തൃശ്ശൂര്‍: കൊട്ടും പാട്ടും എന്നും ആഘോഷമാക്കിയിരുന്ന ഗായകന്‍ പി. ജയചന്ദ്രന്‍ ഇക്കുറി ഓണത്തിന് നമ്മോടൊപ്പമില്ല. ഈ വര്‍ഷം ജനുവരി ഒന്‍പതിനായിരുന്നു അദ്ദേഹത്തിന്റെ മരണം. പോയ വര്‍ഷങ്ങളില്‍ എല്ലാ ഓണത്തിനും ഗാനങ്ങളുമായി അദ്ദേഹമുണ്ടായിരുന്നു. ഓണം വിളിപ്പാടകലെ എത്തിനില്‍ക്കുമ്പോള്‍ തൃശ്ശൂരുകാര്‍ക്ക് ഉള്ളിലൊരു നീറ്റലാണ്... -'ന്നാലും മ്മ്ടെ ജയേട്ടന്‍ ഉണ്ടായിരുന്നെങ്കില്‍...'

To advertise here,

അദ്ദേഹം കൂടെയില്ലെന്നേയുള്ളൂ, ആ ഭാവഗാനങ്ങള്‍ ഇന്നും ചിങ്ങവെയില്‍പോലെ ചിരിച്ചുനില്‍ക്കുന്നുണ്ട്. ഓണമെന്നാല്‍ ജയചന്ദ്രന് ആഘോഷങ്ങള്‍ക്കുപരി ഓര്‍മകളുടേതായിരുന്നു. കാണാനെത്തുന്നവരോട് പാലിയത്ത് തറവാട്ടിലെ ബാല്യകാല ഓണം ഓര്‍മകള്‍ പങ്കുവയ്ക്കും.

ഓണനിലാവും ചാറ്റല്‍മഴയും ചിങ്ങവെയിലുമെല്ലാം ആ ഓര്‍മകളില്‍ നിറയും. ബാലു ആര്‍. നായര്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'ഓണോര്‍മ' എന്ന ആല്‍ബത്തിലെ (2023) 'ഓരത്തിരുന്നെന്റെ ഓണത്തിന്‍ ഓര്‍മകള്‍ ഓമനിക്കുന്നതെന്‍ ബാല്യകാലം''എന്ന ഗാനം ഈ ഗൃഹാതുരത്വത്തിന്റെ ഉദാഹരണമാണ്.

പൊന്നിന്‍ ചിങ്ങത്തേരില്‍ (2023), ഹാപ്പി ഓണം (2020), ഓണപ്പീലി (2022), ഓണം പൊന്നോണം (2021), ഓര്‍മയിലുണ്ടെനിക്കിന്നും ഓണം (2013) എന്നിങ്ങനെ ആല്‍ബങ്ങളിലെ പാട്ടുകളുമായി ജയചന്ദ്രന്‍ ഓണക്കാലത്തെല്ലാം നിറഞ്ഞുനിന്നു.

'ജലോത്സവം' എന്ന ചിത്രത്തിലെ 'കേരനിരകളാടും ഒരു ഹരിത ചാരുതീരം' എന്ന ഗാനവും (രചന -ബീയാര്‍ പ്രസാദ്) ഓണപ്പാട്ടല്ലെങ്കില്‍ കൂടിയും ആ ഗണത്തില്‍ വരുന്നതാണ്. യേശുദാസ് പാടിയ 'കേരളം, കേരളം കേളികൊട്ടുയരുന്ന കേരളം' (മിനിമോള്‍) എന്ന പാട്ടിനോട് കിടപിടിക്കുന്ന പാട്ടാണിത്.