നോമ്പുതുറയ്ക്ക് അടിപൊളി ചിക്കന്‍ റൈസ് കെയ്ക്ക് തയ്യാറാക്കിയാലോ. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി സമീറ മുസ്തഫയാണ് ചിക്കന്‍ റൈസ് കെയ്ക്ക് പരിചയപ്പെടുത്തുന്നത്. 

To advertise here,

ആവശ്യമായ ചേരുവകള്‍: 

ചിക്കന്‍ 250 ഗ്രാം (എല്ല് ഇല്ലാത്തത്), സവാള രണ്ട്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂണ്‍, പച്ചമുളക്- രണ്ട്, കറിവേപ്പില -ആവശ്യത്തിന്

മല്ലിയില -ആവശ്യത്തിന്, ഗരം മസാല -അര ടീസ്പൂണ്‍

ചിക്കന്‍ മസാല -അര ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍

കുരുമുളകുപൊടി -അര ടീസ്പൂണ്‍

ഉപ്പ് -ആവശ്യത്തിന്, ജീരകശാല റൈസ് -ഒരു കപ്പ് (ഒരു മണിക്കൂര്‍ കുതിര്‍ത്തുവെച്ചത്), തേങ്ങ -അരക്കപ്പ്, കോഴിമുട്ട -ഒന്ന്, വെള്ളം-മുക്കാല്‍ കപ്പ്, കാടമുട്ട -പത്തെണ്ണം,കാപ്‌സിക്കം- ഒന്ന്

തയ്യാറാക്കുന്ന വിധം

ചെറുതായി അരിഞ്ഞ ചിക്കന്‍, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് ചേര്‍ത്ത് ഷാലോ ഫ്രൈ ചെയ്യുക. അതിലേക്ക് സവാള ഇട്ട് വഴറ്റുക. അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് മഞ്ഞള്‍പ്പൊടി, ഗരം മസാല, ചിക്കന്‍ മസാല, കുരുമുളകുപൊടി എന്നിവ യോജിപ്പിക്കുക. വറുത്തുവച്ച ചിക്കനും കറിവേപ്പിലയും മല്ലിയിലയും ചേര്‍ത്ത് സ്റ്റൗ ഓഫ് ചെയ്യുക. ഒരു മിക്‌സിയുടെ ജാറില്‍ കുതിര്‍ത്തുവെച്ച അരിയും മുട്ടയും തേങ്ങയും പാകത്തിന് ഉപ്പ് ചേര്‍ത്ത് അരച്ചെടുക്കുക. ശേഷം ഇഡ്ഡലി പാത്രത്തില്‍ ഓയില്‍ ബ്രഷ് ചെയ്ത ഒരു പാത്രം വെച്ച് ആദ്യം കുറച്ച് മാവൊഴിച്ച് മൂന്ന് മിനിറ്റ് അടച്ചുവെക്കുക. അതിനുശേഷം കുറച്ച് മസാല ഇട്ടുകൊടുക്കുക. വീണ്ടും കുറച്ചു മാവ് ഒഴിച്ച് മൂന്നുമിനിറ്റ് അടച്ചുവെക്കുക. വീണ്ടും കുറച്ചു മസാല ഇട്ടുകൊടുത്ത് അങ്ങനെ മാവും മസാലയും തീരുന്നതുവരെ ഈരീതിയില്‍ ചെയ്തുകൊടുക്കുക. അവസാനം ഏറ്റവും മുകളില്‍ വട്ടത്തില്‍ അരിഞ്ഞ കാപ്‌സിക്കം നിരത്തിവെച്ച് 10 മിനിറ്റ് ചെറു ചൂടില്‍ അടച്ചുവെച്ച് വേവിക്കുക. അലങ്കരിക്കുന്നതിനായി ഒരു ബൗളിലേക്ക് രണ്ട് ടീ സ്പൂണ്‍ മുളകുപൊടി, മൂന്ന് അല്ലി വെളുത്തുള്ളി, ചതച്ചത്, കുറച്ച് കറിവേപ്പിലയും മല്ലിയിലയും ചെറുതായി അരിഞ്ഞത് ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കിയെടുക്കുക. വേവിച്ചുവെച്ച റൈസ് കേക്കിലേക്ക് പേസ്റ്റ് തേച്ചുകൊടുത്ത് ചൂടായ പാനിലേക്ക് എണ്ണ ഒഴിച്ച് തിരിച്ചും മറിച്ചുമിട്ട് ഫ്രൈചെയ്‌തെടുക്കുക. ബാക്കിവന്ന മുളക് പേസ്റ്റിലേക്ക് പുഴുങ്ങിയ കാട മുട്ട ചേര്‍ത്ത് ഫ്രൈചെയ്‌തെടുക്കുക.

റൈസ് കെയ്ക്കിലേക്ക് ഫ്രൈചെയ്ത കാടമുട്ട സ്റ്റിക്കുവെച്ച് വട്ടത്തില്‍ കുത്തിവെച്ച് അലങ്കരിക്കുക.