
അറിഞ്ഞോ അറിയാതെയോ പി. ജയചന്ദ്രനെന്ന ഗായകനെ ഞാന്‍ മറന്നുപോയെന്ന തെറ്റ് തിരുത്തിയയിടത്തുനിന്നാണ് ഞങ്ങളുടെ സൗഹൃദം കൂടുതല്‍ ദൃഢമായത്. ഗായകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ രണ്ടാം അധ്യായം തുടങ്ങിയതും അവിടന്നായിരുന്നു. തുടക്കകാലത്തെ എന്റെ കുറെ പടങ്ങളില്‍ ദാസേട്ടനായിരുന്നു പാടിയിരുന്നത്. അന്നത്തെ സംഗീതസംവിധായകരില്‍ മിക്കവരും നിര്‍ദേശിച്ച പേര് യേശുദാസെന്നായിരുന്നു. ഞാനും മറിച്ചൊന്നും ചിന്തിച്ചില്ല.
ഞാന്‍ മാത്രമല്ല, മലയാളസിനിമതന്നെ അദ്ദേഹത്തെ മറന്നൊരു കാലമുണ്ടായിരുന്നു. എണ്‍പതുകളുടെ പകുതിമുതല്‍ തൊണ്ണൂറുകളുടെ അവസാനംവരെ. ഒരുദിവസം മദ്രാസില്‍വെച്ച് യാദൃച്ഛികമായി ഞാന്‍ അദ്ദേഹത്തെ കണ്ടുമുട്ടി. ഞാനും തിരക്കഥാകൃത്ത് ടി.എ. റസാക്കും ഹോട്ടലിന്റെ വരാന്തയില്‍നിന്ന് സംസാരിച്ചുകൊണ്ടിരിക്കെ ജയേട്ടനെ കണ്ടു. സന്തോഷത്തില്‍ ഞങ്ങള്‍ ജയേട്ടാ എന്നുവിളിച്ച് അടുത്തേക്കുചെന്നു. അദ്ദേഹം വളരെ ഗൗരവത്തില്‍ എന്നെയൊന്ന് നോക്കി. മനസ്സിലാവാഞ്ഞിട്ടാണോ എന്ന് കരുതി ഞാന്‍ പറഞ്ഞു:
''ജയേട്ടാ, കമലാണ്...''
''നിന്നെ എനിക്ക് മനസ്സിലാവാതെയാണോ. ഒന്നുമില്ലെങ്കിലും നമ്മള്‍ നാട്ടുകാരല്ലേ ഡാ? നീ ഇപ്പോ വല്യ സംവിധായകനായില്ലേ? നമ്മളെയൊക്കെ മറന്നു.''
ഞാന്‍ പെട്ടെന്ന് വല്ലാണ്ടായി: ''ചേട്ടാ, എന്തുപറ്റി?''
''ഒന്നൂല്ല. മലയാളസിനിമതന്നെ എന്നെ മറന്നു. പിന്നെയാണോ നീയ്.''-അദ്ദേഹം പരിഭവത്തോടെ പറഞ്ഞു.
അദ്ദേഹം പോവാന്‍ തുടങ്ങിയപ്പോള്‍ റസാക്ക് നിര്‍ബന്ധിച്ച് അദ്ദേഹത്തെ ഞങ്ങളുടെ മുറിയിലേക്കു കൊണ്ടുവന്നു.
കുറെനേരം ഞങ്ങള്‍ സംസാരിച്ചിരുന്നു. ദേഷ്യവും പരിഭവവുമൊക്കെ അലിഞ്ഞില്ലാതായി. പോവാന്‍ നേരം അദ്ദേഹം പറഞ്ഞു: ''നേരത്തേ ഞാന്‍ വെറുതേ പറഞ്ഞതാണ്. നിനക്ക് എപ്പോഴെങ്കിലും പാടിക്കണമെന്ന് തോന്നുമ്പോള്‍ വിളിച്ചോ. ഞാന്‍ പാടാം.''
ഞാന്‍ റസാക്കിനോട് പറഞ്ഞു: ''ഞാന്‍ ചെയ്തത് വലിയ തെറ്റായിപ്പോയി. എന്റെ അടുത്ത പടത്തില്‍ തീര്‍ച്ചയായും അദ്ദേഹത്തെക്കൊണ്ട് പാടിച്ചിരിക്കും.'' അങ്ങനെ 'നിറം' സിനിമയുടെ പാട്ട് കമ്പോസിങ്ങിനിടെ വിദ്യാസാഗറിനോട് ഞാന്‍ കാര്യം പറഞ്ഞു. വിദ്യാസാഗറും താത്പര്യം പ്രകടിപ്പിച്ചു.
അദ്ദേഹം ആദ്യം കമ്പോസ് ചെയ്തത് 'മിഴിയറിയാതെ' എന്ന പാട്ടായിരുന്നു. അത് ദാസേട്ടന്‍ പാടിയാലാണ് നന്നാവുകയെന്നും പറഞ്ഞു. 'പ്രായം നമ്മില്‍' എന്ന പാട്ട് ഫാസ്റ്റ് സോങ്ങാണ്. കോളേജ് പിള്ളേരുടെ പാട്ടല്ലേ? എം.ജി. ശ്രീകുമാറൊക്കെ പാടിയാലാവും നന്നാവുക എന്ന് വിദ്യാസാഗര്‍ അഭിപ്രായം പറഞ്ഞു. ''അല്ലെങ്കില്‍പ്പിന്നെ, 'ശുക്രിയ...' എന്ന പാട്ട് നോക്കണം.'' ആ ചര്‍ച്ച അവിടെ അവസാനിപ്പിച്ച്, ഞങ്ങള്‍ അന്ന് പിരിഞ്ഞു.
പിറ്റേന്ന് വിദ്യാസാഗര്‍ വിളിച്ചപ്പോള്‍, ''നമുക്ക്, 'പ്രായം നമ്മില്‍...' എന്ന പാട്ടുതന്നെ ജയേട്ടനെക്കൊണ്ട് പാടിക്കാം'' എന്നു പറഞ്ഞു.
അങ്ങനെ, ജയേട്ടനെ ഫോണ്‍ ചെയ്ത് പാട്ടിന്റെ കാര്യം പറഞ്ഞു. വലിയൊരു പാട്ടായതുകൊണ്ടുതന്നെ ഓര്‍ക്കസ്‌ട്രേഷന്‍ രാവിലെ തുടങ്ങിയിരുന്നു. ഇതിനിടയ്ക്ക് രണ്ടുപ്രാവശ്യം എപ്പോഴാണ് വരേണ്ടതെന്ന് ചോദിച്ച് ജയേട്ടന്‍ വിളിച്ചു. രാത്രി 9 മണിയായപ്പോള്‍ ''ഇനി ഇന്നുണ്ടാവില്ലല്ലോ, ഞാന്‍ ഉറങ്ങട്ടെ.'' എന്നുപറഞ്ഞ് ഫോണ്‍ വെച്ചു. ഞാനിക്കാര്യം വിദ്യാസാഗറിനോട് പറഞ്ഞു. അല്ല, പാട്ട് റെഡിയാണ്. അരമണിക്കൂറിനുള്ളില്‍ ജയേട്ടനോട് വന്നോളാന്‍ പറഞ്ഞു. 9.30 ആയപ്പോഴേക്കും അദ്ദേഹമെത്തി.
എന്റെ കൈയില്‍നിന്ന് വരികള്‍ വാങ്ങി നോക്കി കുറച്ചുനേരം സംസാരിച്ചിരുന്നു. ഓര്‍ക്കസ്‌ട്രേഷന്‍ കഴിയുമ്പോള്‍ രാത്രി പതിനൊന്നര. ബുദ്ധിമുട്ടാണെങ്കില്‍ നാളെ പാടാമെന്ന് വിദ്യാസാഗര്‍ പറഞ്ഞപ്പോള്‍ വേണ്ടാ, ഏതായാലും ഇറങ്ങിപ്പുറപ്പെട്ടതല്ലേ, ഇന്നുതന്നെ പാടാമെന്ന് പറഞ്ഞ് അദ്ദേഹം അവിടെത്തന്നെ ഇരുന്നു. ഏകദേശം പന്ത്രണ്ടര കഴിഞ്ഞാണ് അദ്ദേഹത്തിന് പാട്ട് പാടിക്കൊടുക്കുന്നത്.
അദ്ഭുതപ്പെട്ടുപോയി. കാരണം ഇത്രയും കാലം ഈ മനുഷ്യനെ വിളിച്ചില്ലല്ലോ. എന്തൊരു യങ് വോയ്‌സാണ്. ഞങ്ങളാരും അത് പ്രതീക്ഷിച്ചിരുന്നില്ല. ഞാനിത് നേരത്തേ ആലോചിക്കേണ്ടതായിരുന്നു എന്ന് വിദ്യാസാഗറും പറഞ്ഞു. പിറ്റേദിവസം ജയേട്ടന്‍ വിദ്യാസാഗറിനെ വിളിച്ച് ഒന്നുകൂടി പാടിനോക്കാമെന്ന് പറഞ്ഞ് ചെറിയ തിരുത്തലുകളും നടത്തി. അദ്ദേഹത്തിന് തൃപ്തിയാവുന്നതുവരെ പാടി. ആ സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് പാട്ടായിരുന്നു 'പ്രായം നമ്മില്‍...' സത്യത്തില്‍ കുറച്ചുനാള്‍ പാടാതിരുന്ന ജയേട്ടന്റെ ശക്തമായൊരു തിരിച്ചുവരവായിരുന്നു അത്.
ആ പാട്ടിലൂടെ മികച്ച ഗായകനുള്ള അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി. ദാസേട്ടനോടുള്ള എല്ലാ സ്‌നേഹത്തോടും ബഹുമാനത്തോടുംകൂടിത്തന്നെ എന്റെ എല്ലാ സിനിമകളിലും ഒരു പാട്ടെങ്കിലും ജയേട്ടനെക്കൊണ്ട് പാടിക്കണമെന്ന് എനിക്കുതോന്നി. പിന്നീട് 'മധുരനൊമ്പരക്കാറ്റ്', 'ഗ്രാമഫോണ്‍', 'രാപകല്‍', 'പെരുമഴക്കാലം' തുടങ്ങിയ സിനിമകളിലൊക്കെ ജയേട്ടന്‍ പാടി.
Content Highlights: director kamal about singer p jayachandran
Published: 10 Jan 2025, 08:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented