നിക്ക് നാടിനോട് ഇത്രയും സ്നേഹവും പ്രേമവും തോന്നാന്‍ കാരണക്കാരന്‍ അച്ഛനാണ്. ഞാന്‍ വളര്‍ന്നതൊക്കെ ചെന്നൈയിലായിരുന്നു. കേരളനാടിന്റെ പ്രകൃതിസൗന്ദര്യത്തെ വാഴ്ത്തിയും ഭാഷയെ വര്‍ണിച്ചുമൊക്കെ അച്ഛന്‍ എപ്പോഴും സംസാരിക്കുമായിരുന്നു. മലയാളഭാഷതന്‍..., കേരനിരകളാടും..., തുടങ്ങിയ പാട്ടുകള്‍ പാടിക്കൊണ്ട് മലയാളത്തനിമ മനസ്സില്‍ നിറച്ചത് അച്ഛനാണ്. വാസ്തവത്തില്‍ നാടിനോട് വല്ലാത്ത പ്രണയമായിരുന്നു എനിക്ക്. 

To advertise here,

എങ്ങനെയും പഠിത്തം കഴിഞ്ഞ് നാട്ടില്‍ വന്നാല്‍ മതിയെന്നായിരുന്നു ചിന്ത. അച്ഛനും അമ്മയും തനിനാടന്‍ ജീവിതരീതി പിന്തുടര്‍ന്നുവന്നവരാണ്. സ്‌കൂളിലേക്ക് ബസിലും ഓട്ടോയിലുമൊക്കെ വരുമ്പോള്‍ കൂട്ടുകാര്‍ ചോദിക്കുമായിരുന്നു, സെലിബ്രിറ്റിയുടെ മകളല്ലേ കാറില്‍ വരാത്തതെന്താണെന്ന്. അച്ഛന്റെ സാധാരണരീതിയിലുള്ള ജീവിതം കണ്ടാണ് ഞങ്ങള്‍ വളര്‍ന്നത്.

ഒഴുക്കിനനുസരിച്ച് നീന്തുന്ന ഒരാളാണ് അച്ഛന്‍. അതുപോലെത്തന്നെയാണ് ഞാനും. അച്ഛന്റെ നര്‍മബോധം കുറച്ച് എനിക്കും കിട്ടിയിട്ടുണ്ട്. ഇടയ്ക്കൊക്കെ അച്ഛനെപ്പോലെ വികാരത്തിനടിപ്പെടാറുണ്ട്. അച്ഛന്റെ അമ്മ മരിച്ചപ്പോഴാണ് കൂടുതല്‍ വികാരാധീനനായി അദ്ദേഹത്തെ കണ്ടതെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എപ്പോഴും സന്തോഷവാനായിരിക്കാനാണ് അച്ഛന്‍ ശ്രമിക്കാറ്. കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍മാത്രമാണ് അച്ഛന്‍ പതറിയിട്ടുള്ളത്. 

സംഗീതമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സന്തോഷം. ഇടയ്ക്കിടെ ഞങ്ങള്‍ പിണങ്ങും. കുറെദിവസം മിണ്ടാതിരിക്കും. പിന്നെ ശരിയാവും. ജീവിതത്തില്‍ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും അച്ഛന്‍ തന്നെയായിരുന്നു എന്റെ രക്ഷകന്‍. പലതരത്തിലുള്ള ദുരന്തങ്ങളും ഏറക്കുറെ പഴയകാല ചിന്താഗതിയുമായി ജീവിക്കുന്നയാളാണ് അച്ഛന്‍. എപ്പോഴും കുഞ്ഞുഡയറിയില്‍ നോക്കിയാണ് സ്റ്റേജില്‍ പാടാറുള്ളത്. വായിക്കാന്‍ അച്ഛന് കണ്ണടപോലും വേണ്ടാ എന്നാണ് പറയുന്നത്. 

ആദ്യകാലത്ത് മൊബൈല്‍ ഫോണോ ടാബോ ഒന്നുമില്ലായിരുന്നു. കാലം മാറിയിട്ടും അച്ഛന്‍ അതേരീതി പിന്തുടര്‍ന്നു. പഴമയെ വിലമതിക്കുന്ന ഒരാളാണ് അദ്ദേഹം. ഞാനും അച്ഛനും അമ്മയും ഒന്നിച്ചാല്‍ പഴയ പാട്ടുകള്‍ മാത്രമേ പാടാറുള്ളൂ. 1970-കളിലെ പാട്ടാണ് ഇഷ്ടം. ഇളയരാജയുടെ സംഗീതത്തില്‍ അച്ഛന്‍ പാടിയ പാട്ടുകള്‍ ഏറെ പ്രിയപ്പെട്ടതാണ്. അച്ഛന്‍ എം.എസ്. വിശ്വനാഥന്‍ സാറിന്റെ വലിയൊരു ആരാധകനായിരുന്നു. അച്ഛനെ വലിയ തോതില്‍ സ്വാധീനിച്ച വ്യക്തിയാണ് അദ്ദേഹം.

(മാതൃഭൂമിക്ക് മുമ്പ് അനുവദിച്ച അഭിമുഖത്തില്‍ നിന്ന്)