ഓണം ഒരുക്കിയ ശേഷം ആഘോഷിക്കുക എന്നു പറയുന്നതിലുപരി ഓണം ഒരുക്കുന്നത് തന്നെ ഒരാഘോഷമാക്കുക എന്നതായിരുന്നു പണ്ടത്തെ രീതി. ഓണക്കാലത്തെ വരവേൽക്കാൻ പ്രകൃതി തന്നെ ഒരുങ്ങിയിരുന്ന കാലം. തൊടികളിലൊക്കെ പച്ചക്കറികളും പൂക്കളും വിളയും പത്തായങ്ങളിൽ നെല്ല് നിറയും.
ആട്ടിയ വെളിച്ചെണ്ണയുടെ മണം അടുക്കളകളിൽ നിറയും. ഉപ്പേരി ഒരുക്കാൻ ഏത്തക്കായ മുതൽ വീട്ടിൽ ഉണ്ടാക്കിയിരുന്ന അരി അട ഉപയോഗിച്ചുള്ള പായസം വരെ എല്ലാം നമ്മുടെ ചുറ്റപാടുനിന്നും തന്നെ ലഭിച്ചിരുന്നു. കൊയ്യലും മെതിക്കലും വെട്ടലും ഉണക്കലും എല്ലാമായി ആഘോഷമാക്കിയിരുന്ന കാലം.
ഇന്നത്തെ ആഡംബരങ്ങളെ വച്ചു നോക്കുമ്പോൾ വളരെ ലളിതമായിരുന്നു പണ്ടൊക്കെ ഓണസദ്യ. പ്രധാനപ്പെട്ട പത്തോ പന്ത്രണ്ടോ കറികളും പായസവും മാത്രമായിരുന്നു സദ്യയ്ക്ക് വിളമ്പിയിരുന്നത്. ഇവയെല്ലാം തയ്യാറാക്കാൻ ആവശ്യമായ ചേരുവകളെല്ലാം നമ്മുടെ ചുറ്റുപാടും നിന്നു തന്നെ ലഭിച്ചിരുന്നു. പുറത്തു നിന്നും ഒന്നും വാങ്ങേണ്ടിവന്നിരുന്നില്ല.
ഭക്ഷണം പാകം ചെയ്തിരുന്ന പാത്രങ്ങളിലുമുണ്ടായിരുന്നു വ്യത്യാസം. മൺകലങ്ങളും മൺചട്ടികളും ചീനച്ചട്ടികളും ഈയംപൂശിയ പിത്തളപാത്രങ്ങളും മാത്രമായിരുന്നു അന്ന് ലഭ്യമായിരുന്നത്. മൺചട്ടികളിലൊക്കെ വയ്ക്കുന്ന വിഭവങ്ങളുടെ രുചിയുടെ മുന്നിൽ ഇന്നത്തെ പായ്ക്കറ്റ് സാധനങ്ങൾ തലകുനിച്ചു തന്നെ നിൽക്കേണ്ടി വരും.
എന്തു തന്നെയായാലും സദ്യ തൂശനിലയിൽ തന്നെ വിളമ്പണം എന്ന നിർബന്ധത്തെ മലയാളി മറികടന്നത് പ്ലാസ്റ്റിക് ഇലകളുടെ സഹായത്തോടെയാണ്.
മിക്കവാറും നാട്ടിൽ തന്നെ കൃഷി ചെയ്തു വിളയിച്ച തവിടു കളയാത്ത പോഷകമൂല്യം ഏറെയുള്ള കുത്തരിച്ചോറായിരുന്നു അന്നൊക്കെ ഓണസദ്യക്ക് ഉപയോഗിച്ചിരുന്നത്. വൈറ്റമിനുകളും പ്രോട്ടീനുകളും ഏറെ അടങ്ങിയിരുന്നു ഈ അരിയിൽ.
പരമ്പരാഗത സദ്യകളിൽ നിന്നും മത്സ്യവും മാംസവും ഒഴിവാക്കാറുണ്ടെങ്കിലും വടക്കൻ കേരളത്തിൽ സദ്യയോടൊപ്പം മത്സ്യവും മാംസവും കഴിച്ചിരുന്നു. എന്നാൽ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും പച്ചക്കറികൾ മാത്രമടങ്ങുന്ന പരമ്പരാഗത സദ്യാ രീതി തന്നെയാണ് പിന്തുടരുന്നത്.
ഇന്നിപ്പൊ തെക്കെന്നോ വടക്കെന്നോ മധ്യത്തെന്നോ വ്യത്യാസമില്ലാതെ എല്ലാവരും പായ്ക്കറ്റ് ഓണത്തിലേക്ക് പൂർണമായും ചുവടുമാറിക്കഴിഞ്ഞു. കറികളുടെയൊക്കെ എണ്ണത്തിൽ വലിയ വർധനവുണ്ടായിരിക്കുന്നു. അരിഞ്ഞു പായ്ക്കറ്റിലാക്കി വച്ചിരിക്കുന്ന പച്ചക്കറികൾ കൊണ്ടുവന്ന് പായ്ക്കറ്റിൽ അനുശാസിച്ചിരിക്കുന്നതു പോലെ പാചകം ചെയ്യുന്നു. അതിനപ്പുറം പാചകം ചെയ്യുന്നവർക്കോ കഴിക്കുന്നവർക്കോ അറിയില്ല.
പായ്ക്കറ്റിൽ കിട്ടുന്ന സാധനങ്ങളിൽ ചൂടുവെള്ളം തിളപ്പിച്ചൊഴിച്ചാൽ അച്ചാറുകൾ തയ്യാർ. പാലു ചൂടാക്കി അതിലേക്ക് പായ്ക്കറ്റിലുള്ള അടയോ സേമിയയോ ഇട്ട് ഓരോ പായ്ക്കറ്റിലുമുള്ള മറ്റു സാധനങ്ങൾ കൂടിയിട്ടാൽ പായസം തയ്യാർ. സമയവും ലാഭിക്കാം. ദിവസങ്ങളോളം കേടുകൂടാതിരിക്കാൻ ഇവയിൽ ചേർക്കുന്ന പ്രിസർവേറ്റീവുകളെ കുറിച്ച് അറിവില്ലാഞ്ഞിട്ടല്ല മറ്റു വഴിയില്ലല്ലോ.
Content Highlights: Contrast between traditional farm-to-table Onam preparations and modern packaged foods., Simplicity of historical Onam Sadhya with locally sourced organic ingredients., Regional differences in Kerala regarding non-vegetarian items in Sadhya., Health impacts and convenience of modern packaged Onam ingredients.
Published: 14 Aug 2026, 02:22 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented