സുമന്ത്രരും പരിചാരകന്മാരും തിരിച്ചെത്തി മുഖംകാണിച്ചു. ദശരഥന്‍ ക്ഷീണസ്വരത്തില്‍ വിവരങ്ങള്‍ ആരാഞ്ഞു.

To advertise here,

''ദുഃഖമടക്കാന്‍ മഹാരാജാവിനെ സഹായിക്കാന്‍ അടിയനോട് പ്രത്യേകം കല്‍പിച്ചു. ഗദ്ഗദത്തോടെയുള്ള പ്രണാമങ്ങള്‍ സീതാദേവിയും അറിയിച്ചിട്ടുണ്ട്''. -സുമന്ത്രര്‍ പറഞ്ഞു.

സുമന്ത്രവാക്കുകള്‍ കേട്ടു കരച്ചിലടക്കാന്‍ പാടുപെടുന്ന ദശരഥനോട് കൗസല്യ പറഞ്ഞു:

''എന്റെ പുത്രനെ വനവാസത്തിനയക്കാമെന്നു വരം നല്‍കിയതെന്തിനാണ്. ഭരതനു രാജ്യം കൊടുത്താല്‍ പോരായിരുന്നോ?'' ''പുണ്ണില്‍ കൊള്ളിവെക്കുന്നതുപോലെ എന്തിനിങ്ങനെ പറയുന്നു.'' -ദശരഥന്‍ ചോദിച്ചു.

''ഇതൊരു ശാപഫലമാണ്. ഒരു മുനികുമാരന്‍ വെള്ളം എടുക്കാന്‍ കുടംമുക്കിയപ്പോള്‍ ആന തുമ്പിക്കൈയില്‍ വെള്ളം കയറ്റുന്നതാണെന്നുകരുതി ഞാന്‍ ശബ്ദവേധി അമ്പയച്ചു. മരിക്കുംമുമ്പ് അവന്‍ വിളിച്ചുപറഞ്ഞു. അന്ധരായ മാതാപിതാക്കള്‍ കുടിവെള്ളം കാത്തിരിക്കുന്നു എന്ന്. വെള്ളവുമായി അവരുടെ അടുത്തെത്തി. അവര്‍ ആവശ്യപ്പെട്ടതനുസരിച്ച് ചിതകൂട്ടി മകന്റെ ചിതയിലേക്ക് വീഴുമ്പോള്‍ അന്ധമുനി പറഞ്ഞു. 'നീയും പുത്രശോകത്താല്‍ മരിക്കും' എന്ന്. നമുക്കിപ്പോള്‍ ശാപം ഇങ്ങനെ ഫലിച്ചു. രാമാ, സീതേ, ലക്ഷ്മണാ ഈ മരണം വന്ന കൈകേയീ വൃത്താന്തത്തിന്റെ വഴിയിതാണ്.'' എല്ലാം പറഞ്ഞു വീണ്ടും അവരെ വിളിച്ചു കരഞ്ഞുകൊണ്ട് ദശരഥന്‍ ദേവലോകത്തേക്ക് മടങ്ങി. വസിഷ്ഠന്‍ പറഞ്ഞതനുസരിച്ച് ശരീരം തൈലത്തോണിയില്‍ കിടത്തി. ഭരതനെയറിയിക്കാന്‍ കേകയത്തിലേക്ക് ദൂതന്മാര്‍ പോയി.

ഉത്കണ്ഠയോടെ ഭരത, ശത്രുഘ്നന്മാര്‍ വന്നു. ''അച്ഛ നെവിടെയമ്മേ.'' -കൈകേയിയോട് ചോദിച്ചു.

''നീ ദുഃഖിക്കരുത്. നിന്റെ ഇംഗിതം ഞാന്‍ സംരക്ഷിച്ചിട്ടുണ്ട്. അശ്വമേധാദികള്‍ നടത്തിയ ധീരന്മാര്‍ പോകുന്ന വഴിയിലൂടെ അച്ഛന്‍ ലോകം വെടിഞ്ഞു.''

ഭരതന്‍ ഭൂമിയില്‍ വീണുപോയി.

''ഞങ്ങള്‍ക്കിനിയാരാണുള്ളത് പിതാവേ...'' കൈകേയി പറഞ്ഞു:

''കരഞ്ഞിട്ടെന്തുകാര്യം. ഈശ്വരനിശ്ചയമാണെല്ലാം.''

''മരിക്കാന്‍ നേരം അച്ഛന്‍ എന്താണ് പറഞ്ഞത്.''

''രാമാ, സീതേ, ലക്ഷ്മണാ എന്നു വിളിക്കുകയായിരുന്നു.''

''അവര്‍ അടുത്തില്ലായിരുന്നോ?'' എന്ന ചോദ്യത്തിനുത്തരമായി കൈകേയി എല്ലാം ചുരുക്കിപ്പറഞ്ഞു. ഭരതന്റെ ദുഃഖവും കോപവും ആളിക്കത്തി.