സുഗ്രീവനെ കിഷ്‌കിന്ധയിലെ രാജാവായി രാമൻ അവരോധിച്ചതോടെ മഴക്കാലം തുടങ്ങി. ചാതുർമാസ്യവ്രതത്തിന്റെ തയ്യാറെടുപ്പാണ്. രാമനും ലക്ഷ്മണനും ഗുഹയിൽ ഒത്തുചേർന്നു. രാമൻ ലക്ഷ്മണന്‌ ക്രിയാമാർഗം ഉപദേശിച്ചു. അനന്തന്റെ അവതാരമാണ് ലക്ഷ്മണൻ. സ്വയം ഈശ്വരനാകാനുള്ള സംവിധാനമാണ് ക്രിയാമാർഗം. അത് ബുദ്ധികൊണ്ട് അറിയേണ്ടതാണ്. പഞ്ചോപചാരങ്ങൾ വഴി അജ്ഞാനത്തെ നീക്കുകയാണ് ആദ്യംചെയ്യേണ്ടത്. യഥാർഥത്തിൽ ജീവന്റെ അജ്ഞാനമാണ് പഞ്ചഭൂതാത്മകമായ ജഗത്ത്. ലയമാണ് പൂജ. താന്ത്രികമായ ക്രിയായോഗത്തിൽ ചന്ദനം ഭൂമിയെയും ജലം വെള്ളത്തെയും ദീപം അഗ്നിയെയും ധൂപം വായുവിനെയും പുഷ്പം ആകാശത്തെയും പ്രതിനിധീകരിക്കുന്നു.

To advertise here,

ഇളകാത്ത ഒന്നിൽനിന്നേ നമുക്ക് കുറയ്ക്കാനോ ഹരിക്കാനോ പറ്റുകയുള്ളൂ. അതാണ് മഹാബോധം. മഹാബോധത്തിൽനിന്ന്‌ മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം എന്നിവയുണ്ടായി. സൂക്ഷ്മീകരണസാധനയുടെ ആന്തരികരഹസ്യങ്ങളാണ് ക്രിയാമാർഗത്തിലൂടെ രാമൻ പഠിപ്പിക്കുന്നത്. ഇനി നിത്യജീവിതത്തിന്റെ സത്യങ്ങളെക്കുറിച്ച് ചിന്തിക്കാമെന്ന അവസ്ഥ ലക്ഷ്മണന്‌ വന്നുചേർന്നു.

സുഗ്രീവനെ കാണുന്നില്ല. അധികാരലഹരിയിൽ എല്ലാ വ്യവസ്ഥകളെക്കുറിച്ചും മറന്നുകഴിയുകയാണ് സുഗ്രീവൻ. വിനവിഭവങ്ങൾമാത്രം ഭക്ഷിച്ച്‌ വനത്തിൽ ജീവിക്കുന്ന വാനരന്മാർക്ക് പ്രജ്ഞ നശിക്കാൻ പാടില്ല. ഇക്കാര്യം രാമൻ ഉണർത്തിച്ചതും ലക്ഷ്മണൻ ക്ഷുഭിതനായി എന്നതാണ് സത്യം. സുഗ്രീവനെ കൂട്ടിവരാനായി രാമൻ കല്പിച്ചതും ലക്ഷ്മണൻ കോപത്തോടെ കിഷ്‌കിന്ധയിലേക്ക് നീങ്ങി. പറഞ്ഞവാക്ക് തെറ്റിക്കുന്നത് കണ്ടപ്പോൾ ഹനുമാൻപോലും സുഗ്രീവനോട് ക്ഷോഭിച്ചു. അധികാരം കിട്ടിയപ്പോൾ സീതാന്വേഷണകാര്യം മറന്ന് സുഗ്രീവൻ സുഖഭോഗങ്ങളിൽ ലയിച്ചത് സത്യംതന്നെയാണ്. പറഞ്ഞവാക്ക് പാലിക്കാത്തവൻ മരിച്ചവർക്ക് തുല്യമാണെന്നസത്യം ബോധ്യമായ സുഗ്രീവൻ കാലതാമസത്തിന് മാപ്പുചോദിച്ചുകൊണ്ട് രാമന്റെ സവിധത്തിലെത്തി.

രാമൻ മന്ദസ്മിതത്തോടെ സുഗ്രീവന് വേണ്ടുന്ന നിർദേശങ്ങൾ കൊടുത്തു. അപ്പോൾത്തന്നെ സുഗ്രീവൻ തന്റെ പരിവാരങ്ങളോടൊത്ത് ഋശ്യമൂകാചലത്തിലേക്ക് യാത്രയായി.