ശ്രീനാരായണ ഗുരുദേവന്‍ ആലുവ അദ്വൈത ആശ്രമത്തില്‍ സംഘടിപ്പിച്ച സര്‍വ്വമത സമ്മേളനത്തിന്റെ ശതാബ്ദിയോട് അനുബന്ധിച്ച് ലോകമത പാര്‍ലമെന്റ് വത്തിക്കാനില്‍ നടന്നപ്പോഴാണ് അഭിവന്ദ്യ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ നേരിട്ട് കാണുവാനും സംസാരിക്കുവാനും അവസരം ഉണ്ടായത്. ലോകരാഷ്ട്രങ്ങള്‍ നമിക്കുന്ന ആത്മീയ ഔന്നത്യത്തില്‍ വിരാജിക്കുമ്പോഴും എളിമയുടെയും സ്‌നേഹത്തിന്റെയും ലാളിത്യത്തിന്റെയും നിറവാര്‍ന്ന മുഖപ്രസാദം അദ്ദേഹത്തില്‍ നമുക്ക് കാണുവാന്‍ സാധിക്കും. കരുണയുള്ള ആ കണ്ണുകള്‍ ആരെയും ആകര്‍ഷിക്കും. ക്രിസ്തുവിന്റെ പ്രതിപുരുഷന് വേണ്ട എല്ലാ ഗുണങ്ങളുമുള്ള അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ അനുഭവിക്കാനായത് ലോകത്തിന് ക്രിസ്തു നല്‍കിയ സമാധാനവും ശാന്തിയും തന്നെയാണ്.
യാഥാസ്ഥിതിക ചിന്തകളില്‍ നിന്ന് മാറി സര്‍വ്വമത പാര്‍ലമെന്റിനുള്ള എല്ലാ സൗകര്യങ്ങളും അദ്ദേഹം അനുവദിച്ചു തന്നുവെന്ന് മാത്രമല്ല അതിനുവേണ്ടി പ്രത്യേകം പുരോഹിതന്മാരെ നിയോഗിക്കുകയും ചെയ്തു. സ്വന്തം ഇരിപ്പടം വിട്ട് അദ്ദേഹം സദസ്സിലുള്ള ഞങ്ങളോടൊപ്പം വന്നിരുന്നത് അവിടെ ചേര്‍ന്ന വിവിധ രാഷ്ട്രപ്രതിനിധികള്‍ക്കും ലോക ക്രിസ്ത്യന്‍ ജനതയ്ക്കും മാത്രമല്ല അത് കണ്ട ലോക ജനതയ്ക്കും ആകമാനം അത്ഭുതവും ആദരവും ഉളവാക്കി.
ശ്രീനാരായണഗുരുദേവന്‍ വിഭാവനം ചെയ്ത ഏകലോക ദര്‍ശനത്തിന്റെ മഹത്വവും വ്യാപ്തിയും സാധ്യതകളും ഉള്‍ക്കൊണ്ട അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ലോകസമാധാനത്തിനുള്ള ഏക പോംവഴിയായി ഗുരുവിന്റെ മതസമന്വയ ദര്‍ശനത്തെ അവതരിപ്പിക്കുന്നതായിരുന്നു. വാദിക്കാനും ജയിക്കാനുമുള്ള പ്രവണതവിട്ട് അറിയാനും അറിയിക്കുവാനുമുള്ള വിശാലതയിലേക്ക് പോപ്പിനെ പോലെയുള്ള വലിയ മത അദ്ധ്യക്ഷന്‍മാര്‍ പ്രവേശിക്കുന്നത് ലോകം നന്മയിലേക്ക് ഉയരുന്നതിന്റെ ശുഭ സൂചനയായി ഏവരും നോക്കിക്കാണുന്നു. ആഗോള സമാധാനത്തിന്റെ ശാന്തിരൂപനായ അദ്ദേഹത്തിന്റെ വിശാലമായ മനസ്സ് എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും ചേര്‍ത്ത് നിര്‍ത്തുന്നതും ആണ്. ഒരു മുഖം ശാന്ത പൂര്‍ണമായി പ്രകാശിക്കുകയും ഹൃദയം തുറക്കുകയും ചെയ്യുമ്പോള്‍ അത് കോടിക്കണക്കിന് ഹൃദയങ്ങളില്‍ പ്രത്യാശ ഉണര്‍ത്തുന്നു എങ്കില്‍ അതൊരു വലിയ മാറ്റം തന്നെയാണ്.
ആലുവപുഴയുടെ തീരത്ത് 1924ല്‍ സര്‍വ്വമത സമ്മേളനം വിളിച്ചു ചേര്‍ത്തപ്പോള്‍ അനന്തതയിലേക്ക് നീണ്ട മഹാ ഗുരുവിന്റെ യോഗനയനങ്ങള്‍ ഇതെല്ലാം മുന്‍കൂട്ടി കണ്ടിട്ടുണ്ടാവണം. പലമതസാരം ഏകം എന്ന ഏകത്വ ദര്‍ശനം ഹൃദയത്തില്‍ ആവാഹിച്ചുകൊണ്ട് തന്റെ ശിക്ഷ്യ പരമ്പര ലോകമാകെ സഞ്ചരിക്കുന്നതും എല്ലാവരെയും ഏകോപിക്കുന്നതും. തിരുവസ്ത്രങ്ങള്‍ക്കും മതചിഹ്നങ്ങള്‍ക്കും അപ്പുറമുള്ള മാനവികതയും സ്‌നേഹവും പങ്കുവെച്ച നിമിഷത്തില്‍ ഗുരുവും, ക്രിസ്തുവും, ബുദ്ധനും ഞങ്ങളോടൊപ്പം ഇറങ്ങി വന്നതായി തോന്നി. അലൗകീകമായ ശാന്തിയും സമാധാനവും എല്ലാവരുടെയും ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങിയ ആ ധന്യ നിമിഷത്തിലെ ശാന്തി ഇപ്പോഴും അനുഭവിക്കാന്‍ സാധിക്കുന്നു. ആ സമാധാനം ലോകമെങ്ങും പ്രസരിക്കട്ടെ എന്ന് ആഗ്രഹിച്ചു പോകുന്നു. ഇന്ത്യ സന്ദര്‍ശിക്കുന്ന അവസരത്തില്‍ തീര്‍ച്ചയായും ശിവഗിരി സന്ദര്‍ശിക്കാം എന്ന് അദ്ദേഹം ഉറപ്പു നല്‍കിയിരുന്നു.
(ഗുരുധര്‍മ്മ പ്രചരണ സഭ കേന്ദ്ര സെക്രട്ടറിയാണ് ലേഖകന്‍)
Content Highlights: swami asanganandhagiri on francis marpappa
Published: 21 Apr 2025, 02:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented