
2019 ഫെബ്രുവരി നാല് ചൊവ്വാഴ്ച. പതിനായിരങ്ങള്‍ തടിച്ചുകൂടിയ അബുദാബി സായിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തിലെ പൊതു കുര്‍ബാന. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വത്തില്‍ തുറന്ന വേദിയില്‍ നടക്കുന്ന മേഖലയിലെ ആദ്യ ചടങ്ങ്. ആദ്യമായി അറേബ്യന്‍ പെനിന്‍സുലയില്‍ എത്തിയ പോപ്പ് എന്ന ഖ്യാതിയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ തുറന്ന വാഹനത്തില്‍ സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയവരെ ആശീര്‍വദിക്കാനായി സഞ്ചരിക്കുന്നു. കനത്ത സുരക്ഷാ സന്നാഹങ്ങളുടെയും നിരീക്ഷണങ്ങളുടെയും കണ്ണുവെട്ടിച്ച് ഒരു എട്ടുവയസ്സുകാരി പാപ്പയുടെ വാഹനത്തിനരികിലേക്ക് കുതിക്കുന്നു. രക്ഷാഭടന്മാര്‍ പതിവുപോലെ ആ കുട്ടിയെ തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ പാപ്പയുടെ കണ്ണുകള്‍ ആ കുഞ്ഞില്‍ പതിയുന്നു. അവളെ തന്റെ അടുത്തേക്ക് കടത്തിവിടാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. വിതുമ്പിക്കരഞ്ഞുകൊണ്ടിരുന്ന കുഞ്ഞിനെ സുരക്ഷാ ഭടന്മാര്‍ പാപ്പയുടെ വാഹനത്തിനരികിലേക്ക് കൊണ്ടുചെന്നു. അവളുടെ കൈയില്‍ ഒരു കടലാസുമുണ്ടായിരുന്നു- മാര്‍പാപ്പക്കുള്ള നിവേദനം പോലെ. അദ്ദേഹം അത് ഭദ്രമായി വാങ്ങി, അവളുടെ നെറ്റിയില്‍ കൈവെച്ച് അനുഗ്രഹിച്ച് അവളെ തിരിച്ചയച്ചു.
പോപ്പിന്റെ വാഹനം നിര്‍ത്തിയതും പെണ്‍കുട്ടിയുടെ ഓട്ടവുമെല്ലാം ആ സമയം ലോകമാകെ തത്സസമയം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഗാലറിയിലുണ്ടായിരുന്ന ജനക്കൂട്ടത്തിന് മനസ്സിലായില്ലെങ്കിലും ആ പെണ്‍കുട്ടിയുടെ എന്തോ വലിയ പ്രയാസം പാപ്പയെ അറിയിക്കുകയായിരിക്കും എന്ന് എല്ലാവരും കരുതി. വെറുതെ ഒരു കൗതുകത്തിനായുള്ള ഓട്ടമല്ല അതെന്ന് എല്ലാവര്‍ക്കും തോന്നി. മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പ്രത്യേക ഗാലറിയിലിരുന്ന് ഈ ലേഖകനും അതെന്താണെന്നാണ് എല്ലാവരെയും പോലെ അന്വേഷിച്ചത്. അധികം വൈകാതെ തന്നെ ആ എഴുത്തിലെ വിവരങ്ങളും പെണ്‍കുട്ടിയുടെ കഥയും ലോകമറിഞ്ഞു.
'അച്ഛനെ തിരിച്ചുകിട്ടണം. അച്ഛനൊപ്പം എന്നും ജീവിക്കണം. അച്ഛനെ ജയിലിലില്‍ നിന്ന് വിട്ടയക്കണം'- ഇതായിരുന്നു കൊളംബിയയില്‍ നിന്നുള്ള എട്ട് വയസ്സുകാരിയായ വലേറി സാഞ്ചസ് പോപ്പിന് നല്‍കിയ കത്തിലുണ്ടായിരുന്നത്. മാപ്പ് നല്‍കി അവരെ മോചിപ്പിക്കണമെന്ന് അപേക്ഷിച്ച കത്തില്‍ ആണ്‍ തുണയില്ലാതെ കഷ്ടപ്പെടുന്ന മൂന്ന് സ്ത്രീകളുടെയും രണ്ട് കുട്ടികളുടെയും ദൈന്യതയും വലേറി കത്തില്‍ വിശദമാക്കിയിരുന്നു. മൂന്ന് വര്‍ഷമായി ദുബായ് അവീറിലെ ജയിലില്‍ കഴിയുന്ന ആന്‍ഡ്രസ് സാഞ്ചസ് റിയോസിന്റെ മകളായിരുന്നു വലേറി. അവളുടെ കൂട്ടുകാരി ഗബ്രിയേലയുടെ അച്ഛനും ഇതുപോലെ അതേ ജയിലില്‍ കഴിയുകയായിരുന്നു. സാമ്പത്തിക കുറ്റങ്ങളുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന തങ്ങളുടെ അച്ഛന്മാരെ മോചിപ്പിച്ചുകിട്ടാന്‍ മാര്‍പാപ്പയുടെ സഹായം തേടുകയായിരുന്നു വലേറിയുടെ ലക്ഷ്യം.
അമ്മമാര്‍ക്കും മുത്തശ്ശിക്കും ഗബ്രിയേലക്കുമൊപ്പം അതിരാവിലെ തന്നെ സ്റ്റേഡിയത്തിലെത്തിയ വലേറി പാപ്പയെ അടുത്തുനിന്നുകാണാനുള്ള വഴികള്‍ തിരയുകയായിരുന്നു. പല തവണ ഇതിനായി സീറ്റുകള്‍ മാറിയിരുന്നും രക്ഷാ ഭടന്മാരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചും അവള്‍ മാര്‍പാപ്പയുടെ വരവും കാത്തിരുന്നു. നേരത്തെ ഇത്തരം പ്രവര്‍ത്തികളിലൂടെ അടുത്തെത്തിയ ചിലര്‍ മാര്‍പാപ്പയെ സമീപിച്ചതും അവര്‍ക്ക് പിന്നീട് മാര്‍പാപ്പ സഹായം നല്‍കിയതിന്റെ ദൃശ്യങ്ങളും വലേറി ടെലിവിഷന്‍ ചാനലുകളില്‍ കണ്ടിരുന്നു. അതിന്റെ കൂടി ബലത്തിലായിരുന്നു സുരക്ഷാക്രമീകരണങ്ങളെല്ലാം തട്ടിമാറ്റിയുള്ള വലേറിയുടെ ഓട്ടം. ഇതിനായി നേരത്തെ തന്നെ എഴുത്തും തയ്യാറാക്കി കൈയില്‍ വെച്ചിരുന്നു. എന്തായാലും വലേറിയുടെ ഒരുക്കങ്ങള്‍ പാഴായില്ല. അവള്‍ പാപ്പയെ കണ്ട് കൈമാറി, അദ്ദേഹത്തിന്റെ അനുഗ്രഹവും നേടി.
2019 ഫെബ്രുവരി മൂന്ന് മുതല്‍ അഞ്ച് വരെയായിട്ടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യു.എ.ഇ സന്ദര്‍ശനം. സൗദി അറേബ്യ, യെമന്‍, ഒമാന്‍, യു.എ.ഇ , കുവൈത്ത്, ഖത്തര്‍ , ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന അറേബ്യന്‍ പെനിന്‍സുല എന്ന മേഖലയിലേക്ക് കടന്നുചെന്ന ചരിത്രത്തിലെ ആദ്യത്തെ മാര്‍പാപ്പയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ യു.എ.ഇ പ്രസിഡന്റും അന്നത്തെ അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഉപസര്‍വ സൈന്യാധിപനുമായിരുന്ന ശൈഖ് മൊഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ക്ഷണപ്രകാരമായിരുന്നു മാര്‍പാപ്പയുടെ യു.എ.ഇ സന്ദര്‍ശനം.
തലസ്ഥാനമായ അബുദാബിയില്‍ സംഘടിപ്പിച്ച വിശ്വ മാനവ സാഹോദര്യ സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് അദ്ദേഹം എത്തിയത്. ഈജിപ്തിലെ പ്രശസ്ത ഇസ്ലാമിക പണ്ഡിതനും അല്‍ അസര്‍ ഗ്രാന്റ് ഇമാമുമായ ഡോ. അഹമ്മദ് അല്‍ ത്വയിബയുമായുള്ള കൂടിക്കാഴ്ചയായിരുന്നു അതില്‍ പ്രധാനം. തുറന്ന ചര്‍ച്ചകളിലൂടെ മേഖലയില്‍ സമാധാനത്തിന്റെ വാതിലുകള്‍ തുറക്കാനായി ഇരുവരും സംയുക്ത പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തു. ആ ആഹ്വാനമാണ് അറബ് ചരിത്രത്തില്‍ ഇപ്പോള്‍ അബുദാബി ഉടമ്പടി എന്ന പേരില്‍ അടയാളപ്പെടുത്തിയത്. അബുദാബിയിലെ ചരിത്ര സ്മാരകമായ ഫൗണ്ടേര്‍സ് മെമ്മോറിയലിലായിരുന്നു വിശ്വ മാനവ സാഹോദര്യ സമ്മേളനം. ഇന്ത്യയില്‍ നിന്ന്, വിശേഷിച്ച് കേരളത്തില്‍ നിന്ന് വിവിധ മതനേതാക്കളും ഈ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
യു.എ.ഇ ഭരണാധികാരികളെല്ലാം മാര്‍പാപ്പയുടെ മൂന്ന് ദിവസത്തെ ഈ സന്ദര്‍ശനത്തെ അതീവ ആദരവോടെയാണ് സമീപിച്ചത്. ഭരണാധികാരികളുമായും രാജകുടുംബാംഗങ്ങളുമായെല്ലാം അദ്ദേഹം സൗഹൃദം കൈമാറി. എന്നാല്‍ ഉപചാരങ്ങള്‍ക്കും സ്വീകരണങ്ങള്‍ക്കുമിടയില്‍ ലോകം ശ്രദ്ധിക്കുന്ന ഏതാനും വാക്കുകള്‍ മാര്‍പാപ്പയില്‍ നിന്നുണ്ടായതാണ് ലോകം സശ്രദ്ധം കേട്ടത്. ' ഒരുമിച്ച് നല്ല ഭാവി സ്വപ്നം കണ്ട് പ്രവര്‍ത്തിക്കാം, അല്ലെങ്കില്‍ എല്ലാം നശിച്ച് ഇല്ലാതാവുന്നത് കാണാം. ഇതുമാത്രമാണ് വഴി'- മാര്‍പാപ്പയുടെ ആ വാക്കുകള്‍ ഇപ്പോഴും ഓര്‍മ്മപ്പെടുത്തലായി നമ്മുടെ മുന്നിലുണ്ട്.
2013ല്‍ മാര്‍പാപ്പയായി സ്ഥാനാരോഹണം ചെയ്തതിന് ശേഷം അദ്ദേഹം ഏതാനും അറബ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. യുദ്ധം, ഭീകരവാദം, ആഭ്യന്തര കലാപങ്ങള്‍ എന്നിവയെല്ലാം ആത്യന്തികമായി അഭയാര്‍ത്ഥികളെയാണ് സൃഷ്ടിക്കുന്നതെന്നും അതില്‍ തന്നെ കുഞ്ഞുങ്ങളാണ് ഏറെയും ദുരിതമനുഭവിക്കുന്നതെന്നും അദ്ദേഹം എല്ലാവരോടുമായി പറഞ്ഞു. 2014 ല്‍ ജോര്‍ദ്ദാന്‍, പലസ്തീന്‍, ഇസ്രായേല്‍, 2019 ല്‍ യു.എ.ഇ, 2021 ല്‍ ഇറാഖ്, 2022 ല്‍ ബഹ്റൈന്‍ എന്നിവിടങ്ങളിലെല്ലാം മാര്‍പാപ്പ സന്ദര്‍ശിച്ചു. ഇറാഖില്‍ ഐ.എസ് തീവ്രവാദികളുടെ ഭീഷണികള്‍ നിലനില്‍ക്കെ, എല്ലാ സുരക്ഷാ മുന്നറിയിപ്പുകളും മറികടന്നാണ് പാപ്പ ഇറാഖിലേക്ക് പോയത്. അവിടെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികള്‍ക്ക് മേധാവിത്തമുള്ള നഗരത്തിലൂടെ അദ്ദേഹം സഞ്ചരിച്ചു.
മൊസൂളിലെ പള്ളിയില്‍ ചെന്ന് പ്രാര്‍ത്ഥിച്ചു. ഷിയാ മതനേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി. ആഭ്യന്തര കലാപത്തില്‍ തകരുന്ന ലബനോണിനെ നോക്കി മാര്‍പാപ്പ പറഞ്ഞു, ലബനോണ്‍ കേവലം ഒരു രാജ്യം മാത്രമല്ല, അതിനപ്പുറം സ്വാതന്ത്ര്യത്തിന്റെയും ബഹുസ്വരതയുടെയും മണ്ണാണ് ആ നാടെന്ന് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. യെമനില്‍ നിന്നും ഗാസയില്‍ നിന്നും ഉയരുന്ന കുഞ്ഞുങ്ങളുടെ നിലവിളി അദ്ദേഹത്തെ വേദനിപ്പിച്ചു. അവര്‍ക്കായി എല്ലാം മറന്ന് സമാധാനത്തിന്റെ പാതയിലേക്ക് വരാന്‍ അദ്ദേഹം ലോകത്തോട് അഭ്യര്‍ത്ഥിച്ചു. ആയുധങ്ങള്‍ താഴെ വെച്ച് മനസ്സുതുറന്നുള്ള ചര്‍ച്ചകള്‍ക്കായി അദ്ദേഹം എല്ലാവരെയും ക്ഷണിച്ചു. അഭയാര്‍ത്ഥികളുടെ ദൈന്യത അദ്ദേഹത്തെ ഏറെ നൊമ്പരപ്പെടുത്തി. സമാധാനത്തിന്റെ യഥാര്‍ത്ഥ ദൂതനായി അദ്ദേഹം എല്ലാവരുടെയും മുന്നില്‍ നിന്നു.
ഒട്ടേറെ രാജ്യങ്ങള്‍ മത വൈരത്തിന്റെയും അതിര്‍ത്തിയുടെയും പേരില്‍ പൊരുതുകയും ആഭ്യന്തര സംഘര്‍ഷങ്ങളാലും തീവ്രവാദത്തിന്റെയും പേരില്‍ പോരടിച്ച് നശിക്കുകയും ചെയ്യുമ്പോള്‍ മഹാ ഇടയന്റെ വാക്കുകള്‍ക്ക് കൂടുതല്‍ തെളിച്ചം വരുന്നു. കിഴക്കും പടിഞ്ഞാറും തമ്മിലുള്ള സൗഹൃദ ചര്‍ച്ചക്കായാണ് ഫ്രാന്‍സിസ് മാര്‍പാപ്പ എന്നും ആഹ്വാനം ചെയ്തിരുന്നത്. എന്നാല്‍ ആ വാക്കുകള്‍ കേള്‍ക്കേണ്ടവരുടെ കാതുകള്‍ വേണ്ടതുപോലെ അതിനായി തുറക്കുന്നില്ലെന്ന് മാത്രം. മാര്‍പാപ്പയുടെ വിയോഗവേളയിലെങ്കിലും ലോകം ആ വാക്കുകള്‍ ഓര്‍ത്തെങ്കിലെന്ന് ജനം ആഗ്രഹിക്കുന്നതും അതിന്റെ ഗൗരവം ഉള്‍ക്കൊണ്ടാണ്.
Content Highlights: Valeri Sanchez`s desperate run to Pope Francis in Abu Dhabi
Published: 21 Apr 2025, 06:47 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented