ഒരു മാസത്തിലൊതുക്കാനുള്ളതല്ല വ്രതം. അത് തുടരട്ടെ. ഇടയ്ക്കിടെ വ്രതമനുഷ്ഠിക്കുമ്പോൾ അത് ജീവിതരീതിയെ മാറ്റും. ബാഹ്യമായും ആന്തരികമായും. മുഹമ്മദ് നബി ഇടയ്ക്കിടെ നോമ്പനുഷ്ഠിക്കാൻ പറയുന്നുണ്ട്. ഋഷികളും സൂഫികളും മനസ്സിനെ വിമലീകരിക്കാൻ വ്രതം നിർദേശിക്കുന്നു. വ്രതം ആരുടെയും മനസ്സിനെ ദുർബലപ്പെടുത്തുന്നില്ല. ആരുടെ ആരോഗ്യത്തിനും ഹാനിവരുത്തുന്നുമില്ല. മറിച്ച് അത് മനസ്സിനെ ബലപ്പെടുത്തുന്നു. ആരോഗ്യം വർധിപ്പിക്കുന്നു.

To advertise here,

നോമ്പെടുക്കുന്നവൻ വികാരങ്ങളിൽനിന്നും ആസക്തികളിൽനിന്നും മോചിതനാവും. അവന്റെ മനസ്സിൽ സ്നേഹവും ഔദാര്യവും വിനയവും വളരും.

ധനികരായ ഒരു കുടുംബം ജീവിതത്തിലൊരിക്കലും വിശപ്പ് അനുഭവിക്കാത്തവരായിരിക്കും. അവർ സ്വന്തം സുഖഭോഗങ്ങളിൽ മുഴുകും. അവർ മറ്റുള്ളവരുടെ സുഖദുഃഖങ്ങളെ അറിയുകയേയില്ല. ചൂഷണവും സ്വാർഥതയും അവർക്ക് കൂടപ്പിറപ്പാവും. അവരൊന്ന് വ്രതമനുഷ്ഠിച്ചുനോക്കട്ടെ. അത് ജീവിതമെന്താണെന്നും വിശപ്പെന്താണെന്നും പഠിപ്പിക്കുന്നു. താനും അതിന് വിധേയമാവുമ്പോൾ സംഭവിക്കുന്നതെന്താണെന്നും മനസ്സിലാക്കുന്നു.

എന്നാൽ, നോമ്പ് കഴിഞ്ഞ ഉടനെ മൂക്കറ്റം തിന്ന് കണക്കുതീർക്കുന്നവർക്ക് ഇതൊന്നും നേടാൻ കഴിയില്ല. അതാണ് റംസാൻ കഴിഞ്ഞ് ഈദ് ആഘോഷിച്ച ഉടനെ കഴിയുമെങ്കിൽ വീണ്ടും ആറ് ദിവസം നോമ്പെടുക്കണമെന്ന് പ്രവാചകൻ നിർദേശിച്ചത്.