രൂപക്കൂട്ടിൽ ഇരിക്കുന്ന പുണ്യവാളനാണ് ഉമ്മൻചാണ്ടിയെന്ന് അദ്ദേഹത്തിന്റെ അടുത്ത അനുയായികൾ പോലും പറയില്ല. കേരളരാഷ്ട്രീയം കണ്ടിട്ടുള്ള ഏറ്റവും തന്ത്രശാലിയായ അഞ്ചു നേതാക്കളുടെ പട്ടികയുണ്ടാക്കിയാൽ അതിന്റെ മുൻനിരയിൽ ഉമ്മൻചാണ്ടിയുണ്ടാവും. ഒതുക്കേണ്ടവരെ ഒതുക്കിയും വളർത്തേണ്ടവരെ വളർത്തിയുമാണ് ഉമ്മൻ ചാണ്ടി ഉമ്മൻ ചാണ്ടിയായത്. പക്ഷേ, ഉമ്മൻ ചാണ്ടി രാഷ്ട്രീയ കേരളത്തിന്റെ ഉമ്മറത്ത് കസേര വലിച്ചിട്ടിരിക്കുന്നത് ഒതുക്കലുകളുടെ പേരിലല്ല, വളർത്തലുകളുടെ പേരിലാണ്. ഈ വളർത്തലുകളാണ് ഉമ്മൻ ചാണ്ടിയിലേക്കെത്തുന്ന ആൾക്കൂട്ടം.

To advertise here,

കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉമ്മൻ ചാണ്ടിയേക്കാൾ രണ്ടു വയസ്സിനിളയതാണ്. 1970-ൽ ഉമ്മൻ ചാണ്ടി ആദ്യമായി പുതുപ്പള്ളിയിൽനിന്ന് ജയിച്ച് കേരള നിയമസഭയിലെത്തുമ്പോൾ കൂത്തുപറമ്പിൽനിന്ന് ജയിച്ച് പിണറായിയും അതേ നിയമസഭയിലേക്ക് ആദ്യമായി എത്തിയിരുന്നു. ഒരു പക്ഷേ, ആ നിയമസഭയിലെ ബേബി പിണറായി ആയിരുന്നിരിക്കണം. പിണറായിയും ഉമ്മൻചാണ്ടിയും രണ്ട് പാഠപുസ്തകങ്ങളാണ്. രണ്ട് രീതികൾ, രണ്ട് ഉള്ളടക്കങ്ങൾ.

സി.പി.എമ്മിൽ പിണറായി വിജയൻ - വി.എസ്. അച്ച്യുതാനന്ദൻ ദ്വന്ദത്തിന് സമാനമാണ് കോൺഗ്രസിൽ ഉമ്മൻചാണ്ടി - വി.എം. സുധീരൻ ദ്വന്ദം. പരസ്പര വിപരീതങ്ങളായ ധ്രുവങ്ങൾ പോലെയാണ് ഈ ദ്വന്ദങ്ങൾ ഇരു പാർട്ടികളിലും പ്രവർത്തിച്ചത്. സി.പി.എമ്മിൽ വി.എസിനുള്ള അതേ ആദർശപരിവേഷമാണ് കോൺഗ്രസിൽ സുധീരനുള്ളത്. പക്ഷേ, വി.എസുമായുള്ള പോരാട്ടത്തിൽ പിണറായി കേൾക്കേണ്ടി വന്നിട്ടുള്ള പഴികളോ ആരോപണങ്ങളോ സുധീരനുമായുള്ള കലഹത്തിൽ ഉമ്മൻ ചാണ്ടിക്ക് കേൾക്കേണ്ടി വന്നിട്ടില്ല. രാഷ്ട്രീയകേരളത്തിൽ വി.എസിന് മുന്നിൽ പിണറായിക്കുള്ള പ്രതിച്ഛായ അല്ല സുധീരന് മുന്നിൽ ഉമ്മൻ ചാണ്ടിക്കുള്ള പ്രതിച്ഛായ. ഇവിടെയാണ് പിണറായി പിണറായിയും ഉമ്മൻ ചാണ്ടി ഉമ്മൻ ചാണ്ടിയുമാവുന്നത്.

placeholder
.
കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ രാഹുൽഗാന്ധി മണർകാട് കവലയിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യാനായി ഉമ്മൻചാണ്ടിയെ കാറിന്റെ മുകളിൽ കയറാൻ സഹായിക്കുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്/മാതൃഭൂമി

രഹസ്യം രഹസ്യമാണ്, പരസ്യം പരസ്യവും

ഉമ്മൻ ചാണ്ടിയുടെ സ്വഭാവസവിശേഷതയിലേക്ക് വെളിച്ചം വീശുന്ന രണ്ട് മൂന്ന് സംഭവങ്ങൾ ഇവിടെ എടുത്തുപറയുന്നത് പ്രയോജനകരമാവുമെന്ന് കരുതുന്നു. 2019-ൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉമ്മൻ ചാണ്ടി കോഴിക്കോട്ടെത്തിയപ്പോൾ അദ്ദേഹവുമായി ഒരു അഭിമുഖത്തിന് ശ്രമിച്ചു. മൊബൈൽ ഫോൺ കൈയിൽ കൊണ്ടു നടക്കുന്ന ശീലം ഉമ്മൻ ചാണ്ടിക്കില്ല. കൂടെയുള്ള പോലീസുകാരിൽ ആരുടേയെങ്കിലും മൊബൈൽ ഫോണിലേക്ക് വിളിച്ചാൽ ഉമ്മൻ ചാണ്ടിയെ കിട്ടും. ഇതൊരു കരുതൽ നടപടിയാവാം. ഫോണിലൂടെ രഹസ്യങ്ങൾ പറയുന്ന നേതാവല്ല ഉമ്മൻ ചാണ്ടി. 

രഹസ്യങ്ങളില്ലാത്ത മനുഷ്യരില്ല. പക്ഷേ, രഹസ്യം രഹസ്യവും പരസ്യം പരസ്യവുമായിരിക്കേണ്ടതെങ്ങിനെയെന്ന് ഉമ്മൻ ചാണ്ടിക്കറിയുന്നതുപോലെ കേരളത്തിലെ സമകാലിക രാഷ്ട്രീയ നേതാക്കളിൽ മറ്റാർക്കെങ്കിലും അറിയാമെന്ന് തോന്നുന്നില്ല. അതുകൊണ്ടു തന്നെയാണ് മുഖ്യമന്ത്രിയായിരുന്നപ്പോൾ  ക്യാമറക്കണ്ണുകൾക്ക് മുന്നിൽ സ്വന്തം ഓഫിസ് തുറന്നിടുന്നതിൽ ഉമ്മൻ ചാണ്ടിക്ക് മടിയോ പേടിയോ ഉണ്ടാവാതിരുന്നത്. ഏതാൾക്കൂട്ടത്തിലും ഒരു രഹസ്യം കൈമാറേണ്ടതെങ്ങിനെയെന്നതിന് ഉമ്മൻ ചാണ്ടിയെക്കഴിഞ്ഞേ മറ്റൊരാളുള്ളൂ.

അഭിമുഖത്തിന്റെ കാര്യം പറഞ്ഞ് ഫോണിൽ വിളിച്ചപ്പോൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു മാധ്യമത്തിനും അഭിമുഖം നൽകിയിട്ടില്ലെന്നും കേരളത്തിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളെക്കുറിച്ച് പറയേണ്ടത് കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൽ വാസ്നിക്കാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. എങ്കിലും ഒന്നു ശ്രമിച്ചു നോക്കിയേക്കാമെന്ന് കരുതി ഉമ്മൻ ചാണ്ടിയുടെ ആദ്യ യോഗസ്ഥലത്തേക്ക് വണ്ടി വിട്ടു. അവിടെയെത്തിയപ്പോഴേക്കും ഉമ്മൻ ചാണ്ടി അടുത്ത യോഗവേദിയിലേക്ക് യാത്രയായിരുന്നു. നഗരപ്രാന്തത്തിലുള്ള ഒരു സ്ഥലത്തെ കുടുംബസമ്മേളനമായിരുന്നു വേദി. അവിടെയെത്തുമ്പോഴുണ്ട്  യോഗം കഴിഞ്ഞ് ഉമ്മൻ ചാണ്ടി കുറച്ച് ദൂരെയായി നിർത്തിയിട്ടിരിക്കുന്ന കാറിനടുത്തേക്ക് നടക്കുകയാണ്. 

പത്തു പതിനഞ്ചുപേർ കൂടെയുണ്ട്. ഈ കൂട്ടത്തിന്റെ ഇടയിലൂടെ നുഴഞ്ഞുകയറി അടുത്തെത്തിയപ്പോൾ ഉമ്മൻ ചാണ്ടി ചിരിച്ചു. എന്നിട്ട് അദ്ദേഹം കൈ ചേർത്തുപിടിച്ചു. മുന്നിലുള്ള ഫോട്ടോഗ്രാഫർ ഷഹീറിന്റെ ക്യാമറ തുരുതുരാ കണ്ണടച്ചു തുറക്കുന്നുണ്ടായിരുന്നു. എന്റെ കൈയും ചേർത്തുപിടിച്ച് ഉമ്മൻ ചാണ്ടി മുന്നോട്ടു നടക്കുകയാണ്. അതിനിടയിൽ അദ്ദേഹം തീർത്തും സൗമ്യമായി സംസാരിച്ചു കൊണ്ടേയിരുന്നു. ഇതു കാണുന്ന ഒരാൾക്ക് ഒരിക്കലും തോന്നില്ല ഉമ്മൻ ചാണ്ടി ചിരിച്ചുകൊണ്ട് പറയുന്നത് അഭിമുഖം പറ്റില്ല എന്നാണെന്ന്. പക്ഷേ, അഭിമുഖം വേണ്ട എന്നാണദ്ദേഹം ആ സമയമത്രയും പറഞ്ഞുകൊണ്ടിരുന്നത്. ഇതാണ് ഉമ്മൻ ചാണ്ടി.  

ഉമ്മൻചാണ്ടി നൊ എന്നു പറയുമ്പോൾ കേൾക്കുന്നവർക്ക് അത് യെസ് ആണെന്നേ  തോന്നുകയുള്ളു. അതേ നൊ  പിണറായി വിജയൻ പറഞ്ഞാൽ ഒരാൾക്കും അത് യെസ് ആണെന്ന് തോന്നില്ല. അഭിമുഖം പറ്റില്ലെന്ന് പറഞ്ഞെങ്കിലും താമസിക്കുന്ന ഹോട്ടലിലെ മുറിയിലേക്ക് കയറിച്ചെന്നപ്പോൾ ഉമ്മൻ ചാണ്ടി തടഞ്ഞില്ല. മുണ്ടൊന്നു മാറി കൈലിയുടുത്തു വന്ന് കസേരയിലിരുന്ന് അഭിമുഖത്തിന് സമ്മതിക്കുകയും ചെയ്തു.

placeholder
.
ഉമ്മൻ ചാണ്ടിക്കൊപ്പം സെൽഫി എടുക്കാനുള്ള തിരക്ക് | ഫോട്ടോ: കെ.കെ. സന്തോഷ് \മാതൃഭൂമി

അധികാരവും ജനാധിപത്യവും

അധികാരത്തിലുള്ളപ്പോഴും ഉമ്മൻ ചാണ്ടിയുടെ പെരുമാറ്റം ഇങ്ങനെ തന്നെയായിരുന്നു. 2004 നവംബറിൽ കരിപ്പൂർ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകർക്കു നേരെ മുസ്ലിംലീഗ് പ്രവർത്തകരെന്ന് പറയപ്പെടുന്നവരുടെ ആക്രമണമുണ്ടായി. പോലീസുകാർ കൈയുംകെട്ടി നോക്കി നിൽക്കെയാണ് മാധ്യമ പ്രവർത്തകർ ആക്രമിക്കപ്പെട്ടത്. ഇതിന് തൊട്ടടുത്ത ദിവസങ്ങളിലൊന്നിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും ചെന്നൈയിലേക്ക് വന്നു. തമിഴ്നാട്  മുഖ്യമന്ത്രി ജയലളിതയുമായി  മുല്ലപ്പെരിയാർ വിഷയം ചർച്ച ചെയ്യാനാണ് വരുന്നതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാൽ, കോയമ്പത്തൂർ ജയിലിലായിരുന്ന മഅദനിയുടെ കാര്യവും സന്ദർശന ലക്ഷ്യത്തിലുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

കുഞ്ഞാലിക്കുട്ടിക്കെതിരെ കേരള പത്രപ്രവർത്തക യൂണിയൻ പ്രതിഷേധ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്ന ദിവസങ്ങളായിരുന്നു അത്. യൂണിയന് ചെന്നൈയിൽ ഘടകമുണ്ട്. അതുകൊണ്ടുതന്നെ ചെന്നൈ വിമാനത്താവളത്തിൽ വെച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് യൂണിയന്റെ പ്രതിഷേധമുൾക്കൊള്ളുന്ന കത്ത് കൈമാറാൻ തീരുമാനിച്ചു. കത്തുമായി എത്തിയപ്പോൾ വിമാനത്താവളത്തിനുള്ളിലേക്ക് കടത്തിവിടാൻ സുരക്ഷാ ഉദ്യോഗസ്ഥർ തയ്യാറായില്ല. മുഖ്യമന്ത്രിക്കും മന്ത്രിക്കും സുരക്ഷാ ഭീഷണിയുണ്ടെന്നും അതുകൊണ്ട് മാധ്യമപ്രവർത്തകരായാലും അടുത്തേക്ക് പോകാൻ അനുവദിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥർ കട്ടായം പറഞ്ഞു. 

ഒടുവിൽ വിമനാത്താവളത്തിനുള്ളിൽ ഉമ്മൻ ചാണ്ടിക്കൊപ്പമുണ്ടായിരുന്ന ഒരു കോൺഗ്രസ് നേതാവിനെ വിളിച്ച് കാര്യം പറഞ്ഞു. കുറച്ചുകഴിഞ്ഞപ്പോൾ ഒരു സീനിയർ പോലീസ് ഓഫീസർ പുറത്തേക്ക് വന്നിട്ട് ഉള്ളിലേക്ക് പൊയ്ക്കൊള്ളാൻ അനുമതി തന്നു. മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോവുമ്പോൾ തമിഴ്നാട്ടുകാരനായ ആ  പോലീസ് ഓഫിസർ ആശ്ചര്യത്തോടെ പറഞ്ഞു: ''തനിക്കെതിരെ പ്രതിഷേധിക്കാൻ വരുന്നവരെ തന്റെ അടുത്തേക്ക് വിളിക്കുന്ന ഒരു മുഖ്യമന്ത്രിയെ ഇതാദ്യമായിട്ടാണ് കാണുന്നത്.''

പിന്നീട് വർഷങ്ങൾക്കു ശേഷം ഒരു ഔദ്യോഗിക പരിപാടിക്കെത്തിയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചെന്നൈ വിമാനത്താവളത്തിലേക്ക് മടങ്ങും മുമ്പ് സുഹൃത്ത് ഡാനിയൽ സാമുവലിന്റെ വീട്ടിലേക്ക് പോയി. അവിടെ ലഘുഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ എസ്‌കോർട്ട് വന്ന പോലീസുകാർ ഭക്ഷണം കഴിച്ചു തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളു. ഭക്ഷണം കഴിക്കൽ അവസാനിപ്പിച്ച് വണ്ടിയിലേക്ക് കയറാനൊരുങ്ങിയ പോലിസുകാരോട് ധൃതിയില്ലെന്ന് പറഞ്ഞ് ഉമ്മൻ ചാണ്ടി അവിടെ കാത്തിരുന്നു. തമിഴകത്ത് ജയലളിതയായിരുന്നു അപ്പോഴും മുഖ്യമന്ത്രി. അധികാരവുമായി നിരന്തരം മുഖാമുഖം കാണുന്ന തമിഴകത്തെ പോലീസുകാർക്ക് ഉമ്മൻ ചാണ്ടി അത്ഭുതമാവുക സ്വാഭാവികമായിരുന്നു. ജനാധിപത്യം എന്നത് ഉമ്മൻ ചാണ്ടിക്ക് ഒരിക്കലും ഒരു അലങ്കാരവസ്തുവായിരുന്നില്ല.

placeholder
.
കൊച്ചി മെട്രോയിൽ ആദ്യമായി യാത്ര ചെയ്യാനായി ഉമ്മൻ ചാണ്ടി എത്തിയപ്പോഴുള്ള തിരക്ക് | ഫോട്ടോ: വി.എസ്. ഷൈൻ\മാതൃഭൂമി

ഇല അറിയാതെ മരം മുറിക്കുമ്പോൾ

അധികാരം ഒരിക്കലും പ്രദർശിപ്പിക്കില്ലെന്നതാണ് ഉമ്മൻ ചാണ്ടിയുടെ സവിശേഷതകളിൽ ഒന്ന്. തന്റെ താഴെയുള്ളവരോട് അദ്ദേഹം ഒരിക്കലും കയർത്തു കണ്ടിട്ടില്ല. പക്ഷേ, തനിക്ക് മുകളിലുള്ളവരോട്, ശരിക്കുള്ള അധികാരത്തോട് ഉമ്മൻ ചാണ്ടി എത്രമാത്രം കലഹിച്ചിട്ടുണ്ട് എന്ന് ചോദിച്ചാലും ഉത്തരം വളരെക്കുറവ് എന്ന് തന്നെയായിരിക്കും. 2014-ൽ വി.എം. സുധീരനെ കെ.പി.സി.സി. പ്രസിഡന്റാക്കിയ ഹൈക്കമാന്റ് നടപടിയോട് ഉമ്മൻ ചാണ്ടിക്ക് ഒരിക്കലും ഉള്ളുകൊണ്ട് പൊരുത്തപ്പെടാനായിരുന്നില്ല. ജി. കാർത്തികേയനെ പ്രസിഡന്റാക്കണമെന്നൊയിരുന്നു ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ആവശ്യം. പക്ഷേ, കോൺഗ്രസ് ഹൈക്കമാന്റ് സുധീരനെ കെ.പി.സി.സിയുടെ തലപ്പത്തേക്ക് കൊണ്ടുവന്നു.

ആ ഒരൊറ്റ നടപടിയാണ് തന്റെ സർക്കാരിന് 2016-ൽ ഭരണത്തുടർച്ച ഇല്ലാതാക്കിയതെന്ന് ഉമ്മൻ ചാണ്ടി കരുതിയിരുന്നു. നിലവാരമില്ലാത്ത നാനൂറോളം ബാറുകൾ പൂട്ടണമെന്ന് പറഞ്ഞ് സുധീരൻ കളിച്ച കളിയെ തകർക്കാനാണ് ഉമ്മൻ ചാണ്ടി മൊത്തം ബാറുകളും പൂട്ടിയത്. സംസ്ഥാനത്തെ മുഴുവൻ ബാറുടമകളും അതോടെ ഉമ്മൻ ചാണ്ടി സർക്കാരിനെതിരായി. ബാർ കോഴ വിവാദം ഉടലെടുത്തത് ഈ പരിസരത്തിലാണ്. സോളാർ വിവാദം കത്തിക്കാൻ പണം ചെലവഴിച്ചത് സംസ്ഥാനത്തെ ബാർ ഉടമ ലോബിയാണെന്ന ആരോപണവും കാണാതിരിക്കാനാവില്ല.

കെ.പി.സി.സി. പ്രസിഡന്റായ  സുധീരനോടുള്ള ഉമ്മൻ ചാണ്ടിയുടെ നിസ്സഹകരണം രഹസ്യമായിരുന്നില്ല. ഉമ്മൻ ചാണ്ടി തന്നോട് കാട്ടിയത് ക്രൂരമായ നിസ്സഹകരണമാണെന്നാണ് സുധീരൻ പത്രസമ്മേളനം വിളിച്ചുകൂട്ടി പറഞ്ഞത്. പക്ഷേ, ഹൈക്കമാന്റിനോട് ഈ വിഷയത്തിൽ നേരിട്ടേറ്റുമുട്ടാൻ ഉമ്മൻ ചാണ്ടിക്കായില്ല. സുധീരനെ കൃത്യമായി ഒതുക്കുകയും അതേസമയം, ഹൈക്കമാന്റിനോടുള്ള വിധേയത്വം തുടരുകയും ചെയ്യുന്ന ഉമ്മൻ ചാണ്ടിയെയാണ് കേരളം കണ്ടത്. ശശി തരൂരിനോട് ഉള്ളുകൊണ്ട് അടുപ്പമുള്ളപ്പോഴും കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ തരൂരിനെ പരസ്യമായി പിന്തുണയ്ക്കാൻ ഉമ്മൻ ചാണ്ടിക്കാവാതെ പോയതും ഹൈക്കമാന്റിനോടുള്ള വിധേയത്വം ഒന്നുകൊണ്ടു മാത്രമാണ്.

ആന്ധ്ര പ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയാക്കിക്കൊണ്ട് ഹൈക്കമാന്റ് കളിച്ച കളിയിൽ പ്രതിഷേധമുണ്ടായിരുന്നെങ്കിലും പരസ്യമായൊരു ഏറ്റുമുട്ടലിന് ഉമ്മൻ ചാണ്ടി തയ്യാറായില്ല. ഉമ്മൻ ചാണ്ടി എക്കാലത്തും കേരളത്തിലെ നേതാവായിരുന്നു. കേരളം വിട്ടുള്ള ഒരു കളിയിലും ഉമ്മൻ ചാണ്ടിക്ക് താൽപര്യമുണ്ടായിരുന്നില്ല. എ.കെ. ആന്റണിയും വയലാർ രവിയും ലോക്സഭയിലേക്കും രാജ്യസഭയിലേക്കും പോയപ്പോഴും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ തന്നെ നങ്കൂരമിട്ടു.  ആന്റണിയോ വയലാർ രവിയോ കരുണാകരനോ അല്ല ഉമ്മൻ ചാണ്ടിയാണ് കേരളം കണ്ട ഏറ്റവും വലിയ ജനകീയ നേതാവ് എന്ന് വരുന്നത് ഇതൊക്കെകൊണ്ടു കൂടിയാണ്. ആ ഉമ്മൻ ചാണ്ടിയെയാണ് ആന്ധ്രയുടെ ചുമതല നൽകി ഒതുക്കാൻ ഹൈക്കമാന്റ് ശ്രമിച്ചത്. പക്ഷേ, 2021-ലെ തിരഞ്ഞെടുപ്പിൽ ചെന്നിത്തലയെക്കൊണ്ട് മാത്രം മതിയാവില്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ ഹൈക്കമാന്റ് വീണ്ടും ഇതേ ഉമ്മൻ ചാണ്ടിയിലേക്ക് തിരിഞ്ഞു എന്നത് ചരിത്രമാണ്.

ഉമ്മൻ ചാണ്ടിയെ നിർവ്വചിക്കാൻ സുധീരനോട് ആവശ്യപ്പെട്ടാൽ ഷേക്സ്പിയർ ഹാംലറ്റിനെക്കൊണ്ട് പറയിപ്പിച്ച വാക്കുകളാവും ചിലപ്പോൾ  സുധീരൻ ഉദ്ധരിക്കുക. ''One may smile , and smile, and be a villain.''(ഒരാൾ ചിരിക്കുമായിരിക്കും, വീണ്ടും ചിരിക്കുമായിരിക്കും, അപ്പോഴും അയാൾ ഒരു വില്ലനായിരിക്കും). ഒരാളെ വെട്ടിനിരത്താൻ ഉമ്മൻ ചാണ്ടിക്ക് ഉമ്മൻ ചാണ്ടിയുടേതായ വഴികളുണ്ട്. ഇല അറിയാതെ മരം മുറിക്കുന്ന പണിയാണത്. ഈ കലാപരിപാടിയുടെ അനുഭവസാക്ഷ്യം പറയാൻ കഴിയുന്ന മറ്റൊരാൾ പി.ജെ. കുര്യനായിരിക്കും. നാല് കൊല്ലം മുമ്പ് കോൺഗ്രസിന്റെ രാജ്യസഭ സീറ്റ് കേരളകോൺഗ്രസിന് കൈമാറിയപ്പോൾ ചായക്കോപ്പയിലെ കൊടുങ്കാറ്റാവാൻ പോലും കുര്യന് കഴിയാതെ പോവുന്നത് കേരളം കണ്ടു.  

ഏഴെട്ടു കൊല്ലം മുമ്പ് ഒരു സൗഹൃദ സംഭാഷണത്തിൽ വയലാർ രവി പറഞ്ഞതും ഇതോടൊപ്പം ചേർത്തുവെയ്ക്കുകയാണ്. കെ കരുണാകരൻ ഉമ്മൻ ചാണ്ടിയെക്കുറിച്ച് പറഞ്ഞ കാര്യമാണ് വയലാർ രവി ഓർത്തെടുത്തത്: ''എനിക്ക് നിങ്ങളെ രണ്ടു പേരെയുമല്ല (ആന്റണിയും വയലാർ രവിയും) ആ മൂന്നാമനെയാണ് പേടി.'' എന്നാണ് കരുണാകരൻ വയലാറിനോട് പറഞ്ഞത്. ഇന്നിപ്പോൾ എട്ട് പതിറ്റാണ്ട് നീണ്ട ജിവിതത്തിന് ശേഷം യാത്രയാവുമ്പോൾ ഉമ്മൻ ചാണ്ടിക്ക് മേൽ പക്ഷേ, ഈ വിമർശങ്ങളല്ല കുടപിടിക്കുന്നത്. കേരളം കണ്ട ഏറ്റവും വലിയ ജനകീയ നേതാക്കളിൽ മുൻനിരയിലുള്ളയാൾ എന്ന വിശേഷണം തന്നെയാണ് ഈ നിമിഷത്തിൽ ഉമ്മൻചാണ്ടിക്ക് അകമ്പടിയാവുന്നത്

placeholder
.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉമ്മൻ ചാണ്ടിയുടെ കയ്യിൽ തൊടാനായി ശ്രമിക്കുന്ന സ്ത്രീ | ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ\മാതൃഭൂമി

സെക്രട്ടറിയേറ്റ് ഉപരോധത്തിൽ കേരളം കണ്ടത്

സോളാർ വിവാദവുമായി ബന്ധപ്പെട്ട് 2013-ൽ സി.പി.എം. നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധം ഉമ്മൻ ചാണ്ടി നേരിട്ട രീതി മറക്കാനാവില്ല. പതിനായിരക്കണക്കിന് സി.പി.എം. പ്രവർത്തകരാണ് അന്ന് ഓഗസ്റ്റ് 12-നും 13-നുമായി തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് വളയാനെത്തിയത്. സമരത്തിന്റെ നേതൃത്വം അന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനായിരുന്നു. ഉമ്മൻ ചാണ്ടി സർക്കാർ ശരിക്കും ഉപരോധത്തിലായെന്ന് തോന്നിക്കുന്ന ജനപ്രവാഹമാണ് പിണറായിയുടെ നേതൃത്വത്തിൽ അനന്തപുരി കണ്ടത്. പക്ഷേ, അന്നത്തെ ചീഫ്സെക്രട്ടറി ഭരത് ഭൂഷന്റെ പിന്തുണയോടെ ഉമ്മൻ ചാണ്ടി കളിച്ച കളി പിണറായിയുടെയും  കൂട്ടരുടെയും സകല കണക്കുകൂട്ടലുകൾക്കും അപ്പുറത്തായിരുന്നു. സെക്രട്ടറിയേറ്റിന് രണ്ട് ദിവസം അവധി പ്രഖ്യപിക്കുകയാണ് ഉമ്മൻചാണ്ടി സർക്കാർ ആദ്യം ചെയ്തത്.  ഇതിനിടയിൽ തലസ്ഥാന നഗരിയിലെ എല്ലാ സർക്കാർ കലാലയങ്ങൾക്കും (യൂണിവേഴ്സിറ്റി കോളേജ് അടക്കം) കേന്ദ്ര പോലീസ് സേനയുടെ സംരക്ഷണം ഏർപ്പെടുത്തുകയും ചെയ്തു.

അടഞ്ഞുകിടക്കുന്ന സെക്രട്ടറിയേറ്റിന് മുന്നിൽ ഉപരോധം പൊടുന്നനെ ഒരു തമാശയായി മാറി. പതിനായിരക്കണക്കിന് സി.പി.എം. പ്രവർത്തകർക്കായി ഭക്ഷണശാലകളും മറ്റും ഒരുക്കിയ സി.പി.എം. നേതൃത്വം കണക്കിലെടുക്കാതെ പോയ ഒരു കാര്യം ഇവർ പ്രഭാതകൃത്യങ്ങൾ എവിടെ നിർവ്വഹിക്കുമെന്നതായിരുന്നു. ഒരു നിവൃത്തിയുമില്ലെങ്കിൽ യൂണിവേഴ്സിറ്റി കോളേജിലേക്ക് കയറാമെന്ന് കരുതിയപ്പോൾ അവിടെ കാവൽ നിൽക്കുന്ന കേന്ദ്ര പോലീസ് അമ്പിനും വില്ലിനും അടുക്കാതെ നിന്നു. ഒടുവിൽ തിരുവനന്തപുരം മൊത്തം നാറുമെന്ന അവസ്ഥയുണ്ടാവുകയും നാട്ടുകാർ ഉപരോധത്തിനെതിരെ തിരിയുകയും ചെയ്തു. ഈ ഘട്ടത്തിലാണ് സോളാർ വിവാദം ജുഡീഷ്യൽ കമ്മീഷൻ അന്വേഷിക്കുമെന്ന് ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചത്. ഇത് കേൾക്കേണ്ട താമസം ഉപരോധം പിൻവലിച്ച് പിണറായി വിജയൻ സി.പി.എമ്മും ഇടതുപക്ഷവുമായി സ്ഥലത്തുനിന്ന് തടിയൂരി. പുറമെയുള്ള സൗമ്യതയ്ക്കും പുഞ്ചിരിക്കും അപ്പുറത്ത് ഉമ്മൻ ചാണ്ടി എന്ന തന്ത്രശാലിയുമായി പിണറായി വിജയൻ മുഖാമുഖം നിന്ന നിമിഷമായിരുന്നു അത്.

ഉമ്മൻ ചാണ്ടിയുമായി സംസാരിക്കുമ്പോഴോ ഇടപെടുമ്പോഴോ അധികാരത്തിന്റെ സാന്നിദ്ധ്യം നമ്മളെ പേടിപ്പിക്കില്ല. ഒരു വില്ലേജ് ഓഫിസർ ചെയ്യേണ്ട പണിയാണ് എന്ന് ആക്ഷേപിക്കപ്പെട്ടപ്പോഴും ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടി വിജയമായത് ജനങ്ങളുമായി ഉമ്മൻ ചാണ്ടിക്കുള്ള ഈ  ബന്ധം കൊണ്ടാണ്. അധികാരം പ്രദർശിപ്പിക്കാതിരിക്കുമ്പോഴും അധികാരത്തോട് വിരക്തിയുള്ള നേതാവായിരുന്നില്ല ഉമ്മൻ ചാണ്ടി. കോൺഗ്രസിന്റെ മുഖ്യമന്ത്രി ആരാവണമെന്ന ചോദ്യത്തിന് അത് തീരുമാനിക്കേണ്ടത് ഹൈക്കമാന്റാണെന്ന് 2021-ലെ തിരഞ്ഞെടുപ്പ് കാലയളവിൽ ഉമ്മൻ ചാണ്ടി ൻൽകിയ മറുപടിയിൽ ഈ സമീപനത്തിന്റെ ആഴവും പരപ്പുമുണ്ട്. അധികാരം കൊണ്ട് ഒരു മനുഷ്യൻ എന്താണ് ചെയ്യുന്നതെന്നതാണ് ഉമ്മൻ ചാണ്ടിയുടെ കാര്യത്തിലുള്ള വ്യത്യാസം. പലപ്പോഴും അനുരഞ്ജനത്തിന്റെ വഴികളിലൂടെ ഉമ്മൻ ചാണ്ടി നടക്കുന്നത് ആ സഞ്ചാരം ലക്ഷക്കണക്കിന് ജനങ്ങൾക്ക് ഉപകാരമുണ്ടാക്കുമെന്ന ബോദ്ധ്യത്തിന്റെ പുറത്താണ്.

placeholder
.
പുതിയ തലമുറയോടൊപ്പം | ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ\മാതൃഭൂമി

വെള്ളത്തിൽ മീനെന്ന പോലെ

ഒരു കാര്യം ചെയ്യുമ്പോൾ എന്തിനാണ് പരിഗണന എന്ന ചോദ്യത്തിനുള്ള ഉമ്മൻ ചാണ്ടിയുടെ മറുപടി ശ്രദ്ധേയമായിരുന്നു: ''ആയിരം പേർക്ക് ഗുണം കിട്ടുന്ന കാര്യമാണെങ്കിൽ അതങ്ങു ചെയ്യുക എന്നതാണ് എന്റെ ശീലം. അതിലിപ്പോൾ പത്തോ ഇരുപതോ പേർക്ക് അനർഹമായി സഹായം കിട്ടിയാൽ അത് നമുക്ക് തിരുത്താവുന്നതേയുള്ളു. പക്ഷേ, അതുകൊണ്ട് ബാക്കി 980 പേർക്കും ലഭിക്കേണ്ട സഹായം നിഷേധിക്കപ്പെടരുത്.'' സഹജീവികളോട്  ചേർന്നു നിൽക്കുന്ന ഒരു മനുഷ്യന്റെ  മറുപടിയാണിത്. അതുകൊണ്ടു തന്നെയാണ് ഇടതുപക്ഷത്ത് ഏറ്റവും ഇഷ്ടപ്പെടുന്ന നേതാക്കൾ ആരെന്ന ചോദ്യത്തിന് എം.എൻ. ഗോവിന്ദൻനായർ, ടി.വി. തോമസ്, ടി.കെ. ദിവാകരൻ എന്ന മറുപടി ഉമ്മൻ ചാണ്ടി നൽകിയത്. ഇ.എം.എസും അച്ച്യുതമേനോനും ആദരണീയരായ നേതാക്കളാവുമ്പോൾ തന്നെ ഇഷ്ടം ഇവർ മൂന്നു പേരോടാണെന്നു പറയുന്നത് ഇവർ മൂന്നുപേരും ജനങ്ങളെ സഹായിച്ചിരുന്നത് ആളും തരവും നോക്കിയായിരുന്നില്ല എന്നതുകൊണ്ടു തന്നെയാവണം.

പത്രപ്രവർത്തക വിദ്യാർത്ഥിയായിരിക്കെയാണ് 1991-ൽ ആദ്യമായി ഉമ്മൻ ചാണ്ടിയുമായി അഭിമുഖം നടത്തിയത്. സഹപാഠി ആർ.കെ. രാധാകൃഷ്ണനും കൂടയുണ്ടായിരുന്നു. കോഴിക്കോട് സർവ്വകലാശാലയിൽ ഒരു യോഗത്തിനെത്തിയ ശേഷം മഞ്ചേരിക്ക് പോകാനൊരുങ്ങുകയായിരുന്ന ഉമ്മൻ ചാണ്ടിയോട് അഭിമുഖത്തിന്റെ കാര്യം പറഞ്ഞപ്പോൾ ഇടംവലം നോക്കാതെ കാറിൽ കയറിക്കൊള്ളാൻ പറഞ്ഞു. കാറിൽ പക്ഷേ, എങ്ങിനെ കയറിപ്പറ്റുമെന്നതായിരുന്നു പ്രശ്നം. റാംജിറാവു സ്പീക്കിങ് എന്ന സിനിമയിൽ തിരക്കിൽപെട്ട്  കാറിന്റെ ഡോർ തുറന്ന് പുറത്തേക്ക് പോകുന്ന മാമുക്കോയയുടെ ദൃശ്യമുണ്ട്. ഏതാണ്ടതുപോലെയായിരുന്നു ഉമ്മൻ ചാണ്ടിയുടെ കാറിലെ ആൾക്കൂട്ടം.

അന്ന് ഞങ്ങളെ കാറിൽ കയറ്റാൻ രണ്ടു മൂന്നുപേരെ ഉമ്മൻ ചാണ്ടി മാറ്റിയ രീതി നയതന്ത്രജ്ഞതയുടെ വിലയേറിയ ആദ്യ പാഠങ്ങളിലൊന്നായിരുന്നു. അന്ന് ചോദിച്ച ചോദ്യങ്ങളോ ഉമ്മൻ ചാണ്ടിയുടെ മറുപടികളോ ഒന്നും തന്നെ ഓർമ്മയില്ല. പക്ഷേ, ആ ആൾക്കൂട്ടം ഉമ്മൻ ചാണ്ടിക്കൊപ്പം എപ്പോഴുമുണ്ടായിരുന്നു. കേരളത്തിലെ മറ്റൊരു രാഷ്ട്രീയ നേതാവിനെയും ഒരാൾക്കൂട്ടവും ഇതുപോലെ പിന്തുടർന്നിട്ടില്ല. വെള്ളത്തിൽ മീനെന്ന പോലെയാവണം ജനങ്ങൾക്കിടയിൽ രാഷ്ട്രീയ പ്രവർത്തകൻ എന്ന് പറഞ്ഞത് മാവോയാണ്. കേരള രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടിക്കപ്പുറത്ത് ഇതിന് മറ്റൊരു ദൃഷ്ടാന്തമില്ല.