ലോകത്തെ മുഴുവൻ ദർശനങ്ങളും തത്ത്വചിന്തകളും ലക്ഷ്യംവെക്കുന്നത് മനുഷ്യന്റെ ഐശ്വര്യമാണ്. അവയുടെയെല്ലാം പ്രവർത്തനത്തിന്റെയും ഉദ്‌ഭവത്തിന്റെയും അച്ചുതണ്ട് മനുഷ്യനാണ്. എന്നാൽ, മനുഷ്യന് സന്തോഷം നൽകുന്നതിൽ ഇവയ്ക്ക് അബദ്ധം പിണഞ്ഞാൽ അവ പരാജയമെന്ന് വിധിയെഴുതും.
മനുഷ്യന്റെ ഐശ്വര്യമാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്. അതിന് ഖുർആനിലും ഹദീസിലും ഒട്ടേറെ തെളിവുകൾ കാണാം. ‘നീതിപാലിക്കണമെന്നും നന്മ ചെയ്യണമെന്നും കുടുംബബന്ധമുള്ളവർക്ക് സഹായം നൽകണമെന്നും അള്ളാഹുകല്പിക്കുന്നു. നീചവും നിഷിദ്ധവും അതിക്രമവും വിലക്കുകയും ചെയ്യുന്നു’ (അന്നഹൽ 90). സാമൂഹികവും വ്യക്തിപരവുമായ വിജയം സാക്ഷാത്‌കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അള്ളാഹു ഈ മാനദണ്ഡങ്ങൾ മുന്നോട്ടുവെക്കുന്നത്.
ദൈവാരാധനയുടെതന്നെ ഏറ്റവും സുപ്രധാന ലക്ഷ്യം, മനസ്സിൽനിന്ന് ആശയക്കുഴപ്പങ്ങളെയും ഉത്‌കണ്ഠകളെയും അകറ്റിനിർത്തി മനസ്സിന് ശാന്തതയും നിർമലതയും കൈവരിക്കാൻ സഹായിക്കുക എന്നുള്ളതാണ്. ധ്യാനനിരതരായിരിക്കുന്നവർക്ക് തങ്ങളുടെ മനസ്സിലെ പിരിമുറുക്കങ്ങളെ എളുപ്പത്തിൽ നേരിടാനും വർത്തമാനനിമിഷത്തെ ശാന്തമായും സന്തോഷകരമായും മുന്നോട്ടുകൊണ്ടുപോകാനും സാധിക്കും. അത് മാനസികാരോഗ്യം വളർത്തും.
ശാരീരികാരോഗ്യം കണക്കിലെടുത്ത് നാം ശരീരത്തെ ഊട്ടുന്നത് എപ്പോഴും പോഷകസമൃദ്ധമായ ഭക്ഷ്യവസ്തുക്കൾകൊണ്ടാണെങ്കിൽ മനസ്സിനെ ഫീഡ് ചെയ്യിക്കേണ്ടതും പരിപോഷിപ്പിച്ചുനിർത്തേണ്ടതും കഴമ്പും കാതലുമുള്ള ചിന്തകളും കാഴ്ചപ്പാടും മനോഹരമായ സ്വപ്നങ്ങളും കളങ്കമേൽക്കാത്ത വിചാരങ്ങളും കൊണ്ടാവണം. നന്മയും മനുഷ്യത്വവും നിറഞ്ഞതും അവനവന് ഗുണപ്രദമായതും നിർമാണാത്മകവുമായ ചിന്തകളെവെച്ച് മനസ്സിനെ ഒരാൾ ഊട്ടിയുറക്കുമ്പോൾ ആരും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിത്വമായി, വലിയൊരു പ്രതിഭാസമായി മാറുകയാണ് അയാൾ. അത്തരമൊരു വ്യക്തി, സമൂഹത്തിൽ ഏതെങ്കിലുംവിധത്തിൽ സ്വാധീനംചെലുത്താവുന്ന ഒരാളാവുമെന്നതിൽ തർക്കമില്ല. കാരണം, ആത്മബോധത്തോടെ ജീവിക്കുന്ന ഒരാളിലേക്ക് സഹജാവബോധവും സാമൂഹികാവബോധവും താനേ വന്നുചേരും. അയാളോട് സമൂഹം വെച്ചുപുലർത്തുന്ന മനോഭാവം ശരിയാണെങ്കിൽ, സമൂഹത്തിനും കുടുംബത്തിനും എന്നന്നേക്കുമായി അയാൾ വലിയൊരു മുതൽക്കൂട്ടായിമാറും.
ദൈവികമായ കടമകൾ നിറവേറ്റുന്നതുകൊണ്ടും ആരാധനാകർമങ്ങളിൽ വ്യാപൃതരായിരിക്കുന്നതുകൊണ്ടും മാത്രം വിജയം വരിക്കുക എന്നത് അസാധ്യമാണ്. ദൈവികകടമകൾ മുറതെറ്റാതെ നിർവഹിക്കുന്നതോടൊപ്പം സൃഷ്ടികളോടുള്ള കടമകളും സാമൂഹികബാധ്യതകളും നിറവേറ്റുന്നതിലൂടെ മാത്രമേ യഥാർഥവിജയം കരഗതമാക്കാൻ സാധിക്കുകയുള്ളൂ. അതിനാൽ, ഈ വിശുദ്ധ റംസാനിൽ ഒരു പുനർവിചിന്തനത്തിന് മുതിർന്ന് ജീവിതവിജയം കൈവരിക്കാൻ വിശ്വാസികൾ തയ്യാറാവേണ്ടതുണ്ട്.
Content Highlights: ramadan 2023, munvvarali thangal
Published: 25 Mar 2023, 01:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented