
ഭാവഗായകന്റെ എണ്‍പതാം ജന്മദിനം കടന്നുപോകുന്നത് ആഘോഷങ്ങളില്ലാതെ. അടുത്ത സുഹൃത്തുക്കള്‍ ചേര്‍ന്ന് ജന്മദിനം ആഘോഷമാക്കി മാറ്റാനുള്ള ഒരുങ്ങള്‍ തുടങ്ങിയിരുന്നെങ്കിലും, ശാരീരികമായ അസ്വസ്ഥതകള്‍ നിലനില്‍ക്കുന്നതിനാല്‍ ഇത്തവണ തൃശ്ശൂരിലെ വീട്ടില്‍ വിശ്രമത്തിലാണ് ജയചന്ദ്രന്‍.
കുംഭത്തിലെ തിരുവാതിരയാണ് നക്ഷത്രം, ഇത്തവണത്തെ പിറന്നാള്‍ ആസ്പത്രിയിലായിരുന്നു. അതുകൊണ്ടുതന്നെ ഗുരുവായൂരപ്പനെ തൊഴാന്‍പോകുന്ന പതിവ് തെറ്റി. ഡോക്ടര്‍മാര്‍ കുറച്ചുദിവസത്തെ വിശ്രമം നിര്‍ദ്ദേശിച്ചതിനാല്‍ ആരോഗ്യം വീണ്ടെടുത്ത് പാടാനായി ഇറങ്ങുമ്പോഴാകാം ആഘോഷങ്ങളെല്ലാമെന്ന് തീരുമാനിക്കുകയായിരുന്നു. ഗുരുവായൂരപ്പനോടുള്ള പ്രാര്‍ത്ഥനയാണ് തനിക്ക് നല്‍കാവുന്ന ഏറ്റവും വലിയ ജന്മദിന സമ്മാനമെന്ന് ജയചന്ദ്രന്‍ പറഞ്ഞു.
ജന്മദിനത്തിലുള്ള ഗുരുവായൂര്‍ യാത്ര അമ്മയുള്ള കാലം മുതല്‍ തുടങ്ങിയതാണെന്ന് ജയചന്ദ്രന്‍ ഓര്‍ക്കുന്നു. ഗുരുവായൂരപ്പനെ തൊഴുത് വന്ന് വീട്ടില്‍ ഭാര്യക്കൊപ്പം ഭക്ഷണം കഴിക്കുന്നതാണ് പതിവ്. പിറന്നാളിനും ജന്മദിനത്തിനും സമ്മാനങ്ങള്‍ സ്വീകരിക്കുന്നത് കുറവാണ്. വൈകീട്ടോടെ കേക്കുമായി അടുത്തസുഹൃത്തുക്കള്‍ എത്തിയാല്‍, അവരുടെ സ്‌നേഹസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് പലപ്പോഴും ആ ആഘോഷങ്ങളില്‍ പങ്കുചേരുന്നത്. ഇത്തവണത്തെ പിറന്നാള്‍ ദിനത്തിലും അടുത്ത സുഹൃത്തുക്കള്‍ ആസ്പത്രിയിലെത്തിയിരുന്നു അവരുമായുള്ള സംസാരത്തിനിടെ ചില വരികള്‍ പാടുകയും ചെയ്തു.
ശബ്ദത്തിന്റെ മാന്ത്രികതയെകുറിച്ച് സൂചിപ്പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു '' ഇത് ഗുരുവായൂരപ്പന്റെ ശബ്ദമാണ് ഞാന്‍ പാടാന്‍ നേരം നല്‍കും, പാടിക്കഴിയുമ്പോള്‍ ഗുരുവായൂരപ്പനത് തിരിച്ചെടുത്ത് ലോക്കറില്‍ ഭദ്രമായി വക്കും''. പാടിയ ഓരോ പാട്ടും തന്നെ സ്‌നേഹിക്കുന്ന ആരാധകര്‍ക്കുള്ള തന്റെ പ്രാര്‍ത്ഥനകളാണെന്നാണ് ജയചന്ദ്രന്റെ പക്ഷം. പി.ജയചന്ദ്രന്റെ ഏറ്റവും പുതിയഗാനം ഗുരുവായൂരപ്പനുള്ള ജന്മദിന സമര്‍പ്പണമായാണ് എത്തുന്നത്. ബി സായിയുടെ ബാനറില്‍ ഒരുങ്ങുന്ന കവി പി എം പള്ളിപാടിന്റെ 'രുദ്രാഭിഷേകം' എന്ന ഗുരുവായൂരപ്പനുള്ള സുപ്രഭാതം പാടി, സ്റ്റുഡിയോയില്‍ നിന്നത് കേട്ടശേഷമാണ് കഴിഞ്ഞ ആഴ്ച്ച ആസ്പത്രിയിലേക്കിറങ്ങിയത്.

ജന്മദിന ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള വിളികള്‍ ധാരാളമായി എത്തുന്നുണ്ട്. ആരാധകരെന്നുപറഞ്ഞ് ഓടിയെത്തുന്നവര്‍ക്ക് നേരെ പലപ്പോഴും നെറ്റിചുളിക്കുന്നതാണ് പതിവ്. നിങ്ങളെന്നെ ആരാധിക്കേണ്ട, സ്‌നേഹിച്ചാല്‍ മതിയെന്നും എനിക്കുവേണ്ടി ഗുരുവായൂരപ്പനോട് പ്രാര്‍ത്ഥിക്കണമെന്നുമാണ് ആരാധകര്‍ക്ക് നേരെയുള്ള ജയചന്ദ്രന്റെ സ്ഥിരം മറുപടി. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച വിശ്രമം പൂര്‍ത്തിയാകാന്‍ ഇനി ദിവസങ്ങള്‍ കൂടിയേ ഉള്ളൂ, അതുകഴിഞ്ഞാല്‍ പൂങ്കുന്നം ജങ്ഷനിലൂടെ കളര്‍മുണ്ട് മാടികുത്തി ചുരുട്ടിപിടിച്ച തുണിസഞ്ചിയുമായി ഒരിറക്കമുണ്ട്, നാളത്തെ ആവശ്യത്തിനുള്ള പച്ചക്കറി ലക്ഷ്യം വച്ച് തക്കാളിയുടേയും വെണ്ടയുടേയും വില അന്വേഷിച്ച് വാങ്ങി മടങ്ങും. ഇയാള്‍തന്നെയല്ലേ.., അയാള്‍ എന്ന ഭാവമായിരിക്കും ആ സമയം കടക്കാരന്റെ മുഖത്ത്.അതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് നീങ്ങും.
തൃശ്ശൂരില്‍ ജയചന്ദ്രന്‍ ഗാനങ്ങള്‍ മാത്രം പാടുന്ന ഒരു തെരുവുഗായകനുണ്ട്. വര്‍ഷങ്ങളായി അയാള്‍ ഭാവഗായകന്റെ പാട്ടുകള്‍ മാത്രമേ പാടുന്നുള്ളു .യാത്രയിലെവിടെവച്ച് ആ ഗായകനെ കണ്ടാലും ജയചന്ദ്രന്‍ വണ്ടി നിര്‍ത്തി അയാള്‍ക്കൊപ്പം റോഡില്‍ നിന്ന് ഒന്ന് രണ്ട് പാട്ടുകള്‍ പാടിമാത്രമേ പോകാറുള്ളൂ...
Content Highlights: singer p jayachandran's 80th birthday without celebrations
Published: 03 Mar 2024, 06:24 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented