നിരവധിജോഡി യോദ്ധാക്കള്‍ ആട്ടിപിരിഞ്ഞ് തല്ലുന്ന ചടങ്ങാണ് ഓണത്തല്ലും അവിട്ടത്തല്ലും. ഓരോ തല്ല് കഴിയുമ്പോഴും ധൂയ് വിളികള്‍ ഉണരും.

മുറ്റത്തും മനസ്സിലും ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും പൂക്കളങ്ങൾ വിരിയുന്ന ശ്രാവണം. പ്രതീക്ഷകളുടെ താലംനിറയെ നന്മയുടെ വർണപ്പൂക്കൾ വിരിയിച്ചെത്തുന്ന ചിങ്ങപ്പുലരി. പഴമയുടെ തനിമയും ഒരുമയുടെ മഹിമയും സമ്മേളിച്ച്, സുരഭിലമായ ഓർമ്മകളുമായി വീണ്ടുമൊരു ഓണക്കാലംകൂടി സമാഗതമാകുമ്പോൾ പല്ലശ്ശനയെന്ന പാലക്കാടൻ ഗ്രാമത്തിന് പറയാനുള്ളത് രണാരവത്തിന്റെയും പോർവിളിയുടെയും വീരഗാഥകൾ. വാമല താഴ്വരയിൽ പച്ചവിരിച്ചുകിടക്കുന്ന നെൽപ്പാടങ്ങൾക്കും തലയുയർത്തിനിൽക്കുന്ന കരിമ്പാറകൂട്ടങ്ങൾക്കും നടുവിൽ സ്ഥിതിചെയ്യുന്ന പ്രദേശമാണ് പല്ലശ്ശന. താളമേളങ്ങളുടെ കുലപതികൾ അരങ്ങുവാണ വാദ്യകലയുടെ തട്ടകമെന്ന ഖ്യാതിയും പ്രസിദ്ധ ക്ഷേത്രങ്ങളുടെ സാന്നിധ്യംകൊണ്ടുള്ള ചൈതന്യവും ഈ നാടിനുണ്ട്. ഇവിടെയാണ് ഓണക്കാലത്ത് ആചാരത്തികവാർന്ന ചടങ്ങുകളുമായി ഓണത്തല്ലും അവിട്ടത്തല്ലും അരങ്ങേറുന്നത്. പണ്ടെന്നോ നടന്ന പടയോട്ടത്തിന്റെയും പോർവിളിയുടെയും വീരസ്മരണകൾ അയവിറക്കി നടക്കുന്ന ഇവിടത്തെ ഓണത്തല്ലിനും അനുബന്ധ ചടങ്ങുകൾക്കും ദേശ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. പാലക്കാട് നഗരത്തിൽനിന്ന് 22 കിലോമീറ്റർ തെക്കുമാറി കൊല്ലങ്കോട്, നെന്മാറ, കൊടുവായൂർ എന്നീ ചെറുപട്ടണങ്ങൾക്ക് നടുവിലാണ് ഓണത്തല്ല് പൊടിപാറുന്ന പല്ലശ്ശനയുടെ കിടപ്പ്. ഇവിടത്തെ തല്ലുമന്ദം വേട്ടക്കരുമൻ ക്ഷേത്രാങ്കണം, മീൻകുളത്തിയമ്മൻ ക്ഷേത്രമൈതാനം എന്നിവിടങ്ങളിലാണ് തിരുവോണം നാളിലും അവിട്ടം നാളിലുമായി ഓണത്തല്ല് നടക്കുന്നത്.
ഓണത്തല്ലിനു പിന്നിലെ ഐതിഹ്യം
നാടുവാണിരുന്ന സാമൂതിരിരാജാവിന്റെ പ്രഭുക്കന്മാരായിരുന്നു പല്ലശ്ശന നാട്ടിലെ കുറൂർ നമ്പിടിയും കുതിരവട്ടത്ത് നായരും. പല്ലശ്ശന വാസികളുടെ പ്രിയപ്പെട്ട ഭരണാധികാരിയായിരുന്ന കുറൂർ നമ്പിടിയെ കുതിരവട്ടത്ത് നായർ യുദ്ധത്തിൽ ചതിച്ചുകൊന്നുവെന്നും ഇതിൽ രോഷാകുലരായ നാട്ടുമക്കൾ കുതിരവട്ടത്ത് നായർക്കെതിരേ പടനയിച്ച് യുദ്ധം ചെയ്തുവെന്നുമാണ് വിശ്വാസം. പല്ലശ്ശന ദേശവാസികളുടെ രാജഭക്തിയിലും യുദ്ധവീര്യത്തിലും മതിപ്പുതോന്നിയ സാമൂതിരിരാജാവ് ദേശവാസികളെ സമാശ്വസിപ്പിക്കുകയും കൊല്ലപ്പെട്ട കുറൂർ നമ്പിടിക്കുപകരം വേട്ടക്കൊരുമകന്റെ ഒരുവിഗ്രഹം ദേശവാസികൾക്കായി നൽകുകയും ചെയ്തു. ഇതിൽ തൃപ്തരായ ദേശവാസികൾ യുദ്ധം അവസാനിപ്പിക്കുകയും സാമൂതിരി നൽകിയ വിഗ്രഹം ദേശത്ത് പ്രതിഷ്ഠിച്ച് ആരാധന തുടങ്ങിയെന്നുമാണ് വിശ്വാസം. ഇതിന്റെ ഓർമ്മ പുതുക്കലാണ് എല്ലാവർഷവും ഇവിടെ നടക്കുന്ന ഓണത്തല്ല്. തിരുവോണനാളിൽ തല്ലുമന്ദത്ത് വിവിധ സമുദായങ്ങളുടെ നേതൃത്വത്തിലും പഴയകാവിൽ മന്ദാടിയാർ സമുദായത്തിന്റെ നേതൃത്വത്തിലുമാണ് ഓണത്തല്ല്. അവിട്ടം നാളിൽ വേട്ടക്കൊരുമകൻ ക്ഷേത്രാങ്കണത്തിൽ നായർ സമുദായത്തിന്റെ നേതൃത്വത്തിലാണ് തല്ല്. ഓണനാളിൽ കുട്ടികളുടെ നേർച്ചത്തല്ലും ഉണ്ടാകും.
ഓണത്തല്ല് എന്ത്? എങ്ങനെ?
തിരുവോണസദ്യ കഴിഞ്ഞ് ഓണവെയിൽ മങ്ങുന്നതോടെ ഓണത്തല്ലിനുള്ള അരങ്ങുണരും. തല്ലിൽ പങ്കെടുക്കുന്ന യോദ്ധാക്കൾ ദേഹശുദ്ധിവരുത്തി കൊലച്ചോറുണ്ടശേഷമാണ് തല്ലിനെത്താറുള്ളത്. തല്ലുമന്ദത്തെ ഓണത്തല്ലിൽ ഒരുകുടി, ഏഴുകുടി ദേശക്കാരാണ് പങ്കാളികളാകുന്നത്. യുദ്ധത്തിനുള്ള പുറപ്പാടിന്റെ ഓർമ്മയുണർത്തുംവിധം തല്ലിൽ പങ്കെടുക്കുന്ന ദേശക്കാർ അവരവരുടെ ദേശദൈവങ്ങളെ വണങ്ങി, കച്ചകെട്ടി, ഭസ്മം അണിഞ്ഞാണ് തല്ലിനെത്തുന്നത്. യോദ്ധാക്കളുടെ നിരയോട്ടം കഴിഞ്ഞാൽ പിന്നെ തല്ലിനുള്ള അരങ്ങ് ഉണരുകയായി. ഇരുദേശങ്ങളിൽനിന്നും സമാന ശരീരപ്രകൃതമുള്ള ഒരാൾവീതം ജോഡിയായി മുന്നോട്ടുവരുന്നു. ഇവരിൽ ഒരാൾ കൈകൾ രണ്ടും ഉയർത്തി ഒരു കാൽ മുന്നോട്ടുവെച്ച് കൂട്ടിപ്പിടിത്തക്കാരുടെ കൈകളുമായി ഇരുകൈകളും കോർത്തുപിടിച്ച് പുറംതിരിഞ്ഞ് നിൽക്കുന്നു. കാരണവന്മാർ ഈ യോദ്ധാവിന്റെ കണ്ണുപൊത്തി, നെഞ്ച് താങ്ങിപ്പിടിക്കുന്നതോടെ മറുചേരിയിൽനിന്നുള്ളയാൾ കൈ പരത്തിപ്പിടിച്ച് പരമാവധി ശക്തിയിൽ പുറംതിരിഞ്ഞുനിൽക്കുന്നയാളുടെ പുറത്ത് ആഞ്ഞ് ഒരടി അടിക്കുന്നു. തുടർന്ന് ഇതേരീതിയിൽ തല്ലിയ ആളുടെ പുറത്ത് തല്ലുകൊണ്ടയാളും തിരിച്ച് ഒരടിയടിക്കുന്നു. ഇതോടെ അടുത്ത ജോഡികൾ തല്ലിനിറങ്ങുന്നു. ഈവിധം നിരവധിജോഡി യോദ്ധാക്കൾ ആട്ടിപിരിഞ്ഞ് തല്ലുന്ന ചടങ്ങാണ് ഓണത്തല്ലും അവിട്ടത്തല്ലും. ഓരോ തല്ല് കഴിയുമ്പോഴും ധൂയ് വിളികൾ ഉണരും. തല്ല് കഴിഞ്ഞാലുടൻ യോദ്ധാക്കളുടെ മെയ്യഭ്യാസപ്രകടനമായ വള്ളിച്ചാട്ടവും തുടർന്ന് കുളംചാട്ടവും നടക്കും. കുളികഴിഞ്ഞ് ഈറനോടെ ക്ഷേത്രത്തിലെത്തുന്ന യോദ്ധാക്കൾ ശയനപ്രദക്ഷിണം നടത്തി വേട്ടക്കൊരുമകന് നേർച്ചയർപ്പിക്കുന്നു. തുടർന്ന്, മേൽശാന്തി തീർഥം തളിച്ച് ക്ഷേത്രനട അടയ്ക്കുന്നതോടെ ചടങ്ങുകൾ സമാപിക്കും. പല്ലശ്ശന ദേശത്തിലെ സ്ത്രീകളുടെ ആൺമക്കൾക്കാണ് ഇവിടെ തല്ലിനിറങ്ങാനുള്ള അവകാശമുള്ളത്. കാലം മായ്ക്കാത്ത ആചാരങ്ങളും രണവീര്യം ചോരാത്ത ആവേശവുമായി ഓണനാളുകളിൽ പല്ലശ്ശന ദേശവാസികൾ ഒരുക്കുന്ന ഈ അനുഷ്ഠാനം കാണാൻ എല്ലാവർഷവും ഒട്ടേറെ ആളുകൾ എത്താറുണ്ട്.
പല്ലശ്ശന ദേശത്തിലെ സ്ത്രീകളുടെ ആൺമക്കൾക്കാണ് ഇവിടെ തല്ലിനിറങ്ങാനുള്ള അവകാശമുള്ളത്. കാലം മായ്ക്കാത്ത ആചാരങ്ങളും രണവീര്യം ചോരാത്ത ആവേശവുമായി ഓണനാളുകളിൽ പല്ലശ്ശന ദേശവാസികൾ ഒരുക്കുന്ന ഈ അനുഷ്ഠാനം കാണാൻ എല്ലാവർഷവും ഒട്ടേറെ ആളുകൾ എത്താറുണ്ട്.
നാട് അകലെയാണെങ്കിലും, ഓണം അടുത്തുണ്ട്...
പ്രവാസത്തിലിരുന്നും ഓണം അറിയാം, ഓർക്കാം, ആഘോഷിക്കാം,
മാതൃഭൂമി ഇ-പേപ്പറിൽ നിങ്ങൾക്കായി
ഓണവിശേഷങ്ങളുമായി 4 സ്‌പെഷ്യൽ പേജുകൾ.
നാട്ടിലെ ഓണം മനസ്സിലേറ്റാൻ, ഇന്നുതന്നെ മാതൃഭൂമി ഇ-പേപ്പർ സബ്‌സ്‌ക്രൈബ് ചെയ്യൂ!
Content Highlights: Onathallu is a traditional martial art ritual held annually in Pallasana, Palakkad during the Onam season., The ritual commemorates a historic battle and pact involving the Zamorin of Calicut and local chieftains., Events take place on Thiruvonam and Avittam days at the Thallumandham Vettakkorumakan Temple and Meenkulathiamma Temple grounds., The ceremony includes unique combat pairs, ritualistic strikes, Vallichattu, and temple offerings.
Published: 17 Aug 2026, 10:53 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented