തൃശൂര്‍: മലയാളിക്ക് പ്രണയത്തിലും വിരഹത്തിലും സന്തോഷത്തിലും സന്താപത്തിലും കൂട്ടായിനിന്ന ഭാവഗായകന് വിട നല്‍കാനൊരുങ്ങി കേരളം. പി. ജയചന്ദ്രന്റെ  മൃതദേഹവും വഹിച്ചുള്ള ആംബുലന്‍സ് പൂങ്കുന്നത്തെ വീട്ടില്‍ തിരികെയെത്തിച്ചു. സംഗീതനാടക അക്കാദമി ഹാളിലെ പൊതുദര്‍ശനത്തിന് ശേഷമാണ് മൃതദേഹം വീട്ടിലേക്ക് തിരിച്ചെത്തിച്ചത്. ശനിയാഴ്ച വൈകീട്ട് 3.30ന് പറവൂര്‍ ചേന്ദമംഗലം പാലിയം തറവാട് ശ്മശാനത്തിലാകും സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

To advertise here,

ഇതിഹാസ ശബ്ദം കൊണ്ട് അനുഗ്രഹീതമായ ജീവിതമായിരുന്നു ജയചന്ദ്രന്റേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ജയചന്ദ്രന്റെ വിയോഗത്തില്‍ ദുഃഖമുണ്ടെന്നും കുടുംബത്തിന്റെയും ആരാധകരുടെയും വിഷമത്തില്‍ പങ്കുചേരുന്നതായും പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഗവര്‍ണറും മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും സിനിമാ -രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഉള്‍പ്പടെ നിരവധി പേര്‍ പ്രിയഗായകന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

ഒരുവര്‍ഷമായി അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് ജയചന്ദ്രനെ തൃശ്ശൂരിലെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച ആശുപത്രി വിട്ടിരുന്നെങ്കിലും വ്യാഴാഴ്ച സന്ധ്യയോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി 7.54-നായിരുന്നു മരണം.  

1944 മാര്‍ച്ച് മൂന്നിന് എറണാകുളം രവിപുരത്ത് ഭദ്രാലയത്തില്‍ രവിവര്‍മ കൊച്ചനിയന്‍ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടെയും അഞ്ചുമക്കളില്‍ മൂന്നാമനായിട്ടാണ് പാലിയത്ത് ജയചന്ദ്രക്കുട്ടന്‍ എന്ന ജയചന്ദ്രന്റെ ജനനം. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ മൃദംഗം, ലളിതഗാനം എന്നിവയില്‍ സമ്മാനം നേടി.

1965ല്‍ കുഞ്ഞാലി മരക്കാര്‍ എന്ന സിനിമയിലെ 'മുല്ലപ്പൂ മാലയുമായ്...' എന്ന ഗാനം ആലപിച്ചാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കുള്ള വരവ്. തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ കളിത്തോഴനിലെ 'മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി...' എന്ന പാട്ടാണ് ശ്രദ്ധേയനാക്കിയത്. പിന്നീട് അരനൂറ്റാണ്ട് മതിവരാതെ മലയാളി അദ്ദേഹത്തെ കേട്ടു. 'രാജീവ നയനേ നീയുറങ്ങൂ', 'കേവലം മര്‍ത്യഭാഷ കേള്‍ക്കാത്ത' പോലുള്ള അനശ്വരഗാനങ്ങളാല്‍ പഴയകാലത്തെ ത്രസിപ്പിച്ചപോലെ 'പൂേവ പൂേവ പാലപ്പൂവേ, 'പൊടിമീശ മുളയ്ക്കണ പ്രായം,' 'ശാരദാംബരം...' തുടങ്ങിയ പാട്ടുകളിലൂടെ പുതിയകാലത്തിനും അദ്ദേഹം പ്രിയങ്കരനായി.

മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2021-ലെ ജെ.സി. ഡാനിയേല്‍ അവാര്‍ഡ്, മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‌കാരം, അഞ്ചുതവണ സംസ്ഥാന പുരസ്‌കാരം. നാലുതവണ തമിഴ്നാട് സംസ്ഥാന പുരസ്‌കാരം, തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരം, 'സ്വരലയ കൈരളി യേശുദാസ് പുരസ്‌കാരം എന്നിവയിലൂടെ പലതവണ അദ്ദേഹം ആദരിക്കപ്പെട്ടു.