കള്ളവും ചതിയുമില്ലാത്ത നല്ല കാലത്തിന്റെ സന്ദേശവുമായി വീണ്ടുമൊരു ഓണക്കാലം മലയാളിയുടെ മനസ്സിൽ ഊഞ്ഞാൽ കെട്ടുകയാണ്. ചിങ്ങനിലാവിനും ഓണനിലാവിനും ഒരേ അഴകും. ഓണം മലയാളികളുടെ ദേശീയ ഉത്സവമാണ്. ചിങ്ങത്തിൽ അത്തംമുതൽ പത്ത് ദിവസമാണ് മലയാളിയുടെ ഓണാഘോഷം. അത്തം പത്തിന് പൊന്നോണം. ചിങ്ങത്തിലെ തിരുവോണം ഓരോ മലയാളിക്കും ഗൃഹാതുരത നൽകുന്ന ഓർമ്മകളാണ്. മഹാബലിയുടെ വരവേൽപ്പിന്റെ ഓർമ്മകളാണ് ഓണത്തിന്റെ ഐതിഹ്യങ്ങളിൽ പ്രധാനം. 'മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരും ഒന്നു പോലെ'യെന്ന വരികൾ ജാതിമത ഭേദമെന്യേ ഓണം നമ്മുടെ സ്വന്തം ആഘോഷമാണെന്ന് ഊട്ടിയുറപ്പിക്കുന്നു. ഓണം നമുക്ക് വിളവെടുപ്പ് ഉത്സവം കൂടിയാണ്.
പഞ്ഞക്കർക്കടകം കഴിഞ്ഞ് സമൃദ്ധിയുടെ പൊലിമ മുന്നോട്ടു വെക്കുന്ന കാർഷികോത്സവം. വടക്കുമുതൽ തെക്കുവരെ കേരളം ആഘോഷദിനങ്ങളാൽ ഉണരും കാലമാണ് ഓണദിനങ്ങൾ. പൂക്കളങ്ങളും നാടൻ കളികളും ഓണാഘോഷങ്ങളുമായി നാടും നഗരവും ഉണരും കാലം. ഈ സമയം കേരളം സന്ദർശിക്കുന്നവർക്ക് മലയാളത്തനിമയുടെയും സംസ്‌കാരത്തിന്റെയും നേരനുഭവം അടുത്തറിയാം. വള്ളംകളികളും വള്ളസദ്യകളും അത്തച്ചമയവും ആഘോഷങ്ങളും, പുലിക്കളിയും കുമ്മാട്ടിയും ഓണത്താറും, ഓണവിപണിയും എല്ലാം ചേരുന്ന സമാനതകളില്ലാത്ത സവിശേഷമായ സാംസ്‌കാരികവൈവിധ്യത്തിന്റെ കലാപരമായ കാലം. ഓണം... കാഴ്ചയെക്കാൾ അനുഭവം കൂടിയാണ്. നാടുവാണിരുന്ന മഹാബലിയെന്ന ചക്രവർത്തി പ്രജകളെ കാണാൻ വർഷത്തിലൊരിക്കൽ പാതാളലോകത്തുനിന്ന് കേരളത്തിലേക്ക് തിരുവോണദിവസം എത്തുന്നുവെന്നതാണ് ഓണത്തെ സംബന്ധിച്ച് കേരളത്തിലുള്ള ഏറ്റവും പ്രബലമായ ഐതിഹ്യം.
വിഷ്ണുഭക്തനും പ്രഹ്ളാദന്റെ മകൻ വിരോചനന്റെ പുത്രനും അസുര ചക്രവർത്തിയുമാണ് ഐതിഹ്യത്തിലെ ഈ പ്രബലനായ മഹാബലി. നീതിമാനും ദാനശീലനുമായ ചക്രവർത്തി. അദ്ദേഹത്തിന്റെ രാജ്യത്ത് മനുഷ്യരെല്ലാം സമന്മാരായിരുന്നു. കള്ളമില്ല, ചതിയില്ല, പട്ടിണിയില്ല, ദാരിദ്ര്യമില്ലാത്ത ഐശ്വര്യ സമൃദ്ധമായ രാജ്യം. നീതിമാനായ ബലിയുടെ കീർത്തി വിശ്വമാകെ പടർന്നു. ഇത്രത്തോളം വളർന്ന മഹാബലിയെ ദേവന്മാർക്ക് ഭയമായി. അശ്വമേധങ്ങളിലൂടെ ശക്തനായ ബലിയെ തളയ്ക്കാൻ ദേവമാതാവ് അദിതി വിഷ്ണുവിനെ കാണുന്നു. ബലിയെ പരീക്ഷിക്കാൻ വിഷ്ണു ഒരുങ്ങി. വിശ്വം ജയിക്കാൻ വിശ്വജിത്ത് യാഗം തുടങ്ങുന്നു മഹാബലി. മഹാവിഷ്ണു ബ്രാഹ്‌മണ കുമാരനായ വാമനനായി ബലിക്ക് മുന്നിലെത്തി.
മൂന്ന് കാലടി മണ്ണ് ദാനം ചോദിക്കുന്നു. ദാനശീലനായ ബലി സമ്മതം മൂളുന്നു. പെട്ടെന്ന് ഉടൽ വിശ്വത്തോളം വളർന്ന വാമനന് രണ്ട് കാലടികൾ വെച്ച് പ്രപഞ്ചം മുഴുവൻ അളന്നു. മൂന്നാമത്തെ കാലടിക്ക് വാമനൻ സ്ഥലം ചോദിച്ചു. വിഷ്ണു അവതാരമാണ് വാമനനെന്ന് മനസ്സിലാക്കിയ മഹാബലി കുമ്പിട്ട് തന്റെ ശിരസ്സ് താഴ്ത്തിക്കൊടുത്തു. വാമനന് ബലിയുടെ ശിരസ്സിൽ കാലുെവച്ച് അദ്ദേഹത്തെ പാതാളത്തിലേക്ക് താഴ്ത്തി. ചിങ്ങത്തിലെ തിരുവോണനാളിലാണ് ഇതെന്ന് മലയാളിയുടെ ഐതിഹ്യം.
ഏറെ സ്നേഹിച്ച പ്രജകളെ വർഷത്തിലൊരിക്കൽ കാണണമെന്ന് ബലി മഹാവിഷ്ണുവിനോട് അഭ്യർഥിച്ചു. അങ്ങനെ മാവേലി മലയാളിയെ കാണാൻ തിരുവോണത്തിന് എത്തുന്നു. മഹോത്സവമായ ഓണത്തിന്റെ നായകനായി മാവേലി. അത്തംമുതൽ പത്ത് ദിവസം മഹാബലിയെ വരവേൽക്കാൻ നമ്മൾ ഓണം കൊണ്ടാടിയെന്ന് ഐതിഹ്യം. വാമനൻ അങ്ങനെ കാലുവെച്ച സ്ഥലമായതുകൊണ്ട് തൃക്കാൽക്കരയായി. അത് പിന്നീട് തൃക്കാക്കരയുമായി. വാമനാവതാരവുമായി ബന്ധപ്പെട്ട ഈ കഥയെ ഓണവുമായി, നമ്മുടെ ഐതിഹ്യവുമായി ബന്ധപ്പെടുത്തുന്നതാണ്.
നൂറ്റാണ്ടുകൾ പഴക്കമുള്ള ഓണപ്പാട്ടായ മാവേലിചരിതം 'മാവേലി നാടു വാണീടും കാലം' എന്ന പ്രചുരപ്രചാരമായ ഈരടികൾ ഈ ഓണപ്പാട്ടിലേതാണ്. ഓണാഘോഷത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നതാണ് ഈ ഓണപ്പാട്ട്. പരശുരാമ കഥയുമായി ബന്ധപ്പെടുത്തിയും ഓണത്തിന് മറ്റൊരു ഐതിഹ്യവുമുണ്ട്. ബ്രഹ്‌മാണ്ഡപുരാണത്തോട് ബന്ധപ്പെട്ട് കേരള മാഹാത്മ്യത്തിലും ഓണം കടന്നുവരുന്നു. പത്തുപ്പാട്ടിലും മാങ്കുടി മരുതനാറുടെ 'മധുരൈ കാഞ്ചി' യിലും ഓണം വർണിക്കപ്പെടുന്നുണ്ട്. ശ്രാവണത്തിലെ ബൗദ്ധ ആഘോഷമായിരുന്നു ഓണമെന്ന് മറ്റൊരു ചരിത്രവാദവുമുണ്ട്. ചേരമാൻപെരുമാളിന്റെ കഥയുമായി ബന്ധപ്പെട്ട് തൃക്കാക്കരചരിത്രത്തിലും മറ്റൊരു ഓണക്കഥ കടന്നുവരുന്നു.
നാട് അകലെയാണെങ്കിലും, ഓണം അടുത്തുണ്ട്...
പ്രവാസത്തിലിരുന്നും ഓണം അറിയാം, ഓർക്കാം, ആഘോഷിക്കാം,
മാതൃഭൂമി ഇ-പേപ്പറിൽ നിങ്ങൾക്കായി
ഓണവിശേഷങ്ങളുമായി 4 സ്പെഷ്യൽ പേജുകൾ.
നാട്ടിലെ ഓണം മനസ്സിലേറ്റാൻ, ഇന്നുതന്നെ മാതൃഭൂമി ഇ-പേപ്പർ സബ്സ്ക്രൈബ് ചെയ്യൂ!
Content Highlights: Onam is Kerala's national harvest festival celebrated in the Malayalam month of Chingam., The core legend revolves around the benevolent Asura king Mahabali and Lord Vishnu's Vamana avatar., Mahabali visits his beloved subjects on Thiruvonam every year from Patala., The festival marks a period of equality, prosperity, traditional arts, and cultural richness.
Published: 16 Aug 2026, 11:11 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented