കുന്നമംഗലം: വീതു വീതു കയററ്റുകയറാലഞ്ചു മടക്കിട്ടു, നെറ്റിപ്പട്ടം പൊട്ടിട്ടു നേരേ വാതുക്കൽ നെയ്‌വെച്ചു, പൂവേ പൊലി പൂവേ പൊലി പൂവേ പൊലി..., പഴയകാലത്തെ പൂപ്പാട്ട് ഒരിക്കൽക്കൂടി അയവിറക്കിയപ്പോൾ സിനിമാ-നാടക നടനായ വിജയൻ കാരന്തൂരിന് ഓണാവേശം മുഖത്തുതെളിഞ്ഞു. പൂക്കൊട്ട കഴുത്തിൽത്തൂക്കി കാടും മേടും കയറിയിറങ്ങി പൂക്കൊട്ടയിൽ പൂനിറച്ചാൽ വീണ്ടും സ്ഥലംകിട്ടാനായി തലയ്ക്കുചുറ്റും പൂക്കൊട്ട ശക്തിയിൽ കറക്കുമ്പോഴാണ് ഇത്തരത്തിൽ പാട്ടുപാടുന്നതെന്ന് വിജയൻ കാരന്തൂർ പറഞ്ഞു.

To advertise here,

സ്കൂൾവിട്ടശേഷം കൂട്ടുകാർക്കൊപ്പം പൂതേടിയിറങ്ങും. തുമ്പ, വേലിയേരിപ്പൂവ്, അരിപ്പൂവ്, തെച്ചി, അതിരാണി അങ്ങനെ എത്രയെത്ര പൂക്കൾ. വീട്ടിൽ പറയില്ല. കാരണം തെച്ചിപ്പൂവൊക്കെയുണ്ടാവുക പൊന്തക്കാട്ടിലാണ്. കോട്ടാംപറമ്പിൽ സിഡബ്ല്യുആർഡിഎം വരുന്നതിനുമുൻപ്‌ ഒഴിഞ്ഞകുന്നാണ്. കാടുമൂടിക്കിടക്കുന്ന ഈ സ്ഥലത്തേക്ക് മഠത്തിൽ കോട്ടവഴിയാണ് പോകുക. അതിലൂടെ പോകാൻ വീട്ടുകാർ സമ്മതിക്കില്ല. അതുകൊണ്ടാണ് സമ്മതംവാങ്ങാതെ കുന്നുകയറുന്നത്. കോട്ടയ്ക്കുസമീപമുള്ള വള്ളിയിൽ വളരുന്ന കോട്ടപ്പഴം പറിച്ചുതിന്നുന്നതും ഹരമാണ്, വിജയൻ കാരന്തൂർ ഓർമ്മയിൻ മുങ്ങി.

ഓണക്കാലമായാൽ ബന്ധു ചെറിയ ഒറ്റമുണ്ട് വാങ്ങിത്തരും. അതുടുത്താണ് ആഘോഷിക്കുക. വിഭവങ്ങൾകൂട്ടിയുണ്ണുന്നത് തിരുവോണത്തിനാണ്. സാമ്പാറൊക്കെ കാണുന്നതുതന്നെ അന്നാണ്. സദ്യകഴിഞ്ഞാൽപ്പിന്നെ കളികളാണ്. കുറ്റിയും പന്തും, ചുള്ളിയും വടിയും, കക്കുകളി തുടങ്ങിയ നാടൻകളികളാണ് കളിക്കുക. അതെല്ലാം ഇന്ന് അന്യമാണ്. ഓണം ഒത്തുചേരലിന്റെ ആഘോഷമാണ്. കോയമ്പത്തൂരായിരുന്ന അച്ഛൻ വരാൻ കാത്തിരിക്കും, ഓണത്തിന് വട്ടംകൂട്ടാൻ. തുണികളും സദ്യക്കുള്ള സാധനങ്ങളുമായായിരിക്കും അച്ഛൻ വരുക. മുള്ളങ്കിയൊക്കെ അന്നാണ് ആദ്യം കാണുന്നത് -അദ്ദേഹം പറഞ്ഞു.

ഇന്ന് സമൃദ്ധിയുടെ ഓണമാണ്. ഒന്നിനും കുറവില്ല. പൂക്കളിൽവരെ ഈ വ്യത്യാസംകാണാം. ഫ്ളാറ്റിൽ ഓണത്തിന് പൂക്കളിടാൻ ശമ്പളക്കാരെവെക്കുന്നതുവരെയെത്തി കാര്യങ്ങൾ. എത്ര തിരക്കുണ്ടെങ്കിലും തിരുവോണത്തിന് വീട്ടിലെത്തും. ഒരുപ്രാവശ്യമാണ് സീരിയൽ സെറ്റിൽ ഓണമാഘോഷിച്ചതെന്നും വിജയൻ കാരന്തൂർ ഓർത്തു.