വ്യക്തിവിശുദ്ധിയാണ് വിശ്വാസപൂർണതയുടെയും ശാശ്വത വിജയത്തിന്റെയും അടിത്തറ. മാന്യത, സത്യസന്ധത, സത്‌സ്വഭാവം, സർവരോടുമുള്ള ഗുണകാംക്ഷ, സാമ്പത്തികവിശുദ്ധി തുടങ്ങി ഉത്കൃഷ്ടമായ ജീവിതരീതികളാണ് മനുഷ്യവിജയത്തിന്റെ നിദാനം. പുതിയകാലത്ത് മനുഷ്യന്റെ വാക്കും പ്രവൃത്തിയും പരസ്പരവിരുദ്ധമാണ്. സ്വാർഥതാത്‌പര്യങ്ങൾക്കും ലാഭങ്ങൾക്കുംവേണ്ടി വാഗ്വിലാസം നടത്തുകയും പ്രവൃത്തിയിൽ നേർവിപരീതരീതി കൈക്കൊള്ളുകയുംചെയ്യുന്ന കാലമാണിത്. വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ വാക്കും പ്രവൃത്തിയും ഒന്നാകണം. അധർമത്തിനും അനീതിക്കും ചൂഷണത്തിനുമെതിരേ സംസാരിക്കുന്നവൻ അതിന്റെയൊക്കെ വാഹകനും പ്രണേതാവുമാവുകയാണ് വേണ്ടത്. ‘സത്യവിശ്വാസികളേ, നിങ്ങളെന്തിനാണ് പ്രവർത്തിക്കാത്തത് പറയുന്നത്? ചെയ്യാത്തത് പറയുക എന്നത് അള്ളാഹുവിങ്കൽ ഏറെ ക്രോധകരമത്രേ (വി.ഖു: 61:23).

To advertise here,

വിട്ടുവീഴ്ച, ക്ഷമ, സത്യസന്ധത, വിശ്വസ്തത, ധർമം, സത്‌സ്വഭാവം, നീതി, കരാർ പൂർത്തീകരണം, ഗുണകാംക്ഷ, സഹായമനസ്കത മുതലായവയാണ് യഥാർഥമനുഷ്യരുടെ സവിശേഷതകൾ. സ്വസ്ഥജീവിതത്തിനും സ്വർഗലബ്ധിക്കും വ്യക്തിവിശുദ്ധി അക്ഷന്തവ്യമായ ഒന്നാണ്. തിരുനബി (സ്വ) പറയുന്നു: ‘നാലു കാര്യങ്ങൾ നിന്നിലുണ്ടെങ്കിൽ ഇഹലോകത്തുനിന്ന് എന്ത് നഷ്ടപ്പെട്ടാലും നിനക്കത് പ്രശ്നമാകില്ല. വിശ്വസ്തതയിലെ സൂക്ഷിപ്പ്, സംസാരത്തിലെ സത്യസന്ധത, സ്വഭാവമഹിമ, ഭക്ഷണത്തിലെ വിശുദ്ധി’ (അഹ്മദ്). സംസാരത്തിലുള്ള സത്യസന്ധതയും സ്വഭാവ മഹിമയുമാണ് മനുഷ്യന് സമൂഹത്തിൽ ഉന്നതപദവിയും പ്രശസ്തിയും നേടിക്കൊടുക്കുന്നത്. മറ്റുള്ള പ്രസിദ്ധിയും പെരുമയുമെല്ലാം വെറും നൈമിഷികമാണ്.

അധരവ്യായാമങ്ങൾ നടത്തുകമാത്രം ചെയ്യുന്നവരെ കാണാം, അതൊഴിവാക്കി പ്രവൃത്തിയിലൂടെ സമൂഹത്തിന് മാർഗദർശനം നൽകാൻ സാധിക്കണം. മുഹമ്മദ് നബി (സ്വ) മുതൽ ശ്രീനാരായണഗുരുവരെ വിളംബരംചെയ്തതും മനുഷ്യന്റെ ഉദാത്ത മൂല്യങ്ങളെക്കുറിച്ചായിരുന്നു. അധർമങ്ങളിൽനിന്നും മറ്റു ദുർവൃത്തികളിൽനിന്നും മാറിനിന്ന് നന്മയുടെ വക്താക്കളാവാൻ നമുക്ക് സാധിക്കണം.

എല്ലാ സ്വഭാവനന്മകളും ഉൾച്ചേർന്ന മനുഷ്യരെ കണ്ടെത്തുക ക്ലേശകരവും ശ്രമകരവുമാണ്. പ്രശസ്ത ഗ്രീക്ക് തത്ത്വചിന്തകനായ ഡയോജനിസ്, പകൽവെളിച്ചത്തിൽ ശരറാന്തലുമേന്തി ആൾക്കൂട്ടങ്ങൾക്കിടയിൽ ഒരു മനുഷ്യനെത്തേടിയിറങ്ങിയ കഥ ഏറെ പ്രശസ്തമാണ്.

കപടപ്രവൃത്തികളിൽനിന്നും അപവാദപ്രചാരണങ്ങളിൽനിന്നും മോചിതരായി ഉദാത്ത ഗുണകാംക്ഷികളായി ജീവിക്കാൻ നമുക്ക് കഴിയണം.