റോം: വിയോഗാനന്തരം തന്റെ അന്ത്യകര്‍മങ്ങള്‍ എങ്ങനെയായിരിക്കണമെന്നതു സംബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ തയ്യാറാക്കിയ കുറിപ്പ് പുറത്തുവിട്ട് വത്തിക്കാന്‍. കബറടക്കം എവിടെ വേണമെന്നും ചടങ്ങുകള്‍ ലളിതമാക്കി നടത്തേണ്ടതിനേക്കുറിച്ചുമെല്ലാം കുറിപ്പില്‍ പ്രതിപാദിക്കുന്നുണ്ട്. മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം തന്നെയായിരിക്കും കബറടക്കം നടക്കുകയെന്ന് വത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്. 

To advertise here,

2022 ജൂണ്‍ 29-നാണ് മാര്‍പാപ്പ അന്ത്യാഭിലാഷത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കിയത്. 'എന്റെ ഭൂമിജീവിതത്തിന്റെ അസ്തമനത്തോടടുക്കുന്നതായി അറിയുന്നു. ശാശ്വതമായ ജീവിതത്തെക്കുറിച്ചുള്ള പ്രത്യാശകളോടെ, അന്ത്യാഭിലാഷത്തെക്കുറിച്ചും സംസ്‌കാരച്ചടങ്ങുകളെക്കുറിച്ചും വ്യക്തത വരുത്താന്‍ ആഗ്രഹിക്കുന്നു' എന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് തുടങ്ങുന്നത്. 

എന്നും പ്രാര്‍ഥനയ്ക്കായി മുട്ടുകുത്തുന്ന മേരി മേജര്‍ ബസിലിക്കയില്‍ കബറടക്കണമെന്നാണ്‌ അദ്ദേഹം കുറിപ്പില്‍ പറയുന്നത്‌. അടക്കം ചെയ്യുന്ന പേടകത്തില്‍ പ്രത്യേക അലങ്കാരങ്ങളൊന്നും പാടില്ല. പൊതുദര്‍ശനം ഉയർന്ന പീഠത്തിൽ വേണ്ട. ഫലകത്തില്‍ ഫ്രാന്‍സിസ് എന്ന് മാത്രമായിരിക്കണം ആലേഖനം ചെയ്യേണ്ടതെന്നും അദ്ദേഹത്തിന്റെ കുറിപ്പിലുണ്ട്. സൈപ്രസ്, ഓക്ക്, പുളി മരങ്ങള്‍ക്കൊണ്ട് മൂന്ന് അറകളുണ്ടാക്കി അതില്‍ കബറടക്കുന്ന പരമ്പരാഗത രീതിക്കും അദ്ദേഹം മാറ്റം വരുത്തി. പകരം സിങ്ക് കൊണ്ട് പൊതിഞ്ഞ ഒറ്റമരപ്പെട്ടിയില്‍ അടക്കം ചെയ്യണമെന്നും നിര്‍ദേശമുണ്ട്.

മരണാനന്തര ചടങ്ങുകളുടെ ചെലവുകള്‍ ഒരു അഭ്യുദയകാംക്ഷി വഹിക്കും. അത് ബസിലിക്കയിലേക്ക് കൈമാറാനുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. കര്‍ദിനാള്‍ റോളാന്‍ഡാസ് മാക്രിക്കസിന് ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. തന്നെ സ്‌നേഹിച്ചവര്‍ക്കും തനിക്കുവേണ്ടി പ്രാര്‍ഥിച്ചവര്‍ക്കും കര്‍ത്താവ് ഉചിതമായ പ്രതിഫലം നല്‍കട്ടെയെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കുന്നു. 

മാര്‍പാപ്പ നിര്‍ദേശിച്ചതനുസരിച്ചുതന്നെയായിരിക്കും കബറടക്ക ചടങ്ങുകള്‍ നടത്തുക. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പൊതുദര്‍ശനവും മേരി മേജര്‍ ബസിലിക്കയില്‍ കബറടക്കവും നടക്കും. അതേസമയം കബറടക്ക സമയം പ്രഖ്യാപിച്ചിട്ടില്ല. മാര്‍പാപ്പയുടെ ആഗ്രഹം പരിഗണിച്ച് ഉയര്‍ന്ന പീഠത്തില്‍ പൊതുദര്‍ശനം എന്ന രീതി ഒഴിവാക്കും.