മലപ്പുറം: ത്യാഗനിര്‍ഭരമായ റംസാനിലെ പുണ്യദിനരാത്രങ്ങള്‍ പിന്നിട്ടെത്തിയ അവസാന വെള്ളിയാഴ്ചയെ വിശ്വാസികള്‍ നെഞ്ചോടുചേര്‍ത്തു. ജുമുഅ-ഖുത്തുബയ്കും നമസ്‌കാരത്തിനുമായി പള്ളികളില്‍ ആളുകള്‍ നിറഞ്ഞു. നഗരങ്ങളിലെ ചില പള്ളികളില്‍ നമസ്‌കരിക്കാനുള്ള നിര അവസാന വരിയും കടന്ന്് പുറത്തേക്ക് നീണ്ടു. ദാനധര്‍മങ്ങള്‍ അധികരിപ്പിക്കാനുള്ള റംസാനിലെ അവസാനനാളുകളെക്കുറിച്ച് ഇമാമുമാര്‍ വിശ്വാസികളെ ഓര്‍മപ്പെടുത്തി.

To advertise here,

സത്കര്‍മങ്ങള്‍ക്ക് ആയിരം മാസങ്ങളേക്കാള്‍ പുണ്യം കിട്ടുന്ന ലൈലത്തുല്‍ ഖദ്റിന്റെ രാവും ഫിത്ര്‍ സക്കാത്തിന്റെ പോരിശകളും തുടങ്ങി ചെറിയപെരുന്നാളിന്റെ ചിട്ടവട്ടങ്ങള്‍ വരെ അവരുടെ സംസാരത്തില്‍ കടന്നുവന്നു. ആത്മസംസ്‌കരണത്തിന്റെ മാസമായ റംസാനില്‍നിന്ന് നേടിയ പാപമോചനത്തിന്റെ മഹനീയത ജീവിതത്തിലുടനീളം മുറുകെപ്പിടിക്കാനുള്ള ഉദ്ബോധനവുമുണ്ടായി. 24 രാത്രികളിലെ തറാവീഹ്, വിത്ര്‍ നമസ്‌കാരങ്ങളുടെ ശ്രേഷ്ഠതയിലെത്തിയ ഓരോ വിശ്വാസിയും കൂടുതല്‍ സമയം പള്ളികളില്‍ ഒത്തുകൂടി.

റംസാനിലെ അവസാനനാളുകളില്‍ കച്ചവടസ്ഥാപനങ്ങളിലും തിരക്കേറി.

പുതുവസ്ത്രമിട്ട് പെരുന്നാളാഘോഷിക്കാനുള്ള വിശ്വാസികളുടെ ആഗ്രഹം തുണിക്കടകളില്‍ ആള്‍ക്കാരെ നിറച്ചു. കുടുംബസമേതമാണ് പലരും പുതിയ വസ്ത്രങ്ങളും ചെരിപ്പും ഫാന്‍സി സാധനങ്ങളും ആഭരണങ്ങളുമുള്‍പ്പെടെ വാങ്ങാന്‍ കടകളിലേക്ക് എത്തുന്നത്.

അവധിക്കാലം കൂടിയായതിനാല്‍ കുട്ടികളും രക്ഷിതാക്കള്‍ക്കൊപ്പം സാധനങ്ങള്‍ വാങ്ങാനായി നഗരങ്ങളില്‍ എത്തുന്നുണ്ട്. മലപ്പുറം മഅദിന്‍ ഗ്രാന്‍ഡ് മസ്ജിദ് ഉള്‍പ്പെടെയുള്ള ജില്ലയിലെ പ്രധാന പള്ളികളില്‍ ശനിയാഴ്ച നടക്കുന്ന 27-ാം രാവിനോടനുബന്ധിച്ച് പ്രാര്‍ഥനകള്‍ക്കുള്ള ഒരുക്കവും നടന്നു.