചേര്‍ത്ത് കുക്കറില്‍ നന്നായി വേവിക്കുക. അധികം പൊടിയാതെ ഉടച്ചെടുത്ത് നന്നായി ഫ്രൈ ചെയ്തു മാറ്റിവയ്ക്കുക. ഇനി ഒരു പാനില്‍ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് സവാള നന്നായി മൂപ്പിക്കുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ഗരം മസാല, വേപ്പില ചേര്‍ത്ത് നന്നായി വഴറ്റുക. പിന്നീട് ബാക്കി മസാല പൊടികളും അല്പം ഉപ്പും ചേര്‍ത്ത് മൂപ്പിച്ച് പകുത്തു മാറ്റിവെച്ച ബീഫും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് അല്‍പ്പനേരം മൂടി വയ്ക്കുക.

placeholder
ബീഫ് കിണ്ണപ്പത്തിരി |  ഫോട്ടോ: എം.വി.സിനോജ്/ മാതൃഭൂമി
 

കുതിര്‍ത്ത അരി നന്നായി കഴുകി, മുട്ട, രണ്ട് ഏലക്ക, ഒരു കപ്പ് തേങ്ങാപ്പാല്‍ എന്നിവ ചേര്‍ത്ത് നല്ല മയത്തില്‍ അരച്ചെടുക്കുക. ഇതിലേക്ക് ബാക്കി തേങ്ങാപാലും ചേര്‍ത്ത് ദോശമാവിനേക്കാള്‍ അല്പം കൂടി അയവുള്ള ബാറ്റര്‍ തയ്യാറാക്കുക.

ഒരു ഇഡലി പാത്രത്തില്‍ വെള്ളമെടുത്ത് തിളപ്പിക്കുക. നെയ്യ് പുരട്ടിയ ഒരു അലൂമിനിയം അല്ലെങ്കില്‍ സ്റ്റീല്‍ പാത്രത്തില്‍ രണ്ടോ മൂന്നോ തവി മാവ് ഒഴിച്ച് ( പാത്രത്തിന്റെ വലുപ്പം പോലെ) ഇഡലി ചെമ്പില്‍ വച്ച് പുഴുങ്ങി എടുക്കുക. മുക്കാല്‍ വേവ് ആകുമ്പോള്‍ ഒരു നിരപ്പ് ഇറച്ചി കൂട്ട് മുകളില്‍ നിരത്തി വീണ്ടും അതിനുമുകളില്‍ മസാല മുഴുവന്‍ മൂടും വിധം മാവ് സാവധാനത്തില്‍ ഒഴിച്ച് മൂടിവെച്ച്  അരമണിക്കൂര്‍ വേവിക്കുക. ശേഷം മുകളില്‍ അല്പം നെയ്യ് പുരട്ടി കൊടുക്കുക. ഇങ്ങനെ രണ്ടോ മൂന്നോ കിണ്ണപ്പത്തിരി തയ്യാറാക്കാം. തണുത്തതിനു ശേഷം  ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ച് ഉപയോഗിക്കാം.