
ഹൃദയത്തിൽ പതിഞ്ഞതാണ് ആ പാട്ടുകളും ജയേട്ടൻ എന്ന മനുഷ്യനും. ജയേട്ടൻ പലപ്പോഴും വാക്കുകളെ ഉച്ചരിക്കുന്നത് സമത്തിനെക്കാൾ, ഇടത്തിനോട് ചേർന്നാണ് എന്നുതോന്നാറുണ്ട്. ഹർഷ, വർഷ എന്നിവിടങ്ങളിൽ ഈ വാക്കിന്റെ പിടിത്തംകൊണ്ട് അദ്ദേഹമുണ്ടാക്കുന്ന സൗന്ദര്യം മറ്റൊരാൾക്കും അനുകരിക്കാനാവാത്തതാണ്.
രാജീവനയനേ എന്ന പാട്ട്, മൂവായിരത്തിലധികം ആളുകൾവരുന്ന വേദിക്കുമുന്നിൽ ജയേട്ടൻ പാടിനിർത്തുമ്പോൾ, നിറകണ്ണുകളോടെ ആളുകൾ എഴുന്നേറ്റുനിന്ന് കൈയടിക്കുന്നത്, കോരിത്തരിപ്പോടെ നേരിട്ടുകണ്ടിട്ടുണ്ട്. തമ്പിസാർ-എം.എസ്.വി. കൂട്ടുകെട്ടിന്റെ മാന്ത്രികത തന്നിലേക്ക് ആവാഹിച്ച്, ‘ഉറങ്ങുന്ന ഭൂമിയെ നോക്കി ഉറങ്ങാത്ത നീലാംബരം പോൽ’ എന്ന് ജയേട്ടൻ പാടിക്കേൾക്കുമ്പോൾ എപ്പോഴും കണ്ണുനിറയും.
മാനത്ത് കണ്ണികൾ മയങ്ങും കയങ്ങൾ എന്ന സുന്ദരമായ വയലാർ കവിത കേൾക്കുമ്പോൾ പ്രണയത്തെക്കുറിച്ച് ഇതിനപ്പുറം എങ്ങനെയാണെഴുതുക എന്നുതോന്നാറുണ്ട്. ദേവരാജൻമാസ്റ്ററുടെ സുന്ദരസംഗീതത്തിൽ ജയേട്ടൻ പാടുമ്പോൾ അത് വീണ്ടും ഭംഗിയുള്ളതാകും. അനുപല്ലവിയിൽ, നുണക്കുഴിപ്പൂവും കുറുനിരയും ഒക്കെ ജയേട്ടൻ പാടുമ്പോൾ കൂടുതൽ തിളക്കമുള്ളതാവും. റെക്കോഡിൽ കേൾക്കുന്നതിനേക്കാൾ സുന്ദരമായ അനുഭവമാണ്, ഓരോ വരിയെയുംപറ്റി ആവേശത്തോടെ പറഞ്ഞ് ജയേട്ടൻ ഇത് നേരിട്ട് പാടിത്തരുമ്പോൾ. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ പാടുമ്പോൾ ജയേട്ടൻ ശരിക്കും ആകാശത്തോപ്പിൻ കിന്നരനായിമാറും. ‘എന്തേ ഇന്നും വന്നീല’ എന്ന പാട്ടിനോട് കൂടുതൽ ഇഷ്ടമുണ്ട്.
‘പാതിരാവനമുല്ല ജാലകം വഴിയെന്റെ മോതിരവിരലിന്മേൽ ഉമ്മവെച്ചു’ എന്ന ഗിരീഷേട്ടന്റെ സുന്ദരകവിത, ഒരു ജയചന്ദ്രന്റെ സംഗീതത്തിൽ മറ്റൊരു ജയചന്ദ്രൻ പാടിക്കേൾക്കുമ്പോൾ ആ ഉമ്മയുടെ നനവ് നമ്മൾ ഓരോവട്ടവും അനുഭവിക്കും. അതുകൊണ്ടുതന്നെ പ്രിയപ്പെട്ടതാണ് ‘ഉറങ്ങാതെ രാവുറങ്ങീ’ എന്ന ചിത്രച്ചേച്ചിക്കൊപ്പം ജയേട്ടൻ പാടിയ യുഗ്മഗാനം.
Content Highlights: lyricist bk harinarayanan about singer p jayachandran
Published: 03 Mar 2024, 08:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented