പൊന്നിൻ ചിങ്ങം പിറന്നതോടെ പൂക്കൾക്ക് ആവശ്യമേറുകയാണ്. അരളിയാണ് ഇത്തവണ പൂവിപണിയിലെ വിലയേറിയ താരം. കിലോയ്ക്ക് ശരാശരി 450 മുതൽ 600 രൂപ വരെ വിലയുണ്ട്. കേരളത്തിൽ പൂക്കളത്തിലിടാൻ വ്യാപകമായി ഉപയോഗിക്കുന്ന ഒട്ടുമിക്ക എല്ലാ പൂക്കൾക്കും വില വർധിച്ചിട്ടുണ്ട്. കാലാവസ്ഥയിൽ സംഭവിച്ച വ്യതിയാനത്തിൽ പൂക്കൾ കുറഞ്ഞതാണ് വില വർധനയ്ക്ക് പ്രധാന കാരണമായി പറയുന്നത്. തിരുവോണത്തിനു മുൻപ് വില ഇനിയും കൂടുമെന്ന് വ്യാപാരികൾ മുന്നറിയിപ്പ് നൽകുന്നു

To advertise here,

അതിർത്തി കടന്നെത്തിയ പൂക്കൾ

തമിഴ്‌നാട്ടിൽനിന്നും കർണാടകത്തിൽനിന്നുമാണ് ഓണത്തിന് കേരളത്തിലേക്ക് പൂക്കളെത്തുന്നത്. കോയമ്പത്തൂർ, ഹൊസൂർ, തോവാള, ബെംഗളൂരു, മൈസൂരു തുടങ്ങിയ മാർക്കറ്റുകളിൽ നിന്നെത്തുന്ന പൂക്കൾ തന്നെയാണ് കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉപയോഗിക്കുന്നത്.

പൂക്കളുടെ വിലയ്ക്കൊപ്പം പൂക്കളത്തിലെ ട്രെൻഡുകളിലും മാറ്റമുണ്ട്. തൃശ്ശൂർ വിപണിയിൽ മണമില്ലാത്ത ബെംഗളൂരു മുല്ലയ്ക്കും വിവിധ നിറങ്ങളിലുള്ള അസ്ട്ര പൂക്കൾക്കും ആവശ്യക്കാരേറുകയാണ്. പ്രത്യേകിച്ച് പർപ്പിൾ നിറത്തിലുള്ള അസ്ട്രകൾ വാടാമല്ലിക്ക് പകരമായി ഉപയോഗിക്കുന്നുണ്ട്. വാടാമല്ലിയെക്കാൾ ഏകദേശം 100 രൂപ കുറവായതിനാൽ വിലക്കുറവുള്ള ബദലായും ഇത് പരിഗണിക്കപ്പെടുന്നു.

വിലയിൽ പിന്നോട്ടില്ലാതെ നേന്ത്രക്കായ

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നേന്ത്രക്കായയുടെ വിലയിൽ സംഭവിച്ചത് അസാധാരണമായ കുതിപ്പാണ്. ഓണത്തിന് മുൻപായി നേന്ത്രക്കായയുടെ വില കിലോയ്ക്ക് നൂറ് കടക്കുമെന്നാണ് കർഷകരുടെ വിശ്വാസം. 35 രൂപയ്ക്കായിരുന്നു അത്തത്തിന് മുമ്പ് ചിപ്‌സ് നിർമാതാക്കൾ കർഷകരിൽനിന്ന് നേന്ത്രക്കായ വാങ്ങിയിരുന്നത്. എന്നാൽ നിലവിൽ 65 മുതൽ 75 രൂപ വരെ വില നൽകേണ്ടി വരുന്നു.

മഴയും വേനൽച്ചൂടും കാറ്റും കാരണം തമിഴ്‌നാട്ടിൽനിന്നുള്ള നേന്ത്രക്കായയുടെ വരവ് കുറഞ്ഞതാണ് വില വർധനയക്ക് പ്രധാന കാരണം. കാലാവസ്ഥാവ്യതിയാനം കൃഷിയെ സാരമായി ബാധിച്ചത് കേരളത്തിലെ ഉത്പാദനം കുറച്ചു. ശക്തമായ കാറ്റിലും മഴയിലും മൂപ്പെത്തുന്നതിന് മുൻപേ വാഴകൾ ഒടിഞ്ഞുവീണത്, മൂത്ത വാഴക്കുലകളുടെ വരവ് കുറച്ചു. പച്ച നേന്ത്രക്കായയ്ക്ക് മാത്രമല്ല പഴുത്ത പഴത്തിന്റെയും വില വർധിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കുമുൻപ് 45 മുതൽ 50 രൂപ വരെ വിലയുണ്ടായിരുന്ന പഴത്തിന് നിലവിൽ 80 മുതൽ 85 രൂപ വരെ നൽകണം. ഇതിന് ഇനിയും കൂടാനാണ് സാധ്യത

മുല്ല കിലോയ്ക്ക് ₨ 2,000

പിച്ചി കിലോയ്ക്ക് ₨ 1,600

വെള്ള ജമന്തി കിലോയ്ക്ക് ₨500

അരളി കിലോയ്ക്ക് ₨450

റോസ് കിലോയ്ക്ക് ₨400

വെള്ള അരളി കിലോയ്ക്ക് ₨400

വാടാമല്ലി കിലോയ്ക്ക് ₨300

കോഴിപ്പൂവ് കിലോയ്ക്ക് ₨200

മഞ്ഞ ജമന്തി കിലോയ്ക്ക് ₨180

മഞ്ഞ/ഓറഞ്ച് ചെണ്ടുമല്ലി കിലോയ്ക്ക് ₨100