'ഫ്രാന്‍സിസ് വീണ്ടും വന്നു ' എന്ന പുസ്തകത്തില്‍ ഗ്രന്ഥകാരനും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ഡി.ബാബുപോള്‍  ഫ്രാന്‍സിസ് മാര്‍പ്പയുടെ സ്ഥാനലബ്ധിയെ വലിയ ഒരു തുടര്‍ച്ചയായാണ് വിലയിരുത്തുന്നത്. 'നല്ല പാപ്പ '( ദ ഗുഡ് പോപ്) എന്നറിയപ്പെട്ടിരുന്ന ജോണ്‍ 23-ാമന്‍ മാര്‍പാപ്പയില്‍ തുടങ്ങി പോള്‍ ആറാമനിലൂടെ രണ്ട് ജോണ്‍ പോള്‍മാരും കടന്ന് ബെനഡിക്ട് പതിനാറാമന്റെ പിന്‍ഗാമിയായി ഫ്രാന്‍സിസ് മാര്‍പാപ്പ ചുമതലയേറ്റത് ദൈവനിവേശിധമായ ഒരു പദ്ധതിയായി കാര്യകാരണ സഹിതം അദ്ദേഹം പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. 2005-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കാലം ചെയ്ത ശേഷം നടന്ന കോണ്‍ക്ലേവില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയത് ഹോര്‍ഗെ ബെര്‍ഗോളിയോ എന്ന് അന്നറിയപ്പെട്ടിരുന്ന അര്‍ജന്റീനക്കാരന്‍ കര്‍ദിനാളാണ്. ഇനി ഒരിക്കല്‍ക്കൂടി പാപ്പാ സ്ഥാനത്തിനില്ല എന്ന് ഉറച്ചു നിശ്ചയിച്ചിരുന്ന കര്‍ദിനാള്‍ ബര്‍ഗോളിയോ ബെനഡിക്ട് പതിനാറാമന്‍ സ്ഥാനത്യാഗം ചെയ്തതിനുശേഷം മാര്‍പാപ്പയായി തിരഞ്ഞടുക്കപ്പെട്ടു എന്നത് വിചിത്രമായി തോന്നാമെങ്കിലും അതില്‍ ദൈവത്തിന്റെ കയ്യൊപ്പ് ചാര്‍ത്തപ്പെട്ടിരുന്നുവെന്നു വ്യക്തം.

To advertise here,

സ്ഥാനത്യാഗം ചെയ്ത ഒരു മാര്‍പാപ്പയും തിരഞ്ഞെടുക്കപ്പെട്ട ഒരു മാര്‍പാപ്പയും ഒരേ കാലഘട്ടത്തില്‍ ജീവിക്കുമ്പോള്‍  അത് എങ്ങനെയാകും എന്നുള്ള ഉത്കണ്ഠകളൊക്കെ അന്ന് പലരും പങ്കുവെച്ചിരുന്നു. 2019-ല്‍ നെറ്റ്ഫ്ളിക്സ് പുറത്തിറക്കിയ 'ദ ടു പോപ്സ്' എന്ന സിനിമ ബെനഡിക്ടിന്റെയും ഫ്രാന്‍സിസിന്റെയും വ്യക്തിത്വങ്ങളെയും അവരുടെ ജീവിതത്തെയും അനാവരണം ചെയ്യുന്നുണ്ട്. യാഥാര്‍ത്ഥ്യങ്ങളും അതിലധികം ഭാവനയുമാണ് സിനിമയിലുള്ളത്. പക്ഷേ വിശ്വാസിയും അവിശ്വാസിയും ചരിത്രാന്വേഷകരുമൊക്കെ ഒരു പോലെ അംഗീകരിക്കുന്ന ഒരു യാഥാര്‍ത്ഥ്യം സിനിമയിലുണ്ട്. വളരെ വ്യത്യസ്തരായ രണ്ട് വ്യക്തികളാണെങ്കിലും സഭയെ നയിക്കുമ്പോഴും ലോകത്തിന് മാതൃകയായി നില്‍ക്കുമ്പോഴും അവരുടെ നിലപാടുകളോടും കാഴ്ചപ്പാടുകളോടും നൂറു ശതമാനവും ആത്മാര്‍ത്ഥത പുലര്‍ത്തിയ രണ്ട് വ്യക്തിത്വങ്ങള്‍. അവരെ വ്യക്തമായി മനസിലാക്കാന്‍ ഈ സിനിമ സഹായിക്കും.

ആന്തണി മക്കാര്‍ട്ടന്‍ രചിച്ച് ഫെര്‍ണാണ്ടോ മിരലിസ് സംവിധാനം ചെയ്ത ' ദ ടു പോപ്സ്'  എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് എന്നു പറയുന്നത് അതിന്റെ തിരക്കഥയും സംഭാഷണങ്ങളുമാണ്. ആന്തണി ഹോപ്കിന്‍സ് അവതരിപ്പിക്കുന്ന ബനഡിക്ട് പതിനാറാമനും ജോനഥന്‍ പ്രൈസ് അവതരിപ്പിക്കുന്ന ഫ്രാന്‍സിസ് പാപ്പയും അവരവരുടെ നിലപാടുകളിലുറച്ച് സംസാരിക്കുമ്പോള്‍ രണ്ടു പേരോടും ഒരു പോലെ നമ്മുടെ ബഹുമാനം വര്‍ധിക്കും. ഇരുവരെക്കുറിച്ചുമുള്ള ലേഖനകളും ഇവരുടെ അഭിമുഖങ്ങള്‍ വായിച്ചുമൊക്കെയുള്ള ധാരണയിലൂടെയാണ് മക്കാര്‍ട്ടന്‍ 'ടു പോപ്സിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

ജര്‍മനിയിലെ ബാവേറിയന്‍ പ്രവിശ്യയില്‍ ജനിച്ച ജോസഫ് റാറ്റ്‌സിങര്‍ ദൈവ ശാസ്ത്രജ്ഞനും പാരമ്പര്യ വാദിയുമാണ് . പാരമ്പര്യങ്ങളിലും ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാനമായ പ്രാര്‍ത്ഥനയിലുമൊക്കെ മുറുകെ പിടിച്ച് സഭ മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നയാള്‍. അതിലെല്ലാമുപരി ഒരു യഥാര്‍ത്ഥ ജര്‍മന്‍ ബുദ്ധിജീവി. മറുവശത്ത് അര്‍ജന്റീനയില്‍ ജനിച്ച് ബ്യുണസ് ഐറിസിലെ തെരുവുകളില്‍ ഫുട്ബോള്‍ കളിച്ചും വൈദികനും മെത്രാനുമൊക്കെയായി ജനങ്ങള്‍ക്കിടയിലും പ്രവര്‍ത്തിച്ച ഫ്രാന്‍സിസ് സഭയുടെ വാതിലുകള്‍ കുറച്ചുകൂടി തുറന്നിടണമെന്ന അഭിപ്രായക്കാരനാണ്.

2005ലെ  കോണ്‍ക്ലേവില്‍ കപ്പിനും ചുണ്ടിനുമിടയില്‍ വച്ച് മാര്‍പാപ്പ സ്ഥാനം നഷ്ടമായ ശേഷം ബ്യൂണസ് ഐറിസിലേക്ക് ബര്‍ഗോളിയോ മടങ്ങുകയാണ്. ഇനി ഒരിക്കല്‍ക്കൂടി മാര്‍പാപ്പ തിരഞ്ഞെടുപ്പിന് താനില്ലെന്നുറപ്പിച്ചാണ് മടക്കം. അതിനു മുമ്പ് അദ്ദേഹം പറയുന്നുണ്ട് ' മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട റാറ്റ്സിങറിനുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കും' ഏഴ് വര്‍ഷങ്ങള്‍ക്കപ്പുറം കര്‍ദിനാള്‍ ബര്‍ഗോളിയോ ഒരു തീരുമാനമെടുക്കുന്നു. കര്‍ദിനാള്‍ പദവി രാജിവച്ച് ബ്യൂണസ് ഐറിസിലെ ഏതെങ്കിലും ഒരു പള്ളിയില്‍ ഇടവക വികാരിയുടെ ചുമതലയും വഹിച്ച് ശിഷ്ടകാലം അവര്‍ക്കൊപ്പം കഴിയണം. ഇതിനായി ഫ്രാന്‍സിസ് പാപ്പയുടെ അനുമതിക്കായി കത്തെഴുതി കാത്തിരുന്ന അദ്ദേഹത്തെ പാപ്പ വത്തിക്കാനിലേക്ക് വിളിപ്പിക്കുന്നതും തുടര്‍ന്നു നടക്കുന്ന സംഭവങ്ങളുമാണ് ' ദ ടു പോപ്സി'ലെ ഇതിവൃത്തം (നേരത്തെ പറഞ്ഞതുപോലെ ഇതില്‍ പകുതി സത്യങ്ങളും പകുതി യാഥാര്‍ത്ഥ്യവുമാണ്).

വൈദികര്‍ക്കും മെത്രാന്‍മാര്‍ക്കുമെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളും വത്തിക്കാനിലെ രഹസ്യ രേഖകള്‍ ചോര്‍ന്നതും വത്തിക്കാന്‍ ബാങ്കിലെ അഴിമതിയുമൊക്കെ ചേര്‍ന്ന സംഭവബഹുലമായ സമയായിരുന്നു അപ്പോള്‍. അതിനിടയിലാണ് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിന് അടുത്തെത്തിയ ഒരാള്‍ കര്‍ദിനാള്‍ സ്ഥാനത്തു നിന്ന് രാജിവയ്ക്കാന്‍ ഒരുങ്ങുന്നത്. ഇത്തരമൊരു നീക്കം സഭയ്ക്ക് ഏറെ ദോഷം ചെയ്യുമെന്ന് ബെനഡിക്ട് പിതാവ് ബെര്‍ഗോളിയോയോട് പറയുന്നുണ്ട്.  ചെന്നായ്ക്കളുടെ ആക്രമണമുണ്ടാകുമ്പോള്‍ ആടുകളെ സംരക്ഷിക്കേണ്ടതിനു പകരം  അവയെ വിട്ട് ഓടിപ്പോകുന്ന ഇടയനാകരുതെന്നാണ് ബെനഡിക്ട് പറയുന്നത്. അതിന് മറുപടിയായി ബര്‍ഗോളിയോ പറയുന്നുണ്ട്- 'ഞാന്‍ ഓടിപ്പോകുന്ന ഇടയനല്ല. ചെറിയ ഒരു ആട്ടിന്‍കൂട്ടത്തിനൊപ്പം അവരെ നയിച്ചു കഴിയാനാണ് ആഗ്രഹിക്കുന്നത് '. കര്‍ദിനാള്‍ ബര്‍ഗോളിയോയുടെ രീതികളോട് യാതൊരു ഇഷ്ടവുമില്ലാത്തയാളായാണ് കര്‍ദിനാള്‍ റാറ്റ്സിങറെന്ന് സിനിമയുടെ തുടക്കത്തില്‍ കാണിക്കുന്നത്. കോണ്‍ക്ലേവിലെ ഇടവേളയില്‍ ഭക്ഷണം കഴിഞ്ഞ് കൈകഴുകുന്നതിനിടെ ബര്‍ഗോളിയോ മൂളിപ്പാട്ട് പാടുന്നുണ്ട് ' താങ്കള്‍ എന്താണ് പാടിയതെന്ന് ' റാറ്റ്സിങര്‍ ചോദിക്കുന്നുണ്ട്. ' അബ്ബയുടെ ഡാന്‍സിങ് ക്യൂന്‍' ആണെന്ന് മറുപടി . അതുകേട്ട് ഞെറ്റിചുളിച്ചുകൊണ്ടു പോകുന്ന റാറ്റ്സിങര്‍. ഈയൊരു സീന്‍ മതി ഇരു ധ്രുവങ്ങളില്‍ നില്‍ക്കുന്ന രണ്ട് വ്യക്തിത്വങ്ങളെ മനസിലാക്കാന്‍.

ബര്‍ഗോളിയോയുടെ ആത്മാര്‍ത്ഥയും ഉദ്ദേശശുദ്ധിയും മനസിലാക്കി കഴിയുമ്പോള്‍ റാറ്റ്സിങര്‍ തന്നെ കുഴപ്പിച്ചിരുന്ന വലിയ പ്രശ്നം അര്‍ജന്റീനക്കാരന്‍  കര്‍ദിനാളിനു മുന്നില്‍ വെളിപ്പെടുത്തുന്നു. താന്‍ സ്ഥാനത്യാഗം ചെയ്യാന്‍ ഒരുങ്ങുകയാണ്. മാര്‍പാപ്പയുടെ മുന്നില്‍ രാജിക്കത്ത് നല്‍കാന്‍ വന്ന ബെര്‍ഗോളിയോയ്ക്ക് അതിലും വലിയ ഒരു ഭാരം തന്റെ ചുമലിലേക്ക് വീണതിന്റെ വ്യഥയാണ് അപ്പോഴുള്ളത്. സ്ഥാനത്യാഗ തീരുമാനം വെളിപ്പെടുത്തിയതിനു ശേഷം  ബനഡിക്ട് , ബര്‍ഗോളിയോയോടു പറയുന്നുണ്ട് 'എന്റെ ചുമലില്‍ നിന്നും ഒരു ഭാരം ഒഴിഞ്ഞു '. അപ്പോള്‍ ബര്‍ഗോളിയോയുടെ മറുപടി ' അതിലും വലിയൊരു ഭാരമാണ് പരിശുദ്ധ പിതാവേ അങ്ങ് ഇപ്പോള്‍ എന്റെ ചുമലില്‍ വച്ചു തന്നിരിക്കുന്നത്',  സഭയെ ഇപ്പോള്‍ ഉലച്ചിരിക്കുന്ന ആരോപണങ്ങളല്ല മറിച്ച് ദൈവത്തില്‍ നിന്ന് തന്റെ പ്രാര്‍ത്ഥനയ്ക്ക് ലഭിച്ച ഉത്തരമായാണ് തന്റെ സ്ഥാന ത്യാഗ തീരുമാനമെന്ന് ബനഡിക്ട്, ബര്‍ഗോളിയോയെ ആവര്‍ത്തിച്ച് പറഞ്ഞ് മനസിലാക്കുന്നുണ്ട്. ബാല്യം  മുതല്‍ ആത്മീയതയിലും ദൈവത്തോടുള്ള ഇഷ്ടത്തിലും ജീവിച്ച തനിക്ക് അന്ന് മുതല്‍ ദൈവത്തിന്റെ വെളിപ്പെടുത്തലുകള്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറെക്കാലങ്ങളായി പ്രാര്‍ത്ഥനകള്‍ക്ക് ഒരു ഉത്തരവും ലഭിച്ചിരുന്നില്ല. അടുത്തിടെ അത് വീണ്ടും ലഭിക്കാന്‍ തുടങ്ങി. അതാണ് സ്ഥാനത്യാഗം ചെയ്യാനുള്ള തീരുമാനത്തിന്റെ കാരണം (പ്രായം ഏറിയതും ആരോഗ്യം മോശമായതും തന്റെ കര്‍മ്മ കുശലതയെ ബാധിക്കും എന്ന് തിരിച്ചറിഞ്ഞ ഒരു ജര്‍മന്‍ ബുദ്ധിജീവിയുടെ പ്രതികരണം എന്ന നിലയിലാണ് ബനഡിക്ടിന്റെ സ്ഥാനത്യാഗത്തെക്കുറിച്ച്  വ്യാഖ്യാനിക്കേണ്ടത് എന്നാണ് 'ഫ്രാന്‍സിസ് വീണ്ടും വന്നു' വില്‍ ബാബു പോള്‍ ഇതിനെക്കുറിച്ച് പറയുന്നത്).

2005-ലെ മാര്‍പാപ്പ തിരഞ്ഞെടുപ്പില്‍ തന്റെ തൊട്ടു പിന്നിലെത്തിയ ബര്‍ഗോളിയോയുടെ മുന്നില്‍ ചിലപ്പോള്‍ വലിയൊരു ദൗത്യം വന്നുകൂടായ്കയില്ലെന്നും ബെനഡിക്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. താന്‍ സ്ഥാനത്യാഗം ചെയ്ത ശേഷം അടുത്ത മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട് സഭയെ നയിക്കേണ്ടയാള്‍ ചിലപ്പോള്‍ താങ്കളാകും. അതിനുള്ള എല്ലാ യോഗ്യതകളും ബര്‍ഗോളിയോയ്ക്കുണ്ടെന്ന് അദ്ദേഹം വിശദീകരിക്കുന്നു. താന്‍ മാര്‍പാപ്പ സ്ഥാനത്തിന് യോഗ്യനല്ലെന്നും തനിക്ക് കുറവുകളുണ്ടെന്നും മറുപടിയായി ബെര്‍ഗോളിയോ പറയുന്നു. അദ്ദേഹത്തിന്റെ ഓര്‍മകള്‍ പിന്നോട്ട് പോകുകയാണ്. അര്‍ജന്റീനയെ പിടിച്ചുലച്ച  'വൃത്തികെട്ട യുദ്ധം (ഡേര്‍ട്ടി വാര്‍ -1976-83) നടന്ന കാലഘട്ടത്തില്‍ അര്‍ജന്റീനയിലെ ഈശോ സഭയുടെ തലവനായിരുന്നു ബര്‍ഗോളിയോ . ബ്യൂണസ് ഐറിസിലെ ജനങ്ങളെയും തന്റെ വൈദികരെയും സംരക്ഷിക്കുന്നതിനായി അദ്ദേഹത്തിന് പട്ടാള ഭരണത്തിനനുകൂലമായ നിലപാടെടുക്കേണ്ടി വന്നു. ബ്യൂണസ് ഐറിസിലെ എല്ലാ വിഭാഗം ജനങ്ങളുടെയും രക്ഷയ്ക്കുവേണ്ടിയായിരുന്നു ഈ തീരുമാനം. പക്ഷേ ഇതിനിടയില്‍ സ്വന്തം വൈദികരെ അദ്ദേഹത്തിന് തള്ളിപ്പറയേണ്ടി വന്നു. അതിന്റെ പേരില്‍ ആരോപണങ്ങള്‍ കേള്‍ക്കേണ്ടിയും വന്നു. പട്ടാള ഭരണം അവസാനിച്ച ശേഷം ചുമതലകളില്‍ നിന്ന് ബര്‍ഗോളിയോയെ  ഒഴിവാക്കുന്നുമുണ്ട്. ഇത്തരം ചിന്തകളാണ് ബെനഡിക്ടിന്റെ വാക്കുകേട്ടപ്പോള്‍ ബര്‍ഗോളിയോയുടെ മനസിലൂടെ കടന്നു പോയത്.

ബെനഡിക്ട് പിതാവിന്റെ ജീവിതത്തിലും ഇത്തരമൊരു അവസ്ഥയിലൂടെ അദ്ദേഹം കടന്നു പോയതാണ്. മാര്‍പാപ്പയായി തിരഞ്ഞടുക്കപ്പെട്ടപ്പോള്‍ അദ്ദേഹം കേട്ട ആരോപണമാണ് യൗവ്വനകാലത്ത് അദ്ദേഹം നാസിപ്പട്ടാളത്തില്‍ പ്രവര്‍ത്തിച്ചുവന്നത്. ബവേറിയയില്‍  നാസികളുടെ ഭരണത്തിനെതിരെ പ്രവര്‍ത്തിച്ച ഒരു കുടുംബത്തിലാണ് ബനഡിക്ടിന്റെ ജനനമെന്ന് ചരിത്രം പറയുന്നു. അന്ന് യുവാക്കള്‍ പട്ടാളത്തില്‍ ചേരണമെന്ന നിബന്ധനയുള്ളതിന്റെ ബാക്കി പത്രമായിരുന്നു ബെനഡിക്ട് നേരിട്ട നാസി ആരോപണം. 'ദ ടു പോപ്സി' ല്‍ റാറ്റസിങര്‍ ബനഡിക്ട് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയുള്ള ജനങ്ങളുടെ പ്രതികരണങ്ങളില്‍ ഒരാള്‍ പറയുന്നുണ്ട് ' റാറ്റ്സിങര്‍, ആ നാസിയെ എനിക്കറിയാം.., അയാളെ ഒരിക്കലും മാര്‍പാപ്പയായി തിരഞ്ഞെടുക്കരുത് 'രണ്ടു പേരും തുല്യ ദു:ഖിതരാണ്. ഒരാള്‍ നാസിയെന്ന പേര് ചാര്‍ത്തിക്കിട്ടിയയാള്‍, മറ്റൊരാള്‍ പട്ടാള ഭരണകൂടത്തോട് ചേര്‍ന്ന് സ്വന്തം ആളുകളെ ഒറ്റിക്കൊടുത്തയാളെന്ന പേരുദോഷമുള്ളയാള്‍.

ബെനഡിക്ട്, ബര്‍ഗോളിയോയെ ആശ്വസിപ്പിക്കുന്നുണ്ട്. 'നിങ്ങള്‍ ചെയ്തതെല്ലാം നിങ്ങളുടെ ജനത്തിന്റെ സുരക്ഷയ്ക്കുവേണ്ടിയാണ്. അതെക്കുറിച്ചുള്ള എല്ലാ ഫയലുകളും ഞങ്ങളുടെ അടുത്തുണ്ട്. അവരെ രക്ഷിക്കുകയെന്ന ഒറ്റ ലക്ഷ്യത്തോടുകൂടിയാണ് നിങ്ങള്‍ തീരുമാനങ്ങള്‍ എടുത്തത്.'എങ്കിലും 'ഞാന്‍ തെറ്റുചെയ്തു' എന്ന മറുപടി മാത്രമാണ് ബെര്‍ഗോളിയോയ്ക്കുള്ളത്. കത്തോലിക്കാ സഭയുടെ തകര്‍ച്ചയുടെ ഒരു കാലത്ത് സഭയെ പുനരുദ്ധരിക്കാനും നേര്‍വഴിക്കു നടത്താനുമാണ് അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് അവതരിച്ചത്. എളിമയും ദാരിദ്ര്യവും കൈമുതലാക്കി , ദരിദ്രരെയും പീഡിതരേയും തോളോടു ചേര്‍ത്ത്, സകല ജീവജാലങ്ങളോടും കരുണ ചൊരിഞ്ഞ് സഭയ്ക്ക് പുതുജീവന്‍ നല്‍കുകയായിരുന്നു രണ്ടാം ക്രിസ്തുവെന്നറിയപ്പെടുന്ന ഫ്രാന്‍സിസ് അസീസി. വത്തിക്കാനില്‍ നിന്ന് ബെര്‍ഗോളിയോ മടങ്ങും മുമ്പ് അദ്ദേഹത്തോട് ബെനഡിക്ട് പറയുന്നുണ്ട് ' വിശുദ്ധ ഫ്രാന്‍സിസിനെപ്പോലെ നമുക്ക് സഭയെ പുനര്‍ നിര്‍മിക്കണം, അതിനായി നമുക്ക് പ്രവര്‍ത്തിക്കാം'. 

ബെനഡിക്ട് സ്ഥാനത്യാഗം ചെയ്യുന്നതും പുതിയ മാര്‍പാപ്പയായി ബെര്‍ഗോളിയോ തിരഞ്ഞെടുക്കപ്പെടുന്നതുമൊക്കെയായി സിനിമ തുടരുകയാണ്. ഇരുവരും ചേര്‍ന്ന് പിസ കഴിക്കുന്നതും 2014-ലെ അര്‍ജന്റീന-ജര്‍മനി ലോകകപ്പ് ഫൈനല്‍ കാണുന്നതുമൊക്കെയായാണ് സിനിമ അവസാനിക്കുന്നത്. പിസ കഴിക്കുന്നതും ഫുട്ബോള്‍ ഫൈനല്‍ കാണുന്നതുമൊക്കെ തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും ഭാവനയിലുയര്‍ന്ന കാര്യങ്ങളാണെന്ന് അവര്‍ തന്നെ പിന്നീട് വിശദീകരിച്ചിട്ടുണ്ട്. പക്ഷേ സിനിമയില്‍ ബെനഡിക്ടും ബര്‍ഗോളിയോയുമായുള്ള സംഭാഷണങ്ങള്‍ , അതിന്റെ ദൈവശാസ്ത്ര വിശകലനങ്ങള്‍ ഒക്കെ എത്രമാത്രം ഉന്നതിയില്‍ നില്‍ക്കുന്നുവെന്നത് കണ്ടും കേട്ടും മനസിലാക്കേണ്ടതാണ് .അതിന് തിരക്കഥാകൃത്തും സംവിധായകനും വലിയ ഒരു കൈയടി അര്‍ഹിക്കുന്നു. ഫ്രാന്‍സിസിനെ അവതരിപ്പിച്ച ജൊനാഥന്‍ പ്രൈസും  ബെനഡിക്ടിനെ അവതരിപ്പിച്ച ആന്റണി ഹോപ്കിന്‍സും ഒന്നിനൊന്ന് മികച്ചു നിന്നു. പ്രൈസിന് അക്കൊല്ലത്തെ മികച്ച നടനും ഹോപ്കിന്‍സിന് സഹനടനുമുള്ള ഓസ്‌കര്‍ നോമിനേഷനും ലഭിച്ചിരുന്നു. പോപ് ഫ്രാന്‍സിസ് ലോകത്തെ നയിച്ച വലിയൊരു പ്രകാശമാണ്. അതിന് മുന്നോടിയായി ബെനഡിക്ടെന്ന മറ്റൊരു പ്രകാശം കൂടിയുണ്ടായിരുന്നുവെന്ന്  'ദ ടു പോപ്സ് 'വെളിപ്പെടുത്തുന്നു.

അവലംബം

  • ഫ്രാന്‍സിസ് വീണ്ടും വന്നു - ഡി.ബാബുപോള്‍ , പ്രസാധനം മീഡിയ ഹൗസ്
  • ദ ടു പോപ്സ്  സിനിമ- നെറ്റ്ഫ്ളിക്സ്