
അബ്രഹാം മാസ്ലോ എന്ന അമേരിക്കൻ സൈക്കോളജിസ്റ്റ് മുന്നോട്ടുവെച്ച ആവശ്യങ്ങളുടെ ശ്രേണി എന്നറിയപ്പെടുന്ന ഒരു സിദ്ധാന്തമുണ്ട്. ഭക്ഷണം, സുരക്ഷിതത്വം, സ്നേഹം, അംഗീകാരം, ആത്മസാക്ഷാത്കാരം എന്നീ ആവശ്യങ്ങളുടെ ശ്രേണിയിലൂടെയാണ് ഓരോ മനുഷ്യന്റെയും വ്യക്തിത്വരൂപവത്‌കരണം കടന്നുപോകുന്നത്. ഇതൊരു പിരമിഡ് കണക്കെയുള്ള ശ്രേണിയായാണ് വിഭാവനംചെയ്തിരിക്കുന്നത്. ഏറ്റവുംമുകളിലാണ് ആത്മസാക്ഷാത്കാരം എന്ന പദവി നിൽക്കുന്നത്. അതിലേക്കെത്തണമെങ്കിൽ കുറച്ചധികംകാലം കഴിയേണ്ടതുണ്ട്. ആത്മനിയന്ത്രണത്തിന്റെ മൂല്യങ്ങളെ സ്വജീവിതത്തിൽ പ്രാവർത്തികമാക്കണമെങ്കിലും കാലദൈർഘ്യം ആവശ്യമാണ്. ഇസ്‌ലാമികവിശ്വാസപ്രകാരം ഏറ്റവും ദൈർഘ്യമേറിയ ആരാധനയാണ് വ്രതാനുഷ്ഠാനം. ഹൈന്ദവ, ക്രൈസ്തവദർശനങ്ങൾ പ്രകാരമുള്ള വ്രതാനുഷ്ഠാനം പരിശോധിച്ചാലും ഈ ദൈർഘ്യം കാണാനാവും. വ്രതം എല്ലാമതങ്ങളിലും സുദീർഘമായ ഒരു ആചാരമാണ്. എന്തുകൊണ്ടാണ് വ്രതം ഒരു അനുഷ്ഠാനം എന്നനിലയിൽ കുറച്ചധികംദിവസങ്ങൾ വേണ്ടിവരുന്നത്? അതിനുള്ള ഉത്തരമാണ് നോമ്പ് പ്രദാനംചെയ്യുന്ന ആത്മനിയന്ത്രണവും ആത്മീയമൂല്യങ്ങളും.
നോമ്പ് അനുഷ്ഠിക്കുന്നതിന്റെ മറ്റൊരുലക്ഷ്യമായി പ്രവാചകൻ പരിചയപ്പെടുത്തിയത് പാപമോചനത്തെയാണ്. ആരെങ്കിലും വിശ്വാസത്തോടെയും പ്രതിഫലം ലഭിക്കണമെന്ന ആഗ്രഹത്തോടെയും വ്രതം അനുഷ്ഠിച്ചാൽ, അവർക്ക് മുൻകഴിഞ്ഞുപോയ പാപങ്ങൾ പൊറുത്തുനൽകുമെന്ന് അള്ളാഹു വാഗ്‌ദാനംചെയ്തിട്ടുണ്ട്. അപ്പോൾ, ശാരീരികമായ ആവശ്യങ്ങൾമാത്രം മാറ്റിവെപ്പിക്കാൻ പരിശീലിപ്പിക്കുക എന്നതല്ല നോമ്പിന്റെ ലക്ഷ്യം. ദൈർഘ്യമേറിയ ആരാധന എന്നനിലയിൽ ഉദാത്തവും ഉന്നതവുമായ ഒരു ലക്ഷ്യമാണ് വ്രതംകൊണ്ട് ഉദ്ദേശിക്കുന്നത്. പെട്ടെന്ന് പണക്കാരനാവണമെന്ന ചിന്തപോലെത്തന്നെ, പെട്ടെന്ന് ആത്മീയസൗന്ദര്യത്തെ പുൽകണമെന്നാണ് ചിലരുടെ ആഗ്രഹം. അങ്ങനെ ക്ഷിപ്രസാധ്യമായ ഒന്നാണ് ആത്മസാക്ഷാത്കാരമെങ്കിൽ, അതിന് ഇത്രയും മൂല്യമുണ്ടാവില്ല. സുദീർഘമായ ഒരു സപര്യയിലൂടെ കടന്നുപോകുന്നവർക്കുമാത്രമാണ് അതിന്റെ ഫലമുണ്ടാവുക. നോമ്പ് അതിനുള്ള പരിശീലനംകൂടിയാണ്.
Content Highlights: ramadan 2023
Published: 03 Apr 2023, 08:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented