വിശ്വാമിത്രന്‍ പറഞ്ഞു: ''കുമാരന്മാരെ നമുക്ക് ജനകന്റെ മിഥിലാപുരിക്കുപോകാം. അവിടെ നടക്കുന്ന യാഗവും മഹാദേവചാപവും കണ്ടതിനുശേഷം അയോധ്യയിലേക്ക് മടങ്ങാം.'' ജനകന്‍ മഹര്‍ഷിയെ സ്വീകരിച്ച് ആദരപൂര്‍വം പൂജിച്ചു.

To advertise here,

''കാമദേവന്‍പോലും വന്ദിച്ചുപോകുന്ന ഈ സുന്ദരന്മാരാരാണ്?'' -ജനകന്‍ ചോദിച്ചു.

വിശ്വാമിത്രന്‍ വിവരങ്ങള്‍ പറഞ്ഞു.

ശൈവചാപം കാണാന്‍ ഇവര്‍ക്ക് ആഗ്രഹമുണ്ടെന്നുപറഞ്ഞപ്പോള്‍ ജനകന്‍ ചാപം കൊണ്ടുവരാന്‍ പറഞ്ഞു.

മന്ദഹാസത്തോടെ ശ്രീരാമന്‍ വില്ലെടുത്ത് കുലച്ചു എന്നുമാത്രമല്ല മുറിക്കുകയും ചെയ്തു. ആ ശബ്ദം ഈരേഴുലോകങ്ങളിലും മാറ്റൊലിക്കൊണ്ടു.

ജനകന്‍ ശ്രീരാമനെ ആലിംഗനംചെയ്തു.

ഇടിവെട്ടുംപോലെ വില്ലുമുറിഞ്ഞ ഒച്ചകേട്ട് രാജാക്കന്മാര്‍ പാമ്പുകളെപ്പോലെ നടുങ്ങി. സീത മയില്‍പ്പേടപോലെ സന്തോഷംകൊണ്ടു.

സ്വര്‍ണാഭരണഭൂഷകളണിഞ്ഞ മൈഥിലി കണ്ണാകുന്ന കരിംകൂവളപ്പൂക്കള്‍കൊണ്ടുള്ള മാല ആദ്യം ശ്രീരാമന്റെ കഴുത്തിലിട്ടു.

ദൂതന്മാര്‍ എഴുത്തുമായി സാകേതത്തിലെത്തിയ ഉടനെ ദശരഥന്‍ പരിവാരങ്ങളോടെ പുറപ്പെട്ടു.

ദശരഥന്റെ കൈപിടിച്ചുകൊണ്ട് ജനകന്‍ പറഞ്ഞു: ''എനിക്ക് നാലു പുത്രിമാരുണ്ട്. താങ്കള്‍ക്ക് നാലു പുത്രന്മാരും. അതുകൊണ്ട് അവരുടെ വിവാഹത്തെക്കുറിച്ച് ആലോചിക്കാന്‍ മടിക്കേണ്ട.''

മനോഹരമണ്ഡപം പണിതു. മുത്തുമാലകളും പുഷ്പഫലങ്ങളും തൂക്കി. സീതയെ ജനകന്‍ രാമനുനല്‍കി. ഊര്‍മിളയെ ലക്ഷ്മണനും ശ്രുതകീര്‍ത്തിയെ ഭരതനും മാണ്ഡവിയെ ശത്രുഘ്നനും വിവാഹംചെയ്തു.

എല്ലാവരോടും യാത്രപറഞ്ഞ് അവര്‍ അയോധ്യയിലേക്ക് തിരിച്ചു.

മാര്‍ഗമധ്യേ ക്രുദ്ധനായ പരശുരാമനെ കണ്ടു.

''ഞാനൊഴിഞ്ഞുണ്ടോ ഈ മൂന്നുലോകത്തില്‍ മറ്റൊരു രാമന്‍? ശൈവചാപം ഖണ്ഡിച്ച നീ എന്റെ കൈയിലുള്ള വൈഷ്ണവചാപം ഒന്ന് ഖണ്ഡിക്കൂ എന്നുപറഞ്ഞു. ഇല്ലെങ്കില്‍ എല്ലാവരെയും ഞാന്‍ സംഹരിക്കും.''

വര്‍ധിച്ചതേജസ്സോടെ വില്ല് കുലച്ചുകൊണ്ട് ബാണത്തിന് ലക്ഷ്യംകാണിച്ചുതരണമെന്ന് രാമന്‍ പറഞ്ഞു.

പരശുരാമന്‍ രാമനെ സ്തുതിക്കുന്നതാണ് പിന്നീട് കാണുന്നത്. തന്നില്‍ അവശേഷിക്കുന്ന വൈഷ്ണവതേജസ്സ് രാമന് നല്‍കുകയും ചെയ്യുന്നു. രാമാദികള്‍ അയോധ്യയിലേക്ക് പോയി.