
കോഴിക്കോട്: മുപ്പതുദിവസം നീണ്ട വ്രതശുദ്ധിയുടെ നിറവില്‍ സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍. പള്ളികളും ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരം നടന്നു.
നന്മകളാല്‍ സ്ഫുടം ചെയ്‌തെടുത്ത മനസ്സുമായാണ് വിശ്വാസികള്‍ ചെറിയപെരുന്നാളിനെ വരവേല്‍ക്കുന്നത്. മൈലാഞ്ചിമൊഞ്ചും പുതുവസ്ത്രങ്ങളുടെ പകിട്ടും ആഘോഷത്തിന് നിറംപകരുന്നു. പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിച്ച് പെരുന്നാള്‍ സന്തോഷം വിശ്വാസികൾ പങ്കുവയ്ക്കും.
കലണ്ടര്‍പ്രകാരം, ചെറിയ പെരുന്നാള്‍ അവധി വെള്ളിയാഴ്ച ആയിരുന്നു. എന്നാല്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ കേരളത്തില്‍ ശനിയാഴ്ചയാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. നേരത്തെ, വെള്ളിയാഴ്ച പ്രഖ്യാപിച്ച അവധിയില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ശനിയാഴ്ച കൂടി അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഐക്യദാർഢ്യത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും സന്ദേശമാണ് ചെറിയപെരുന്നാൾ പങ്കുവയ്ക്കുന്നതെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു തന്റെ ആശംസാ സന്ദേശത്തില്‍ അറിയിച്ചു. ഈ അവസരത്തിൽ സമൂഹത്തിൽ സാഹോദര്യവും സൗഹാർദവും പ്രോത്സാഹിപ്പിക്കുന്നതിന് നമുക്ക് പ്രതിജ്ഞയെടുക്കാമെന്നും രാഷ്ട്രപതി തന്റെ പ്രസ്താവനയിലൂടെ അറിയിച്ചു.
മതത്തിന്റെയും വിവിധ സംസ്കാരങ്ങളുടെയും അതിർവരമ്പുകൾ കടന്ന് ചെറിയപെരുന്നാൾ നമ്മെ എല്ലാവരെയും ഒരുമിപ്പിക്കട്ടെയെന്ന് മുഖ്യമന്ത്രി തന്റെ ആശംസ പങ്കുവച്ചു. എല്ലാവർക്കും നന്ദിയും ഐക്യവും നിറഞ്ഞ മനോഹരമായ ആശംസകൾ നേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: eid ul fitr celebration
Published: 22 Apr 2023, 06:34 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented