ഇസ്ലാമാബാദ്: നാല് ദിവസം നീണ്ട ഇന്ത്യയുടെ തിരിച്ചടിയിൽ തങ്ങളുടെ പതിനൊന്ന് സൈനികർ കൊല്ലപ്പെട്ടെന്ന് പാക് സൈന്യം. പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ആക്രമണത്തിൽ വ്യോമസേനാംഗങ്ങൾ ഉൾപ്പെടെ 78 സൈനികർക്ക് പരിക്കേറ്റതായും പാക് സേനയുടെ പ്രസ്താവനയെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തു.

To advertise here,

പാക് വ്യോമസേനാ സ്ക്വാഡ്രൺ ലീഡർ ഉസ്മാൻ യൂസഫ്, ചീഫ് ടെക്നീഷ്യൻ ഔറംഗസേബ്, സീനിയർ ടെക്നീഷ്യൻ നജീബ്, കോർപ്പറൽ ടെക്നീഷ്യൻ ഫാറൂഖ്, സീനിയർ ടെക്നീഷ്യൻ മുബാഷിർ എന്നിവർ കൊല്ലപ്പെട്ടതായാണ് വിവരം. നായിക് അബ്ദുൾ റഹ്മാൻ, ലാൻസ് നായിക് ദിലാവർ ഖാൻ, ലാൻസ് നായിക് ഇക്രമുള്ള, നായിക് വഖാർ ഖാലിദ്, ശിപായി മുഹമ്മദ് അദീൽ അക്ബർ, ശിപായി നിസാർ എന്നിവരും ഇന്ത്യൻ തിരിച്ചടിയിൽ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടിൽ പറയുന്നു. 

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ പ്രത്യാക്രമണം നടത്തിയിരുന്നു. ഒമ്പത് ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യൻ ഓപ്പറേഷൻ. ഇതിൽ നൂറോളം ഭീകരരെ വധിച്ചെന്ന് ഇന്ത്യൻ സേന നേരത്തെ അറിയിച്ചിരുന്നു.