
ആരോടും പകയില്ല; പരിഭവമില്ല; അസൂയയോ വിദ്വേഷമോ ഇല്ല; അഹങ്കാരം ലവലേശമില്ല.
ആകെയുള്ളത് ഇത്തിരി മുന്‍കോപം മാത്രം. അതാകട്ടെ, ക്ഷണികമാണ് താനും.
സാത്വികനെന്നോ സ്വപ്നാടകനെന്നോ വിളിക്കാം, സൗകര്യം പോലെ. പക്ഷേ എനിക്കദ്ദേഹം ജയേട്ടനാണ്; എനിക്ക് മാത്രമല്ല എണ്ണമറ്റ ജയചന്ദ്രാരാധകര്‍ക്കും. ജ്യേഷ്ഠതുല്യന്‍. ശകാരിക്കാനും അത്യാവശ്യമെങ്കില്‍ കരണക്കുറ്റിക്ക് ഒന്ന് പൊട്ടിക്കാനും വരെ സ്വാതന്ത്ര്യമുള്ളയാള്‍.
മൂന്നേ മൂന്ന് ദൗര്‍ബല്യങ്ങളേ ഉള്ളൂ അദ്ദേഹത്തിന്. മുഹമ്മദ് റഫി, പി സുശീല; പിന്നെ നല്ല മൊരിഞ്ഞ ദോശയും. ഇഷ്ടക്കാരുടെ സ്‌നേഹത്തിനു മുന്നില്‍ നിരായുധനായിപ്പോകും ചിലപ്പോള്‍. വിവരദോഷികള്‍ക്ക് മുന്നില്‍ വെളിച്ചപ്പാടാകും. സുഖദമായ ഉച്ചയുറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തുന്നത് അമേരിക്കന്‍ പ്രസിഡന്റ് ആണെങ്കില്‍ പോലും പൊട്ടിത്തെറി ഉറപ്പ്.
ഇതൊക്കെയാണ് ഞാനറിയുന്ന സുതാര്യ സുന്ദര ജയചന്ദ്രന്‍. ജീവിതത്തെ ലാഘവത്തോടെ, തെല്ലൊരു കുസൃതിയോടെ, അസാമാന്യ നര്‍മ്മബോധത്തോടെ കാണാന്‍ കഴിയുന്ന, സൗഹൃദങ്ങള്‍ക്ക് മറ്റെന്തിനേക്കാള്‍ വില കല്‍പ്പിക്കുന്ന അസ്സല്‍ തൃശൂര്‍ക്കാരന്‍. നിത്യജീവിതത്തില്‍ അഭിനയിക്കാന്‍ അറിയാത്ത ഒരാള്‍.
തെന്നിന്ത്യന്‍ സിനിമാലോകത്തെ ഇതിഹാസങ്ങള്‍ പലരും എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത് ജയചന്ദ്രനൊപ്പമുള്ള യാത്രകളിലൂടെയാണ്. എംഎസ് വിശ്വനാഥന്‍, പി സുശീല, പുകഴേന്തി, പിബി ശ്രീനിവാസ്, ടിഎം സൗന്ദരരാജന്‍, രവീന്ദ്രന്‍, ചിദംബരനാഥ്, എടി ഉമ്മര്‍... അങ്ങനെ പലരും. ചെന്നൈ നഗരത്തിന്റെ തിരക്കിലും ബഹളത്തിലും അലിഞ്ഞ് ജയചന്ദ്രന്റെ മാരുതി സെന്‍ ഒഴുകുമ്പോള്‍, പുതിയ പുതിയ അറിവുകളുടെ ലോകത്തുകൂടി സഞ്ചരിക്കുകയാവും എന്റെ മനസ്സ്.
ആ ശബ്ദഘോഷങ്ങള്‍ക്കിടയില്‍ ഇടയ്ക്കിടെ പഴയ മദിരാശിയുടെ അവശിഷ്ടങ്ങള്‍ തിരയും ജയചന്ദ്രന്‍. സിനിമാ ജീവിതത്തിന്റെ തുടക്കത്തില്‍ അവസരങ്ങള്‍ തേടി താന്‍ നടന്നുപോയ വഴികള്‍; അന്ന് താമസിച്ച ലോഡ്ജ് മുറികള്‍; കാലത്തിന്റെ കുത്തൊഴുക്കില്‍ മാഞ്ഞു പോയ റെക്കോര്‍ഡിംഗ് സ്റ്റുഡിയോകള്‍; ക്യൂ നിന്ന് സിനിമ കണ്ട തിയറ്ററുകള്‍.... പില്‍ക്കാലത്ത് ജയചന്ദ്രന്റെ സ്വന്തം നാടായ ഇരിഞ്ഞാലക്കുടയിലൂടെയും അത്തരമൊരു യാത്രയില്‍ പങ്കാളിയായിട്ടുണ്ട് ഞാന്‍. അന്ന് കണ്ടുമുട്ടിയത് ജയചന്ദ്രന്‍ എന്ന ഗായകനെ രൂപപ്പെടുത്തിയ കുറെ സാധാരണ മനുഷ്യരെയാണ്; ബന്ധുക്കളും ഗുരുഭൂതന്മാരും സര്‍ക്കാര്‍ ജീവനക്കാരും മുതല്‍ തൊഴിലാളികള്‍ വരെയുണ്ടായിരുന്നു അവരില്‍.
എങ്ങനെ മറക്കാനാകും സംഗീതസാന്ദ്രമായ ആ യാത്രകള്‍? എന്നിലെ ഗവേഷണകുതുകിയായ പാട്ടുപ്രാന്തനെ രൂപപ്പെടുത്തിയത് തന്നെ അത്തരം യാത്രകളല്ലേ എന്ന് തോന്നും ചിലപ്പോള്‍. ഒരിക്കലും തിരിച്ചുവരില്ല കാല്‍ നൂറ്റാണ്ട് മുന്‍പത്തെ ആ നട്ടുച്ചകളും സന്ധ്യകളും രാവുകളും എന്നോര്‍ക്കുമ്പോള്‍ ദുഃഖം, നഷ്ടബോധം... ചെന്നൈ എന്ന മഹാനഗരത്തെ പ്രണയിക്കാന്‍ പ്രേരിപ്പിച്ചത് അവയെല്ലാമാണല്ലോ.
നഗരപ്രദക്ഷിണത്തിനിടെ ഓരോ തവണയും കാര്‍ ട്രാഫിക് ജാമിലോ സിഗ്‌നലിലോ പെട്ട് നിശ്ചലമാകുമ്പോള്‍ കൊതിയോടെ ഞാന്‍ പറയും: 'ജയേട്ടാ ആ ഇന്ദുമുഖി..'
ചെറുചിരിയോടെ പുറത്തെ പൊരിവെയിലിലേക്ക് നോക്കി സ്റ്റീയറിംഗില്‍ പതുക്കെ താളമിട്ട് 'ഹര്‍ഷബാഷ്പം' പാടും ജയചന്ദ്രന്‍. 'ഇന്ദുമുഖീ ഇന്ന് രാവില്‍ എന്തു ചെയ്വൂ നീ' എന്ന വരിയെത്തുമ്പോള്‍ കാറിനകത്ത് പൊടുന്നനെ മഴ പെയ്തു തുടങ്ങും-നീലാംബരി രാഗത്തിന്റെ നിലയ്ക്കാത്ത മഴ. പ്രണയത്തിന്റെ ആ പെരുമഴപ്പെയ്ത്തില്‍ നനഞ്ഞ് സ്വയം മറന്നിരിക്കും ഞാന്‍. മുന്നിലെ ട്രാഫിക് സിഗ്‌നലില്‍ പച്ച തെളിയുമ്പോള്‍ നിരാശയാണ്. അടുത്ത ജങ്ക്ഷനിലെ ചുവപ്പിന് വേണ്ടി കാത്തിരിക്കണമിനി.
'ശ്രാവണ നിശീഥിനി തന്‍ പൂവനം തളിര്‍ത്തു, പാതിരാവിന്‍ താഴ്വരയിലെ പവിഴമല്ലികള്‍ പൂത്തു' എന്ന് ജയചന്ദ്രന്‍ പാടിക്കേള്‍ക്കുമ്പോള്‍ മനസ്സില്‍ ഇതള്‍ വിരിയുന്ന രാവിന് എന്തൊരു ദൃശ്യഭംഗി, എന്തൊരു കാല്‍പ്പനിക ചാരുത. ആകാശവാണിയുടെ ചലച്ചിത്രഗാന പരിപാടിയില്‍ ഹര്‍ഷബാഷ്പം ആദ്യം കേട്ടപ്പോള്‍, പി ഭാസ്‌കരനും ദക്ഷിണാമൂര്‍ത്തി സ്വാമിയും ചേര്‍ന്നൊരുക്കിയ ആ ഗാനം സിനിമയില്‍ പാടി അഭിനയിക്കുന്നത് പ്രേംനസീര്‍ ആവണേ എന്ന് മോഹിച്ചിരുന്നു; പാതിയടഞ്ഞ മിഴികളോടെ അത് കേട്ടു കിടക്കുന്നത് ജയഭാരതി ആവണമെന്നും.
കേട്ട പാട്ടുകള്‍ മനസ്സിലെ വെള്ളിത്തിരയില്‍ ചിത്രീകരിച്ചു കാണുന്ന അസുഖമുണ്ട് അന്ന് (ഇന്നും). ബ്‌ളാക്ക് ആന്‍ഡ് വൈറ്റ് കാലമാണെങ്കിലും ഭാവനയിലെ 'ഹര്‍ഷബാഷ്പം' ഷൂട്ട് ചെയ്തു കണ്ടത് ഈസ്റ്റ്മാന്‍ കളറില്‍. സ്വപ്നമാകുമ്പോള്‍ എന്തിന് നിറം കുറയ്ക്കണം?
ശയനമുറിയിലെ അരണ്ട വെളിച്ചത്തില്‍ ചുമരില്‍ ചാരിനിന്ന് പ്രണയപൂര്‍വം പാടുന്ന നസീര്‍ സാര്‍. പാതിരാക്കാറ്റില്‍ നൃത്തം വെക്കുന്ന ജനല്‍ കര്‍ട്ടനുകള്‍. പാതിമയക്കത്തില്‍ പാട്ടു കേട്ട് കിടക്കുന്ന ജയഭാരതി. ഗുരുദത്തും വഹീദ റഹ്‌മാനും അഭിനയിച്ച 'ചൗദവീ കാ ചാന്ദ്' ഓര്‍മ്മവരുന്നുണ്ടോ? (ഒരു തമാശ കൂടി: ചൗദവീ കാ ചാന്ദ് എന്ന ഗാനരംഗം മ്യൂട്ട് ആക്കി പശ്ചാത്തലത്തില്‍ ഹര്‍ഷബാഷ്പം ഇട്ടു കേള്‍ക്കാറുണ്ട് ഞാന്‍. കൊള്ളാമല്ലോ എന്ന് തോന്നും).
പക്ഷേ 'മുത്തശ്ശി' എന്ന സിനിമയിലെ ഗാനരംഗം കണ്ടപ്പോള്‍ സങ്കടം വന്നു. ശയനമുറിയും പാതിരാക്കാറ്റും ജനല്‍ കര്‍ട്ടനുകളും ജയഭാരതിയുടെ അര്‍ദ്ധനിമീലിത മിഴികളും ഒന്നുമില്ല സീനില്‍. നസീര്‍ സാര്‍ പാടുന്നുമില്ല. റേഡിയോയില്‍ പാട്ട് കേട്ട് ചിന്താമഗ്‌നനാകുന്നതേ ഉള്ളൂ. അകലെയെങ്ങോ മൂന്ന് കുട്ടികളും കൂടെയൊരു പട്ടിയുമായി ഹാഫ് സ്‌കര്‍ട്ട് ധാരിണിയായ നായിക ഷീല ഏതോ പാര്‍ക്കിലൂടെ തിടുക്കത്തില്‍ നടക്കുന്നു, ഇടക്ക് ഇരിക്കുന്നു, തൂണില്‍ ചാരിനില്‍ക്കുന്നു... ചിന്ത തന്നെ, ചിന്തയോട് ചിന്ത. പാട്ടൊരു വഴി, ദൃശ്യങ്ങള്‍ വേറൊരു വഴി.
ഭാവനയിലേ കാണാറുള്ളൂ ഇപ്പോള്‍ ആ ഗാനരംഗം. പാടാന്‍ ജയചന്ദ്രനുള്ളപ്പോള്‍ സാങ്കല്‍പ്പിക ചിത്രീകരണം എത്ര എളുപ്പം. മുഗ്ദ്ധമധുരമായ ആ ശബ്ദത്തില്‍ തന്നെയുണ്ടല്ലോ മിഴിവാര്‍ന്ന ചിത്രങ്ങള്‍. അവയൊന്ന് ചേരുംപടി ചേര്‍ത്തുവെച്ചാല്‍ മതി.
'ഏത് സ്വപ്ന പുഷ്പവനം നീ തിരയുന്നൂ ഏത് രാഗകല്‍പ്പനയില്‍ നീ മുഴുകുന്നൂ' എന്ന് ജയചന്ദ്രന്‍ പ്രണയലോലമായി ചോദിക്കുമ്പോള്‍ ഓര്‍മ്മയില്‍ തെളിയുക പാര്‍ക്കിലൂടെ നടക്കുന്ന നായികയുടെ രൂപമല്ല; മായാത്ത ഒരു കാലമാണ്. വിണ്ണിലെ സുധാകരനും വിരഹിയായ കാമുകനുമായി മാറി ജയചന്ദ്രന്‍ നമ്മുടെ ചിന്തകളെയാകെ ഉണര്‍ത്തിയ കാലം.
ജയചന്ദ്രന്റെ ശബ്ദം ഒരിക്കലെങ്കിലും കാതില്‍ മുഴങ്ങാത്ത ദിനങ്ങളില്ല ജീവിതത്തില്‍. റേഡിയോയിലൂടെ, ടിവിയിലൂടെ, മൊബൈലിലൂടെ, അല്ലെങ്കില്‍ രാത്രിയുടെ അന്ത്യയാമങ്ങളിലെ സുദീര്‍ഘമായ ഫോണ്‍ കോളുകളിലൂടെ ആ ശബ്ദം എന്നെ പതിവായി തേടിയെത്തുന്നു. ഓരോ സംഭാഷണവും അവസാനിക്കുക മറക്കാനാവാത്ത ഒരു നിശാസംഗീതമേളയിലാണ്. കോഴിക്കോട് അബ്ദുള്‍ഖാദറും കമുകറയും എഎം രാജയും റഫിയും മുകേഷും ഹേമന്ത് കുമാറും ലതയും സുശീലാമ്മയും ടിഎംഎസ്സും ഒക്കെ വന്നു പോകുന്ന ഒരു മെഹഫില്‍. ജയചന്ദ്രഗീതങ്ങള്‍ മാത്രമുണ്ടാവില്ല ആ ഗാനപ്രവാഹത്തില്‍.
ചോദിച്ചാല്‍ അദ്ദേഹം പറയും: 'എന്റെ പാട്ടുകള്‍ നിങ്ങള്‍ക്ക് കേള്‍ക്കാനുള്ളതല്ലേ? ഞാന്‍ കേള്‍ക്കുക ഈ മഹാഗായകരുടെ പാട്ടുകളാണ്; കേട്ടിട്ടും കേട്ടിട്ടും മതിയാകാത്ത പാട്ടുകള്‍... മരണം വരെ ഞാന്‍ അവ കേള്‍ക്കും; ഏറ്റുപാടിക്കൊണ്ടേയിരിക്കും..'' ഹൃദയത്തില്‍ വന്നു തൊടുന്നു ആ വാക്കുകള്‍; ആ പാട്ടുകളെ പോലെ തന്നെ.
Content Highlights: Jayachandran Malayalam singer Malayalam music Indian music singer music cinema songs legend tribute
Published: 10 Jan 2025, 11:24 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented