ന്യൂഡല്‍ഹി: പ്രകോപനം തുടരുന്ന പാകിസ്താന്‍ വെള്ളിയാഴ്ച ലക്ഷ്യമിട്ടത് ഇന്ത്യയിലെ 26-ഓളം നഗരങ്ങള്‍. ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളിലാണ് പാകിസ്താന്‍ ഡ്രോണുകള്‍ ആക്രമണം നടത്താന്‍ ശ്രമിച്ചത്. അവന്തിപ്പോരയിലെ വ്യോമതാവളമടക്കം പാക് ലക്ഷ്യമിട്ടുവെങ്കിലും ഇന്ത്യ എല്ലാ ശ്രമങ്ങളെയും നിര്‍വീര്യമാക്കി. 

To advertise here,

ജമ്മു കശ്മീരിലെ സാംബ, രജൗരി, ജമ്മു മേഖലകളിലും പഞ്ചാബിലെ പത്താന്‍കോട്ട്, അമൃത്സര്‍ മേഖലകളിലും പാക് ഡ്രോണുകളെത്തി. രാജസ്ഥാനിലെ മൂന്നിടങ്ങളിലാണ് ഡ്രോണാക്രമണത്തിനായി പാകിസ്താന്‍ ശ്രമം നടത്തിയത്. ജയ്‌സാല്‍മെര്‍, ബാര്‍മര്‍, പൊഖ്രാന്‍ എന്നിവിടങ്ങളിലാണ് ഡ്രോണുകളെത്തിയത്. വടക്കന്‍ കശ്മീരിലെ കുപ്‌വാര, സാംബ, പൂഞ്ച്, ഉറി മേഖലകളില്‍ കനത്ത വെടിവെപ്പുണ്ടായതായാണ് റിപ്പോര്‍ട്ട്. 

രാജസ്ഥാനിലെ ജയ്‌സാല്‍മെറില്‍ ഒമ്പത് ഡ്രോണുകളും ബാര്‍മറില്‍ ഒരു ഡ്രോണും ഇന്ത്യ വെടിവെച്ചിട്ടു. അമൃത്സറിലെ വിവിധയിടങ്ങില്‍ പതിനഞ്ചോളം ഡ്രോണുകളെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പാക് ആക്രമണങ്ങളെ ഇന്ത്യ ശക്തമായി പ്രതിരോധിച്ചു. അമൃത്സറില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വീടുകളുടെ പുറത്തിറങ്ങരുതെന്ന് പ്രദേശവാസികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.  

ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പാക് ഡ്രോണുകളെല്ലാം നിര്‍വീര്യമാക്കി. ചില ഡ്രോണുകളില്‍ സ്‌ഫോടകവസ്തുക്കളുണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങളെ പരീക്ഷിക്കാനുള്ള നീക്കമാണ് പാകിസ്താന്‍ നടത്തിയതെന്നാണ് സൂചന. അതേസമയം ഇന്ത്യയുടെ പ്രതിരോധമിസൈലുകളേറ്റ് ഡ്രോണുകള്‍ പൊട്ടിത്തെറിക്കുന്ന ശബ്ദമാണ് തുടര്‍ച്ചയായി ഈ മേഖലയില്‍ കേട്ടത്. ഗുജറാത്തിലെ കച്ചില്‍ 11 പാക് ഡ്രോണുകളാണ് എത്തിയത്. ഇവയെല്ലാം വെടിവെച്ചിട്ടെന്ന് സൈന്യം അറിയിച്ചു.