കുട്ടിക്കാലത്ത് പെരുന്നാളാകുമ്പോൾ വലിയ സന്തോഷമായിരുന്നു. പുതിയ വസ്ത്രങ്ങളും നല്ല ചെരുപ്പുമൊക്കെ കിട്ടും. ആ പ്ലാസ്റ്റിക് ചെരുപ്പിന്റെ മണം വലിയ ഇഷ്ടമായിരുന്നു. ഇപ്പോഴും ചെരുപ്പു കടയിൽ പോകുമ്പോൾ ആ മണം കിട്ടാറുണ്ട്. പുതുവസ്ത്രങ്ങളുടെയും അത്തറിന്റെയും മണമായിരുന്നു പെരുന്നാളിന്. പഴയ കാലത്തെ പെരുന്നാളോർമകളിലേക്ക് തിരിച്ചെത്തിക്കുന്നതാണ് ആ മണം.

To advertise here,

ഉമറലി തങ്ങളോടൊപ്പം കടകളിലേക്ക്

ജ്യേഷ്ഠൻ ഉമറലി ശിഹാബ് തങ്ങൾക്കായിരുന്നു ഞങ്ങൾ കുട്ടികൾക്ക് വസ്ത്രങ്ങളും ചെരുപ്പും വാങ്ങിത്തരാനുള്ള ചുമതല. കോഴിക്കോട് മിഠായിത്തെരുവിലെ കടകളിൽനിന്നായിരുന്നു തുണി വാങ്ങിയിരുന്നത്. മലപ്പുറത്തെ അന്ത്രുവാക്കയാണ് കുപ്പായമെല്ലാം അടിച്ചിരുന്നത്. അളവെടുക്കാനും അടിച്ച കുപ്പായം വാങ്ങാനും മലപ്പുറത്തേക്ക് പോകുന്നത് നല്ല ഹരമായിരുന്നു.

നെയ്‌ച്ചോറും തേങ്ങാച്ചോറും

കുട്ടിക്കാലത്ത് പെരുന്നാൾദിവസം നെയ്‌ച്ചോറോ തേങ്ങാച്ചോറോ ആയിരുന്നു വീട്ടിലെ ഭക്ഷണം. ഇറച്ചിക്കറിയുമുണ്ടാകും. അന്നത്തെ ലാളിത്യത്തിനുള്ള സൗന്ദര്യമൊന്നും ഇന്നത്തെ ആർഭാടത്തിനില്ല.

വീടുകൾ കയറിയിറങ്ങി

പെരുന്നാൾ നമസ്‌കാരം കഴിഞ്ഞാൽ ഞങ്ങൾ പാണക്കാട്ടെ എല്ലാ വീടുകളിലും പോകും. വീട്ടിൽ ജോലിക്ക് വരുന്നവരുടെ വീട്ടിൽ പോകാൻ ബാപ്പ പ്രത്യേകം പറയും. കുട്ടികളും മുതിർന്നവരുമെല്ലാം കൂട്ടമായാണ് പോകുക. പല വീടുകളിലും അന്ന് ചോറാണ് ഉണ്ടാവുക. സാധാരണ ദിവസങ്ങളിൽ കഞ്ഞിയാകും അവർ കുടിക്കുക. പെരുന്നാൾപോലുള്ള വിശേഷ ദിവസങ്ങളിൽ മാത്രമാണ് ചോറും ഇറച്ചിക്കറിയുമുണ്ടാക്കുക.

തങ്ങളുപ്പാപ്പാന്റെ മക്കൾ

പാവപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കുന്നത് അവരോട് നല്ല ബന്ധം നിലനിർത്താൻ സഹായിക്കുമായിരുന്നു. തങ്ങളുപ്പാപ്പാന്റെ മക്കൾ വരുന്നത് അവർക്കും വലിയ സന്തോഷമായിരുന്നു. ഞങ്ങൾക്ക് കോഴിമുട്ടയും കട്ടൻചായയുമൊക്കെ തരുമായിരുന്നു അവർ. അന്നത്തെ വലിയ വിഭവമായിരുന്നു അതെല്ലാം.

പെരുന്നാളുറപ്പിക്കൽ

കുട്ടിക്കാലത്ത് ഏറ്റവുമധികം രസമുള്ള കാര്യങ്ങളിൽ ഒന്നായിരുന്നു പാണക്കാട്ടെ പെരുന്നാളുറപ്പിക്കൽ. ബാപ്പയുള്ള കാലം മുതൽ റംസാൻ, ശവ്വാൽ മാസപ്പിറവികൾ ഉറപ്പിക്കുന്നത് വീട്ടിൽവെച്ചായിരുന്നു.

ഇതുപോലെ സാമൂഹിക മാധ്യമങ്ങളൊന്നും സജീവമല്ലല്ലോ അന്ന്. ടെലിഫോണിൽ ട്രങ്ക് ബുക്ക് ചെയ്തായിരുന്നു അന്ന് എല്ലായിടത്തേക്കും വിളിച്ചിരുന്നത്.

ഇന്നത്തെ കുട്ടികൾക്ക് ട്രങ്ക് എന്നൊന്നും പറഞ്ഞാൽ മനസ്സിലാകില്ല. ആദ്യം എക്‌സ്‌ചേഞ്ചിൽ വിളിച്ചു പറയണം. ബാപ്പയുടെ കൂടെ അതിനുസഹായിക്കാൻ പറ്റിയ ആളുകളുണ്ടായിരുന്നു. അവരിവിടെ ഇരുന്ന് ഓരോ ഖാസിമാരെയും വിളിച്ച് മാസപ്പിറവി കണ്ടതായി വിവരമുണ്ടോ എന്നന്വേഷിക്കും. വിവരം കിട്ടിയാൽ ഇങ്ങോട്ടും വിളിച്ചുപറയും. ഉറപ്പുവരുത്താൻ പിന്നെയും വിളിക്കേണ്ടിവരും. വിവരമറിയാൻ ദൂരെ നിന്നുവരെ ആളുകൾ വന്നിരുന്നു.

ബാപ്പ ഒപ്പിട്ട കത്ത്

വിവിധ മഹല്ലുകളിൽനിന്നുള്ള പ്രതിനിധികളും പെരുന്നാളുറപ്പിക്കലിന് പാണക്കാട്ടെത്തിയിരുന്നു. പെരുന്നാൾ ഉറപ്പിച്ചാൽ അവർക്ക് ബാപ്പ ഒപ്പിട്ട കത്ത് കൊടുക്കും. മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിനാൽ നാളെ പെരുന്നാൾ ആയിരിക്കുമെന്നാണ് കത്തിലുണ്ടാകുക. അങ്ങനെ ഫോൺവിളിയും ആൾക്കൂട്ടവുമെല്ലാമായി മാസം കാണുന്ന ആ രാവുകൾ ഞങ്ങൾ കുട്ടികൾക്ക് നല്ല രസമായിരുന്നു. ഇപ്പോൾ ഫോണും സൗകര്യങ്ങളുമെല്ലാം ആയതുകൊണ്ട് കാര്യങ്ങൾ എളുപ്പമായി.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കുട്ടിക്കാലത്തെ പെരുന്നാൾ ഓർമകൾ പങ്കുവെക്കുന്നു

FacebookTwitterEmailShareLink Url

© 2019 All Rights Reserved. Powered by Summit