
മലയാളത്തിന്റെ ഭാവഗായകനെ നേരിട്ടറിയുന്നതും അടുത്ത സൗഹൃദത്തിലാവുന്നതും 1983 എന്ന സിനിമയുടെ റെക്കോഡിങ് വേളയിലാണ്. ചിത്രത്തിലെ 'ഓലഞ്ഞാലിക്കുരുവി...' എന്ന പാട്ട് ആരൊക്കെ പാടണമെന്ന ചര്‍ച്ചവന്നപ്പോള്‍ ഒരു സംശയവും കൂടാതെ പി. ജയചന്ദ്രനും വാണിജയറാമും എന്ന തീരുമാനമെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത് ചെറുപ്പംമുതല്‍ ആഴത്തില്‍ ഉള്ളില്‍ക്കയറിയ ജയേട്ടന്റെ ശബ്ദം തന്നെയാണ്.
ആ പാട്ടിന്റെ റെക്കോഡിങ് വേളയില്‍ ഒരുപാട് പഴയകഥകള്‍ ജയേട്ടന്‍ പറഞ്ഞുതന്നിരുന്നു. എന്റെ അച്ഛന്റെ അമ്മാവനാണ് സംവിധായകന്‍ രാമുകാര്യാട്ട്. അദ്ദേഹവും ജയേട്ടനുമെല്ലാം പണ്ടുമുതല്‍ക്കേ ഒരു സംഘമായിരുന്നു. ജയേട്ടനുമായി സംസാരിക്കാന്‍ തുടങ്ങിയാല്‍ സമയം പോവുന്നതറിയില്ല. അഞ്ചുമിനിറ്റ് സംസാരിക്കാമെന്നുവിചാരിച്ചു തുടങ്ങിയാല്‍ അഞ്ചുമണിക്കൂറിനുശേഷമേ അവസാനിക്കൂ. അത്രമാത്രം കഥകളുടെ, അറിവിന്റെ സാഗരമാണ് അദ്ദേഹം.
ഓലഞ്ഞാലിക്കുരുവി ജയേട്ടനല്ല പാടിയതെങ്കില്‍ ഇത്രയ്ക്ക് ജനപ്രിയമാവുമായിരുന്നില്ലെന്ന് എനിക്കുറപ്പുണ്ട്. ജയേട്ടന്റെ ശബ്ദത്തില്‍ ആ പാട്ട് വരുമ്പോഴാണ് ഗൃഹാതുരത്വത്തിന്റെ ഒരു കുളിര് നമുക്കനുഭവപ്പെടുക. സംഗീതസംവിധായകനെ അറിഞ്ഞുപാടുന്ന ഗായകനാണ് അദ്ദേഹം. നമ്മള്‍ പ്രതീക്ഷിക്കുന്നതിന്റെ പത്തുമടങ്ങ് അധികം അദ്ദേഹത്തില്‍നിന്ന് ലഭിക്കും. ശബ്ദവും ഉച്ചാരണത്തിലെ സ്പഷ്ടതയുമെല്ലാം അദ്ദേഹത്തിന് ജന്മനാ സിദ്ധിച്ചതാണ്. ഒരുവാക്ക് അതിന്റെ എല്ലാ അര്‍ഥത്തിലും ജയേട്ടന്‍ ഉച്ചരിക്കും. ഇന്നത്തെ പലഗായകര്‍ക്കും അത് സാധ്യമല്ല.
ജയേട്ടന്റെ ഇഷ്ടഗാനം ഏതെന്ന് പലരും ചോദിക്കാറുണ്ട്. പക്ഷേ, ആ ചോദ്യത്തിനുമുന്നില്‍ കുഴഞ്ഞുപോവാറുണ്ട് ഞാന്‍. ഒരുപാട് പാട്ടുകള്‍ ഒന്നൊന്നായി മനസ്സിലേക്ക് തിരമാലപോലെ ഉയര്‍ന്നുവരും. ഓരോ സമയത്ത് ഓരോ പാട്ടുകളോടാണ് ഇഷ്ടം.
Content Highlights: gopi sundar about p jayachandran
Published: 10 Jan 2025, 07:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented