മാറ്റുകൂട്ടാൻ കേരളസാരികൾ

To advertise here,

ഓണത്തിന് ഏത് വസ്ത്രമിടുമെന്ന് ആലോചിക്കുമ്പോൾതന്നെ മനസ്സിലേക്ക് വരുന്നത് സെറ്റുസാരി അല്ലെങ്കിൽ സെറ്റുമുണ്ട്. ഇത്തവണ ഓണപ്പുലരി നിറയും സെറ്റുസാരികളാണ് മുൻനിരയിൽ. വാടാമല്ലിയും ചെമ്പകശ്ശേരിയും തെച്ചിയും ചെമ്പരത്തിയുമൊക്കെ പ്രിന്റ് ചെയ്തിട്ടുള്ള കസവുസാരികളാണ് ട്രെൻഡിങ്ങായിട്ടുള്ളതെന്ന് വസ്ത്രവ്യാപാരശാലകളിലെ ജീവനക്കാർ പറയുന്നു. പൂക്കളുടെ ഡിസൈനുകൾ വരുന്ന ടിഷ്യുസാരികൾക്കും ആവശ്യക്കാരുണ്ട്. മുന്താണിയിൽ കോൺട്രാസ്റ്റ് ഡിസൈനും ചേരുമ്പോൾ മറ്റൊരു കൗതുകം. ഓണം കഴിഞ്ഞാലും മറ്റ് പരിപാടികൾക്കും ഉപയോഗിക്കാൻ പാകത്തിലുള്ള ഓഫ്വൈറ്റ്, ഗോൾഡൻ നിറങ്ങളിലുള്ള ഡാബ സാരികൾക്ക് കുത്തനെ കയറ്റമാണ്.

മൾ മൾ സാരികൾ

ഇതിന് നാടൻ ലുക്കും കിട്ടും. സാരിയുടെ പകുതി ഒരുനിറവും മറുപകുതിയിൽ ഓഫ്വൈറ്റും വരുന്ന സാരികളും ചുങ്കടി ഡിസൈൻ വരുന്ന സാരികളും ഡിജിറ്റൽ പ്രിന്റുകൾ, മ്യൂറൽ പെയിന്റിങ് എന്നിവയുള്ള സാരികളും വിപണിയിലെ താരമാണ്.

പകിട്ടേക്കാൻ പുളിയിലക്കര മുണ്ട്

ചെറിയ ബോർഡറോടുകൂടി വിവിധനിറത്തിൽ ചെറിയമാലകളോട് സ്‌റ്റൈൽ ചെയ്ത് ധരിക്കാൻ പറ്റുന്ന പുളിയിലക്കര മുണ്ടുകൾ ഏതു പ്രായത്തിൽപ്പെട്ടവർക്കും പ്രിയപ്പെട്ടതാണ്. പുളിയിലക്കര മുണ്ടിനൊപ്പം അജ്‌റക്, മിറർവർക്ക്, പോച്ചക്ക ഡോട്ട്, ബ്രൊക്കെയ്ഡ്, കലങ്കാരി തുടങ്ങിയ കോൺട്രാസ്റ്റ് ബ്ലൗസുകളാണ് ഈ സാരികളുടെകൂടെ അണിയുന്നത്.

ഫ്യൂഷൻ ഓണം

സെറ്റുസാരിയുടെ അതേ തുണികൊണ്ട് തയ്ച്ച ചുരിദാറാണ് പുതിയ ട്രെൻഡ്. പൂക്കളുടെ ഡിസൈനുള്ള വസ്ത്രവും നാടൻ-വെസ്റ്റേൺ ഫ്യൂഷൻ ഡ്രസുകളും ഒപ്പമുണ്ട്. ടോപ്പിനൊപ്പം ഗോൾഡൻ ബ്രൊക്കെയ്ഡ് ആങ്കിൾ ലെങ്ത് പാന്റ്‌സും ഓഫ് വൈറ്റിലും ഗോൾഡൻകളറിലുമൊക്കെയുള്ള ഓവർലെക്കുകളുമൊക്കെ പെൺകുട്ടികൾക്ക് പ്രിയപ്പെട്ടതാണ്. ഓണം മൂഡുണ്ടാക്കുന്ന സൽവാർസ്യൂട്ടും പാവാടയും ടോപ്പുമാണ് ഓണപരിപ്പാടികളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

സാരിയുടുത്ത്, മാലയണിഞ്ഞ്

സാരിയുടുത്ത് സുന്ദരിയാകുമ്പോൾ ഭംഗികൂട്ടാൻ ഒരു മാലകൂടി വേണം. പാലക്കമാല, കാശുമാല, മുല്ലമൊട്ടുമാല, മാങ്ങാമാല തുടങ്ങി പരമ്പരാഗതമാലകളുടെ ഇമിറ്റേഷൻ മാലകൾക്കും ഡിമാൻഡുണ്ട്. ഓണംവരവായതോടെ ഇത്തരം ആഭരണങ്ങൾക്കായി ആളുകൾ ഫാൻസി സ്റ്റോറുകളിൽ എത്തുന്നുണ്ട്. ചോക്കറുകൾ, ലോങ്ഹാരം, ടെമ്പിൾ ജൂവലറികൾ എന്നീ സാരിയോടിണങ്ങുന്ന മാലകൾ ലുക്ക് തന്നെ മാറ്റും. ''നമ്മൾ വെറുതേ സാരി വാങ്ങിയതുകൊണ്ട് കാര്യമില്ല. അത് സ്‌റ്റൈൽ ചെയ്യുന്നതിലാണ് കാര്യം. നല്ല ആക്‌സസറീസ് ഉപയോഗിച്ചാൽ നമ്മുടെ ലുക്കുതന്നെ മാറും. നല്ല മാല, ജിമ്മിക്കി എല്ലാമൊത്തുവരുമ്പോൾ കൂടുതൽ ഭംഗിയാകും'' ഓണം ഷോപ്പിങ്ങിനിറങ്ങിയ വിദ്യാർഥിനി കെ.പി. ശ്വേത പറയുന്നു.

ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ ... കോടിയുടുത്തല്ലോ ഉണ്ണി ചാടിമറിഞ്ഞല്ലോ... തിരുവോണനാളിൽ കോടിയുടുത്ത് ഓണമാഘോഷിക്കാത്ത മലയാളികളില്ല. പൂചൂടി, പൊട്ടുതൊട്ട് നേര്യതുടുത്ത് ഭംഗിയുള്ള ഓണമാണ് എന്നും പെണ്മനസ്സിൽ. കസവ് മറന്നൊരു ഓണം സ്ത്രീകൾക്ക് അന്നും ഇന്നും ഇല്ല. ആഘോഷം ഇത്തിരി കുറഞ്ഞാലും ഓണക്കോടി വാങ്ങിക്കാത്തവരുമില്ല. പൊൻകസവിന്റെ തിളക്കത്തിൽ മലയാളിമങ്കമാരായൊരുങ്ങുകയാണ് സുന്ദരിമാർ. അതിനുള്ള തയ്യാറെടുപ്പുകളാവട്ടെ ആഴ്ചകൾക്ക് മുൻപുതന്നെ തുടങ്ങി കഴിഞ്ഞു.

നാട് അകലെയാണെങ്കിലും, ഓണം അടുത്തുണ്ട്...

പ്രവാസത്തിലിരുന്നും ഓണം അറിയാം, ഓർക്കാം, ആഘോഷിക്കാം,

മാതൃഭൂമി ഇ-പേപ്പറിൽ നിങ്ങൾക്കായി

ഓണവിശേഷങ്ങളുമായി 4 സ്‌പെഷ്യൽ പേജുകൾ.

നാട്ടിലെ ഓണം മനസ്സിലേറ്റാൻ, ഇന്നുതന്നെ മാതൃഭൂമി ഇ-പേപ്പർ സബ്‌സ്‌ക്രൈബ് ചെയ്യൂ!