ന്യൂഡല്‍ഹി: പാക് പ്രകോപനത്തിനു പിന്നാലെ ശക്തമായ തിരിച്ചടിയുമായി ഇന്ത്യ. ഇസ്ലാമാബാദിലും പ്രധാന നഗരങ്ങളിലും ഇന്ത്യ ശക്തമായ ആക്രമണം നടത്തി. തിരിച്ചടിക്കായി ഇന്ത്യ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചതായാണ് റിപ്പോർട്ട്. 

To advertise here,

ജമ്മു കശ്മീരിന് പിന്നാലെ പഞ്ചാബും രാജസ്ഥാനും അടക്കമുള്ളയിടങ്ങളിൽ പാക് പ്രകോപനം ഉണ്ടാകും എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷ ശക്തമാക്കിയിരുന്നു. അതിർത്തിയിൽ നിരന്തരം പാക് പ്രകോപനം തുടരുകയാണ്. ഇന്ത്യൻസേന ശക്തമായ തിരിച്ചടിയാണ് നൽകുന്നത്.

ഇതിനിടെ നിയന്ത്രണരേഖയില്‍ പാകിസ്താന്‍ പോസ്റ്റുകള്‍ ലക്ഷ്യമാക്കി ഇന്ത്യ പീരങ്കി ആക്രമണം തുടങ്ങിയെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. പാക് നഗരമായ പെഷവാറിലും ഇന്ത്യയുടെ തിരിച്ചടിയില്‍ സ്‌ഫോടനങ്ങളുണ്ടായി. പാക്കിസ്താനിലെ പല പ്രധാന നഗരങ്ങളിലും ഇന്ത്യ തിരിച്ചടിച്ചു. ഇന്ത്യന്‍ ആക്രമണത്തിന് പിന്നാലെ ഇസ്ലാമാബാദില്‍ പാക് പ്രധാനമന്ത്രിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായാണ് വിവരം.

അതേസമയം പാകിസ്താനുള്ളിൽ ആഭ്യന്തര കലഹം പൊട്ടിപ്പുറപ്പെട്ടതായുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. പാകിസ്താനില്‍ നിര്‍ണായക മുന്നേറ്റം നടത്തുകയാണ് ബലൂച് ലിബറേഷന്‍ ആര്‍മി. നാടകീയമായ നീക്കത്തിലൂടെ ബിഎല്‍എ ബലൂചിസ്താൻ തലസ്ഥാനമായ ക്വറ്റ പിടിച്ചെടുത്തതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബിഎല്‍എ പാകിസ്താന്‍ സൈന്യത്തിന് നേരെ വന്‍തോതിലുള്ള ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ആക്രമണംകൂടി ആയതോടെ പാക് സേന വലിയ സമ്മര്‍ദ്ദത്തിലാണുള്ളത്.