പുറമേനിന്നു നോക്കുമ്പോള്‍ പകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ ഒഴിവാക്കുന്നതാണ് മുസ്ലിങ്ങളുടെ നോമ്പെന്നു തോന്നും. എന്നാല്‍, അത് നോമ്പിന്റെ ബാഹ്യരൂപങ്ങളില്‍ ഒരു ഘടകം മാത്രമേ ആകുന്നുള്ളൂ. അതൊന്നുകൊണ്ടുമാത്രം ഒരാള്‍ നോമ്പുകാരനായിത്തീരുന്നില്ല. ''ചില നോമ്പുകാരുണ്ട്, വിശപ്പും ദാഹവുമല്ലാതെ മറ്റൊന്നും അവര്‍ നേടുന്നില്ല.'' എന്ന് പ്രവാചകന്‍തന്നെ മുന്നറിയിപ്പുനല്‍കുന്നുണ്ട്. നോമ്പെന്നാല്‍ കേവലം ഭക്ഷണം ഉപേക്ഷിക്കല്‍ മാത്രമല്ലെന്നു സാരം. പിന്നെയെന്താണ് അന്നപാനീയങ്ങളില്‍നിന്നുള്ള മുസ്ലിങ്ങളുടെ ഈ മാറിനില്പിനെ സവിശേഷമാക്കുന്നത്?
നമസ്‌കാരം, ഹജ്ജ്, സകാത്ത് തുടങ്ങിയ ഇസ്ലാമിലെ മറ്റു മൂന്ന് നിര്‍ബന്ധ ആരാധനകളുടെയും നിര്‍വഹണം പ്രകടമാകുന്നത് ഒരു കൂട്ടം പ്രവൃത്തികളില്‍ക്കൂടിയാണ്. എന്നാല്‍, നോമ്പാകട്ടെ, ഒട്ടനേകം പ്രവൃത്തികളില്‍നിന്നുള്ള മാറിനില്പാണ്. ആസക്തി ജനിപ്പിക്കുന്ന എല്ലാത്തില്‍നിന്നുമുള്ള ഒഴിഞ്ഞു നില്‍ക്കല്‍. മനുഷ്യന്റെ അടിസ്ഥാനപരമായ ജൈവികഭാവത്തെ ഇല്ലാതാക്കുന്ന പലതരം ആസക്തികളിലേക്കുള്ള പിശാചിന്റെ ക്ഷണത്തിന്റെ തുടക്കമാണ് ഭക്ഷണമെന്ന പ്രലോഭനം. വിലക്കപ്പെട്ട കനിയില്‍ പ്രലോഭിതരായാണല്ലോ ആദിമ മനുഷ്യരായ ആദമും ഹവ്വയും സ്വര്‍ഗത്തില്‍നിന്നും ഭൂമിയിലേക്ക് പോരുന്നത്. ആ ആദിമ പ്രലോഭനത്തെ നിയന്ത്രിക്കാനുള്ള കൈയടക്കവും മനഃസാന്നിധ്യവും പരിശീലിക്കുകവഴി സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാനുള്ള വഴിയൊരുക്കുകയാണ് റംസാന്‍ കാലത്തെ നോമ്പ്. റംസാന്‍ വിരുന്നെത്തിയാല്‍ സ്വര്‍ഗത്തിന്റെ പ്രധാന കവാടമായ റയ്യാന്റെ വാതിലുകള്‍ നോമ്പുകാര്‍ക്കുവേണ്ടി തുറന്നിടുമെന്ന ദൈവത്തിന്റെ ഉണര്‍ത്തല്‍ ആ തിരിച്ചുപോക്കിലേക്കുള്ള സൂചനയാണല്ലോ.
''വിശപ്പുകൊണ്ട് സ്വര്‍ഗത്തിന്റെ വാതില്‍ മുട്ടിത്തുറക്കൂ.'' എന്ന് പ്രിയപ്പെട്ട പത്‌നി ആയിഷാ ബീവിയോട് പ്രവാചകന്‍ ഒരിക്കല്‍ പറയുന്നുണ്ട്. സ്രഷ്ടാവുമായുള്ള ബന്ധത്തില്‍ വിശപ്പ് സവിശേഷമായ ഒരു പദവി വഹിക്കുന്നുണ്ട് എന്ന് സാരം.
നോമ്പിനെ സഹനശീലവുമായാണ് ഇസ്ലാം ബന്ധിപ്പിക്കുന്നത്. 'നോമ്പെന്നാല്‍ സഹനത്തിന്റെ പകുതിയാണ്. സഹനമാകട്ടെ, വിശ്വാസത്തിന്റെ പകുതിയും' എന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്. പട്ടിണി ശരീരത്തിന്റെ അവസ്ഥയാണ്. സഹനവും പരിത്യാഗവുമാവട്ടെ ആത്മാവിന്റെ പ്രവൃത്തികളും. ശരീരത്തിന്റെ പട്ടിണിയിലൂടെ ആത്മാവിനെ വിരുന്നൂട്ടുകയാണ് വിശ്വാസികള്‍ ചെയ്യുന്നത്. പട്ടിണിയെന്ന പരിദേവനത്തിനപ്പുറം വിശപ്പിനും ദാഹത്തിനും വിമോചനാത്മകമായ ഭവവും ഭാവവും നല്‍കുകയാണ് ഇതിലൂടെ ഇസ്ലാം ചെയ്യുന്നത്.
മനുഷ്യന്റെ ഉപഭോഗരീതികള്‍ പുനര്‍വിചിന്തനം ചെയ്യപ്പെടുന്ന കാലംകൂടിയാണ് റംസാന്‍. ഈ ഭൂമിയിലുള്ളതെല്ലാം നമുക്ക് മാത്രമുള്ളതല്ലെന്നും നമ്മള്‍ ആഗ്രഹിക്കുന്ന സമയത്തൊക്കെയും നമുക്ക് ലഭ്യമാവുകയില്ലെന്നും നോമ്പുകാരന്‍ മനസ്സിലാക്കുന്നു. മിതമായ ഉപഭോഗ രീതിയെ പ്രയോഗവത്കരിക്കാന്‍ ഇതിലൂടെ സാധിക്കുകയും ചെയ്യുന്നു.
ചുറ്റുമുള്ള മനുഷ്യരുടെ പരാധീനതകള്‍ മനസ്സിലാക്കി അവരെ സഹായിക്കുകയെന്നത് നോമ്പുകാലത്തെ പ്രധാനപ്പെട്ട പുണ്യങ്ങളില്‍ ഒന്നാണ്. നോമ്പിന്റെ അവസാനദിവസം, പെരുന്നാളിന് മുമ്പായി, ആ ദിവസത്തെ ചെലവ് കഴിച്ച് ബാക്കി പണം ൈകയിലുള്ളവരൊക്കെയും ആവശ്യക്കാര്‍ക്ക് ധാന്യങ്ങള്‍ കൊടുക്കുന്നത് ഈ സാമൂഹിക ബോധത്തിന്റെ പൂര്‍ണതയെ കുറിക്കാനാണ്. വീടുകളില്‍ വരുന്ന മനുഷ്യരെയെല്ലാം സാമ്പത്തിക സഹായങ്ങള്‍ നല്‍കി ചേര്‍ത്തുപിടിക്കുന്നതും നോമ്പുകാലത്തെ സൗന്ദര്യങ്ങളില്‍ പ്രിയപ്പെട്ടതാണ്.
നമ്മുടെ നൈമിഷികമായ സന്തോഷത്തിനു വേണ്ടി ആരെയും നോവിക്കരുതെന്നത് നോമ്പുകാരനില്‍ ഉണ്ടാവേണ്ട പ്രധാനപ്പെട്ട മൂല്യങ്ങളില്‍ ഒന്നാണ്. ശരീരംകൊണ്ടും മനസ്സുകൊണ്ടും അവരോടൊപ്പം ജീവിക്കുമ്പോഴേ നമ്മുടെ നോമ്പ് പൂര്‍ണമാവുകയുള്ളൂ. നോമ്പുകാലത്തെ പ്രധാനപ്പെട്ട പുണ്യങ്ങളില്‍ ഒന്നായി ഇഫ്താറിനെ പരിചയപ്പെടുത്തുന്നതും ഈ സാമൂഹികബോധത്തില്‍ നിന്നുകൊണ്ടാണ്.
സഹനം മനുഷ്യനെ പിന്നോട്ടടിപ്പിക്കുകയല്ല, മുന്നോട്ടു നയിക്കുകയാണ് ചെയ്യുന്നത്. സഹനത്തിലൂടെ അവന്‍ ശരീരത്തെ പ്രവര്‍ത്തന ക്ഷമമാക്കുന്നു, ആത്മാവിനെ ചൈതന്യവത്താക്കുന്നു. അതുവഴി മനുഷ്യകുലത്തിന്റെ മുന്നോട്ടുപോക്കില്‍ ഒരു കുതിച്ചുചാട്ടം നടത്തുന്നു. അതിലൂടെ മനുഷ്യന്റെ ജൈവികാവസ്ഥയെ കൈവരിക്കാന്‍ പരിശ്രമിക്കുന്നു. ഈ ജൈവികതയെ പ്രാപിക്കുമ്പോഴാണ് നോമ്പ് ഒരു കാരുണ്യഭാവമായിത്തീരുന്നത്, സഹജീവികളോടുള്ള കരുതലും മനുഷ്യവംശത്തോടുള്ള പ്രതിബദ്ധതയുമായി വളരുന്നത്. നോമ്പ് മുസ്ലിമിനെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ അനുഭവമാണെങ്കിലും അതുണ്ടാക്കുന്ന ആന്തരിക ചലനങ്ങള്‍ സാമൂഹികാനുഭവമാണ്. ഈ സാമൂഹിക ഭാവം ഉള്‍ക്കൊള്ളുമ്പോഴാണ് വിശപ്പിനും ദാഹത്തിനുമപ്പുറം സ്വര്‍ഗത്തിന്റെ വാതിലുകള്‍ മുട്ടിത്തുറക്കുന്ന താക്കോലായി നോമ്പ് മാറുന്നത്.
(ജാമിഉല്‍ ഫുതൂഹ് ഗ്രാന്‍ഡ് മസ്ജിദ് ഇമാമും സമസ്ത കേരള സുന്നി യുവജനസംഘം ജനറല്‍സെക്രട്ടറിയുമാണ് ലേഖകന്‍)
Content Highlights: ramadan 2023, dr. ap abdul hakeem azhary
Published: 24 Mar 2023, 12:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented