1286ൽ മതപ്രചാരണാർത്ഥം എത്തിയ ഫ്രയർ ഒഡോറിക്കും 1347ൽ കോഴിക്കോട് താമസിച്ചിരുന്ന റീഗ് നെല്ലിയും മഹാബലിയുടെ തിരിച്ചുവരവിനെപ്പറ്റി ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്.

ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു. കേരളത്തിൽ ഓണം തമിഴ്നാട്ടിൽ നിന്നും സംക്രമിച്ചതാണെന്നാണ് വിദഗ്ദ്ധമതം. എല്ലായിടത്തും അത് ക്ഷേത്രോത്സവമായിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാർഹികോത്സവമായി മാറിയെന്നും പറയപ്പെടുന്നു.
തൃക്കാക്കരയാണ് ഓണത്തപ്പന്റെ ആസ്ഥാനം. അവിടെയാണ് ആദ്യമായി ഓണാഘോഷം നടത്തിയത് എന്നാണ് ഐതിഹ്യമെങ്കിലും അതിനേക്കാൾ വളരെ മുൻപേ തന്നെ കേരളത്തിലും മധുര ഉൾപ്പെട്ട തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികൾ വെളിപ്പെടുത്തുന്നു. സംഘകാല കൃതികളെ (ക്രി മു. 300 മുതൽ) വ്യക്തമായി അപഗ്രഥിച്ചതിൽ നിന്ന് ഓണത്തെപ്പറ്റിയുള്ള പ്രാചീന പരാമർശങ്ങൾ ലഭിച്ചിട്ടുണ്ട്. ഇന്ദ്രവിഴാ എന്നാണ് അന്ന് ഓണത്തിനെ പറഞ്ഞിരുന്നത്.
സംഘകാലകൃതിയായ 'മധുരൈകാഞ്ചി 'യിലാണ് ഓണത്തെക്കുറിച്ചുളള (ഇന്ദ്രവിഴാ) ആദ്യപരാമർശങ്ങൾ കാണുന്നത്. കാലവർഷം കഴിഞ്ഞ് മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകൾ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള കാരണമതാണ്. കേരളത്തിൽ വിളവെടുപ്പിനേക്കാൾ അതിന്റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം എന്നതാണ് ഇന്ദ്രവിഴയും ഓണവും തമ്മിൽ ഉണ്ടായ വ്യത്യാസത്തിനു കാരണം.
ഒരു പക്ഷേ കേരളീയരുടെ വംശനാഥനായ മാവേലി ജനിച്ചതും തിരുവോണ നാളിലായിരുന്നിരിക്കാം അതു കൊണ്ട് പൊന്നും പൊരുളും കൊണ്ടുതരുന്ന ആ ആഘോഷനാളുകൾ അദ്ദേഹത്തിന്റെ പിറന്ന നാളുമായി ബന്ധപ്പെടുത്തി ആഘോഷിച്ചിരുന്നിരിക്കാം എന്നും വാദങ്ങളുണ്ട്. മാവേലിക്കര ആസ്ഥാനമായി കേരളം ഭരിച്ച പെരുമാക്കന്മാരിൽ മാവേലി എന്നു വിളിക്കുന്നത് പള്ളിബാണപ്പെരുമാളിനെ ആണെന്നും അദ്ദേഹത്തിന്റെ മറ്റൊരു പേരാണ് ഒഡൻ എന്നും അനുമാനിക്കപ്പെട്ടിട്ടുണ്ട്. ഓടനാട് എന്നാണ് മാവേലിക്കരയുടെ മറ്റൊരു പേര്. അദ്ദേഹത്തിന്റെ ഓർമ്മനാളിനെ ഓഡൻ നാൾ അതായത് ഓണമായി ആചരിച്ചിരുന്നതെന്നും വിശ്വസിക്കുന്നു.
സംഘസാഹിത്യത്തിലെതന്നെ പത്തുപാട്ടുകളിലുൾപ്പെടുന്ന 'മധുരൈ കാഞ്ചി'യിലും ഓണത്തെക്കുറിച്ച് പരാമർശമുണ്ട്. ബി.സി. രണ്ടാം ശതകത്തിൽ ജീവിച്ചിരുന്ന 'മാങ്കുടി മരുതനാർ' എന്ന പാണ്ഡ്യരാജാവിന്റെ തലസ്ഥാന നഗരിയായിരുന്ന മധുരയിൽ ഓണം ആഘോഷിച്ചിരുന്നതായി അതിൽ വർണ്ണനയുണ്ട്. ശ്രാവണ പൗർണ്ണമിനാളിലായിരുന്നു മധുരയിലെ ഓണാഘോഷം. മഹാബലിയെ ജയിച്ച വാമനന്റെ സ്മരണയിലായിരുന്ന മധുരയിലെ ഓണാഘോഷത്തിൽ 'ഓണസദ്യയും' പ്രധാനമായിരുന്നു. ഒമ്പതാം ശതകത്തിന്റെ ആദ്യഘട്ടത്തിൽ ജീവിച്ചിരുന്ന പെരിയാഴ്വരുടെ 'തിരുമൊഴി' എന്ന ഗ്രന്ഥത്തിലും ഓണത്തെക്കുറിച്ച് പരാമർശമുണ്ട്. ചേരന്മാരിൽ നിന്ന് കടം എടുത്തതോ അല്ലെങ്കിൽ അനുകരിച്ചതോ ആയിരിക്കാം ഈ ഓണാഘോഷം അവരും നടത്തിയിരുന്നത്. എന്നാൽ അത് കൃഷിയുടെ വിളവെടുപ്പുമായി ബന്ധപ്പെടുത്തിയാണ് നടത്തിയത്. മരുതം തിണയിൽ അതായത് തമിഴ് നാട്ടിൽ ആണ് കൂടുതൽ കൃഷി പണ്ടും എന്നതിന് ഇത് തെളിവാണ്.
പത്താം നൂറ്റാണ്ടിൽത്തന്നെ സ്ഥാണു രവികുലശേഖരൻ എന്ന രാജാവിന്റെ തിരുവാറ്റ് ലിഖിതത്തിലും ഓണത്തെ പരാമർശിക്കുന്നുണ്ട്. വിദേശനിർമ്മിത വസ്തുക്കൾ ഓണക്കാഴ്ച നൽകി പന്ത്രണ്ടുവർഷത്തെ ദേശീയോത്സവത്തിന്റെ മേൽനോട്ടം ഏറ്റുവാങ്ങിയിരുന്നു. കേരളത്തിലെ രാജാക്കൻമാരെല്ലാം ആ പള്ളി ഓണത്തിൽ പങ്കുചേരാൻ തൃക്കാക്കര എത്തിച്ചേരുക പതിവായിരുന്നു എന്നാണ് ഐതിഹ്യം. കാലക്രമത്തിൽ ഇത് കനകക്കുന്ന് കൊട്ടാരത്തിൽ നടത്തിവരുകയും പിന്നീട് കേരളസർക്കാർ ഇത് ഏറ്റെടുക്കുകയും ചെയ്തു.
പതിനാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട 'ഉണ്ണുനൂലി സന്ദേശ'ത്തിലും അഞ്ചാം ശതകത്തിലെഴുതിയ ഉദുണ്ഡശാസ്ത്രികളുടെ കൃതിയിലും ഓണത്തെപ്പറ്റി പരാമർശമുണ്ട്. 1286ൽ മതപ്രചാരണാർത്ഥം എത്തിയ ഫ്രയർ ഒഡോറിക്കും 1347ൽ കോഴിക്കോട് താമസിച്ചിരുന്ന റീഗ് നെല്ലിയും മഹാബലിയുടെ തിരിച്ചുവരവിനെപ്പറ്റി ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്.
മലബാർ മാന്വലിന്റെ കർത്താവ് ലോഗൻ സായ്പിന്റെ അഭിപ്രായത്തിൽ എ.ഡി. 825 മുതലാണ് ഓണം ആഘോഷിച്ചു തുടങ്ങിയത്. മഹാബലിയുടെ ഓർമ്മക്കായി ഭാസ്‌കര രവിവർമ്മയാണിത് ആരംഭിച്ചതെന്നും ലോഗൻ അഭിപ്രായപ്പെടുന്നു. കേരള ചരിത്ര കർത്താവ് കൃഷ്ണപിഷാരടി, എ.ഡി. 620നും 670നും ഇടയിൽ ഓണം ആഘോഷിക്കാൻ തുടങ്ങിയതായി പറയുന്നു. പതിനൊന്നാം നൂറ്റാണ്ടിൽ കേരളം സന്ദർശിച്ച അറബിസഞ്ചാരി അൽബി റൂണിയും 1154ൽ വന്ന ഈജിപ്ഷ്യൻ സഞ്ചാരി അൽ ഇദ്രീസിയും 1159ൽ ഫ്രഞ്ച് സഞ്ചാരി ബഞ്ചമിനുമെല്ലാം മലയാളിയുടെ ഓണത്തെക്കുറിച്ചും ആഘോഷങ്ങളെക്കുറിച്ചും കളികളെക്കുറിച്ചും വിവരിക്കുന്നുണ്ട്.
അതേസമയം ഓണം കേരളീയമോ ഭാരതീയമോ ആയ ആചാരമല്ല എന്നാണ് എൻ.വി. കൃഷ്ണവാരിയർ പറഞ്ഞു വച്ചിട്ടുള്ളത്. പുരാതന ഇറാഖിലെ അസിറിയയിൽ നിന്നാണത്രെ ഓണാചാരങ്ങൾ തുടങ്ങുന്നത്. അവിടത്തെ സിഗുറായി എന്നറിയപ്പെടുന്ന ക്ഷേത്രങ്ങളോട് ബന്ധപ്പെട്ടായിരുന്നു ഈ ആചാരം. അസിറിയക്കാർ ക്രിസ്തുവിന് ഏതാണ്ട് 2000 വർഷം മുമ്പ് ഭാരതത്തിലെത്തി തെക്കേ ഇന്ത്യയിൽ സ്ഥാനമുറപ്പിച്ചതോടെയാണ് ഓണാചാരങ്ങൾ ഇന്ത്യയിലേക്ക് സംക്രമിച്ചതെന്നും സിഗുറായി ക്ഷേത്രങ്ങളുടെ മാതൃകയിലാണ് നാം തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ചതെന്നും എൻ.വി. തെളിവായി സൂചിപ്പിക്കുന്നുണ്ട്.
എ.ഡി. 1200ൽ കേരളം സന്ദർശിച്ച അഡീറിയക്കാരൻ 'പിനോർ ജോൺ' തന്റെ കൃതിയായ 'ഓർമ്മകളിൽ' ഇപ്രകാരം എഴുതുന്നു. 'ഇവിടെ സവിശേഷമായ ഒരു ഉത്സവം നടക്കുന്നുണ്ട്. നല്ലവനായ ഒരു ഭരണാധികാരിയുടെ സ്മരണയാണ് അതിൽ നിറഞ്ഞു നിൽക്കുന്നത്. ജനങ്ങൾ വളരെ സന്തോഷത്തോടെയാണ് ഈ നാളുകളിൽ കഴിയുന്നത്. പല കളികളും കാണിച്ച് അവർ ആഹ്ലാദം പങ്കിടുന്നു'. ചരിത്രവും യാഥാർഥ്യങ്ങളും എന്തൊക്കെയാണെങ്കിലും മലയാളികൾ ഇന്ന ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. സങ്കൽപ സുന്ദര സുരഭിലമായ നല്ലൊരു കാലം സ്വപ്നം കണ്ട് കെട്ട കാലത്തിന്റെ ദുരിതങ്ങളെ അവർ തത്കാലത്തേക്കെങ്കിലും മറക്കുന്നു.
Content Highlights: Onam originated primarily as a harvest and trade festival rather than just a mythological event., Ancient Sangam literature refers to Onam as 'Indrivizha', dating back centuries., Historians and travelers like Logan and Al-Biruni have documented Onam celebrations across different eras., Despite various cultural theories, Onam unites Malayalis today irrespective of caste or religion.
Published: 17 Aug 2026, 10:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented